കിയ സെല്‍റ്റോസിന്റെ ARAI മൈലേജ് പുറത്ത്! ഡീസല്‍ തന്നെ രാജാവ്, കണക്ക് കണ്ടാല്‍ കണ്‍ഫ്യൂഷനായേക്കും
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ രണ്ടാം തലമുറ കിയ സെല്‍റ്റോസിന്റെ (2026 Kia Seltos) ARAI സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത കണക്കുകള്‍ പുറത്തുവന്നു. 2026 ജനുവരിയില്‍ വിപണിയിലെത്തിയ പുതിയ സെല്‍റ്റോസിന്റെ ഇന്ധനക്ഷമത (Kia Seltos Mileage) സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ക്കായി വാഹനപ്രേമികള്‍ ഏറെ നാളായി കാത്തിരിക്കുകയായിരുന്നു. ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, വ്യത്യസ്ത എഞ്ചിന്‍, ഗിയര്‍ബോക്‌സ് കോമ്പിനേഷനുകളില്‍ ഈ വാഹനം നല്‍കുന്ന മൈലേജ് കണക്കുകള്‍ ഓരോന്നായി താഴെ പരിശോധിക്കാം. പുതിയ സെല്‍റ്റോസ് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ വിവരങ്ങള്‍ തീര്‍ച്ചയായും വലിയ ഉപകാരമാകും.
വാഹന്‍ വാര്‍ത്ത (VahanWarta) അവരുടെ ഔദ്യോഗിക എക്‌സ് പേജില്‍ പങ്കുവെച്ച പോസ്റ്റ് പ്രകാരം പുതിയ കിയ സെല്‍റ്റോസിലെ ഡീസല്‍ മാനുവല്‍ പതിപ്പ് (HTE) ലിറ്ററിന് 19.4 കിലോമീറ്റര്‍ മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്. ഈ നിരയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള എഞ്ചിന്‍-ഗിയര്‍ബോക്‌സ് കോമ്പിനേഷനാണിത്. അതേസമയം, ഓട്ടോമാറ്റിക് ഡീസല്‍ വേരിയന്റ് (HTE (O) ലിറ്ററിന് 17.8 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് പറയപ്പെടുന്നത്.

മാനുവല്‍ പതിപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ഡീസല്‍ ഓട്ടോമാറ്റിക് പതിപ്പിന് ഇന്ധനക്ഷമതയില്‍ നേരിയ കുറവുണ്ട്. ഇതോടെ ഡീസല്‍ വാഹനങ്ങള്‍ തേടുന്നവര്‍ക്കുള്ള മികച്ച ചോയിസായി സെല്‍റ്റോസ് തുടരും. ടര്‍ബോ പെട്രോള്‍ വിഭാഗത്തില്‍, 7-സ്പീഡ് ഡിസിടി (DCT) ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി വരുന്ന മോഡല്‍ ലിറ്ററിന് 17.5 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് ARAI പറയുന്നത്.
ടര്‍ബോ പെട്രോള്‍ iMT പതിപ്പിന്റെ ക്ലെയിംഡ് മൈലേജ് ലിറ്ററിന് 15.6 കിലോമീറ്ററാണ്. നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍ മാനുവല്‍, iVT പതിപ്പുകള്‍ക്ക് ലിറ്ററിന് 16.5 കിലോമീറ്റര്‍ മൈലേജ് ആണ് ലഭിക്കുന്നത്. ടര്‍ബോ പെട്രോള്‍ വേരിയന്റുകള്‍ പവറും മൈലേജും മികച്ച രീതിയില്‍ ബാലന്‍സ് ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.

