400KM റേഞ്ചും കുറഞ്ഞ വിലയും! ടാറ്റയുടെയും എംജിയുടെയും ഉറക്കം കെടുത്താൻ പുതിയ കിയ EV ജൂലൈ 23-ന് എത്തും
വിലക്കയറ്റവും എഥനോള്‍ കലര്‍ത്തിയ ഇന്ധനങ്ങളുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആശങ്കകളും നിമിത്തം രാജ്യത്തെ ജനങ്ങള്‍ പതിയെ ഐസിഇ വാഹനങ്ങള്‍ വിട്ട് ബദല്‍ ഇന്ധനങ്ങളിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ മാസം ഇന്ത്യയില്‍ ഇലക്ട്രിക് ഫോര്‍ വീലര്‍ വിഭാഗത്തില്‍ ആദ്യമായി പ്രതിമാസ വില്‍പ്പന 30000 യൂണിറ്റ് കടന്നത് ഇതിന്റെ സൂചനയാണ്. വിപണി വളര്‍ന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തങ്ങളുടെ മോഡല്‍ നിര വിപുലീകരിക്കുന്ന തിരക്കിലാണ് വണ്ടിക്കമ്പനികള്‍. പ്രമുഖ ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ തങ്ങളുടെ ഇലക്ട്രിക് വാഹന ശ്രേണി വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഏറ്റവും പുതിയ കിയ സിറോസ് ഇവി (Kia Syros EV) വരും ദിവസങ്ങളില്‍ വിപണിയിലെത്തിക്കും.
ജൂലൈ 23-ന് ഈ പുത്തന്‍ കോംപാക്ട് ഇലക്ട്രിക് എസ്‌യുവി രാജ്യത്ത് ഔദ്യോഗികമായി അരങ്ങേറ്റം കുറിക്കുമെന്ന് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയില്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഇലക്ട്രിക് പാസഞ്ചര്‍ വാഹന വിപണിയുടെ ഒരു പങ്ക് ലക്ഷ്യമിടുന്ന കിയ തദ്ദേശീയമായി നിര്‍മിക്കുന്ന രണ്ടാമത്തെ ഇവിയാകും സിറോസ് ഇവി. കാരെന്‍സ് ക്ലാവിസ് ഇവിയാണ് കിയയുടെ അനന്തപൂര്‍ ഫാക്ടറിയില്‍ നിര്‍മിക്കുന്ന മറ്റൊരു ഇവി.

നിലവിലുള്ള സാധാരണ ഇലക്ട്രിക് ഹാച്ച്ബാക്കുകള്‍ക്കും വലിയ മിഡ്-സൈസ് ഇലക്ട്രിക് എസ്‌യുവികള്‍ക്കും ഇടയിലുള്ള വിടവ് നികത്താന്‍ ഈ പുതിയ സിറോസ് ഇവിക്ക് സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ സീറ്റിംഗ് ശേഷിയുമായി കുടുംബങ്ങളെ ലക്ഷ്യമടുന്ന കാരെന്‍സ് ക്ലാവിസ് ഇവിയില്‍ നിന്നും വ്യത്യസ്തമായി, ആദ്യമായി ഒരു ഇലക്ട്രിക് വാഹനം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന യുവാക്കളെയാണ് സിറോസ് ഇവിയിലൂടെ കിയ പ്രധാനമായും ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നത്.
കിയയുടെ ഗ്ലോബല്‍ മോഡലായ ഇവി2 (EV2)-ല്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ വാഹനത്തിന്റെ ലേഔട്ട്. ബോക്‌സി രൂപവും അപ്‌റൈറ്റ് റൂഫ്ലൈനും നിലനിര്‍ത്തിക്കൊണ്ട് തന്നെ മുന്നിലെ ക്ലോസ്ഡ് ഗ്രില്‍, പുനര്‍രൂപകല്‍പ്പന ചെയ്ത ബമ്പറുകള്‍, കൂടുതല്‍ എയറോഡൈനാമിക് ആയ അലോയ് വീലുകള്‍, പുതിയ ഇവി ബാഡ്ജിംഗ് എന്നിവ സിറോസ് ഇവിക്ക് അതിന്റെ ഐസിഇ പതിപ്പില്‍ നിന്ന് വേറിട്ട ഡിസൈന്‍ ഭംഗി നല്‍കുന്നുണ്ട്.
