ടാറ്റ പഞ്ച് പുതുക്കി ഇറക്കിയിട്ടും ഈ മാരുതിയെ തൊടാനായില്ല! രാജ്യത്തെ ടോപ് 10 കാറുകള്‍ ഇവയാണ്
ജൂണ്‍ മാസം പിറന്നതോടെ ഇന്ത്യന്‍ വാഹന വിപണിയില്‍ മെയ് മാസത്തില്‍ വിറ്റഴിക്കപ്പെട്ട കാറുകളുടെ കണക്കുകള്‍ പുറത്തുവന്നതോടെ ജനപ്രിയ മോഡലുകള്‍ തമ്മിലുള്ള ആവേശം നിറഞ്ഞ പോരാട്ടത്തിന്റെ ചിത്രം കൂടുതല്‍ വ്യക്തമായി. കോംപാക്റ്റ് സെഡാന്‍ ശ്രേണിയിലെ മാരുതി സുസുക്കി ഡിസയര്‍ ആണ് ഇത്തവണയും ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട വാഹനമായി മാറിയത്. വിപണിയില്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ടാറ്റ പഞ്ച് അടക്കമുള്ള മോഡലുകളെ പിന്നിലാക്കിക്കൊണ്ടാണ് മാരുതി സെഡാന്‍ മോഡലിന്റെ കുതിപ്പ്. കഴിഞ്ഞ മാസം ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട 10 കാറുകള്‍ ഏതൊക്കെയാണെന്ന് ഈ റിപ്പോര്‍ട്ടില്‍ പരിശോധിക്കാം.
മെയ് മാസത്തില്‍ മൊത്തം 24,546 യൂണിറ്റ് വില്‍പ്പനയുമായാണ് മാരുതി സുസുക്കി ഡിസയര്‍ ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാര്‍ ആയി മാറിയത്. 2025 മെയ് മാസത്തില്‍ വിറ്റ 18,084 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് 36 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ്.

ടാറ്റ പഞ്ചിനെ പിന്നിലാക്കി മാരുതി സുസുക്കിയുടെ പ്രീമിയം ക്രോസ്ഓവര്‍ മോഡലായ ഫ്രോങ്ക്‌സ് (Fronx) രണ്ടാം സ്ഥാനം കരസ്ഥമാക്കി. മെയ് മാസത്തില്‍ 20,686 ഉപഭോക്താക്കളാണ് ഫ്രോങ്ക്‌സ് സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 13,584 യൂണിറ്റുകള്‍ മാത്രം വിറ്റഴിഞ്ഞ സ്ഥാനത്ത് ഇത്തവണ 52 ശതമാനത്തിന്റെ വലിയ വാര്‍ഷിക വളര്‍ച്ചയാണ് ഫ്രോങ്ക്‌സ് രേഖപ്പെടുത്തിയത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ജനപ്രിയ എംപിവി മോഡലായ മാരുതി സുസുക്കി എര്‍ട്ടിഗയാണ് (Ertiga) ടോപ് 10 കാറുകളുടെ പട്ടികയില്‍ മൂന്നാാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. മെയ് മാസത്തില്‍ 20,350 എര്‍ട്ടിഗ എംപിവികളാണ് മാരുതി നിരത്തിലെത്തിച്ചത്. 2025 മെയ് മാസത്തിലെ 16,140 യൂണിറ്റുകളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഈ 7 സീറ്റര്‍ വാഹനത്തിന് 26 ശതമാനം വാര്‍ഷിക വളര്‍ച്ചയുണ്ട്.
നാലും അഞ്ചും സ്ഥാനങ്ങളില്‍ ടാറ്റയുടെ ചുണക്കുട്ടികളാണ്. ടാറ്റ മോട്ടോര്‍സിന്റെ ജനപ്രിയ മൈക്രോ എസ്‌യുവി മോഡലായ ടാറ്റ പഞ്ച് (Tata Punch) ഇത്തവണ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും ആവശ്യക്കാരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായിട്ടില്ല. മെയ് മാസത്തില്‍ 20,208 യൂണിറ്റ് പഞ്ചാണ് ടാറ്റ രാജ്യത്തുടനീളം വിറ്റഴിച്ചത്. മുന്‍ വര്‍ഷത്തെ 13,133 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പഞ്ച് ഇത്തവണ 54 ശതമാനത്തിന്റെ മികച്ച വാര്‍ഷിക വളര്‍ച്ച നിലനിര്‍ത്തിയിട്ടുണ്ട്.
ഈ പട്ടികയില്‍ അഞ്ചാം സ്ഥാനം സ്വന്തമാക്കിയത് ടാറ്റയുടെ മറ്റൊരു ജനപ്രിയ കോംപാക്റ്റ് എസ്യുവിയായ ടാറ്റ നെക്‌സോണ്‍ (Tata Nexon) ആണ്. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ 19,100 യൂണിറ്റുകള്‍ വിറ്റഴിക്കാന്‍ ഈ മോഡലിന് സാധിച്ചു. 2025 മെയ് മാസത്തില്‍ 13,096 യൂണിറ്റുകള്‍ വിറ്റഴിഞ്ഞ സ്ഥാനത്ത് ഇത്തവണ നെക്‌സോണ്‍ 46 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് കൈവരിച്ചത്.

