പണമിറക്കി പണം വാരാന്‍ മഹീന്ദ്ര! നാഗ്പൂരിൽ 15,000 കോടിയുടെ പ്ലാന്റ്, ലക്ഷ്യം പ്രതിവർഷം 5 ലക്ഷം വാഹനങ്ങൾ
ഇന്ത്യന്‍ വാഹന വിപണിയിലെ മുന്‍നിരക്കാരായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (Mahindra and Mahindra) തങ്ങളുടെ ഉത്പാദന ശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി മഹാരാഷ്ട്രയില്‍ വന്‍ നിക്ഷേപം പ്രഖ്യാപിച്ചു. നാഗ്പൂരില്‍ സംയോജിത ഓട്ടോമൊബൈല്‍, ട്രാക്ടര്‍ നിര്‍മ്മാണ ശാല സ്ഥാപിക്കുന്നതിനായി 15,000 കോടി രൂപയാണ് കമ്പനി നിക്ഷേപിക്കുന്നത്. മഹീന്ദ്രയുടെ ഇന്ത്യയിലെ ഏറ്റവും വലിയ നിര്‍മാണ കേന്ദ്രമായി മാറുന്ന ഈ പ്ലാന്റില്‍ 2028-ല്‍ ഉത്പാദനം ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. മഹാരാഷ്ട്രയിലെ വിദര്‍ഭ മേഖലയില്‍ ഏകദേശം 1,500 ഏക്കറിലായിട്ടാണ് ഈ ബൃഹദ് പദ്ധതി വികസിപ്പിക്കുന്നത്.
ഇതിന് പുറമെ, വാഹന ഘടകങ്ങളുടെ വിതരണവും ചരക്കുനീക്കവും സുഗമമാക്കുന്നതിനായി കമ്പനി ഛത്രപതി സംഭാജിനഗറില്‍ (ഔറംഗാബാദ്) 150 ഏക്കറില്‍ ഒരു പ്രത്യേക സപ്ലയര്‍ പാര്‍ക്കും സ്ഥാപിക്കും. ഉത്പാദന രംഗത്തെ മഹീന്ദ്രയുടെ ദീര്‍ഘകാല വളര്‍ച്ച ലക്ഷ്യമിട്ടുള്ള വിപുലീകരണ പദ്ധതിയുടെ ഭാഗമാണിത്. ഈ നീക്കം പ്രാദേശികമായ വ്യവസായത്തിന് കരുത്ത് പകരും.

പൂര്‍ണ സജ്ജമായാല്‍ നാഗ്പൂരിലെ ഈ പ്ലാന്റിന് പ്രതിവര്‍ഷം 5 ലക്ഷത്തിലധികം പാസഞ്ചര്‍ വാഹനങ്ങളും 1 ലക്ഷം ട്രാക്ടറുകളും നിര്‍മിക്കാനുള്ള ശേഷിയുണ്ടാകും. ഇത്രയും ഉയര്‍ന്ന വാര്‍ഷിക ഉത്പാദന ശേഷിയുള്ള ഒരു കേന്ദ്രം പടുത്തുയര്‍ത്തുന്നത് മഹീന്ദ്രയ്ക്ക് വലിയ നേട്ടമായിരിക്കും. ആഭ്യന്തര വിപണിയിലേക്കും വിദേശ വിപണിയിലേക്കുള്ള കയറ്റുമതിക്കും ഈ പ്ലാന്റ് വലിയ പിന്തുണ നല്‍കും. ഇതോടെ ആഗോളതലത്തില്‍ കമ്പനിയുടെ വിപണി സാന്നിധ്യം കൂടുതല്‍ ശക്തമാകും.
മഹീന്ദ്രയുടെ വരാനിരിക്കുന്ന അത്യാധുനിക പ്ലാറ്റ്‌ഫോമായ 'NU_IQ' ആര്‍ക്കിടെക്ചറില്‍ അധിഷ്ഠിതമായ വാഹനങ്ങളായിരിക്കും ഇവിടെ പ്രധാനമായും നിര്‍മിക്കുക. പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ക്ക് പുറമെ ഇലക്ട്രിക് വാഹനങ്ങളും ഭാവിയിലെ മറ്റ് നൂതന സാങ്കേതിക വിദ്യയിലുള്ള വാഹനങ്ങളും ഇവിടെ ഉത്പാദിപ്പിക്കാന്‍ സാധിക്കും. അത്യാധുനിക ഓട്ടോമേഷന്‍ സംവിധാനങ്ങളും ഡിജിറ്റല്‍ പ്രൊഡക്ഷന്‍ രീതികളും ഈ പ്ലാന്റില്‍ കമ്പനി ഒരുക്കുന്നുണ്ട്.

