ലോകം ഞെട്ടി, 1 കൊല്ലത്തെ വില്‍പ്പന ഒറ്റ ഓര്‍ഡര്‍ കൊണ്ട് പിടിച്ച് മഹീന്ദ്ര! 35000 പിക്ക്-അപ്പ് ഇന്തോനേഷ്യക്ക്
ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയ്ക്ക് അന്താരാഷ്ട്ര വിപണിയില്‍ നിന്ന് ചരിത്രത്തിലെ ഏറ്റവും വലിയ കയറ്റുമതി ഓര്‍ഡര്‍ ലഭിച്ചു. ഇന്തോനേഷ്യന്‍ സര്‍ക്കാറിന് കീഴിലുള്ള 'അഗ്രിനാസ് പാംഗന്‍ നുസാന്ത്ര' (Agrinas Pangan Nusantara) എന്ന സ്ഥാപനമാണ് 35,000 മഹീന്ദ്ര സ്‌കോര്‍പിയോ പിക്ക്-അപ്പ് ട്രക്കുകള്‍ക്കായി ഓര്‍ഡര്‍ നല്‍കിയത്. മഹീന്ദ്രയുടെ ചരിത്രത്തിലെ തന്നെ ഒറ്റത്തവണയായി ലഭിക്കുന്ന ഏറ്റവും ഓര്‍ഡറാണ് ഇത്. ഇന്തോനേഷ്യയിലെ സഹകരണ സംഘങ്ങളുടെ വികസനത്തിനായി നടപ്പിലാക്കുന്ന KDKMP (Koperasi Desa/Kelurahan Merah Putih) പദ്ധതിയുടെ ഭാഗമായാണ് ഈ വമ്പന്‍ ഓര്‍ഡര്‍.
ഗ്രാമീണ മേഖലയിലെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ തടസമില്ലാതെ വിപണിയിലെത്തിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിനായി കരുത്തുറ്റതും വിശ്വസനീയവുമായ വാഹനങ്ങള്‍ എന്ന നിലയിലാണ് മഹീന്ദ്ര സ്‌കോര്‍പിയോ പിക്ക്-അപ്പിനെ (Mahindra Scorpio Pik Up Truck) ഇന്തോനേഷ്യ തിരഞ്ഞെടുത്തത്.ഓര്‍ഡര്‍ ചെയ്ത 35,000 വാഹനങ്ങളും ഈ വര്‍ഷം തന്നെ (2026) ഇന്തോനേഷ്യയിലെത്തിക്കുമെന്ന് മഹീന്ദ്ര വ്യക്തമാക്കി.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ (2024-2025) മൊത്തം കയറ്റുമതി കണക്കിനേക്കാള്‍ കൂടുതലാണ് ഈ ഒരൊറ്റ ഓര്‍ഡറിലൂടെ മഹീന്ദ്ര കമ്പനിക്ക് ലഭിച്ചതെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഇത് മഹീന്ദ്രയ്ക്ക് മാത്രമല്ല ഇന്ത്യന്‍ വാഹന വ്യവസായത്തിന് മൊത്തം അഭിമാനിക്കാവുന്ന ഒരു നേട്ടമാണ്. മഹീന്ദ്രയുടെ മഹാരാഷ്ട്രയിലെ നാസിക് ഫാക്ടറിയിലാണ് ഈ സ്‌കോര്‍പിയോ പിക്ക്-അപ്പ് ട്രക്കുകള്‍ നിര്‍മ്മിക്കുന്നത്.
വിദേശ വിപണികളിലെ ദുഷ്‌കരമായ റോഡ് സാഹചര്യങ്ങളെയും കാലാവസ്ഥയെയും അതിജീവിക്കാന്‍ ശേഷിയുള്ള രീതിയിലാണ് ഇവ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള നിര്‍മാണ രീതിയും കുറഞ്ഞ പരിപാലന ചിലവുമാണ് വിദേശ രാജ്യങ്ങളിലുള്ള ഉപഭോക്താക്കളെ മഹീന്ദ്ര വാഹനങ്ങളിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങള്‍. ഇന്ത്യയില്‍ പിക്ക്-അപ്പ് ട്രക്കുകള്‍ക്ക് വ്യക്തിഗത ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ട്രെന്‍ഡ് നിലവിലില്ല.

