ഒറ്റയടിക്ക് 1000 കിലോമീറ്റർ യാത്ര! JSW ജെറ്റോർ T2 എസ്‌യുവിക്ക് പേറ്റന്റ്; ദീപാവലി വെടിക്കെട്ടിന് ഒരുങ്ങിക്കോ
ഇന്ത്യന്‍ വാഹന വിപണിയിലേക്ക് ചുവടുവെക്കാന്‍ ഒരുങ്ങുന്ന ജെഎസ്ഡബ്ല്യു മോട്ടോര്‍സിന്റെ (JSW Motors) ആദ്യ എസ്‌യുവിയുടെ ഡിസൈന്‍ പേറ്റന്റിന് ഇന്ത്യയില്‍ അംഗീകാരം. ആഗോള വിപണിയില്‍ തരംഗമായ ജെറ്റോര്‍ T2 (Jetour T2) മിഡ്-സൈസ് എസ്‌യുവിയെ അടിസ്ഥാനമാക്കിയാണ് ഈ വാഹനം നിര്‍മ്മിക്കുന്നത്. ജെറ്റോറിന്റെ മാതൃകമ്പനിയായ ചെറി ഓട്ടോമൊബൈല്‍ 2025 ഡിസംബറില്‍ സമര്‍പ്പിച്ച പേറ്റന്റിന് 2026 ഫെബ്രുവരി 27-നാണ് അംഗീകാരം ലഭിച്ചത്. പുറത്തുവന്ന പേറ്റന്റ് രേഖകള്‍ പ്രകാരം ജെറ്റോര്‍ മോഡല്‍ അതിന്റെ ബോക്‌സി ഡിസൈനും മസ്‌കുലര്‍ ലുക്കും ഇന്ത്യന്‍ മോഡലിലും നിലനിര്‍ത്തിയിട്ടുണ്ട്.
മുന്‍ഭാഗത്ത് സ്‌ക്വയേര്‍ഡ് എല്‍ഇഡി ഹെഡ്ലൈറ്റുകളും ഹണികോംബ് പാറ്റേണിലുള്ള ഗ്രില്ലുമാണ് പ്രധാന ആകര്‍ഷണം. വശങ്ങളില്‍ ഡോറുകളില്‍ ഘടിപ്പിച്ച ഒആര്‍വിഎമ്മുകളും (ORVM) കരുത്തുറ്റ ബമ്പറുകളും വാഹനത്തിന് ഒരു ഓഫ്-റോഡര്‍ പരിവേഷം നല്‍കുന്നു. റൂഫ് റെയിലുകളും വലിയ അലോയ് വീലുകളും വാഹനത്തിന്റെ ഗാംഭീര്യം വര്‍ദ്ധിപ്പിക്കുന്നുണ്ട്.സാങ്കേതിക വശങ്ങളിലേക്ക് നോക്കിയാല്‍, ഇന്ത്യയില്‍ ഈ എസ്‌യുവി ഒരു പ്ലഗ്-ഇന്‍ ഹൈബ്രിഡ് (PHEV) കോണ്‍ഫിഗറേഷനില്‍ ലഭ്യമാകാനാണ് സാധ്യത.

പ്യുവര്‍ ഇലക്ട്രിക് (EV), പെട്രോള്‍ പതിപ്പുകള്‍ ആഗോളതലത്തില്‍ ലഭ്യമാണെങ്കിലും ഇന്ത്യയില്‍ ഹൈബ്രിഡ് പതിപ്പിനായിരിക്കും ജെഎസ്ഡബ്ല്യു മുന്‍ഗണന നല്‍കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ജെറ്റോര്‍ T2 i-DM ഹൈബ്രിഡ് പതിപ്പ് 1.5 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനും 26.7 kWh ബാറ്ററി പായ്ക്കുമാണ് ഉപയോഗിക്കുന്നത്. ഇത് ഏകദേശം 139 കിലോമീറ്റര്‍ ഇലക്ട്രിക് റേഞ്ചും 1,000 കിലോമീറ്ററിലധികം സംയോജിത റേഞ്ചും വാഗ്ദാനം ചെയ്യുന്നു.
