വില്‍പ്പന ഒന്ന് പച്ചപിടിച്ച് വന്നതാ, അപ്പോഴേക്കും കൂട്ടി! കിയ സെൽറ്റോസിന്റെ പുതിയ വില അറിയാം
രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മിഡ്‌സൈസ് എസ്‌യുവികളില്‍ ഒന്നാണ് കിയ സെല്‍റ്റോസ്. ഈ വര്‍ഷം ന്യൂജെന്‍ പതിപ്പ് വിപണിയിലെത്തിയതിന് പിന്നാലെ സെല്‍റ്റോസ് പഴയ പ്രതാപത്തിലേക്ക് വീണ്ടും നടന്ന് കയറുന്ന കാഴ്ച നാം കണ്ടുകൊണ്ടിരിക്കുകയാണ്. മികച്ച റോഡ് പ്രസന്‍സും അത്യാധുനിക ഫീച്ചറുകളും സുരക്ഷാ സംവിധാനങ്ങളും കൊണ്ട് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ഏറെ ശ്രദ്ധേയമായ ഈ വാഹനം വാങ്ങാനിരുന്നവരെ നിരാശരാക്കി കൊണ്ട് കിയ തെരഞ്ഞെടുത്ത വേരിയന്റുകളുടെ വില കൂട്ടി. പെട്രോള്‍, ഡീസല്‍ വേരിയന്റുകളെ രണ്ടിനെയും വില വര്‍ധനവ് ബാധിച്ചിട്ടുണ്ട്.
വിവിധ വേരിയന്റുകള്‍ക്ക് അനുസരിച്ച് പരമാവധി 32,500 രൂപ വരെയാണ് ഇനി മുതല്‍ സെല്‍റ്റോസിന് അധികം മുടക്കേണ്ടി വരിക. പെട്രോള്‍, ഡീസല്‍ പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ലഭ്യമായ ഈ ജനപ്രിയ എസ്‌യുവി മോഡലിന്റെ പുതുക്കിയ വിലകള്‍ ഈ മാസം മുതല്‍ രാജ്യത്തുടനീളം പ്രാബല്യത്തില്‍ വന്നതായി കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

രാജ്യത്തെ ഓട്ടോമൊബൈല്‍ വിപണിയിലെ കടുത്ത മത്സരവും വാഹന നിര്‍മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും പണപ്പെരുപ്പവുമെല്ലാമാണ് ഈ അപ്രതീക്ഷിത വില പരിഷ്‌കരണത്തിന് പിന്നിലെ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കിയ സെല്‍റ്റോസിന്റെ പെട്രോള്‍ പതിപ്പുകളുടെ പുതുക്കിയ വിലവിവരങ്ങള്‍ വിശദമായി പരിശോധിക്കുമ്പോള്‍ ബേസ് HTE വേരിയന്റിന്റെ വിലയില്‍ നിലവില്‍ യാതൊരുവിധ മാറ്റവും വരുത്തിയിട്ടില്ല.
എന്‍ട്രി ലെവല്‍ പെട്രോള്‍ മോഡല്‍ മുമ്പത്തെ പോലെ തന്നെ 10.99 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയില്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കും. ഇത് പുതുതായി കാര്‍ വാങ്ങുന്ന ബജറ്റ് അവബോധമുള്ള ഉപഭോക്താക്കള്‍ക്ക് ഏറെ ആശ്വാസകരമായ കാര്യമാണ്. അതേസമയം പെട്രോള്‍ നിരയിലെ HTE (O) , HTK, , HTK (O), HTX, GTX (CVT & DCT), X-ലൈന്‍ സിവിടി തുടങ്ങിയ മിക്ക മിഡ് വേരിയന്റുകള്‍ക്കും 30,500 രൂപ വീതമാണ് വര്‍ദ്ധിപ്പിച്ചത്.

ഈ വില പരിഷ്‌കരണത്തോടെ പ്രസ്തുത പെട്രോള്‍ വേരിയന്റുകളുടെ ഇന്ത്യയിലെ എക്‌സ്-ഷോറൂം വിലകള്‍ 12.42 ലക്ഷം രൂപ മുതല്‍ 19.82 ലക്ഷം രൂപ വരെ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ പെട്രോള്‍ പതിപ്പിന്റെ ഏറ്റവും ഉയര്‍ന്ന പ്രീമിയം മോഡലുകളായ GTX (സിവിടി ഡ്യുവല്‍ ടോണ്‍, ഡിസിടി, ഡിസിടി ഡ്യുവല്‍ ടോണ്‍), GTX (O), X-ലൈന്‍ ഡിസിടി, X-ലൈന്‍ (O) തുടങ്ങിയ ഉയര്‍ന്ന വേരിയന്റുകളുടെ വിലയില്‍ കമ്പനി യാതൊരു മാറ്റവും വരുത്തിയിട്ടില്ല.
ഈ ടോപ്പ് എന്‍ഡ് മോഡലുകള്‍ പഴയതുപോലെ തന്നെ 19.41 ലക്ഷം രൂപ മുതല്‍ 21.56 ലക്ഷം രൂപ വരെയുള്ള വിലയില്‍ തുടര്‍ന്നും ലഭ്യമാകും. ഡീസല്‍ പതിപ്പുകളിലേക്ക് കടന്നാല്‍ ബേസ് വേരിയന്റായ എച്ച്ടിഇ ഉള്‍പ്പെടെയുള്ള ഭൂരിഭാഗം മോഡലുകള്‍ക്കും ഏകീകൃത വില വര്‍ധനവാണ് ലഭിച്ചിരിക്കുന്നത്.

ഡീസല്‍ സെല്‍റ്റോസ് വാങ്ങുന്നവര്‍ ഇനി മുതല്‍ 32,500 അധികം കൈയ്യില്‍ കരുതണം. പെട്രോള്‍ ബേസ് മോഡലിന് വില കൂടിയിട്ടില്ലെങ്കിലും ഡീസലിന്റെ എന്‍ട്രി ലെവല്‍ മോഡലിന് വമ്പന്‍ വില വര്‍ദ്ധനവ് ലഭിച്ചത് സാധാരണക്കാരായ കസ്റ്റമേഴ്‌സിന് അധിക സാമ്പത്തിക ബാധ്യത വരുത്തിവെയ്ക്കുന്ന ഒന്നാണ്. അതേസമയം ഡീസല്‍ നിരയിലെ GTX (TC), X-ലൈന്‍ (TC) തുടങ്ങിയ ചില പ്രത്യേക വേരിയന്റുകള്‍ക്ക് 18,500 രൂപ മാത്രമാണ് ഇപ്പോള്‍ കൂട്ടിയത്.
ടോപ് സ്‌പെക് ഡീസല്‍ വേരിയന്റിന്റെ വിലയും കൂട്ടിയിട്ടില്ല. പ്രീമിയം സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന GTX ഡ്യുവല്‍ ടോണ്‍ (TC) മോഡലിന്റെ വില 20.21 ലക്ഷം രൂപയായി തന്നെ തുടരും. പുതിയ വില പരിഷ്‌കരണത്തോടെ കിയ സെല്‍റ്റോസ് ഡീസല്‍ മോഡലുകളുടെ വില 12.94 ലക്ഷം രൂപ മുതല്‍ 20.21 ലക്ഷം രൂപ വരെയായി.


Click it and Unblock the Notifications