ടാറ്റക്ക് 'അപായ സൂചന'; 10 മാസത്തിനുള്ളിൽ 41,000 ഇലക്ട്രിക് എസ്‌യുവി വിറ്റഴിച്ച് മഹീന്ദ്ര
ഇന്ത്യന്‍ എസ്‌യുവി വിപണിയിലെ നേതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഇലക്ട്രിക് വാഹന വിഭാഗത്തിലും വമ്പന്‍ മുന്നേറ്റം നടത്തി എതിരാളികള്‍ക്ക് അപായ സൂചന നല്‍കിയിരിക്കുകയാണ്. 2025 മാര്‍ച്ചില്‍ ഡെലിവറി തുടങ്ങിയ ശേഷം കഴിഞ്ഞ പത്തു മാസത്തിനിടെ തങ്ങള്‍ 41,000 ഇലക്ട്രിക് എസ്‌യുവികള്‍ വിറ്റഴിച്ചതായി കമ്പനി നിക്ഷേപക സംഗമത്തില്‍ അറിയിച്ചു. ഇന്ത്യക്കാര്‍ക്ക് ഇലക്ട്രിക് വാഹനങ്ങളോട് താല്‍പ്പര്യം വര്‍ധിക്കുന്നതിന്റെ സൂചനയായാണ് ആഭ്യന്തര വാഹന നിര്‍മാതാക്കളുടെ ഈ നേട്ടമെന്ന് വിപണി നിരീക്ഷകര്‍ വിലയിരുത്തുന്നു. BE 6, XEV 9e, XEV 9S എന്നീ മോഡലുകളാണ് ഈ വിഭാഗത്തില്‍ മികച്ച വില്‍പ്പന നേടിയെടുക്കാന്‍ മഹീന്ദ്രയെ സഹായിച്ചത്.
ഇവി സെഗ്‌മെന്റിലെ മറ്റ് പ്രമുഖരായ ടാറ്റ മോട്ടോര്‍സ്, എംജി മോട്ടോര്‍സ് എന്നിവരുമായുള്ള മത്സരത്തില്‍ ഇത് മഹീന്ദ്രയെ മത്സരക്ഷമതയോടെ നിലനില്‍ക്കാന്‍ ഇവയുടെ പ്രകടനം നിര്‍ണായകമായി. ഇതിനോടകം തന്നെ മഹീന്ദ്രയുടെ പുത്തന്‍ ഇലക്ട്രിക് നിരയിലെ മോഡലുകള്‍ വാങ്ങിയ ഉപഭോക്താക്കള്‍ മൊത്തം 32 കോടിയിലധികം കിലോമീറ്ററുകള്‍ സഞ്ചരിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

