ക്രെറ്റയെ വിറപ്പിച്ച് 6 ലക്ഷം വിൽപ്പന! കിയ സെൽറ്റോസിന്റെ വിജയരഹസ്യം സുരക്ഷയോ ഫീച്ചറുകളോ?
ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ മോട്ടോര്‍സ് ആദ്യം ഇന്ത്യയിലേക്ക് കൊണ്ടുവന്ന മോഡലാണ് സെല്‍റ്റോസ് (Kia Seltos). ഹ്യുണ്ടായി ക്രെറ്റയടക്കമുള്ള അതികായന്‍മാര്‍ വിരാജിക്കുന്ന മിഡ്-സൈസ് എസ്‌യുവി വിഭാഗത്തില്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ സ്വന്തമായി ഇടം കണ്ടെത്തിയ സെല്‍റ്റോസ് പുതിയ വില്‍പ്പന നാഴികക്കല്ല് താണ്ടി. 2019 ഓഗസ്റ്റില്‍ വിപണിയിലെത്തിയ സെല്‍റ്റോസിന്റെ വില്‍പ്പന 6 ലക്ഷം യൂണിറ്റ് കടന്നതായി കിയ ഇന്ത്യ അറിയിച്ചു. 2023 ജൂണില്‍ 5 ലക്ഷം യൂണിറ്റിലെത്തിയിരുന്ന സെല്‍റ്റോസിന് അടുത്ത 1 ലക്ഷം യൂണിറ്റ് വില്‍ക്കാന്‍ 32 മാസം വേണ്ടിവന്നു.
മോഡേണ്‍ സ്‌റ്റൈലിംഗും നൂതന സാങ്കേതിക, കംഫര്‍ട്ട് ഫീച്ചറുകളുമായി പുതിയ മോഡലുകള്‍ കളംനിറഞ്ഞതോടെ കഴിഞ്ഞ ഏതാനും മാസങ്ങളായി സെല്‍റ്റോസിന്റെ വില്‍പ്പനയില്‍ ഇടിവ് നേരിട്ടിരുന്നു. 2026 ജനുവരി രണ്ടിന് ന്യൂജെന്‍ മോഡല്‍ പുറത്തിറങ്ങിയതോടെ വില്‍പ്പന വീണ്ടും പഴയ ഫോമിലേക്കെകത്തുന്നുണ്ട്. ഡിസൈന്‍, സുരക്ഷ, സാങ്കേതികവിദ്യ എന്നിവക്ക് ഉപഭോക്താക്കള്‍ മുന്‍ഗണന നല്‍കുന്നതാണ് സെല്‍റ്റോസിന്റെ ഈ വിജയത്തിന് പിന്നിലെ കാരണമെന്ന് കിയ ഇന്ത്യ ചീഫ് സെയില്‍സ് ഓഫീസര്‍ മിസ്റ്റര്‍ സുന്‍ഹാക്ക് പാര്‍ക്ക് പറഞ്ഞു.

