മാരുതി ഷോറൂമുകളിലേക്ക് ജനപ്രവാഹം! വില കൂടുന്നതിന് മുമ്പ് കാര്‍ സ്വന്തമാക്കാന്‍ തിരക്ക്;ഏതാനും ദിവസം ബാക്കി
പുതുവര്‍ഷത്തില്‍ കാര്‍ വാങ്ങാന്‍ ഒരുങ്ങുന്നവര്‍ക്ക് തിരിച്ചടിയായി ഇന്ത്യയിലെ നമ്പര്‍ 1 ബ്രാന്‍ഡായ മാരുതി സുസുക്കി കാറുകള്‍ക്ക് വില വര്‍ധിപ്പിക്കാന്‍ പോകുന്നു. 2026 ജനുവരി 15 മുതല്‍ മാരുതി തങ്ങളുടെ എല്ലാ മോഡലുകളുടെയും വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചതായ v3cars റിപ്പോര്‍ട്ട് ചെയ്യുന്നു. 2025 സെപ്റ്റംബറില്‍ നടപ്പാക്കിയ ജിഎസ്ടി ഇളവുകളുടെ ഭാഗമായി ലഭിച്ച ആനുകൂല്യം നിലനില്‍ക്കുമെങ്കിലും ഇതിനു മുകളില്‍ നല്‍കുന്ന അധിക കിഴിവുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഉല്‍പ്പാദനച്ചെലവ് വര്‍ദ്ധിച്ചതും ചരക്കുനീക്കത്തിനുള്ള അധിക ചെലവുകളുമാണ് വില കൂട്ടാന്‍ കാരണമായി കമ്പനി ചൂണ്ടിക്കാട്ടുന്നത്. മോഡലിനും വേരിയന്റിനും അനുസരിച്ച് വില വര്‍ദ്ധനവില്‍ മാറ്റമുണ്ടാകും.
എന്‍ട്രി ലെവല്‍ മോഡലായ ആള്‍ട്ടോ K10 മുതല്‍ പ്രീമിയം മോഡലായ ഇന്‍വിക്ടോ വരെ വില വര്‍ദ്ധനവിന്റെ പരിധിയില്‍ വരും. കാറുകള്‍ക്ക് ഏകദേശം 1 ശതമാനം മുതല്‍ 3 ശതമാനം വരെ വില കൂടുമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഏകദേശം 5,000 രൂപ മുതല്‍ 67,000 രൂപ വരെയാണ് വര്‍ദ്ധിക്കാനാണ് സാധ്യത. 2026 ജനുവരിയിലെ മാരുതി സുസുക്കിയുടെ വില വര്‍ധനവിനെ കുറിച്ച് വിശദമായി ഈ ലേഖനത്തില്‍ വായിക്കാം.

2025 സെപ്റ്റംബറില്‍ ജിഎസ്ടി നിരക്കുകള്‍ കേന്ദ്ര സര്‍ക്കാര്‍ പരിഷ്‌കരിച്ചപ്പോള്‍ അതിന്റെ ആനുകൂല്യങ്ങള്‍ മാരുതി സുസുക്കി മുഴുവനായി ഉപഭോക്താക്കള്‍ക്ക് കൈമാറിയിരുന്നു. ജിഎസ്ടി നിരക്കുകള്‍ കുറച്ചപ്പോള്‍ മാരുതി സുസുക്കിയുടെ മിക്ക മോഡലുകളുടെയും വില കുറഞ്ഞു. ജിഎസ്ടി ആനുകൂല്യങ്ങള്‍ക്ക് പുറമെ ഉത്സവകാല, ഇയര്‍ എന്‍ഡ് ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കുന്നതിനായി അധിക കിഴിവുകളും കമ്പനി വാഗ്ദാനം ചെയ്തു.
ഇത് പല എന്‍ട്രി ലെവല്‍ മോഡലുകളെയും കൂടുതല്‍ താങ്ങാനാവുന്ന വിലയില്‍ ലഭ്യമാക്കി. ജിഎസ്ടി വിലക്കുറവിന് പുറമേ മാരുതി എസ്-പ്രെസോയുടെ ചില വേരിയന്റുകള്‍ക്ക് 67,000 രൂപ വരെ അധിക കിഴിവുകള്‍ ലഭിച്ചു. ഇനി മുതല്‍ എസ്പ്രെസോക്ക് ഏകദേശം 67000 അധികം മുടക്കേണ്ടി വരും. ആള്‍ട്ടോക്ക് 48000 രൂപ വരെ കൂടാന്‍ സാധ്യതയുണ്ട്.

