ഇത്രയും സൗകര്യമുള്ള ജീപ്പ് വേറെയില്ല! സ്ലൈഡിംഗ് സീറ്റുകളുമായി മെറിഡിയൻ ട്രാക്ക് എഡിഷൻ ഇന്ത്യയിൽ; വില അറിയാം
പ്രീമിയം എസ്‌യുവി വിപണിയിലെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ജീപ്പ് ഇന്ത്യ മെറിഡിയന്റെ പ്രത്യേക പതിപ്പായ 'ട്രാക്ക് എഡിഷന്‍' (Jeep Meridian Track Edition) പുറത്തിറക്കി. മെറിഡിയന്‍ ഓവര്‍ലാന്‍ഡ് ട്രിമ്മിനെ അടിസ്ഥാനമാക്കി നിര്‍മ്മിച്ചിരിക്കുന്ന ഈ ലിമിറ്റഡ് എഡിഷന്‍ മോഡല്‍ കൂടുതല്‍ കരുത്തുറ്റ സ്റ്റൈലിംഗിനൊപ്പം യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്നു. പൂനെയില്‍ നടന്ന ചടങ്ങിലാണ് കമ്പനി ഈ പുതിയ പതിപ്പ് ഔദ്യോഗികമായി അവതരിപ്പിച്ചത്. ഡിസൈന്‍ വശങ്ങളിലേക്ക് നോക്കിയാല്‍, ട്രാക്ക് എഡിഷനെ സ്റ്റാന്‍ഡേര്‍ഡ് പതിപ്പില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്നതിനായി എക്‌സ്റ്റീരിയറില്‍ ചില്ലറ കോസ്‌മെറ്റിക് പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്.
ബോണറ്റിലെ സിഗ്നേച്ചര്‍ ട്രാക്ക് എഡിഷന്‍ ഹുഡ് ഡെക്കല്‍, ട്രാക്ക് എഡിഷന്‍ ഇന്‍സിഗ്നിയ, ഗ്രില്‍, ബാഡ്ജുകള്‍, എക്സ്റ്റീരിയര്‍ മോള്‍ഡിംഗുകള്‍ എന്നിവയിലെ പിയാനോ ബ്ലാക്ക് ഫിനിഷ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. 18 ഇഞ്ച് വലിപ്പമുള്ള ഡയമണ്ട് കട്ട് അലോയ് വീലുകളിലാണ് ജീപ്പ് മെറിഡിയന്‍ ട്രാക്ക് എഡിഷന്‍ ഓടുക. സാധാരണ മെറിഡിയനില്‍ നിന്ന് വ്യത്യസ്തമാക്കാന്‍ ഇത് സഹായിക്കുന്നു.

വാഹനത്തിന്റെ ഇന്റീരിയറില്‍ വിപ്ലവകരമായ ഒരു മാറ്റം അമേരിക്കന്‍ എസ്യുവി നിര്‍മാതാക്കള്‍ നടപ്പാക്കിയിട്ടുണ്ട്. മുന്നിലേക്കും പിന്നിലേക്കും 140 മില്ലീമീറ്റര്‍ വരെ നീക്കാവുന്ന (sliding) രണ്ടാം നിര സീറ്റുകളാണ് ട്രാക്ക് എഡിഷനിന്റെ പ്രത്യേകത. ഇതുവഴി മൂന്നാം നിരയിലേക്കുള്ള പ്രവേശനം എളുപ്പമാകുകയും യാത്രക്കാരുടെ ആവശ്യാനുസരണം ക്യാബിനിന് ഉള്ളിലെ ഇടം ക്രമീകരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഓവര്‍ലാന്‍ഡ് ട്രിമിനെ അപേക്ഷിച്ച് പ്രധാന പ്രായോഗിക നവീകരണങ്ങളില്‍ ഒന്നാണ് ഇത്.
ക്യാബിനുള്ളില്‍ ലക്ഷ്വറി ഫീല്‍ ഉയര്‍ത്തുന്നതിനായി സ്വീഡ് ഇന്‍സെര്‍ട്ടുകളോട് കൂടിയ പുതിയ ഡ്യുവല്‍ ടോണ്‍ ട്യൂപെലോ ഇന്റീരിയര്‍ തീം കൊണ്ടുവന്നിട്ടുണ്ട്. കോണ്‍ട്രാസ്റ്റ് സ്റ്റിച്ചിംഗോട് കൂടിയ കോര്‍ട്ടീന ലെതറില്‍ പൊതിഞ്ഞ സ്റ്റിയറിംഗ് വീല്‍, പ്രത്യേക ട്രാക്ക് എഡിഷന്‍ ഗ്രാഫിക്സ് എന്നിവയാണ് ക്യാബിനിലെ മറ്റ് ഹൈലൈറ്റുകള്‍. ഫീച്ചര്‍ വശം നോക്കുമ്പോള്‍ ഓവര്‍ലാന്‍ഡ് വേരിയന്റിന്റെ ടെക്നോളജി പാക്കേജ് ട്രാക്ക് എഡിഷന്‍ നിലനിര്‍ത്തുന്നു.

