2026 ഫസ്റ്റ് ഹാഫ് തൂക്കിയത് ഈ വില കുറഞ്ഞ മാരുതി! രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന 10 കാറുകള്‍
ഈ വര്‍ഷത്തെ (2026) ആദ്യത്തെ 6 മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവന്നപ്പോള്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാറുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി മാരുതി ഡിസയര്‍. ഇന്ത്യന്‍ വാഹന വിപണിയില്‍ മാരുതി സുസുക്കിയുടെ ഈ സെഡാന്‍ മോഡലിന്റെ ജനപ്രീതി വീണ്ടും തെളിയിക്കപ്പെട്ടിരിക്കുകയാണ്. ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ വലിയ മുന്നേറ്റം നടത്തിയ ഡിസയര്‍ റെക്കോര്‍ഡ് വില്‍പ്പനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ മൊത്തം 1,26,204 പുതിയ ഉപഭോക്താക്കളാണ് മാരുതി സുസുക്കി ഡിസയര്‍ സ്വന്തമാക്കിയത്.
വില്‍പ്പനയുടെ കാര്യത്തില്‍ ഡിസയറുമായി കടുത്ത മത്സരം കാഴ്ചവെച്ച് ജനപ്രിയ മോഡലായ ടാറ്റ പഞ്ച് ആണ് ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് എത്തിയത്. ഇതേ കാലയളവില്‍ ടാറ്റ പഞ്ച് കാര്‍ വാങ്ങാന്‍ 1,19,303 പുതിയ ഉപഭോക്താക്കളാണ് മുന്നോട്ടുവന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറുകളുടെ പട്ടികയില്‍ മൂന്നാം സ്ഥാനം നേടിയത് ടാറ്റ നെക്‌സോണ്‍ എസ്‌യുവിയാണ്.

ഈ കാലയളവില്‍ മൊത്തം 1,18,166 യൂണിറ്റുകള്‍ വിറ്റഴിക്കാന്‍ ഈ ജനപ്രിയ മോഡലിന് സാധിച്ചു. നാലാം സ്ഥാനത്ത് മാരുതി സുസുക്കിയുടെ ജനപ്രിയ എംപിവി മോഡലായ എര്‍ട്ടിഗയാണ് ഇടംപിടിച്ചിട്ടുള്ളത്. ഈ 7 സീറ്റര്‍ ഫാമിലി കാര്‍ 1,08,295 യൂണിറ്റുകളുടെ മികച്ച വില്‍പ്പനയാണ് കൈവരിച്ചത്. ജനപ്രിയ ഹാച്ച്ബാക്ക് മോഡലായ മാരുതി സുസുക്കി വാഗണ്‍ആര്‍ 1,00,704 യൂണിറ്റുകളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്.
പുതിയ തലമുറ മാറ്റങ്ങളുമായി എത്തിയ മാരുതി സ്വിഫ്റ്റ് 97,747 യൂണിറ്റ് വില്‍പ്പനയുമായി വാഗണ്‍ആറിന് തൊട്ടുപിന്നിലായി ആറാം സ്ഥാനത്ത് എത്തി. പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തില്‍ പെടുന്ന മാരുതി സുസുക്കി ബലേനോ 96,996 യൂണിറ്റുകളുടെ വിപണി വിഹിതവുമായി ഏഴാം സ്ഥാനം കൈയ്യടക്കി. മാരുതി സുസുക്കിയുടെ തന്നെ പുതിയ ക്രോസ്ഓവര്‍ മോഡലായ ഫ്രോങ്ക്‌സ് 95,441 യൂണിറ്റ് വില്‍പ്പനയുമായി ഈ പട്ടികയില്‍ എട്ടാം സ്ഥാനത്ത് ഇടംപിടിച്ചിട്ടുണ്ട്.
അതേസമയം, ഹ്യുണ്ടായി ക്രെറ്റ ഒമ്പതാം സ്ഥാനത്താണ് എത്തിയത്. ഈ കാലയളവില്‍ 91,391 യൂണിറ്റുകള്‍ വിറ്റഴിച്ച ക്രെറ്റ രാജ്യത്തെ ഏറ്റവും മികച്ച മിഡ്-സൈസ് എസ്‌യുവിയായി മാറി. 89,375 യൂണിറ്റുകളുടെ വില്‍പ്പനയുമായി മഹീന്ദ്ര സ്‌കോര്‍പിയോ ആണ് പത്താം സ്ഥാനത്ത്. എസ്‌യുവികൾക്കും ഹാച്ച്ബാക്കുകൾക്കും ആധിപത്യമുള്ള പട്ടികയിലെ ഏക സെഡാൻ ഡിസയർ ആണ്.
ഒന്നാം സ്ഥാനത്തെത്തിയ മാരുതി ഡിസയറിന്റെ സാങ്കേതിക വശങ്ങളിലേക്ക് നോക്കിയാല്‍ കൂടുതല്‍ കാര്യക്ഷമതയുള്ള പുതിയ 1.2 ലിറ്റര്‍ പുതിയ Z-സീരീസ് 3-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത്. ഈ ഞ്ചിന്‍ പരമാവധി 80 bhp പവറും 112 Nm പീക്ക് ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ളതാണ്. എല്ലാ തരം റോഡുകളിലും സുഗമമായ ഡ്രൈവിംഗ് അനുഭവം നല്‍കാന്‍ ഇത് സഹായിക്കും.

മൈലേജിന്റെ കാര്യത്തിലും സാധാരണക്കാരായ ഉപഭോക്താക്കളെ തൃപ്തിപ്പെടുത്താന്‍ ഡിസയറിന് എളുപ്പത്തില്‍ സാധിക്കുന്നുണ്ട്. ഇതിന്റെ മാനുവല്‍ പതിപ്പ് ലിറ്ററിന് 24.79 കിലോമീറ്ററും ഓട്ടോമാറ്റിക് പതിപ്പ് 25.71 കിലോമീറ്ററും മൈലേജ് നല്‍കുമ്പോള്‍ സിഎന്‍ജി മോഡല്‍ കിലോഗ്രാമിന് 33.73 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് വാഗ്ദാനം ചെയ്യുന്നത്. ഇന്ധനക്ഷമതയ്ക്ക് പുറമെ സുരക്ഷയുടെ കാര്യത്തിലും ഈ കാര്‍ വലിയ വിപ്ലവം തന്നെയാണ് സൃഷ്ടിച്ചത്.
ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5-സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടുന്ന ആദ്യ മാരുതി കാര്‍ ആണ് ഡിസയര്‍. ഇതിന്റെ ബേസ് വേരിയന്റില്‍ വരെ കമ്പനി 6 എയര്‍ബാഗുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. നിലവില്‍ 6.26 ലക്ഷം രൂപ മുതല്‍ 9.31 ലക്ഷം രൂപ വരെയാണ് സബ് കോംപാക്ട് സെഡാനിന്റെ എക്‌സ്-ഷോറൂം വില. കുറഞ്ഞ വിലയും ഉയര്‍ന്ന മൈലേജും മികച്ച സുരക്ഷയും ഒത്തുചേര്‍ന്നതാണ് കൂടുതല്‍ ഇന്ത്യന്‍ കുടുംബങ്ങള്‍ ഡിസയറിലേക്ക് ആകര്‍ഷിക്കപ്പെടാന്‍ കാരണം.


Click it and Unblock the Notifications