സെലേരിയോ, വാഗണ്‍ ആര്‍ മോഡലുകള്‍ക്ക് 25,000 രൂപ വരെ അധികം നല്‍കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. ജനപ്രിയ ഹാച്ച്ബാക്കായ സ്വിഫ്റ്റിന് 12,500 രൂപ വരെ വര്‍ധനവ് പ്രതീക്ഷിക്കുന്നു. മാരുതിയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലുകളിലൊന്നായ ബ്രെസ സബ് കോംപാക്ട് എസ്‌യുവിക്ക് 45,000 രൂപ വരെ വില വര്‍ദ്ധിച്ചേക്കാം. മാരുതി മോഡലുകള്‍ക്ക് ഏകദേശം എത്ര രൂപ വരെ വര്‍ധിക്കാമെന്ന് താഴെ കാണുന്ന പട്ടിക നോക്കി മനസ്സിലാക്കാം.
| മോഡൽ | പ്രതീക്ഷിക്കുന്ന വില വർദ്ധനവ് |
|---|---|
| മാരുതി ബ്രെസ | ₹45,000 വരെ |
| മാരുതി സ്വിഫ്റ്റ് | ₹12,500 വരെ |
| മാരുതി വാഗൺ ആർ | ₹25,000 വരെ |
| മാരുതി ആൾട്ടോ K10 | ₹48,000 വരെ |
| മാരുതി എസ്-പ്രസ്സോ | ₹67,000 വരെ |
| മാരുതി ഗ്രാൻഡ് വിറ്റാര | ₹45,000 വരെ |
| മാരുതി ഫ്രോങ്ക്സ് | ₹5,000 വരെ |
ഹ്യുണ്ടായി, ഹോണ്ട, എംജി മോട്ടോര്‍, റെനോ, നിസാന്‍ തുടങ്ങിയ ബ്രാന്‍ഡുകള്‍ പുതുവര്‍ഷത്തില്‍ നേരത്തെ തന്നെ വില വര്‍ധനവ് നടപ്പാക്കിയിരുന്നു. മാരുതി കൂടി ഈ പട്ടികയില്‍ ചേര്‍ന്നതിനാല്‍ ടാറ്റ മോട്ടോര്‍സും വരും ദിവസങ്ങളില്‍ വില വര്‍ദ്ധനവ് പ്രഖ്യാപിച്ചേക്കാം. പുതുവര്‍ഷം പിറക്കുന്ന ജനുവരി മാസത്തില്‍ വില വര്‍ധിപ്പിക്കുന്നത് അടുത്ത കാലത്തായി കണ്ടുവരുന്ന സ്ഥിരം പരിപാടിയാണ്. ജിഎസ്ടി കട്ട് വഴി ഉടലെടുത്ത ഡിമാന്‍ഡ് ഇടിയാതിരിക്കാനാണ് മാരുതി ഈ തീരുമാനം കൈക്കൊള്ളാന്‍ മടിച്ചത്.

ജനുവരി 14 വരെ വാഹനം ബുക്ക് ചെയ്യുന്നവര്‍ക്ക് പഴയ വിലയില്‍ വാഹനം ലഭിക്കാന്‍ സാധ്യതയുണ്ട്. അടുത്ത കാലത്തായി ജിഎസ്ടി നിരക്കുകളില്‍ വന്ന മാറ്റം ചെറു കാറുകള്‍ക്ക് ഗുണകരമായിരുന്നെങ്കിലും ഇന്‍പുട്ട് കോസ്റ്റ് വര്‍ദ്ധനവ് കാരണം വില വര്‍ധനവ് അനിവാര്യമായി വന്നത് ഡിമാന്‍ഡിന് കോട്ടം തട്ടിക്കുമോ എന്ന് കണ്ടറിയണം. വരും ദിവസങ്ങളില്‍ മാരുതി കാര്‍ വാങ്ങാന്‍ പദ്ധതിയിടുന്ന ഉപഭോക്താക്കള്‍ക്ക് പഴയ വിലയ്ക്ക് വാങ്ങാന്‍ ഇപ്പോഴും അവസരമുണ്ട്.
പുതിയ വില പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് MY2025 സ്‌റ്റോക്കുകള്‍ ക്ലിയര്‍ ചെയ്യാന്‍ ഡീലര്‍മാര്‍ പരമാവധി ശ്രമിക്കും. ആള്‍ട്ടോ, എസ്-പ്രെസ്സോ, വാഗണ്‍ആര്‍, ബ്രെസ തുടങ്ങിയ ജനപ്രിയ മോഡലുകള്‍ വാങ്ങാന്‍ പദ്ധതിയിടുന്നവര്‍ക്ക് മുന്നില്‍ ഇനി ഒരാഴ്ചയില്‍ കൂടുതല്‍ സമയമുണ്ട്. വില വര്‍ധനവില്‍ നിന്ന് രക്ഷനേടാമെന്ന് മാത്രമല്ല ഡീലര്‍മാരുമായി വില പേശി മികച്ച ഡീലില്‍ വാഹനം വീട്ടിലെത്തിക്കാനുമാകും. കൂടുതല്‍ വിവരങ്ങള്‍ക്കും ഓരോ നഗരത്തിലെയും കൃത്യമായ ഓണ്‍-റോഡ് വില അറിയുന്നതിനും അടുത്തുള്ള ഡീലര്‍ഷിപ്പുമായി ബന്ധപ്പെടുക.


Click it and Unblock the Notifications








