മഹീന്ദ്ര XUV700-യേക്കാള്‍ മിടുക്കനാണോ XUV 7XO? സാമ്യതകളും വ്യത്യാസങ്ങളും അറിയാം

മഹീന്ദ്രയുടെ മുന്‍നിര മോഡലായ XUV700-ന്റെ ഫെയ്‌സ്ലിഫ്റ്റ് പതിപ്പായ XUV 7XO കഴിഞ്ഞ ദിവസം വിപണിയിലെത്തി. മുന്‍ഗാമിയെ അപേക്ഷിച്ച് ഡിസൈനിലും ടെക്‌നോളജിയിലും വലിയ വിപ്ലവമാണ് മഹീന്ദ്ര പുതിയ പതിപ്പില്‍ കൊണ്ടുവന്നിരിക്കുന്നത്. ഈ പരിഷ്‌കാരങ്ങള്‍ വാഹനത്തിന്റെ പ്രീമിയം ലുക്ക് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതോടൊപ്പം മിഡ്‌സൈസ് എസ്‌യുവി വിഭാഗത്തില്‍ മത്സരക്ഷമതയോടെ നിലനിര്‍ത്താന്‍ സഹായിക്കും. XUV 7XO, XUV700 -യുടെ പകരക്കാരനായല്ല മറിച്ച് അതിനെ അടിസ്ഥാനമാക്കിയുള്ള സമഗ്രമായ മിഡ്-സൈക്കിള്‍ അപ്ഡേറ്റായിട്ടാണ് മഹീന്ദ്ര സ്ഥാപിച്ചിരിക്കുന്നത്. XUV700 എസ്‌യുവിയില്‍ നിന്ന് XUV 7XO എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് നമുക്ക് ഈ ലേഖനത്തില്‍ വിശദമായി നോക്കാം.

ഡിസൈന്‍

നിലവിലെ XUV700 എസ്‌യുവിയില്‍ നിന്ന് XUV 7XO-യെ വേര്‍തിരിക്കുന്നത് അതിന്റെ ഷാര്‍പ്പ് ഡിസൈനാണ്. മൊത്തത്തിലുള്ള സിലൗറ്റ് മാറ്റമില്ലാതെ തുടരുന്നുവെങ്കിലും കോസ്‌മെറ്റിക് പരിഷ്‌കാരങ്ങള്‍ എസ്യുവിക്ക് കൂടുതല്‍ പുതുമയുള്ളതും പ്രീമിയവുമായ ലുക്ക് നല്‍കുന്നു. പുതിയ ഗ്രില്ലും സി-ആകൃതിയിലുള്ള വലിപ്പമേറിയ എല്‍ഇഡി ഡിആര്‍എല്ലുകളും വാഹനത്തിന് കൂടുതല്‍ അഗ്രസീവ് ലുക്ക് സമ്മാനിക്കുന്നുണ്ട്.

mahindra xuv 7xo vs xuv700

വലിയ 19 ഇഞ്ച് എയ്റോ-ഒപ്റ്റിമൈസ് ചെയ്ത വീലുകളും സില്‍വര്‍-ഫിനിഷ്ഡ് സ്‌കിഡ് പ്ലേറ്റുകള്‍ ഉള്‍ക്കൊള്ളുന്ന പരിഷ്‌ക്കരിച്ച ബമ്പറുകളും ഉപയോഗിച്ച് മഹീന്ദ്ര കാറിന്റെ റോഡ് സാന്നിധ്യം വര്‍ദ്ധിപ്പിച്ചിരിക്കുന്നു. പിന്‍ഭാഗത്ത് പുതുതായി ഉള്‍പ്പെടുത്തിയ കണക്റ്റഡ് എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ രാത്രികാലങ്ങളില്‍ വാഹനത്തിന് സവിശേഷമായ റോഡ് പ്രസന്‍സ് നല്‍കാന്‍ സഹായിക്കുന്നുണ്ട്. ഈ മാറ്റങ്ങള്‍ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനെ സമീപകാലത്തായി അപ്‌ഡേറ്റുകള്‍ക്ക് വിധേയമായ എതിരാളികളെ നേരിടാന്‍ അനുയോജ്യനാക്കുന്നു.