മഹീന്ദ്രയുടെ ബോണ്‍ ഇലക്ട്രിക് വാഹന നിരയിലെ ആദ്യ മോഡലായ BE 6 മികച്ച വില്‍പ്പനയാണ് നേടിയെടുക്കുന്നത്. ആകര്‍ഷകമായ വിലയും ആധുനിക സവിശേഷതകളുമാണ് ഇതിന്റെ പ്രത്യേകത. 59 kWh, 79 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകള്‍ ലഭ്യമാകുന്ന ഇലക്ട്രിക് എസ്‌യുവിയുടെ ബേസ് വേരിയന്റിന്റെ വില 18.90 ലക്ഷം രൂപയാണ്. ടോപ് സ്‌പെക് വേരിയന്റിന് 27.65 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയായി മുടക്കണം.
സാങ്കേതിക മികവില്‍ മുന്നിട്ടുനില്‍ക്കുന്ന BE 6 ഫുള്‍ചാര്‍ജില്‍ പരമാവധി 557 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. ഫോര്‍മുല ഇ പ്രമേയമാക്കിയുള്ള BE 06 FE എഡിഷനും മഹീന്ദ്ര പുറത്തിറക്കിയിട്ടുണ്ട്. 23.69 ലക്ഷം രൂപയാണ് ഈ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പിന്റെ വില. ഇത് സ്‌പോര്‍ട്ടി ലുക്ക് ആഗ്രഹിക്കുന്ന ഇലക്ട്രിക് വാഹന പ്രേമികളെ ലക്ഷ്യമിട്ടുള്ളതാണ് ഈ മോഡല്‍.
BE 6 ഇലക്ട്രിക് എസ്‌യുവിക്കൊപ്പം പെര്‍ഫോമന്‍സ് ഓറിയന്റഡ് ഇവി തേടുന്നവരെ ആകര്‍ഷിക്കാനായി വിപണിയിലെത്തിച്ച മോഡലാണ് XEV 9e. ഫ്യൂചറിസ്റ്റിക് ഡിസൈനും മോഡേണ്‍ ക്യാബിനും ലഭിക്കുന്ന ഈ ഇലകട്രിക് എസ്‌യുവിയുടെ വില 21.90 ലക്ഷം മുതല്‍ 31.25 ലക്ഷം രൂപ വരെ പോകുന്നു. ഫുള്‍ ചാര്‍ജില്‍ 500+ കിലോമീറ്ററാണ് മഹീന്ദ്ര ഇവിയുടെ ക്ലെയിംഡ് റേഞ്ച്.
മികച്ച ഡ്രൈവിംഗ് അനുഭവവും കരുത്തുറ്റ ബാറ്ററി പായ്ക്കും ലഭിക്കുന്ന ഈ മോഡല്‍ നിലവില്‍ പ്രീമിയം ഇവി വിഭാഗത്തിലെ ശ്രദ്ധേയ സാന്നിധ്യമാണ്.മഹീന്ദ്ര അവരുടെ സ്വന്തം INGLO പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ച പുതിയ 7 സീറ്റര്‍ എസ്‌യുവിയാണ് XEV 9s. കമ്പനിയുടെ മുന്‍നിര ഇലക്ട്രിക് എസ്‌യുവിയായ XUV700-യുടെ ഇലക്ട്രിക് പതിപ്പായ XEV 9S വലിയ കുടുംബങ്ങള്‍ക്ക് അകത്തളത്തില്‍ മികച്ച ഇടം വാഗ്ദാനം ചെയ്യുന്നു.

59 kWh, 70 kWh, 79 kWh എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ബാറ്ററി പായ്ക്കുകളില്‍ ലഭ്യമാകുന്ന ഈ മോഡലിന്റെ വില 19.95 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്.XEV 9s എസ്‌യുവിയില്‍ ട്രിപ്പിള്‍ സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 16 സ്പീക്കറുകളുള്ള ഹര്‍മന്‍ കാര്‍ഡണ്‍ ഓഡിയോ സിസ്റ്റം എന്നിവയുണ്ട്. പനോരമിക് മൂണ്‍റൂഫ്, വെന്റിലേറ്റഡ് സീറ്റുകള്‍, ബോസ് മോഡ്, കണക്റ്റഡ് കാര്‍ ടെക്‌നോളജി തുടങ്ങിയ ആധുനിക സൗകര്യങ്ങൾ
ക്രമീകരിച്ചിട്ടുണ്ട്.
ഇലക്ട്രിക് എസ്‌യുവികള്‍ക്കുള്ള ഡിമാന്‍ഡ് ഉയർന്നത് കാരണം മഹീന്ദ്ര ചക്കന്‍ പ്ലാന്റില്‍ ഉത്പാദനം വര്‍ദ്ധിപ്പിച്ചു. 2026 മാര്‍ച്ചോടെ ഇലക്ട്രിക് എസ്‌യുവികളുടെ പ്രതിമാസ ഉല്‍പ്പാദന ശേഷി 4,000-5,000 യൂണിറ്റില്‍ നിന്ന് 8,000 യൂണിറ്റാകും. ചക്കന്‍ പ്ലാന്റിന്റെ പരമാവധി പ്രതിമാസ ഉല്‍പ്പാദന ശേഷി 10,000 യൂണിറ്റാണ്.

ചക്കനിലെ ഇവി നിര്‍മാണ പ്ലാന്റിന്റെ വാര്‍ഷിക ഉത്പാദന ശേഷി 90,000 യൂണിറ്റാണ്. INGLO പ്ലാറ്റ്ഫോമില്‍ വരുന്ന BE6, XEV 9E, E8, Rall-E മോഡലുകളാണ് ഇവിടെ നിര്‍മിക്കുന്നത്. 2027 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ ഉത്പാദന ശേഷി 18,000 യൂണിറ്റായി ഉയര്‍ത്താനും കമ്പനി പദ്ധതിയിടുന്നു.


Click it and Unblock the Notifications








