മഹീന്ദ്ര XUV 3XO ഇവി vs ടാറ്റ നെക്‌സോൺ ഇവി; ഇന്ത്യ കാത്തിരുന്ന പോരാട്ടത്തിൽ ആര് ജയിക്കും? മാറ്റുരച്ച് നോക്കാം
ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയില്‍ പുതിയ പോരാട്ടത്തിന് തുടക്കമിട്ട് കഴിഞ്ഞ ദിവസം മഹീന്ദ്ര പുതിയ XUV 3XO ഇവി പുറത്തിറങ്ങിയിരിക്കുകയാണ്. മഹീന്ദ്ര XUV 3XO സബ് കോംപാക്ട് എസ്‌യുവിയെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച പുത്തന്‍ ഇവി ടാറ്റ നെക്സോണ്‍ ഇവി അടക്കിവാഴുന്ന കോംപാക്ട് ഇലക്ട്രിക് എസ്‌യുവി വിഭാഗത്തിലാണ് പോരാട്ടത്തിനിറങ്ങുന്നത്. നെക്സോണ്‍ ഇവിയോട് നേരിട്ട് ഏറ്റുമുട്ടുന്ന തരത്തിലുള്ള സവിശേഷതകളുമായാണ് മഹീന്ദ്ര പുതിയ മോഡല്‍ വിപണിയിലെത്തിച്ചിരിക്കുന്നത്. ഇൗ മോഡലുകളെ റേഞ്ച്, പെര്‍ഫോമന്‍സ്, ഫീച്ചറുകള്‍, ചാര്‍ജിംഗ് സമയം, കളര്‍ ഓപ്ഷനുകള്‍, സേ്ഫ്റ്റി എന്നിവയുടെ കാര്യത്തില്‍ നമുക്കൊന്ന് മാറ്റുരച്ച് നോക്കാം.
കളര്‍ ഓപ്ഷനുകള്‍
മഹീന്ദ്ര XUV 3XO ഇവി ആറ് കളര്‍ ഓപ്ഷനുകളിലാണ് ലഭ്യമാകുന്നത്. എവറസ്റ്റ് വൈറ്റ്, നെബുല ബ്ലൂ, സ്റ്റെല്‍ത്ത് ബ്ലാക്ക്, ഡീപ് ഫോറസ്റ്റ്, ടാങ്കോ റെഡ്, ഗാലക്‌സി ഗ്രേ. സമാനമായ രീതിയില്‍ ടാാറ്റ നെക്‌സോണ്‍ ഇവിയും 6 നിറങ്ങളില്‍ തിരഞ്ഞെടുക്കാം. പ്രിസ്‌റ്റൈന്‍ വൈറ്റ്, ഡേറ്റോണ ഗ്രേ, ഫ്‌ലെയിം റെഡ്, ക്രിയേറ്റീവ് ഓഷ്യന്‍, എംപവേര്‍ഡ് ഓക്‌സൈഡ്, ഇന്റന്‍സി ടീല്‍ എന്നിവയാണ് നെക്‌സോണ്‍ ഇവിയുടെ ആറ് കളര്‍ ഓപ്ഷനുകള്‍.

ഫീച്ചറുകള്‍
രണ്ട് വാഹനങ്ങളും അത്യാധുനിക ഫീച്ചറുകളാല്‍ സമ്പന്നമാണ്. XUV 3XOഇവി ഇന്‍ഫോടെയ്ന്‍മെന്റ്, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയ്ക്കായി ഇരട്ട 10.25 ഇഞ്ച് സ്‌ക്രീനുകള്‍ നല്‍കുന്നു. ഡ്യുവല്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, സിംഗിള്‍-പാനല്‍ സണ്‍റൂഫ്, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ/ആപ്പിള്‍ കാര്‍പ്ലേ, ക്രൂയിസ് കണ്‍ട്രോള്‍, വയര്‍ലെസ് ചാര്‍ജിംഗ്, റിയര്‍ എസി വെന്റുകള്‍, ഉയര്‍ന്ന ട്രിമ്മുകളില്‍ ലെവല്‍ 2 ADAS എന്നിവയും XUV 3XO ഇവി ഓഫര്‍ ചെയ്യുന്നു.
നെക്‌സോണ്‍ ഇവിയുടെ ഉയര്‍ന്ന വേരിയന്റുകളില്‍ വലിയ 12.3 ഇഞ്ച് ടച്ച്സ്‌ക്രീന്‍, സബ്വൂഫറുള്ള JBL പ്രീമിയം ഓഡിയോ, 360-ഡിഗ്രി ക്യാമറ, വെന്റിലേറ്റഡ് സീറ്റുകള്‍, എയര്‍ പ്യൂരിഫയര്‍, വെഹിക്കിള്‍-ടു-ലോഡ് (V2L) ഫംഗ്ഷന്‍, നൂതന കണക്റ്റഡ് കാര്‍ ടെക് എന്നിവ ടാറ്റ വാഗ്ദാനം ചെയ്യുന്നു. സ്മാര്‍ട്ട് ഫീച്ചറുകളില്‍ രണ്ട് വാഹനങ്ങളും ഒന്നിനൊന്ന് മെച്ചമാണ്.
