രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന EV നെക്‌സോണോ വിൻഡ്‌സറോ അല്ല! പുതിയ രാജാവ് മഹീന്ദ്രയിൽ നിന്ന്
കഴിഞ്ഞ കുറച്ച് മാസങ്ങളായി എംജി വിന്‍ഡ്സര്‍ ഇവി, ടാറ്റ നെക്സോണ്‍ ഇവി എന്നീ മോഡലുകളായിരുന്നു ഇന്ത്യയിലെ പാസഞ്ചര്‍ ഇലക്ട്രിക് കാര്‍ വിഭാഗം ഭരിച്ചിരുന്നത്. എന്നാല്‍ 2026 ഫെബ്രുവരിയിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ രാജ്യത്തെ ഇലക്ട്രിക് കാറുകള്‍ക്കിടയിലേക്ക് പുതിയ നായകന്‍ രംഗപ്രവേശം ചെയ്തിരിക്കുകയാണ്. മഹീന്ദ്രയുടെ പുത്തന്‍ ഇലക്ട്രിക് എസ്‌യുവിയായ XEV 9S (Mahindra XEV 9S ) ആണ് അപ്രതീക്ഷിത മുന്നേറ്റവുമായി പോയ മാസം രാജ്യത്തെ ബെസ്റ്റ് സെല്ലര്‍ ഇലക്ട്രിക് കാര്‍ ആയി മാറിയത്. ഓട്ടോ പണ്ഡിറ്റ്സ് (Autopunditz) പുറത്തുവിട്ട 2026 ഫെബ്രുവരി മാസത്തെ ഇലക്ട്രിക് കാര്‍ വില്‍പ്പന റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.
കഴിഞ്ഞ മാസം മാത്രം 3,539 യൂണിറ്റ് XEV 9S ഇലക്ട്രിക് എസ്‌യുവികളാണ് മഹീന്ദ്ര വിറ്റഴിച്ചത്. 2025 നവംബറില്‍ അവതരിപ്പിച്ച ഈ മോഡലിന്റെ ഡെലിവറി സജീവമായത് 2026 ജനുവരി അവസാനത്തോടെയാണ്. ജനുവരിയില്‍ വെറും 612 യൂണിറ്റുകള്‍ മാത്രം വിറ്റിരുന്ന സ്ഥാനത്ത് നിന്നാണ് മഹീന്ദ്ര ഇവി ഫെബ്രുവരിയില്‍ 2,927 യൂണിറ്റുകളുടെ വര്‍ദ്ധനവുമായി ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്.

മഹീന്ദ്രയുടെ ആദ്യത്തെ മൂന്ന് വരി ഇലക്ട്രിക് എസ്‌യുവി (7-സീറ്റര്‍) എന്ന പ്രത്യേകതയും XEV 9S ഇവിക്കുണ്ട്. മഹീന്ദ്ര XEV 9S-ന്റെ സ്മാര്‍ട്ട് പാക്കേജിംഗും പ്രായോഗിക ഡിസൈനുമാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങളായി വിപണി വിദഗ്ധര്‍ വിലയിരുത്തുന്നത്. 19.95 ലക്ഷം രൂപ മുതലാണ് ഇന്ത്യന്‍ വിപണിയില്‍ മഹീന്ദ്ര XEV 9S-ന്റെ എക്സ്-ഷോറൂം വില ആരംഭിക്കുന്നത്.
വലിയ കുടുംബങ്ങള്‍ക്ക് അനുയോജ്യമായ സീറ്റിംഗ് ക്രമീകരണവും അത്യാധുനിക ഫീച്ചറുകളും കുറഞ്ഞ വിലയില്‍ ലഭ്യമാക്കിയതോടെയാണ് ഇലക്ട്രിക് എസ്‌യുവി ഇന്ത്യക്കാര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചത്. മികച്ച റേഞ്ചും ഫാസ്റ്റ് ചാര്‍ജിംഗ് സൗകര്യവുമാണ് ഈ എസ്‌യുവിയുടെ മറ്റ് പ്രത്യേകതകള്‍. ഒരേസമയം ആഡംബരവും കരുത്തും ഒത്തുചേരുന്ന ഈ ഇലക്ട്രിക് എസ്‌യുവി യുവാക്കളെയും കുടുംബങ്ങളെയും ഒരുപോലെ ആകര്‍ഷിക്കുന്നു.