ആധുനിക സുരക്ഷാ സംവിധാനങ്ങളിലും കണക്റ്റഡ് കാര്‍ ടെക്‌നോളജികളിലും ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കുള്ള വിശ്വാസമാണ് മുന്‍നിര വേരിയന്റുകള്‍ക്കുള്ള ഉയര്‍ന്ന ഡിമാന്‍ഡിലൂടെ പ്രതിഫലിക്കുന്നത്. ഗ്ലോബല്‍ K3 പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി പുറത്തിറക്കിയ പുതിയ തലമുറ സെല്‍റ്റോസിന് പഴയ പതിപ്പിനേക്കാള്‍ നീളവും വീതിയുമുള്ളതാണ്. 4,460 mm നീളവും 1,830 mm വീതിയും 2,690 mm വീല്‍ബേസും സെല്‍റ്റോസിന്റെ റോഡ് പ്രസന്‍സ് ഉയര്‍ത്തിയെന്ന് മാത്രമല്ല ഇന്റീരിയര്‍ സ്‌പെയ്‌സും മെച്ചപ്പെടുത്തി.
പുതിയ പ്ലാറ്റ്ഫോം വാഹനത്തിന്റെ സുരക്ഷിതത്വവും ഡ്രൈവിംഗ് നിലവാരവും ഗണ്യമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. മസ്‌കുലര്‍ ഡിസൈനും പ്രീമിയം ലുക്കും നല്‍കുന്ന ഡിജിറ്റല്‍ ടൈഗര്‍ ഫേസ് ഗ്രില്ലാണ് മുന്‍വശത്തെ ആകര്‍ഷണം. സ്റ്റാര്‍ മാപ്പ് എല്‍ഇഡി ഡിആര്‍എല്ലുകള്‍, 18 ഇഞ്ച് ക്രിസ്റ്റല്‍ കട്ട് അലോയ് വീലുകള്‍, ഫ്‌ലഷ് ടൈപ്പ് ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവയാണ് മറ്റ് ഡിസൈന്‍ ഹൈലൈറ്റുകള്‍.
30 ഇഞ്ച് വലിപ്പമുള്ള ട്രിനിറ്റി പനോരമിക് ഡിസ്പ്ലേയാണ് പുതിയ സെല്‍റ്റോസിന്റെ അകത്തളത്തിലെ പ്രധാന ആകര്‍ഷണം. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റും സംയോജിപ്പിച്ചതാണിത്. വെന്റിലേറ്റഡ് സീറ്റുകള്‍, ഡ്യുവല്‍ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ്, 8 സ്പീക്കര്‍ ബോസ് സൗണ്ട് സിസ്റ്റം എന്നിവയടക്കം നിരവധി പ്രീമിയം ഫീച്ചറുകള്‍ കുത്തിനിറച്ചാണ് 2026 സെല്‍റ്റോസ് വന്നിരിക്കുന്നത്.
64 കളര്‍ ആംബിയന്റ് ലൈറ്റിംഗും ഡ്യുവല്‍ ടോണ്‍ ഇന്റീരിയറും ക്യാബിന്റെ മോടി കൂട്ടുന്നു. പവര്‍ഡ് ഡ്രൈവര്‍ സീറ്റുകളും റിയര്‍ റെക്ലൈനിംഗ് സീറ്റുകളും ദീര്‍ഘദൂര യാത്രകള്‍ സുഖകരമാക്കി മാറ്റാന്‍ സഹായിക്കുന്നു. അപ്‌ഡേറ്റുകളുമായി എത്തിയ സെല്‍റ്റോസ് സുരക്ഷാ സംവിധാനങ്ങളിലും മുന്നിട്ടുനില്‍ക്കുന്നു. ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇലക്‌ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റ്, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് എന്നിവ എസ്യുവിയില്‍ സ്റ്റാന്‍ഡേര്‍ഡായി വരുന്നു.

ഉയര്‍ന്ന വേരിയന്റുകളില്‍ 21 ഫംഗ്ഷനുകളുള്ള സമഗ്രമായ ലെവല്‍ 2 ADAS സ്യൂട്ട് ഉള്‍പ്പെടുന്നു.സാങ്കേതിക വശങ്ങളിലേക്ക് നോക്കിയാല്‍ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളിലാണ് ന്യൂജെന്‍ സെല്‍റ്റോസ് ലഭ്യമാകുന്നത്. 113 bhp പവറും 144 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന 1.5 ലിറ്റര്‍ നാചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ആദ്യത്തേത്.
രണ്ടാമത്തെ 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 158 bhp പവറും 253 Nm ടോര്‍ക്കും നല്‍കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. 1.5 ലിറ്റര്‍ CRDI ഡീസല്‍ (114 bhp/250 Nm) എഞ്ചിനാണ് മൂന്നാമത്തെ ഓപ്ഷന്‍. 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് IVT, 7-സ്പീഡ് DCT, 6-സ്പീഡ് AT ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ പുതിയ സെല്‍റ്റോസ് ലഭ്യമാണ്. എല്ലാ പതിപ്പുകളും ഫ്രണ്ട്-വീല്‍ ഡ്രൈവാണ്.

നിലവില്‍ 10.99 ലക്ഷം രൂപ മുതല്‍ 19.99 ലക്ഷം രൂപ വരെയാണ് സെല്‍റ്റോസിന്റെ ഷോറൂം വില. ക്രെറ്റയെ കൂടാതെ മാരുതി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട ഹൈറൈഡര്‍, ടാറ്റ സിയറ, മാരുതി വിക്‌ടോറിസ്, ഹോണ്ട എലിവേറ്റ്, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍, സ്‌കോഡ കുഷാഖ് തുടങ്ങിയ പ്രമുഖ മോഡലുകളാണ് സെല്‍റ്റോസിന്റെ എതിരാളികള്‍. പുതിയ തലമുറ മോഡലിന്റെ വരവ് വരും മാസങ്ങളില്‍ സെല്‍റ്റോസിന്റെ വില്‍പ്പന ഉയര്‍ത്തുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.


Click it and Unblock the Notifications








