എത്ര ഓടിച്ചാലും തളരില്ല! ബൊലേറോ പിക്കപ്പും ക്യാമ്പറും വാങ്ങാന്‍ ഡ്രൈവര്‍മാര്‍ ഇനി മുതലാളിമാരെ നിര്‍ബന്ധിക്കും
ഇന്ത്യന്‍ വാണിജ്യ വാഹന വിപണിയിലെ ജനപ്രിയ മോഡലുകളായ ബൊലേറോ ക്യാമ്പര്‍ (Bolero Camper), ബൊലേറോ പിക്-അപ്പ് (Bolero Pik-Up) എന്നിവ ഡ്രൈവര്‍മാരുടെ സൗകര്യത്തിനും വാഹനത്തിന്റെ കാര്യക്ഷമതയ്ക്കും മുന്‍ഗണന നല്‍കി അപ്‌ഡേറ്റ് ചെയ്ത് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. 2026 മോഡല്‍ ഇയര്‍ പരിഷ്‌കരണത്തിന്റെ ഭാഗമായി ബ്രാന്‍ഡ് അപ്ഡേറ്റഡ് സ്‌റ്റൈലിംഗ്, മെച്ചപ്പെടുത്തിയ സവിശേഷതകള്‍, പുതിയ സാങ്കേതികവിദ്യകള്‍ എന്നിവ കൊണ്ടുവന്നു. എയര്‍ കണ്ടീഷനിംഗ് ഉള്‍പ്പെടെയുള്ള ആധുനിക സൗകര്യങ്ങള്‍ ഇനി ഈ വാഹനങ്ങളില്‍ ലഭ്യമാകും. പുതിയ ബൊലേറോ ക്യാമ്പര്‍, പിക്കപ്പ് എന്നീ മോഡലുകളുടെ വിലയും സവിശേഷതകളും അടക്കമുള്ള വിശേഷങ്ങള്‍ ചുവടെ വിശദമായി വായിക്കാം.
ബൊലേറോ ക്യാമ്പര്‍
ഐമാക്‌സ് (iMAXX) ടെലിമാറ്റിക്‌സ് സാങ്കേതികവിദ്യ ഉള്‍പ്പെടുത്തിയതാണ് ബൊലേറോ ക്യാമ്പറില്‍ വന്നിരിക്കുന്ന പ്രധാന അപ്‌ഡേറ്റുകളില്‍ ഒന്ന്. വാഹനത്തിന്റെ തത്സമയ വിവരങ്ങള്‍ അറിയാനും ഫ്‌ലീറ്റ് മാനേജ്മെന്റ് കൂടുതല്‍ കാര്യക്ഷമമാക്കാനും ഈ കണക്റ്റഡ് ടെക്‌നോളജി സഹായിക്കും. ഇതിനുപുറമെ, ബോഡി കളര്‍ മിററുകള്‍, പുതിയ ബോഡി ഗ്രാഫിക്‌സ്, ഡീക്കല്‍ എന്നിവ ബൊലേറോ ക്യാമ്പറിന് മോഡേണ്‍ ലുക്ക് നല്‍കുന്നുണ്ട്.

യാത്രക്കാരുടെ സുഖസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി ക്യാമ്പറിന്റെ അകത്ത് എയര്‍ കണ്ടീഷനിംഗ്, ഹീറ്റര്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ കാലാവസ്ഥയിലും യാത്രക്കാര്‍ക്ക് സുഖയാത്ര പ്രദാനം ചെയ്യുകയാണ് ഇതിന്റെ ഉദ്ദേശ്യം. ബ്ലൂടൂത്ത് കോളിംഗ് സൗകര്യത്തോടു കൂടിയ മ്യൂസിക് സിസ്റ്റവും പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഇപ്പോള്‍ ഹെഡ്‌റെസ്റ്റുകളും ലഭിക്കുന്നു. ബൊലേറോ ക്യാമ്പറിന്റെ ആകര്‍ഷണം വര്‍ധിപ്പിക്കുന്നതിനായി മഹീന്ദ്ര ചില സവിശേഷതകള്‍ സ്റ്റാന്‍ഡേര്‍ഡ് ആക്കിയിട്ടുണ്ട്.
ഹെഡ്‌റെസ്‌റ്റോട് കൂടിയ റിക്ലൈനര്‍ ഡ്രൈവര്‍ സീറ്റ്, വീതിയേറിയ കോ-ഡ്രൈവര്‍ സീറ്റ്, സെന്‍ട്രല്‍ ലോക്കിംഗ്, റിയര്‍ സീറ്റ്‌ബെല്‍റ്റ് എന്നിവ ബൊലേറോ ക്യാമ്പറിന്റെ എല്ലാ വേരിയന്റുകളിലും ഇപ്പോള്‍ സ്റ്റാന്‍ഡേര്‍ഡ് ആണ്. ഇതിലെ ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയില്‍ ക്യാബിന്‍ താപനില ക്രമീകരിക്കാന്‍ സഹായിക്കും.