ആഗോളതലത്തില്‍ ഈ വാഹനത്തിന്റെ ഓള്‍ വീല്‍ ഡ്രൈവ് (AWD) പതിപ്പ് 381 hp പവറും 610 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നുണ്ട്. എന്നിരുന്നാലും, ഇന്ത്യന്‍ റോഡുകള്‍ക്കും ഇന്ധനക്ഷമതയ്ക്കും അനുയോജ്യമായ രീതിയില്‍ എഞ്ചിന്‍ ട്യൂണിംഗില്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയുണ്ട്. വാഹനത്തിന്റെ അകത്തളത്തെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ പേറ്റന്റ് രേഖകളില്‍ ഇല്ലെങ്കിലും ആഗോള മോഡലിന് സമാനമായ പ്രീമിയം ഫീച്ചറുകള്‍ പ്രതീക്ഷിക്കാം.
വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ക്ലസ്റ്റര്‍, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ ആധുനിക സജ്ജീകരണങ്ങള്‍ ഇതിലുണ്ടാകും. സുരക്ഷയുടെ കാര്യത്തിലും രാജ്യാന്തര നിലവാരത്തിലുള്ള ക്രമീകരണങ്ങളാണ് ജെറ്റോര്‍ T2 വാഗ്ദാനം ചെയ്യുന്നത്. ഇത് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് പുതിയൊരു അനുഭവം നല്‍കും.ഓഫ്-റോഡ് ശേഷിയും ആഡംബര സൗകര്യങ്ങളും നിറഞ്ഞ വാഹനം ആഗ്രഹിക്കുന്നവരെ തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് ഇതിന്റെ രൂപകല്‍പ്പന.
മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗറിലുള്ള ജെഎസ്ഡബ്ല്യുവിന്റെ നിര്‍മ്മാണ പ്ലാന്റിലായിരിക്കും ഈ എസ്‌യുവി അസംബിള്‍ ചെയ്യുന്നത്. തദ്ദേശീയ ഉത്പാദനം വഴി വാഹനത്തിന്റെ വില നിയന്ത്രിക്കാനും വിപണിയില്‍ മത്സരക്ഷമത നിലനിര്‍ത്താനും കമ്പനി ലക്ഷ്യമിടുന്നു. ഇന്ത്യയിലെ പാസഞ്ചര്‍ വാഹന വിപണിയില്‍ ശക്തമായ സാന്നിധ്യമാകാനുള്ള ജെഎസ്ഡബ്ല്യു ഗ്രൂപ്പിന്റെ ആദ്യ പടിയായാണ് ഈ നീക്കത്തെ വാഹന ലോകം വിലയിരുത്തുന്നത്.
2026-ലെ ദീപാവലി ഉത്സവകാലത്ത് ജെറ്റോര്‍ T2 വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ രാജ്യത്തുടനീളം ഡീലര്‍മാരെ നിയമിക്കുന്നതിനുള്ള നടപടികള്‍ കമ്പനി ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പുതിയ ബ്രാന്‍ഡ് എന്ന നിലയില്‍ മികച്ച സര്‍വീസ് ശൃംഖല പടുത്തുയര്‍ത്താനാണ് കമ്പനിയുടെ ശ്രമം. ജെഎസ്ഡബ്ല്യു മോട്ടോര്‍സിന്റെ വരവ് ടാറ്റ, മഹീന്ദ്ര തുടങ്ങിയ ഇന്ത്യന്‍ കമ്പനികള്‍ക്കും ആഗോള ബ്രാന്‍ഡുകള്‍ക്കും വലിയ വെല്ലുവിളിയാകും.
കരുത്തുറ്റ നിര്‍മാണ നിലവാരവും അത്യാധുനിക ഹൈബ്രിഡ് സാങ്കേതികവിദ്യയും നിലവില്‍ വിപണിയിലുള്ള മറ്റ് വാഹനങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒരു എസ്‌യുവി അനുഭവം നല്‍കും. വരും മാസങ്ങളില്‍ ജെഎസ്ഡബ്ല്യുവിന്റെ കന്നി എസ്‌യുവിയുടെ കൂടുതല്‍ ചിത്രങ്ങളും സാങ്കേതിക വിവരങ്ങളും കമ്പനി ഔദ്യോഗികമായി പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. എസ്‌യുവി പ്രേമികള്‍ ഏറെ ആകാംക്ഷയോടെയാണ് ഈ ലോഞ്ചിനായി കാത്തിരിക്കുന്നത്.


Click it and Unblock the Notifications