സുരക്ഷ
സുരക്ഷയുടെ കാര്യത്തില്‍ ടാറ്റയും മഹീന്ദ്രയും വിട്ടുവീഴ്ച ചെയ്യുന്നില്ല. 6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഓള്‍-വീല്‍ ഡിസ്‌ക് ബ്രേക്കുകള്‍ എന്നിവ രണ്ട് വാഹനങ്ങളിലുമുണ്ട്. ക്രാഷ് ടെസ്റ്റുകളില്‍ മികച്ച റേറ്റിംഗ് നേടിയ പാരമ്പര്യമുള്ളവരാണ് ടാറ്റയും മഹീന്ദ്രയും. നെക്‌സോണ്‍ ഇവി ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടിയിട്ടുണ്ടെങ്കിലും ഇവി ഇതുവരെ ഇടിക്കൂട്ടില്‍ പരീക്ഷിച്ചിട്ടില്ല.
റേഞ്ച്
മഹീന്ദ്ര XUV 3XO ഇവിയില്‍ 39.4 kWh ലിഥിയം-അയണ്‍ ബാറ്ററി പായ്ക്കാണ് മഹീന്ദ്ര ഘടിപ്പിച്ചിട്ടുള്ളത്. യഥാര്‍ത്ഥ ഡ്രൈവിംഗ് സാഹചര്യത്തില്‍ ഇവി ഫുള്‍ ചാര്‍ജില്‍ 285 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്നാണ് മഹീന്ദ്ര പറയുന്നത്. ഇവിയുടെ ARAI ക്ലെയിംഡ് റേഞ്ച് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ടാറ്റ നെക്സോണ്‍ ഇവിയുടെ മീഡിയം റേഞ്ച് പതിപ്പില്‍ 30 kWh ബാറ്ററിയും ലോംഗ് റേഞ്ച് പതിപ്പില്‍ 45 kWh ബാറ്ററിയുമാണുള്ളത്.

മീഡിയം റേഞ്ച് പതിപ്പിന് 325 കിലോമീറ്ററും ലോംഗ് റേഞ്ച് പതിപ്പ് 489 കിലോമീറ്ററുമാണ് നെക്‌സോണ്‍ ഇവിയുടെ ക്ലെയിംഡ് റേഞ്ച്. അതേസമയം ട്രൂ റേഞ്ച് റോഡ്, ഡ്രൈവിംഗ് ശൈലി, കാലാവസ്ഥ എന്നിവയനുസരിച്ച് മാറാം. നെക്‌സോണ്‍ ഇവിയുടെ LR പതിപ്പിന്റെ റിയല്‍ വേള്‍ഡ് റേഞ്ച് ഏകദേശം 350 കിലോമീറ്ററാണെന്ന് വിവിധ ടെസ്റ്റുകള്‍ പറയുന്നു. ഇത് മഹീന്ദ്ര മോഡലിനേക്കാള്‍ വെറും 65 കിലോമീറ്റര്‍ മാത്രം കുറവാണ്.
ചാര്‍ജിംഗ്
രണ്ട് ഇവികളുടെയും ബാറ്ററി വലിപ്പം വ്യത്യാസമുള്ളതിനാല്‍ താരതമ്യം ചെയ്യുന്നത് പ്രയാസമായിരിക്കും. 7.2 kW AC ചാര്‍ജറില്‍ മഹീന്ദ്ര ബാറ്ററി 0-100% ചാര്‍ജ് ചെയ്യാന്‍ 6.5 മണിക്കൂര്‍ എടുന്നും. ഇതേ ചാര്‍ജര്‍ ഉപയോഗിച്ച് നെക്‌സോണിന്റെ വലിയ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ 4.3 മണിക്കൂര്‍ മതി. ഇവിടെ മുന്‍തൂക്കം ടാറ്റ ഇവിക്കാണ്. 50kW ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിക്കുകയാണെങ്കില്‍ 3XO ഇവി വെറും 50 മിനിറ്റിനുള്ളില്‍ 0-80% വരെ ചാര്‍ജ് ചെയ്യാം.