എന്നാല്‍ ചില വിദേശ വിപണികളില്‍ ലൈഫ്‌സ്‌റ്റൈല്‍ പിക്ക്-അപ്പ് ട്രക്കുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. സ്‌കോര്‍പിയോ പിക്ക്-അപ്പിന് നിലവില്‍ ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ വലിയ വിപണിയുണ്ട്. ഈ രാജ്യങ്ങളിലെ കാര്‍ഷിക, വാണിജ്യ മേഖലകളില്‍ മഹീന്ദ്ര വാഹനങ്ങള്‍ ഇതിനോടകം തന്നെ തങ്ങളുടെ കരുത്ത് തെളിയിച്ചു കഴിഞ്ഞതാണ്.
സാങ്കേതികമായി നോക്കിയാല്‍, സ്‌കോര്‍പിയോ പിക്ക്-അപ്പില്‍ മഹീന്ദ്രയുടെ വിശ്വസ്തമായ എംഹോക്ക് (mHawk) ഡീസല്‍ എഞ്ചിനാണ് ഉപയോഗിക്കുന്നത്. ഇത് വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യങ്ങളിലും ഭാരമേറിയ ചരക്കുകള്‍ വഹിച്ചുകൊണ്ട് സുഗമമായി സഞ്ചരിക്കാന്‍ വാഹനത്തെ സഹായിക്കുന്നു. ഫോര്‍ വീല്‍ ഡ്രൈവ് (4WD) സൗകര്യമുള്ള വേരിയന്റുകളും ഈ കയറ്റുമതി ഓര്‍ഡറിന്റെ ഭാഗമായുണ്ടെന്നാണ് സൂചനകള്‍. ഇന്തോനേഷ്യയിലെ കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്ക് ഈ വാഹനങ്ങള്‍ ലഭിക്കുന്നതോടെ അവിടുത്തെ ഗ്രാമീണ സമ്പദ്വ്യവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഗുണനിലവാരത്തിലും ഈടിലും മഹീന്ദ്ര വാഹനങ്ങള്‍ പുലര്‍ത്തുന്ന വിശ്വസ്തതയാണ് ഇത്രയും വലിയൊരു കരാറിലേക്ക് വഴിതെളിച്ചത്. ഡൈഹാത്സു, മിത്സുബിഷി, ഇസുസു, ടൊയോട്ട എന്നിവയടക്കമുള്ള പ്രമുഖ ബ്രാന്‍ഡുകള്‍ നിലവില്‍ ഇന്തോനേഷ്യന്‍ വിപണിയില്‍ പിക്ക്-അപ്പുകള്‍ വില്‍ക്കുന്നുണ്ട്. ഈ കമ്പനികളെയെല്ലാം പിന്തള്ളിയാണ് മഹീന്ദ്ര ഇത്രയും വലിയ സര്‍ക്കാര്‍ ഓര്‍ഡര്‍ പിടിച്ചതെന്ന വസ്തുത നേട്ടത്തിന്റെ മാറ്റ് കൂട്ടുന്നു.
ആഗോള വിപണിയില്‍ മെയിഡ് ഇന്‍ ഇന്ത്യ വാഹനങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ദ്ധിച്ച് വരുന്നുവെന്നതിന്റെ തെളിവ് കൂടിയാണ് ഇത്. ഈ വമ്പന്‍ ഓര്‍ഡര്‍ പൂര്‍ത്തിയാക്കുന്നതോടെ മഹീന്ദ്രയുടെ അന്താരാഷ്ട്ര വിപണി വിഹിതത്തില്‍ വലിയ കുതിച്ചുചാട്ടം ഉണ്ടാകും. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് സാന്നിധ്യമറിയിക്കാനുള്ള മഹീന്ദ്രയുടെ പദ്ധതികള്‍ക്ക് ഈ നേട്ടം ഊര്‍ജ്ജം പകരും. ഈ ചരിത്രപരമായ ഇടപാടിലൂടെ ഇന്ത്യന്‍ എഞ്ചിനീയറിംഗിന്റെ മികവ് ലോകത്തിന് മുന്നില്‍ ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണ്


Click it and Unblock the Notifications