വില്‍പ്പനയില്‍ ആറാം സ്ഥാനം നിലനിര്‍ത്തിയത് മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ബലേനോ (Baleno) ആണ്. മെയ് മാസത്തില്‍ 18,396 ഉപഭോക്താക്കളാണ് ബലേനോ സ്വന്തമാക്കിയത്. 2025 മെയ് മാസത്തില്‍ 11,618 യൂണിറ്റുകള്‍ വിറ്റഴിഞ്ഞ സ്ഥാനത്ത് ഇത്തവണ ബലേനോയുടെ വില്‍പ്പനയില്‍ 58 ശതമാനത്തിന്റെ ബമ്പര്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഇന്ത്യയിലെ സാധാരണക്കാരുടെ പ്രിയപ്പെട്ട ബജറ്റ് ഹാച്ച്ബാക്കായ മാരുതി സുസുക്കി വാഗണ്‍ആര്‍ (WagonR) ആണ് പട്ടികയില്‍ ഏഴാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം ടോള്‍ബോയ് ഹാച്ചിന്റെ 18,076 യൂണിറ്റുകളാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 13,949 യൂണിറ്റായിരുന്നു വില്‍പ്പന. ഇത്തവണ 30 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് വാഗണ്‍ ആര്‍ നേടിയത്.
| റാങ്ക് | മോഡൽ | നിർമ്മാതാക്കൾ | വില്‍പ്പന (മെയ് 2026) | വാർഷിക വളർച്ച |
|---|---|---|---|---|
| 1 | ഡിസയർ (Dzire) | മാരുതി സുസുക്കി | 24,546 | 36% |
| 2 | ഫ്രോങ്ക്സ് (Fronx) | മാരുതി സുസുക്കി | 20,686 | 52% |
| 3 | എർട്ടിഗ (Ertiga) | മാരുതി സുസുക്കി | 20,350 | 26% |
| 4 | പഞ്ച് (Punch) | ടാറ്റ | 20,208 | 54% |
| 5 | നെക്സോൺ (Nexon) | ടാറ്റ | 19,100 | 46% |
| 6 | ബലേനോ (Baleno) | മാരുതി സുസുക്കി | 18,396 | 58% |
| 7 | വാഗൺആർ (WagonR) | മാരുതി സുസുക്കി | 18,076 | 30% |
| 8 | സ്വിഫ്റ്റ് (Swift) | മാരുതി സുസുക്കി | 17,519 | 24% |
| 9 | സ്കോർപിയോ (Scorpio) | മഹീന്ദ്ര | 15,774 | 10% |
| 10 | ക്രെറ്റ (Creta) | ഹ്യുണ്ടായി | 15,235 | 3% |
മാരുതിയുടെ ജനപ്രിയ ഹാച്ച്ബാക്ക് മോഡലായ മാരുതി സ്വിഫ്റ്റ് (Swift) ആണ് എട്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. മെയില്‍ 17,519 യൂണിറ്റ് വില്‍പ്പനയാണ് സ്വിഫ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലെ 14,135 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് 24 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് കാണിക്കുന്നത്.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ കരുത്തുറ്റ എസ്‌യുവി മോഡലായ മഹീന്ദ്ര സ്‌കോര്‍പിയോ (Scorpio) ഒന്‍പതാം സ്ഥാനം സ്വന്തമാക്കി എസ്‌യുവി പ്രേമികള്‍ക്കിടയില്‍ തങ്ങളുടെ സ്വാധീനം ഉറപ്പിച്ചു. 2026 മെയ് മാസത്തില്‍ 15,774 യൂണിറ്റ് സ്‌കോര്‍പിയോ എസ്‌യുവികളാണ് മഹീന്ദ്ര ഇന്ത്യയില്‍ വിറ്റത്. 2025 മെയില്‍ 14,041 യൂണിറ്റുകള്‍ വിറ്റ സ്ഥാനത്ത് നിന്നും ഇത്തവണ 10 ശതമാനം വളര്‍ച്ച നേടാന്‍ സ്‌കോര്‍പിയോക്ക് സാധിച്ചു.
ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ മിഡ്-സൈസ് എസ്‌യുവി മോഡലായ ഹ്യുണ്ടായി ക്രെറ്റ (Creta) ആണ് ടോപ് 10 കാറുകളുടെ പട്ടികയില്‍ അവസാന സ്ഥാനത്ത് എത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം 15,235 ക്രെറ്റയാണ് ഹ്യുണ്ടായിക്ക് രാജ്യത്ത് വില്‍ക്കാനായത്. 12 മാസം മുമ്പ് 14,860 യൂണിറ്റുകളായിരുന്നു ക്രെറ്റയുടെ വില്‍പ്പന. ഇത്തവണ വെറും 3 ശതമാനം വാര്‍ഷിക വളര്‍ച്ച മാത്രമാണ് മിഡ്‌സൈസ് എസ്‌യുവി വിഭാഗത്തിലെ രാജാവായ ക്രെറ്റക്ക് നേടാനായത്.
വിപണിയിലെ കടുത്ത മത്സരം കാരണം മുമ്പ് ആദ്യ പത്തില്‍ ഇടംപിടിച്ചിരുന്ന മാരുതി ബ്രെസ, മാരുതി ഈക്കോ എന്നീ ജനപ്രിയ മോഡലുകള്‍ക്ക് ഇത്തവണ ടോപ്പ് 10 പട്ടികയില്‍ സ്ഥാനം കണ്ടെത്താനായില്ല. വരും മാസങ്ങളില്‍ കൂടുതല്‍ അപ്ഡേറ്റുകളോടെ പുത്തന്‍ മോഡലുകള്‍ വിപണിയിലെത്തുന്നതോടെ മത്സരം ഇനിയും കടുക്കുമെന്നാണ് ഓട്ടോമൊബൈല്‍ രംഗത്തെ വിദഗ്ധര്‍ വ്യക്തമാക്കുന്നത്. ഉപഭോക്തൃ താല്‍പര്യം മാറുന്നതിന് അനുസരിച്ച് വിപണിയിലും അതിന്റെ പ്രതിഫലനം കാണാം.


Click it and Unblock the Notifications