ഇതേ ചാര്‍ജറില്‍ നെക്സോണ്‍ ഇവി LR 10-80% വരെ ചാര്‍ജ് ചെയ്യാന്‍ ഏകദേശം 56 മിനിറ്റാണ് എടുക്കുന്നത്. മാത്രമല്ല, ടാറ്റയുടെ ചാര്‍ജിംഗ് കണക്കുകള്‍ 10 ശതമാനംത്തില്‍ ആരംഭിക്കുന്നു, എന്നാല്‍ മഹീന്ദ്രയുടേത് 0 ശതമാനത്തില്‍ നിന്നാണ് ആരംഭിക്കുന്നത്. ഇത് വീണ്ടും താരതമ്യം ചെയ്യുന്നത് ബുദ്ധിമുട്ടാക്കുന്നു. നെക്‌സോണ്‍ ഇവി 45kWh പതിപ്പ് ഡിസി വഴി 60kW-ല്‍ ചാര്‍ജ് ചെയ്യാന്‍ കഴിയും, അതേസമയം XUV 3XO ഇവി 50kW ഡിസി ചാര്‍ജിംഗിനെയാണ് പിന്തുണയ്ക്കുന്നത്.
പെര്‍ഫോമന്‍സ്
പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ മഹീന്ദ്ര XUV 3XO EV വ്യക്തമായ മുന്‍തൂക്കം നേടുന്നുണ്ട്. 150 hp പവറും 310 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് മഹീന്ദ്ര ഇതില്‍ നല്‍കിയിരിക്കുന്നത്. വെറും 8.3 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇതിനാകും. അതേസമയം ടാറ്റ നെക്സോണ്‍ ഇവിയുടെ ലോംഗ് റേഞ്ച് പതിപ്പില്‍ 144 hp പവറും 215 Nm ടോര്‍ക്കുമാണുള്ളത്.
പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലെത്താന്‍ നെക്‌സോണിന്റെ LR പതിപ്പിന് 8.9 സെക്കന്‍ഡും MR പതിപ്പിന് 9.2 സെക്കന്‍ഡ് സമയവും (ക്ലെയിംഡ്) വേണം. പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ XUV 3XO ഇവിയാണ് വിജയി. ഇത് നെക്‌സോണ്‍ ഇവി 45kWh പതിപ്പിനേക്കാള്‍ 6hp പവറും 95Nmടോര്‍ക്കും അധികം വികസിപ്പിക്കുന്നു. 0-100 kmh ആക്‌സിലറേഷന്‍ സമയത്തില്‍ 0.6 സെക്കന്‍ഡ് ലീഡ് നേടാനും മഹീന്ദ്ര ഇ-എസ്‌യുവിക്ക് സാധിക്കുന്നു.
വില
വിലയുടെ കാര്യത്തില്‍ മഹീന്ദ്ര കൂടുതല്‍ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. മഹീന്ദ്ര ഇവിയുടെ എക്‌സ്‌ഷോറൂം വില 13.89 ലക്ഷം രൂപ മുതല്‍ 14.96 ലക്ഷം രൂപ വരെ പോകുന്നു. ടാറ്റ നെക്സോണ്‍ ഇവിയുടെ പ്രാരംഭ വില 12.49 ലക്ഷം രൂപയാണെങ്കിലും ടോപ് സ്‌പെക് വേരിയന്റുകള്‍ക്ക് 17.49 ലക്ഷം രൂപ വരെയാകും. കരുത്തും റേഞ്ചും വിലയും താരതമ്യം ചെയ്യുമ്പോള്‍ മഹീന്ദ്ര മികച്ച മൂല്യം വാഗ്ദാനം ചെയ്യുന്നു.
ഡ്രൈവ്‌സ്പാര്‍ക്ക് കമന്റ്
കോംപാക്ട് ഇലക്ട്രിക് എസ്‌യുവി വിഭാഗത്തില്‍ നെക്‌സോണിന്റെ കുത്തക തകര്‍ക്കാന്‍ മഹീന്ദ്ര XUV 3X0 ഇവിക്ക് സാധിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കൂടുതല്‍ കരുത്തുള്ള പവര്‍ട്രെയിനും ആകര്‍ഷകമായ ഫീച്ചറുകളും തന്ത്രപരമായ വില നിര്‍ണയവും മഹീന്ദ്രയ്ക്ക് തുണയാകും. എന്നാല്‍ ടാറ്റയുടെ വിപുലമായ സര്‍വീസ് ശൃംഖലയും വിശ്വാസ്യതയും വെച്ച് നെക്സോണ്‍ ഇവിക്ക് കരുത്തോടെ പ്രതിരോധിക്കം. നിങ്ങളുടെ ബജറ്റിനും ആവശ്യത്തിനും അനുസരിച്ച് ഇവയില്‍ ഒന്ന് തിരഞ്ഞെടുക്കാം.


Click it and Unblock the Notifications