മെക്കാനിക്കല്‍ വശങ്ങള്‍ നോക്കിയാല്‍, 2.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ് ബൊലേറോ ക്യാമ്പറിന് കരുത്തേകുന്നത്. 3200 ആര്‍പിഎമ്മില്‍ 80 hp പവറും 1400-2000 ആര്‍പിഎമ്മില്‍ 200 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുകളുമായി ഇണചേര്‍ത്തിരിക്കുന്നു.
2WD, 4WD ഓപ്ഷനുകളില്‍ പുതിയ ബൊലേറോ ക്യാമ്പര്‍ ലഭ്യമാണ്. ഇവ ദുര്‍ഘടമായ പാതകളിലും മികച്ച പ്രകടനം ഉറപ്പാക്കുന്നു. അപ്‌ഡേറ്റഡ് മഹീന്ദ്ര ബൊലേറോ ക്യാമ്പറിന്റെ വില 9.85 ലക്ഷം മുതല്‍ 10.49 ലക്ഷം രൂപ വരെ പോകുന്നു. വേരിയന്റ് തിരിച്ചുള്ള വില താഴെ കാണുന്ന പട്ടിക നോക്കി മനസിലാക്കാം.
| വേരിയന്റ് | എക്സ്-ഷോറൂം വില |
|---|---|
| Non-AC 2WD | Rs 9.85 ലക്ഷം |
| Non-AC 4WD | Rs 10.13 ലക്ഷം |
| Gold ZX | Rs 10.20 ലക്ഷം |
| Gold RX | Rs 10.25 ലക്ഷം |
| Gold RX 4WD | Rs 10.49 ലക്ഷം |
മഹീന്ദ്ര ബൊലേറോ പിക്-അപ്പ്
ബൊലേറോ പിക്-അപ്പിന്റെ ഫ്രണ്ട് ഡിസൈനിലും ചെറിയ പരിഷ്‌കാരങ്ങള്‍ വരുത്തിയ്തിനൊപ്പം ചില സുപ്രധാന മാറ്റങ്ങള്‍ കമ്പനി നടപ്പാക്കിയിട്ടുണ്ട്. ദീര്‍ഘദൂര യാത്രകളില്‍ ഡ്രൈവര്‍മാരുടെ ക്ഷീണം കുറയ്ക്കുന്നതിനും ഊര്‍ജസ്വലരായി നിലനിര്‍ത്തുന്നതിനായി ബൊലേറോ പിക്-അപ്പില്‍ എയര്‍ കണ്ടീഷനിംഗും ഹീറ്ററും ലഭ്യമാക്കി. ഏത് കാലാവസ്ഥയിലും സുഖകരമായ ഡ്രൈവിംഗ് അനുഭവം നല്‍കാന്‍ വേണ്ടിയാണ് ഈ നവീകരണം. പിക്-അപ്പിലെ സീറ്റുകളും കൂടുതല്‍ സൗകര്യപ്രദമായി മാറ്റിയിട്ടുണ്ട്.
ക്യാമ്പറിലെ പോലെ തന്നെ ഹെഡ്റെസ്റ്റോട് കൂടിയ റിക്ലൈനിംഗ് ഡ്രൈവര്‍ സീറ്റും വീതിയേറിയ കോ-ഡ്രൈവര്‍ സീറ്റും പിക്-അപ്പിലും നല്‍കിയിട്ടുണ്ട്. സുരക്ഷക്കായി റിയര്‍ സീറ്റ് ബെല്‍റ്റുകളും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്യാമ്പറിന് സമാനമായി 2.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ തന്നെയാണ് ബൊലേറോ പിക്-അപ്പിനും തുടിപ്പേകുന്നത്. 2WD, 4WD ഓപ്ഷനുകളില്‍ ഈ വാഹനം വാങ്ങാന്‍ സാധിക്കും.

ബെലേറോ പിക്-അപ്പിന്റെ ബേസ് വേരിയന്റിന് 9.19 ലക്ഷം രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. എസി, 4WD സജ്ജീകരണങ്ങളുമായി വരുന്ന ടോപ് സ്‌പെക് വേരിയന്റിന്റെ വില 9.99 ലക്ഷം രൂപയാണ്. ബെലേറോ പിക്കപ്പിന്റെ എല്ലാ വേരിയന്റുകളുടെയും എക്‌സ്‌ഷോറൂം വില ചുവടെ കാണുന്ന പട്ടികയില്‍ നല്‍കിയിട്ടുണ്ട്.
| വേരിയന്റ് | എക്സ്-ഷോറൂം വില |
|---|---|
| Pik-Up MS CBC | Rs 9.19 ലക്ഷം |
| Pik-Up MS FB | Rs 9.70 ലക്ഷം |
| Pik-Up PS FB | Rs 9.75 ലക്ഷം |
| Pik-Up PS FB AC | Rs 9.99 ലക്ഷം |
| Pik-Up 4WD CBC | Rs 9.50 ലക്ഷം |
| Pik-Up 4WD | Rs 9.73 ലക്ഷം |
| Pik-Up 4WD AC | Rs 9.99 ലക്ഷം |
വാണിജ്യ വാഹനങ്ങളില്‍ സാധാരണയായി കണ്ടുവരാത്ത സുഖ സൗകര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കുക വഴി ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മൂല്യം നല്‍കാനാണ് മഹീന്ദ്ര ലക്ഷ്യമിടുന്നത്. വിശ്വാസ്യതയുള്ള എഞ്ചിനൊപ്പം മോഡേണ്‍ ഫീച്ചറുകള്‍ കൂടി ചേരുന്നതോടെ പിക്-അപ്പ് വിപണിയില്‍ മഹീന്ദ്രയുടെ സ്വാധീനം കൂടുതല്‍ ശക്തമാകും. സ്മാര്‍ട്ട്, കംഫര്‍ട്ട് ഫീച്ചറുകള്‍ സജ്ജീകരിച്ചെത്തുന്ന പുതിയ പതിപ്പുകള്‍ ചെറുകിട ബിസിനസുകാര്‍ക്കും ട്രാന്‍സ്‌പോര്‍ട്ട് മേഖലയില്‍ ഉള്ളവര്‍ക്കും വലിയ സഹായകമാകും.


Click it and Unblock the Notifications