സാങ്കേതിക വശങ്ങള്‍ പരിശോധിച്ചാല്‍ സിറോസ് ഇവി രണ്ട് വ്യത്യസ്ത ബാറ്ററി പായ്ക്ക് ഓപ്ഷനുകളില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 42 kWh ശേഷിയുള്ള ഒരു ചെറിയ ബാറ്ററിയും, ദീര്‍ഘദൂര യാത്രകള്‍ക്കായി 49 kWh ശേഷിയുള്ള വലിയൊരു ബാറ്ററി പായ്ക്കും ഇതില്‍ ലഭ്യമാകും. ഫ്രണ്ട് ആക്‌സില്‍ മൗണ്ടഡ് ഇലക്ട്രിക് മോട്ടോറാകും ഈ വാഹനത്തിന് നല്‍കുക.
ഇതിലെ വലിയ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 400 കിലോമീറ്ററിലധികം ദൂരം സുഗമമായി ഓടാന്‍ സാധിക്കുമെന്നാണ് കമ്പനിയുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. മറ്റ് കിയ കാറുകളെ പോലെ ഫീച്ചര്‍ സമ്പന്നമായ ക്യാബിന്‍ ആയിരിക്കും സിറോസിനും ലഭിക്കുക്. ഡ്യുവല്‍ ഡിജിറ്റല്‍ ഡിസ്പ്ലേകള്‍, കണക്റ്റഡ് കാര്‍ ടെക്‌നോളജി, പനോരമിക് സണ്‍റൂഫ്, മുന്‍സീറ്റുകളില്‍ വെന്റിലേഷന്‍ സൗകര്യം, റീജനറേറ്റീവ് ബ്രേക്കിംഗ്, വിഹിക്കിള്‍ ടു ലോഡ് (V2L) തുടങ്ങിയ അത്യാധുനിക ഫീച്ചറുകള്‍ ഇതിലുണ്ടാകും.
സിറോസ് ഇവി ഇവി ഫാസ്റ്റ് ചാര്‍ജിംഗും എസി ഹോം ചാര്‍ജിംഗും ഒരേപോലെ സപ്പോര്‍ട്ട് ചെയ്യും. സുരക്ഷയുടെ കാര്യത്തിലും കിയ വിട്ടുവീഴ്ചകള്‍ വരുത്തില്ല. ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, 360-ഡിഗ്രി ക്യാമറ, പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവയ്ക്ക് പുറമെ വിപുലമായ ലെവല്‍ 2 ADAS ഫീച്ചറുകളും ഉയര്‍ന്ന വേരിയന്റുകളില്‍ ലഭ്യമാകും.
ടാറ്റ നെക്‌സോണ്‍ ഇവി, മഹീന്ദ്ര XUV 3XO ഇവി, എംജി വിന്‍ഡ്‌സര്‍ ഇവി എന്നീ മോഡലുകളുമായാകും ഇന്ത്യന്‍ വിപണിയില്‍ സിറോസ് ഇവിയുടെ മത്സരം. 15 ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെയാണ് ഇതിന് വിപണി വില പ്രതീക്ഷിക്കുന്നത്. കിയയുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ വന്ന ടീസറുകള്‍ നല്‍കുന്ന സൂചനകള്‍ അനുസരിച്ച് സിറോസ് ഇവിക്കൊപ്പം സോറെന്‍േറാ ഹൈബ്രിഡ് മോഡലും ഉടന്‍ വിപണിയിലെത്തും.


Click it and Unblock the Notifications