അതില്‍ പവേര്‍ഡ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, 10.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നീ സവിശേഷതകള്‍ നിലനിര്‍ത്തിയിട്ടുണ്ട്. പ്രീമിയം ആല്‍പൈന്‍ ഓഡിയോ സിസ്റ്റം, പനോരമിക് സണ്‍റൂഫ്, ലെവല്‍ 2 ADAS സേഫ്റ്റി സിസ്റ്റംസ് തുടങ്ങിയ അത്യാധുനിക സവിശേഷതകള്‍ ഉള്‍പ്പെടുന്നു. മെക്കാനിക്കല്‍ വശങ്ങളില്‍ ട്രാക്ക് എഡിഷന് സ്റ്റാന്‍ഡേര്‍ഡ് മോഡലുമായി മാറ്റങ്ങളൊന്നുമില്ല.
കരുത്തുറ്റ 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് II ഡീസല്‍ എഞ്ചിനാണ് ജീപ്പ് മെറിഡിയന്‍ ട്രാക്ക് എഡിഷനും കരുത്ത് പകരുന്നത്. ഇത് 170 hp പവറും 350 Nm പീക്ക് ടോര്‍ക്കും നല്‍കുന്നു. സെഗ്മെന്റിലെ ആദ്യത്തെ 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ 2WD, 4WD ഓപ്ഷനുകളില്‍ ലഭ്യമാണ്. ഓഫ്-റോഡ് യാത്രകള്‍ക്കായി ജീപ്പിന്റെ സെലക്ട്-ടെറൈന്‍ സിസ്റ്റവും വാഹനത്തിലുണ്ട്.

ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നതിനായി 'ജീപ്പ് കോണ്‍ഫിഡന്‍സ് 7' എന്ന ഓണര്‍ഷിപ്പ് പ്രോഗ്രാമും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിലൂടെ 7 വര്‍ഷം വരെ വാറണ്ടി, അഷ്വേര്‍ഡ് ബൈബാക്ക്, മെയിന്റനന്‍സ് പാക്കേജുകള്‍, റോഡ് സൈഡ് അസിസ്റ്റന്‍സ് എന്നിവ ലഭ്യമാകും. ഉപഭോക്താക്കള്‍ക്ക് മനസമാധാനം ഉറപ്പാക്കാനാണ് ഈ പദ്ധതിയിലൂടെ ജീപ്പ് ലക്ഷ്യമിടുന്നത്.
വില വിവരങ്ങളിലേക്ക് വന്നാല്‍, ജീപ്പ് മെറിഡിയന്‍ ട്രാക്ക് എഡിഷന്‍ 4x2 ഓട്ടോമാറ്റിക് പതിപ്പിന് 35.95 ലക്ഷം രൂപയും 4X4 ഓട്ടോമാറ്റിക് പതിപ്പിന് 37.82 ലക്ഷം രൂപയുമാണ് വില. എക്‌സ്‌ഷോറൂം വിലകളാണ് ഇത്. ഇതിനു പുറമെ 9,200 രൂപയുടെ അധിക എഎക്സ്എസ് (AXS) പായ്ക്കും നിര്‍ബന്ധമാണ്. രാജ്യത്തുടനീളമുള്ള കമ്പനി ഡീലര്‍ഷിപ്പുകള്‍ വഴിയും ജീപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും എസ്‌യുവിയുടെ ബുക്കിംഗ് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.


Click it and Unblock the Notifications








