കാഴ്ചക്കാരായത് സാക്ഷാല്‍ ബ്രെസയും നെക്‌സോണും! ഇന്ത്യയില്‍ 5 ലക്ഷം യൂണിറ്റ് വില്‍പ്പനയുമായി കൊറിയന്‍ SUV
019-ല്‍ സെല്‍റ്റോസ് മിഡ്‌സൈസ് എസ്‌യുവിയുമായി ഇന്ത്യന്‍ വിപണിയില്‍ എന്‍ട്രി നടത്തിയ കമ്പനിയാണ് കിയ. ചുരുങ്ങിയ നാളുകള്‍ കൊണ്ട് രാജ്യത്തെ മുന്‍നിര കാര്‍ നിര്‍മ്മാതാക്കളില്‍ ഒന്നായി മാറാന്‍ ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡിന് സാധിച്ചു. ദീര്‍ഘകാലം സെല്‍റ്റോസ് ആയിരുന്നു കിയയുടെ ബെസ്റ്റ് സെല്ലര്‍ എങ്കില്‍ സമീപകാലത്ത് സോനെറ്റ് സബ് 4 മീറ്റര്‍ എസ്‌യുവി ആ സ്ഥാനം തട്ടിയെടുത്തു. ബ്രാന്‍ഡിന്റെ മുന്‍നിര പോരാളിയായ സോനെറ്റ് ഇപ്പോള്‍ ഒരു നിര്‍ണായക വില്‍പന നാഴികക്കല്ല് പിന്നിട്ടു. വിപണിയിലെത്തി ചുരുങ്ങിയ കാലയളവിനുള്ളില്‍ 5 ലക്ഷം യൂണിറ്റ് വിറ്റഴിച്ചാണ് സോനെറ്റ് അസുലഭ നേട്ടം സ്വന്തമാക്കിയത്.
ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ബ്രാന്‍ഡിനുള്ള വര്‍ദ്ധിച്ചുവരുന്ന വിശ്വാസ്യതയുടെ തെളിവ് കൂടിയാണിത്.മോഡേണ്‍ ഡിസൈനും നൂതന സാങ്കേതികവിദ്യകളും ഒത്തുചേരുന്ന സോനെറ്റ് ഇന്ത്യയിലെ ഏറ്റവും മത്സരാധിഷ്ഠിതമായ സബ് 4 മീറ്റര്‍ എസ്‌യുവി വിഭാഗത്തില്‍ മാറ്റുരച്ചാണ് ഈ വിജയം കൈവരിച്ചത്. മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്‌സോണ്‍, ഹ്യണ്ടായി വെന്യു, മഹീന്ദ്ര XUV 3XO, സ്‌കോഡ കൈലാക്, നിസാന്‍ മാഗ്‌നൈറ്റ്, റെനോ കൈഗര്‍ എന്നീ വമ്പന്‍മാരോട് മത്സരിച്ചാണ് ഇത്രയും വില്‍പ്പന നേടിയതെന്നത് സോനെറ്റിന്റെ വിജയത്തിന് മാറ്റ് കൂട്ടുന്നു.

ഇത് കിയ ഇന്ത്യയുടെ അഭിമാന നിമിഷമാണെന്നും ഉപഭോക്താക്കള്‍ നല്‍കിയ ശക്തമായ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതായും കിയ ഇന്ത്യ ചീഫ് സെയില്‍സ് ഓഫീസര്‍ സണ്‍ഹാക്ക് പാര്‍ക്ക് പറഞ്ഞു. കിയയുടെ 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിക്ക് കീഴില്‍ നിര്‍മ്മിക്കുന്ന സോനെറ്റ്, ആഭ്യന്തര വിപണിയില്‍ മാത്രമല്ല ആഗോളതലത്തിലും വലിയ വിജയമാണ്. ആന്ധ്രാപ്രദേശിലെ അനന്തപുര്‍ പ്ലാന്റില്‍ നിര്‍മ്മിക്കുന്ന ഈ എസ്‌യുവി ഇതിനകം 70 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്.
1 ലക്ഷത്തിലധികം യൂണിറ്റുകളാണ് ഇന്ത്യയില്‍ നിന്നും വിദേശത്തേക്ക് കപ്പല്‍ കയറ്റി അയച്ചത്. കിയ ഇന്ത്യയുടെ ആകെ വില്‍പനയുടെ 35 ശതമാനത്തോളം സംഭാവന ചെയ്യുന്നത് സോനെറ്റാണെന്നത് ഈ വാഹനത്തിന്റെ ജനപ്രീതി വരച്ച്കാണിക്കുന്നു. നഗരപ്രദേശങ്ങളിലും വളര്‍ന്നു വരുന്ന ചെറിയ നഗരങ്ങളിലും സോനെറ്റിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. തുടര്‍ച്ചയായ രണ്ടു വര്‍ഷങ്ങളില്‍ 1 ലക്ഷത്തിലധികം സോനെറ്റുകള്‍ വില്‍ക്കാന്‍ കിയക്ക് സാധിച്ചു.
