മാരുതിയെ പിന്തള്ളി ടാറ്റയുടെ ഇരട്ട പ്രഹരം; 2026 ഫെബ്രുവരിയിലെ ഒന്നാമൻ ഈ എസ്‌യുവി!
മാര്‍ച്ച് മാസം പിറന്നതോടെ 2026 ഫെബ്രുവരി മാസത്തിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവിടുന്ന തിരക്കിലാണ് വാഹന നിര്‍മാതാക്കള്‍. 2026 ഫെബ്രുവരിയില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാറുകളുടെ പട്ടിക എടുത്താല്‍ എസ്‌യുവികളുടെയും കോംപാക്റ്റ് സെഡാനുകളുടെയും ആധിപത്യം പ്രകടമാണ്. 2026 ഫെബ്രുവരിയിലെ വില്പന കണക്കുകൾ പുറത്തുവരുമ്പോൾ, മാരുതിയുടെ ജനപ്രിയ മോഡലുകളെ പിന്തള്ളി ടാറ്റ നെക്സോൺ (Tata Nexon) ഒന്നാം സ്ഥാനം സ്വന്തമാക്കി. നെക്സോണിന് പുറമെ ടാറ്റ പഞ്ച് കൂടി ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഇടംപിടിച്ചതോടെ മാരുതിക്ക് ഇത് ഇരട്ട പ്രഹരമായി മാറി.
വാഗൺ ആർ, സ്വിഫ്റ്റ് തുടങ്ങിയ മോഡലുകളുടെ വില്പനയിൽ വൻ ഇടിവ് രേഖപ്പെടുത്തിയതാണ് മാരുതിക്ക് തിരിച്ചടിയായത്. മുന്‍നിരയിലുള്ള പത്ത് കാറുകള്‍ ചേര്‍ന്ന് മൊത്തം 1,70,127 യൂണിറ്റുകളുടെ വില്‍പ്പനയാണ് കഴിഞ്ഞ മാസം നടത്തിയത്. പട്ടികയില്‍ പത്താം സ്ഥാനത്തുള്ള മോഡലില്‍ നിന്ന് ആരംഭിച്ച് ഒന്നാം നമ്പര്‍ 1 ആയി മാറിയ മോഡലിന്റെയടക്കം വിശദമായ കണക്കുകള്‍ പരിശോധിക്കാം.

മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്കായ ബലേനോ ആണ് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാറുകളുടെ പട്ടികയില്‍ പത്താം സ്ഥാനത്തുള്ളത്. ഫെബ്രുവരിയില്‍ 14,632 യൂണിറ്റുകളാണ് ബലേനോയുടെ വില്‍പ്പന. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 5.48 ശതമാനം ഇടിവാണ് ഈ മോഡലിന് സംഭവിച്ചിരിക്കുന്നത്. പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റില്‍ മത്സരം മുറുകുന്നതിന്റെ സൂചനയായാണ് ഈ കുറവ് വിലയിരുത്തപ്പെടുന്നത്.
മഹീന്ദ്രയുടെ കരുത്തന്‍ എസ്‌യുവി സ്‌കോര്‍പ്പിയോ (സ്‌കോര്‍പ്പിയോ N, ക്ലാസിക് എന്നിവയുള്‍പ്പെടെ) 14,665 യൂണിറ്റുകളുമായി ഒമ്പതാം സ്ഥാനത്തെത്തി. 2025 ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് 7.69 ശതമാനം വളര്‍ച്ച നേടാന്‍ മഹീന്ദ്രയ്ക്ക് സാധിച്ചിട്ടുണ്ട്. എങ്കിലും 2026 ജനുവരി മാസത്തെ അപേക്ഷിച്ച് വില്‍പ്പനയില്‍ 5.64 ശതമാനത്തിന്റെ കുറവുണ്ടായി. ഗ്രാമീണ-നഗര വിപണികളില്‍ ഒരുപോലെ സ്വീകാര്യതയുള്ള മോഡലാണിത്.

മാരുതി സുസുക്കിയുടെ തന്നെ ജനപ്രിയ ഹാച്ച്ബാക്കായ സ്വിഫ്റ്റ് 14,833 യൂണിറ്റുകള്‍ വിറ്റഴിച്ച് എട്ടാം സ്ഥാനം കരസ്ഥമാക്കി. സ്വിഫ്റ്റിന് വാര്‍ഷികാടിസ്ഥാനത്തില്‍ 8.83 ശതമാനവും മുന്‍മാസത്തെ അപേക്ഷിച്ച് 16.70 ശതമാനവും ഇടിവാണ് നേരിട്ടത്. പുതിയ മോഡലുകളുടെ കടന്നുകയറ്റവും ഹാച്ച്ബാക്ക് വിപണിയിലെ പൊതുവായ മാന്ദ്യവുമാണ് ഇതിന് കാരണം. ഇന്ത്യന്‍ കുടുംബങ്ങള്‍ക്കിടയില്‍ ഇപ്പോഴും സ്വിഫ്റ്റിന് വലിയ സ്ഥാനമുണ്ടെങ്കിലും മത്സരത്തില്‍ പതറുന്ന കാഴ്ചയാണ് കാണാനാകുക.
ഒരുകാലത്ത് വിപണിയിലെ ഒന്നാമനായിരുന്ന മാരുതി വാഗണ്‍ ആര്‍ 14,885 യൂണിറ്റുകളുമായി ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വാര്‍ഷികാടിസ്ഥാനത്തില്‍ 25.12 ശതമാനം എന്ന വലിയ ഇടിവാണ് വാഗണ്‍ ആറിന് സംഭവിച്ചിരിക്കുന്നത്. എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കുകളില്‍ നിന്ന് ഉപഭോക്താക്കള്‍ മൈക്രോ എസ്യുവികളിലേക്ക് മാറുന്ന പ്രവണതയാണ് ഈ കണക്കുകളില്‍ വ്യക്തമാകുന്നത്. ഇത് വിപണിയിലെ ഒരു വലിയ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്.