ഇന്റീരിയര്‍

ക്യാബിനിലേക്ക് കാലെടുത്ത് വെക്കുമ്പോള്‍ തന്നെ മാറ്റങ്ങള്‍ വെളിവാകുന്നു. പുറത്തിറങ്ങിയ സമയത്ത് XUV700 അന്നത്തെ ഫീച്ചര്‍ പായ്ക്ക്ഡ് മോഡല്‍ ആയിരുന്നുവെങ്കിലും വര്‍ഷങ്ങള്‍ക്കിപ്പുറം വിപണിയില്‍ മാറ്റങ്ങള്‍ സംഭവിച്ചു. കാലാനുസൃതമായ മാറ്റങ്ങളുടെ ഭാഗമായി ട്രിപ്പിള്‍ സ്‌ക്രീന്‍ ലേഔട്ട് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ ഡാഷ്ബോര്‍ഡില്‍ ആധിപത്യം സ്ഥാപിച്ചു. 12.3 ഇഞ്ച് വലിപ്പമുള്ള മൂന്ന് വ്യത്യസ്ത സ്‌ക്രീനുകളാണ് ഇതിലുള്ളത്. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, മെയിന്‍ ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം എന്നിവയ്ക്ക് പുറമെ, മുന്‍വശത്തെ യാത്രക്കാരനായി പ്രത്യേക സ്‌ക്രീനും നല്‍കുന്നു.

mahindra xuv 7xo

ആഡംബര, സ്മാര്‍ട്ട് ഫീച്ചറുകള്‍

യാത്രക്കാര്‍ക്കായി കൂടുതല്‍ പ്രീമിയം സൗകര്യങ്ങളാണ് XUV 7XO-യില്‍ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ സോഫ്‌റ്റ്വെയര്‍ ഡിഫൈന്‍ഡ് വെഹിക്കിള്‍ (SDV) കൂടിയാണിത്. അലക്സ, ചാറ്റ് ജിപിടി എന്നിവയുടെ സംയോജനം വാഹനത്തിനുള്ളിലെ ആശയവിനിമയം കൂടുതല്‍ എളുപ്പമാക്കുന്നു. കൂടാതെ 16 സ്പീക്കറുകളുള്ള ഹര്‍മന്‍ കാര്‍ഡന്‍ ഓഡിയോ സിസ്റ്റം, വെന്റിലേറ്റഡ് സീറ്റുകള്‍, വിശാലമായ പനോരമിക് സണ്‍റൂഫ്,. കോ-ഡ്രൈവര്‍ സീറ്റിനുള്ള ബോസ് മോഡ്, ഫ്രണ്ട് ആന്‍ഡ് റിയര്‍ വയര്‍ലെസ് ചാര്‍ജിംഗ്, മെച്ചപ്പെടുത്തിയ ആംബിയന്റ് ലൈറ്റിംഗ് തുടങ്ങിയ കൂട്ടിച്ചേര്‍ക്കലുകളും സ്വാഗതാര്‍ഹമാണ്.

സേഫ്റ്റി

സുരക്ഷയുടെ കാര്യത്തില്‍ നേരത്തെ തന്നെ പ്രശംസ നേടിയ മോഡലാണ് XUV700. XUV 7XO -യില്‍ ഗണ്യമായ സുരക്ഷാ നവീകരണങ്ങളാണ് മഹീന്ദ്ര കൊണ്ടുവന്നിരിക്കുന്നത്. പുതിയ പതിപ്പില്‍ ലെവല്‍ 2.5 ADAS സംവിധാനമാണ് മഹീന്ദ്ര ഉള്‍പ്പെടുത്തിയിരിക്കുന്നത്. 360 ഡിഗ്രി ക്യാമറയ്ക്ക് പകരം 540 ഡിഗ്രി കാഴ്ച നല്‍കുന്ന അത്യാധുനിക ക്യാമറ സംവിധാനം ഇതിലുണ്ട്. ഇത് ചുറ്റുമുള്ള കാഴ്ചകള്‍ മാത്രമല്ല വാഹനത്തിന്റെ അടിഭാഗവും ഡ്രൈവര്‍ക്ക് വ്യക്തമായി കാണിക്കുന്നു. ഓഫ്‌റോഡിംഗിന് പോകുമ്പോള്‍ ഫീച്ചര്‍ ഏറെ പ്രയോജനകരമാണ്.