വൈവിധ്യമാര്‍ന്ന എഞ്ചിന്‍, ട്രാന്‍സ്മിഷന്‍ കോമ്പിനേഷനാണ് സോനെറ്റിനെ ജനപ്രിയമാക്കുന്ന സംഗതികളില്‍ ഒന്ന്. 1.2 ലിറ്റര്‍ NA പെട്രോള്‍, 1.0 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നിവയാണ് സോനെറ്റിലെ എഞ്ചിന്‍ ഓപ്ഷനുകള്‍. 5 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക്, 6 സ്പീഡ് ഐഎംടി, 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്, 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളും എസ്‌യുവിയില്‍ വരുന്നു.
മറ്റ് കൊറിയന്‍ കാറുകളെ പോലെ ഫീച്ചര്‍ സമ്പന്നമായ അകത്തളമാണ് സോനെറ്റിനും ലഭിക്കുന്നത്. വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.25 ഇഞ്ച് എല്‍സിഡി ഡ്രൈവര്‍ ഡിസ്പ്ലേ, വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജര്‍, സിംഗിള്‍-പേന്‍ സണ്‍റൂഫ്, വെന്റിലേറ്റഡ് സീറ്റുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, 360-ഡിഗ്രി ക്യാമറ സിസ്റ്റം, സ്മാര്‍ട്ട് എയര്‍ പ്യൂരിഫയര്‍, ഇന്‍-കാര്‍ കണക്റ്റീവ് ടെക് എന്നീ ഫീച്ചറുകള്‍ സോനെറ്റില്‍ സജ്ജീകരിച്ചിരിക്കുന്നു.
ബേസ് മോഡലില്‍ അടക്കം 6 എയര്‍ബാഗ്, 360-ഡിഗ്രി ക്യാമറ, ഫ്രണ്ട്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറേജ്, ESC, TPMS പോലുള്ള ഫീച്ചറുകളുമായി വരുന്ന മോഡല്‍ സേഫ്റ്റിയിലും ലോകോത്തര നിലവാരം പുലര്‍ത്തുന്നു. കഴിഞ്ഞ വര്‍ഷം ലഭിച്ച ഫെയ്‌സ്‌ലിഫ്റ്റിന്റെ ഭാഗമായി കമ്പനി സോനെറ്റിന് ലെവല്‍ 1 ADAS സ്യൂട്ട് സമ്മാനിച്ചിരുന്നു. മോഡേണ്‍ കണക്റ്റഡ് കാര്‍ ഫീച്ചറുകളും സബ് കോംപാക്ട് എസ്‌യുവിയില്‍ വലിയ പ്രാധാന്യത്തോടെയാണ് വിന്യസിച്ചിരിക്കുന്നത്.
ഇന്ത്യന്‍ നിരത്തുകളില്‍ കിയയുടെ മാത്രം ഏകദേശം 4.95 ലക്ഷത്തിലധികം കണക്റ്റഡ് കാറുകള്‍ ഉണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യയില്‍ ഇന്ത്യയിലെ മുന്‍നിരക്കാരായി മാറാന്‍ കിയയ്ക്ക് ഇതിലൂടെ സാധിച്ചു. ഈ ആധുനിക സജ്ജീകരണങ്ങളാണ് പുതിയ തലമുറയിലെ കാര്‍ പ്രേമികളെ സോനെറ്റിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങളില്‍ ഒന്ന്.
കിയക്ക് നിലവില്‍ ഇന്ത്യയിലെ 370 നഗരങ്ങളിലായി 819 ടച്ച് പോയിന്റുകളുണ്ട്. ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ഉറപ്പാക്കാനായി സെയില്‍സ് ആന്‍ഡ് സര്‍വീസ് ശൃംഖല വിപുലീകരിക്കാനും കമ്പനി പദ്ധതിയിടുന്നു. സെല്‍റ്റോസ്, കാരെന്‍സ്, കാര്‍ണിവല്‍ എന്നിവയടക്കം 9 വ്യത്യസ്ത മോഡലുകള്‍ കിയ ഇതിനോടകം ഇന്ത്യ വിപണിയിലെത്തിച്ചിട്ടുണ്ട്.


Click it and Unblock the Notifications