മാസങ്ങേളാളം വില്‍പ്പന ചാര്‍ട്ടുകളില്‍ ഒന്നാം സ്ഥാനം അലങ്കരിച്ച വിന്‍ഡ്സര്‍ ഇവിയാണ് (MG Windsor EV) 2,599 യൂണിറ്റ് വില്‍പ്പനയുമായി രണ്ടാം സ്ഥാനത്ത്. അതേസമയം, ടാറ്റയുടെ ജനപ്രിയ മോഡലായ നെക്സോണ്‍ ഇവി (Tata Nexon EV) മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2,410 യൂണിറ്റായിരുന്നു പോയമാസം നെക്സോണ്‍ ഇവിയുടെ വില്‍പ്പന. മഹീന്ദ്രയുടെ തന്നെ XEV 9e ആണ് പട്ടികയില്‍ നാലാം സ്ഥാനത്തുള്ളത്.
ഫെബ്രുവരിയില്‍ ഈ മോഡലിന്റെ 1,889 യൂണിറ്റുകള്‍ വിറ്റഴിക്കപ്പെട്ടു. ടാറ്റ ഹാരിയര്‍ ഇവിയാണ് അഞ്ചാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ വിപണിയിലെത്തിയ ഹാരിയര്‍ ഇവിക്ക് 1,738 പുതിയ ഉപഭോക്താക്കളെ ലഭിച്ചു. ടാറ്റയുടെ തന്നെ കര്‍വ് ഇവി 1,250 യൂണിറ്റുകളുമായി ആറാം സ്ഥാനത്തെത്തി. ടോപ് 10 ഇവികളുടെ പട്ടികയില്‍ ടാറ്റയുടെ അഞ്ച് മോഡലുകള്‍ ഇടംപിടിച്ചിട്ടുണ്ട്.

ടാറ്റ ടിയാഗോ ഇവി 1,226 യൂണിറ്റുകളുമായി ഏഴാം സ്ഥാനത്തും, പഞ്ച് ഇവി 1,061 യൂണിറ്റുകളുമായി ഒമ്പതാം സ്ഥാനത്തുമുണ്ട്. 1,104 യൂണിറ്റ് വില്‍പ്പനയുമായി മഹീന്ദ്ര BE 6 ആണ് എട്ടാം റാങ്കില്‍. വിപണിയിലെത്തിയ ആദ്യമാസം 870 യൂണിറ്റ് വില്‍പ്പനയുമായി മാരുതി സുസുക്കിയുടെ കന്നി ഇവിയായ ഇവിറ്റാര പത്താം സ്ഥാനത്ത് നിലയുറപ്പിച്ചു.
| റാങ്ക് | മോഡൽ | വില്‍പ്പന (യൂണിറ്റുകൾ) |
|---|---|---|
| 1 | മഹീന്ദ്ര XEV 9S | 3,539 |
| 2 | എംജി വിൻഡ്‌സർ ഇവി | 2,599 |
| 3 | ടാറ്റ നെക്സോൺ ഇവി | 2,410 |
| 4 | മഹീന്ദ്ര XEV 9e | 1,889 |
| 5 | ടാറ്റ ഹാരിയർ ഇവി | 1,738 |
| 6 | ടാറ്റ കർവ് ഇവി | 1,250 |
| 7 | ടാറ്റ ടിയാഗോ ഇവി | 1,226 |
| 8 | മഹീന്ദ്ര BE 6 | 1,104 |
| 9 | ടാറ്റ പഞ്ച് ഇവി | 1,061 |
| 10 | മാരുതി ഇ വിറ്റാര (eVX) | 870 |
*Source: Autopunditz (ഫെബ്രുവരി 2026 ഡാറ്റ)
ടാറ്റയുടെ സമഗ്രാധിപത്യം നിലനിന്നിരുന്ന ഇവി വിഭാഗത്തില്‍ മഹീന്ദ്ര നടത്തിയ ഈ കടന്നുകയറ്റത്തോടെ വരും മാസങ്ങളില്‍ പൊടിപാറുന്ന അങ്കത്തിനാണ് ഇന്ത്യന്‍ ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ഓര്‍ഡര്‍ ബാക്ക്‌ലോഗുകള്‍ തീര്‍ക്കാനായി ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ചത് ഫെബ്രുവരിയില്‍ മഹീന്ദ്രയുടെ വില്‍പ്പന ഉയരാന്‍ കാരണമായിട്ടുണ്ട്. പുത്തന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത മഹീന്ദ്രയുടെ ഭാവി പദ്ധതികള്‍ക്ക് വലിയ ഊര്‍ജ്ജമേകും. മറുവശത്ത് നഷ്ടപ്രതാപം തിരിച്ചുപിടിക്കാന്‍ ടാറ്റയും ശ്രമം തുടങ്ങും.


Click it and Unblock the Notifications