പ്രത്യേക ടെസ്റ്റിംഗ് സാഹചര്യങ്ങളില്‍ പരീക്ഷിച്ചാണ് ARAI സര്‍ട്ടിഫൈഡ് മൈലേജ് കണക്കുകള്‍ പുറത്തുവിടുന്നത്. അതിനാല്‍, യഥാര്‍ത്ഥ ഡ്രൈവിംഗ് സാഹചര്യങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന മൈലേജും ക്ലെയിംഡ് മൈലേജും തമ്മില്‍ വ്യത്യാസമുണ്ടായേക്കാം. റോഡ് സാഹചര്യങ്ങള്‍, വാഹനമോടിക്കുന്ന രീതി എന്നിവയടക്കമുള്ള ചില ഘടകങ്ങളെ ആശ്രയിച്ച് 'ട്രൂ' മൈലേജില്‍ വ്യത്യാസം വരാം. എങ്കിലും, ARAI പുറത്തുവിടുന്ന ഈ മൈലേജ് കണക്കുകള്‍ ഉപഭോക്താക്കള്‍ക്ക് ഒരു ഏകദേശ ധാരണ നല്‍കാന്‍ സഹായിക്കും.
1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നിങ്ങനെ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളിലാണ് സെല്‍റ്റോസ് വില്‍പ്പനക്കെത്തുന്നത്. നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍ 6-സ്പീഡ് മാനുവല്‍, CVT ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളുമായി ഇണചേര്‍ക്കുന്നു. ഡീസല്‍ എഞ്ചിന്‍ 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളില്‍ ലഭ്യമാണ്.

ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 6-സ്പീഡ് iMT, 7-സ്പീഡ് DCT ഗിയര്‍ബോക്‌സ് ഓപ്ഷനുകളോടൊപ്പം വാങ്ങാം. ഈ ഗിയര്‍ബോക്‌സുകള്‍ മികച്ച പ്രകടനവും സുഗമമായ ഗിയര്‍ ഷിഫ്റ്റും സാധ്യമാക്കുന്നു. ഓരോരുത്തരുടെയും ഡ്രൈവിംഗ് ശൈലിക്കും അനുയോജ്യമായ ഗിയര്‍ബോക്‌സുകള്‍ തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും. പുതിയ സെല്‍റ്റോസ് പെട്രോള്‍, ഡീസല്‍ പ്രേമികള്‍ക്ക് ഒരുപോലെ മികച്ച അനുഭവം സമ്മാനിക്കുമെന്ന് കമ്പനി ഉറപ്പുനല്‍കുന്നു.
2027-ഓടെ കിയ സെല്‍റ്റോസിന്റെ പെട്രോള്‍-ഹൈബ്രിഡ് പതിപ്പ് പുറത്തിറങ്ങുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഹൈബ്രിഡ് പവര്‍ട്രെയിന്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും, നിലവിലെ 1.5 ലിറ്റര്‍ എഞ്ചിനിന്റെ വൈദ്യുതീകരിച്ച പതിപ്പായിരിക്കും ഇതിലുണ്ടാവുക. ഇത് മാരുതി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട ഹൈറൈഡര്‍, മാരുതി വിക്‌ടോറിസ് തുടങ്ങിയ മോഡലുകള്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തും. ഇതേ ഹൈബ്രിഡ് സിസ്റ്റം തന്നെയാകും അടുത്ത വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന സോറെന്റോ 3-വരി എസ്‌യുവിയിലും ഉപയോഗിക്കുക.
ആഗോളതലത്തില്‍ ഇവി വില്‍പ്പന മന്ദഗതിയിലാകുകയും കൂടുതല്‍ ഉപഭോക്താക്കള്‍ ഹൈബ്രിഡ് വാഹനങ്ങള്‍ വാങ്ങാന്‍ താല്‍പര്യം കാണിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കിയയും ട്രെന്‍ഡ് പിന്തുടരാന്‍ തീരുമാനിച്ചത്. കിടമത്സരം നിറഞ്ഞ കോംപാക്ട് എസ്‌യുവി വിഭാഗത്തില്‍ സെല്‍റ്റോസിനെ മത്സരക്ഷമതയോടെ നിലനിര്‍ത്താന്‍ കൊറിയന്‍ കമ്പനി കൃത്യമായ ഇടവേളകളില്‍ അപ്‌ഡേറ്റ് നല്‍കാറുണ്ട്. കരുത്തുറ്റ എഞ്ചിനുകളും ആകര്‍ഷകമായ ഫീച്ചറുകളും മികച്ച മൈലേജുമാണ് സെല്‍റ്റോസിനെ ജനപ്രിയമാക്കുന്നത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഹൈബ്രിഡ് പതിപ്പ് കൂടി എത്തുന്നതോടെ സെല്‍റ്റോസ് കൂടുതല്‍ കരുത്താര്‍ജ്ജിക്കും.


Click it and Unblock the Notifications