mahindra xuv700

പവര്‍ട്രെയിന്‍

മെക്കാനിക്കല്‍ വശങ്ങളിലേക്ക് വരുമ്പോള്‍ പഴയ മോഡലിലെ വിശ്വസനീയമായ എഞ്ചിനുകള്‍ തന്നെയാണ് മഹീന്ദ്ര നിലനിര്‍ത്തിയിരിക്കുന്നത്. 2.0 ലിറ്റര്‍ എംസ്റ്റാലിയന്‍ ടര്‍ബോ പെട്രോള്‍, 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എഞ്ചിനുകള്‍ മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകള്‍ക്കൊപ്പം വാങ്ങാം. ഓഫ്-റോഡ് പ്രേമികള്‍ക്കായി ഉയര്‍ന്ന വേരിയന്റുകളില്‍ ഓള്‍ വീല്‍ ഡ്രൈവ് (AWD) സംവിധാനവും കമ്പനി നല്‍കുന്നുണ്ട്.

എഞ്ചിന്‍ നിരയില്‍ മാറ്റമൊന്നുമില്ലെങ്കിലും XUV 7XO യുടെ ഹാന്‍ഡ്ലിംഗും യാത്രാസുഖവും മെച്ചപ്പെടുത്തുന്നതിനായി മഹീന്ദ്ര പുതിയ DAVINCI ഡാംപര്‍ സാങ്കേതികവിദ്യ അവതരിപ്പിച്ചു. സാങ്കേതികമായി ലോകത്തിലെ ആദ്യത്തെ 'ഡാവിഞ്ചി' സസ്‌പെന്‍ഷന്‍ സംവിധാനമാണ് ഇതിലുള്ളത്. പുതിയ സംവിധാനത്തിലൂടെ യാത്രാ സുഖം, ബോഡി കണ്‍ട്രോള്‍, ക്യാബിന്‍ ശബ്ദ നിലവാരം എന്നിവ മെച്ചപ്പെടുത്തുമെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു.

വേരിയന്റുകളും വിലയും

AX, AX3, AX5, AX7, AX7T, AX7L എന്നിങ്ങനെ ആറ് വേരിയന്റുകളില്‍ XUV 7XO വാങ്ങാം. ആദ്യത്തെ 40,000 ഉപഭോക്താക്കള്‍ക്കായി പ്രത്യേക ആമുഖ വിലയില്‍ XUV 7XO ലഭ്യമാകും. ബേസ് AX വേരിയന്റിന് 13.66 ലക്ഷം രൂപയും ടോപ് സ്‌പെക് AX7 L-ന് 23.45 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

XUV700-യുടെ മികച്ച പരിണാമമായാണ് മഹീന്ദ്ര XUV 7XO-യെ കണക്കാക്കാം. പോരായ്മകള്‍ പരിഹരിച്ചുകൊണ്ട് കാറിന്റെ മൊത്തത്തിലുള്ള ആകര്‍ഷണം വര്‍ദ്ധിപ്പിക്കുന്നതിന് അര്‍ത്ഥവത്തായ സാങ്കേതികവിദ്യയും സൗകര്യങ്ങളും ഇതില്‍ മഹീന്ദ്ര നല്‍കുന്നു. മുഖംമിനുക്കല്‍ ലഭിച്ചതോടെ XUV 7XO എസ്‌യുവിയോട് മുട്ടിനില്‍ക്കാന്‍ ടാറ്റ സഫാരി, എംജി ഹെക്ടര്‍ പ്ലസ് തുടങ്ങിയ എതിരാളികള്‍ക്ക് ഇനി നന്നായി വിയര്‍ക്കും.

പുത്തന്‍ മഹീന്ദ്ര XUV 7XO-യുടെ ടെസ്റ്റ് ഡ്രൈവുകള്‍ ജനുവരി എട്ടിന് ആരംഭിക്കും. ഔദ്യോഗിക ബുക്കിംഗുകള്‍ ജനുവരി 14 മുതല്‍ ആരംഭിക്കും. ഉയര്‍ന്ന വേരിയന്റുകളുടെ വിതരണം ജനുവരി പകുതിയോടെ തന്നെ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഏപ്രില്‍ മുതലായിരിക്കും ലോവര്‍ വേരിയന്റുകളുടെ വിതരണം തുടങ്ങുക.

More from DriveSpark

Article Published On: Tuesday, January 6, 2026, 19:01 [IST]
English summary
Mahindra xuv 7xo vs xuv700 comparison design features specs safety malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X