മാരുതിയുടെ എംപിവി മോഡലായ എര്‍ട്ടിഗ 17,807 യൂണിറ്റുകളുമായി ആറാം സ്ഥാനത്ത് നിലയുറപ്പിച്ചു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയെ അപേക്ഷിച്ച് 19.77 ശതമാനം എന്ന മികച്ച വാര്‍ഷിക വളര്‍ച്ച കൈവരിക്കാന്‍ എര്‍ട്ടിഗക്കായി. ഏഴു പേര്‍ക്ക് യാത്ര ചെയ്യാവുന്ന സൗകര്യവും മികച്ച ഇന്ധനക്ഷമതയുമാണ് എര്‍ട്ടിഗയെ കുടുംബങ്ങളുടെ പ്രിയപ്പെട്ട വാഹനമാക്കി മാറ്റുന്നത്. ഈ വിഭാഗത്തില്‍ എര്‍ട്ടിഗയ്ക്ക് ഇപ്പോഴും വെല്ലുവിളികള്‍ കുറവാണെന്ന് കണക്കുകള്‍ പറയുന്നു.
അഞ്ചാം സ്ഥാനത്ത് മാരുതി ബ്രെസയാണ്. ഈ കോംപാക്റ്റ് എസ്‌യുവിയുടെ 17,863 യൂണിറ്റുകളാണ് ഫെബ്രുവരിയില്‍ മാരുതി വിറ്റഴിച്ചത്. വാര്‍ഷികാടിസ്ഥാനത്തില്‍ 16.05 ശതമാനവും 2026 ജനുവരി മാസത്തെ അപേക്ഷിച്ച് 2.16 ശതമാനം വളര്‍ച്ചയും നേടാന്‍ ബ്രെസക്ക് സാധിച്ചു. വരും ആഴ്ചകളില്‍ ബ്രെസ്സയുടെ പരിഷ്‌കരിച്ച ഫേസ്ലിഫ്റ്റ് പതിപ്പ് പുറത്തിറങ്ങാനിരിക്കുകയാണ്. പരീക്ഷണയോട്ടത്തിനിടെയുള്ള ക്യാമറക്കണ്ണില്‍ പതിഞ്ഞ അപ്‌ഡേറ്റഡ് പതിപ്പിന്റ ഡിസൈന്‍, മെക്കാനിക്കല്‍ മാറ്റങ്ങള്‍ ഇതിനോടകം തന്നെ വലിയ ആകാംക്ഷ സൃഷ്ടിച്ചിട്ടുണ്ട്.
| Feb'26 | ||
|---|---|---|
| OEM | Model | Total |
| Tata | Nexon | 19430 |
| Maruti | Dzire | 19326 |
| Tata | Punch | 18748 |
| Hyundai | Creta | 17938 |
| Maruti | Brezza | 17863 |
| Maruti | Ertiga | 17807 |
| Maruti | Wagon R | 14885 |
| Maruti | Swift | 14833 |
| Mahindra | Scorpio | 14665 |
| Maruti | Baleno | 14632 |
ഹ്യുണ്ടായി ക്രെറ്റ (ഇവി ഉള്‍പ്പെടെ) 17,938 യൂണിറ്റുകളുമായി നാലാം സ്ഥാനത്തുണ്ട്. 9.93 ശതമാനം വാര്‍ഷിക വളര്‍ച്ച നേടിയ ക്രെറ്റ, വില്‍പ്പനയില്‍ സ്ഥിരത പുലര്‍ത്തുന്ന ചുരുക്കം മോഡലുകളില്‍ ഒന്നാണ്. ടാറ്റയുടെ പഞ്ച് 18,748 യൂണിറ്റുകളുമായി മൂന്നാം സ്ഥാനത്തും മാരുതി ഡിസയര്‍ 19,326 യൂണിറ്റുകളുമായി രണ്ടാം സ്ഥാനത്തുമുണ്ട്. 31.52 ശതമാനം വളര്‍ച്ച നേടിയ ഡിസയര്‍ സെഡാന്‍ വിപണിയില്‍ ഇപ്പോഴും അപരാജിതമായി തുടരുന്നു.
ടാറ്റ നെക്‌സോണ്‍ (ഇവി ഉള്‍പ്പെടെ) ആണ് 19,430 യൂണിറ്റുകളുമായി പട്ടികയില്‍ ഒന്നാമതെത്തിയത്. 2025 ഫെബ്രുവരിയെ അപേക്ഷിച്ച് 26.59 ശതമാനം വളര്‍ച്ചയാണ് നെക്‌സോണ്‍ നേടിയത്. പെട്രോള്‍, ഡീസല്‍, സിഎന്‍ജി, ഇലക്ട്രിക് എന്നിങ്ങനെ വിവിധ പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. ഇത് നെക്‌സോണിനെ ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട വാഹനമാക്കി മാറ്റുന്നു. കഴിഞ്ഞ മാസം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാറുകള്‍ വിറ്റ രണ്ടാമത്തെ കാര്‍ നിര്‍മാതാക്കളാണ് ടാറ്റ.


Click it and Unblock the Notifications