സാങ്കേതികമായി ഏറെ മുന്നില്‍ നില്‍ക്കുന്ന വാഹന നിര്‍മാണശാലയായിരിക്കും ഇതെന്ന് കമ്പനി ഉറപ്പുനല്‍കുന്നു. പാസഞ്ചര്‍ വാഹനങ്ങള്‍ക്കൊപ്പം തന്നെ ട്രാക്ടര്‍ നിര്‍മ്മാണ യൂണിറ്റും ഇതേ കേന്ദ്രത്തില്‍ തന്നെ പ്രവര്‍ത്തനം ആരംഭിക്കും. കാര്‍ഷിക ഉപകരണങ്ങള്‍ക്ക് വര്‍ധിച്ച് വരുന്ന ഡിമാന്‍ഡ് നിറവേറ്റാന്‍ ഉത്പാദനം വിപുലീകരിക്കുന്നതിലൂടെ സാധിക്കും. ആഗോള വിപണിയിലേക്ക് ആവശ്യമായ ട്രാക്ടറുകളുടെ പ്രധാന നിര്‍മ്മാണ കേന്ദ്രമായും പുതിയ പ്ലാന്റ് മാറുമെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചു. കാര്‍ഷിക മേഖലക്ക് ആവശ്യമായ നൂതന ഉപകരണങ്ങള്‍ ഇവിടെ നിന്ന് വിപണിയിലെത്തും.
കമ്പനിയുടെ പ്രയാണത്തിലെ ധീരമായ ചുവടുവെപ്പാണിതെന്ന് മഹീന്ദ്ര ഓട്ടോ ആന്‍ഡ് ഫാം സെക്ടര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാജേഷ് ജെജുരിക്കര്‍ പറഞ്ഞു. ഉത്പാദന ശേഷി വര്‍ധിപ്പിക്കുന്നതിനൊപ്പം അടുത്ത തലമുറ വാഹനങ്ങളെ പിന്തുണയ്ക്കുന്ന നൂതന സാങ്കേതിക വിദ്യയും ഈ പ്ലാന്റില്‍ സമന്വയിപ്പിക്കുമെന്നും 'മെയിക്ക് ഇന്‍ ഇന്ത്യ' ലക്ഷ്യത്തോടെ ലോകോത്തര ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനാണ് കമ്പനി മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗതാഗത സൗകര്യങ്ങള്‍ പരിഗണിച്ചാണ് നാഗ്പൂരിലെ വിദര്‍ഭ പ്രദേശം പ്ലാന്റ് സ്ഥാപിക്കുന്നതിനായി തിരഞ്ഞെടുത്തത്. സമൃദ്ധി എക്സ്പ്രസ് വേ വഴിയുള്ള റോഡ് കണക്റ്റിവിറ്റിയും വിപുലമായ റെയില്‍ നെറ്റ്‌വര്‍ക്കും ചരക്ക് നീക്കം എളുപ്പമാക്കാന്‍ സഹായിക്കും. സംഭാജിനഗറിലെ സപ്ലയര്‍ പാര്‍ക്ക് നാഗ്പൂരിലെ പുതിയ പ്ലാന്റിന് പുറമെ നിലവില്‍ ചക്കാന്‍, നാസിക് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്ലാന്റുകളിലേക്കും ആവശ്യമായ ഓട്ടോമോട്ടീവ് ഘടകങ്ങള്‍ എത്തിക്കും. ഇത് മഹീന്ദ്രയുടെ വിതരണ ശൃംഖലയെ കൂടുതല്‍ കാര്യക്ഷമമാക്കാനും ഉത്പാദന ചിലവ് കുറയ്ക്കാനും സഹായിക്കും.
നിക്ഷേപത്തിന്റെ ഭാഗമായി എഞ്ചിന്‍ ഉത്പാദന ശേഷി വര്‍ദ്ധിപ്പിക്കാനും അത്യാധുനിക സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കാനുമായി ഇഗത്പുരി-നാസിക് മേഖലയില്‍ അധിക ഭൂമി ഏറ്റെടുക്കാനും മഹീന്ദ്രയ്ക്ക് പദ്ധതിയുണ്ട്. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഘട്ടം ഘട്ടമായാണ് 15,000 കോടി രൂപ നിക്ഷേപിക്കുക. ഇതിനായി മഹാരാഷ്ട്രയിലെ മൂന്ന് സ്ഥലങ്ങളിലായി 2,000 ഏക്കറിലധികം ഭൂമി കമ്പനി ഏറ്റെടുക്കും. മഹീന്ദ്രയുടെ ഭാവി പദ്ധതികള്‍ക്കായുള്ള വലിയ തയാറെടുപ്പുകളാണ് ഇതെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.


Click it and Unblock the Notifications








