33.73 കി.മീ മൈലേജുള്ള ഈ കാറിന് മാത്രമാണ് ഇപ്പോള്‍ 'കച്ചോടം'! സെഗ്‌മെന്റിനെ ഒറ്റക്ക് തോളിലേറ്റുന്ന ഒറ്റയാന്‍
ഇന്ത്യന്‍ വാഹന വിപണിയിലെ സ്‌പോര്‍ട് യൂടിലിറ്റി വാഹന (എസ്‌യുവി ) തരംഗത്തില്‍ സെഡാനുകള്‍ക്ക് അടിപതറുന്നു എന്ന നിഗമനങ്ങളെ കാറ്റില്‍ പറത്തിക്കൊണ്ട് പുതു വിസ്മയം തീര്‍ക്കുകയാണ് മാരുതി സുസുക്കി ഡിസയര്‍ (Maruti Suzuki Dzire). 2026 ഏപ്രില്‍ മാസത്തിലെ വില്‍പന കണക്കുകള്‍ പുറത്തുവരുമ്പോള്‍, രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാറിനുള്ള കിരീടം എസ്യുവിക്കല്ല, മറിച്ച് ഈ സബ് കോാപാക്ട് സെസഡാനാണ് ചൂടിയത്. വിപണിയിലെ ട്രെന്‍ഡുകള്‍ മാറിമറിഞ്ഞെങ്കിലും ഡിസയറിനോടുള്ള ഇന്ത്യക്കാരുടെ ഇഷ്ടത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല.
2026 ഏപ്രില്‍ മാസത്തില്‍ ഇന്ത്യയില്‍ ആകെ വിറ്റഴിക്കപ്പെട്ട സെഡാനുകളുടെ എണ്ണം 35,218 യൂണിറ്റുകളാണ്. ഇതില്‍ 23,580 യൂണിറ്റുകളും മാരുതി ഡിസയറിന്റെ സംഭാവനയാണ്. അതായത്, രാജ്യത്ത് വില്‍ക്കുന്ന പത്ത് സെഡാനുകളില്‍ ആറെണ്ണവും ഡിസയര്‍ ആണെന്ന വിസ്മയിപ്പിക്കുന്ന യാഥാര്‍ത്ഥ്യമാണ് ഈ കണക്കുകള്‍ വരച്ചുകാണിക്കുന്നത്. ഇന്ത്യയിലെ സെഡാന്‍ വിപണിയെ ഒന്നടങ്കം തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കുന്നത് ഈ ഒറ്റ മോഡലാണെന്ന് നിസംശയം പറയാം.

മറ്റ് സബ്-കോംപാക്ട് സെഡാനുകളുമായി താരതമ്യം ചെയ്യുമ്പോള്‍ സെഗ്‌മെന്റില്‍ ഡിസയറിന്റെ മൃഗീയാധിപത്യമാണ്. രണ്ടാം സ്ഥാനത്തുള്ള ഹ്യുണ്ടായി ഓറയുടെ (Hyundai Aura) വില്‍പ്പന വെറും 4,587 യൂണിറ്റുകള്‍ മാത്രമാണ്. മൂന്നാം സ്ഥാനത്തുള്ള ഹോണ്ട അമേസ് (Honda Amaze) 2,856 യൂണിറ്റ് വില്‍പ്പനയാണ് രേഖപ്പെടുത്തിയത്. ഡിസയറിന് തൊട്ടടുത്തെത്താന്‍ പോലും മറ്റ് എതിരാളികള്‍ക്ക് സാധിച്ചിട്ടില്ല എന്നത് മാരുതി എന്ന ബ്രാന്‍ഡിനോടുള്ള ജനങ്ങളുടെ വിശ്വാസ്യതയാണ് വീണ്ടും തെളിയിക്കുന്നത്.
മിഡ്-സൈസ് സെഡാന്‍ വിഭാഗത്തിന്റെ അവസ്ഥ ഇതിലും പരിതാപകരമാണ്. ഒരിക്കല്‍ ഇന്ത്യന്‍ നിരത്തുകളിലെ രാജാവായിരുന്ന ഹോണ്ട സിറ്റി (Honda City) കഴിഞ്ഞ മാസം നേടിയത് വെറും 177 യൂണിറ്റ് വില്‍പ്പന മാത്രമാണ്. ഏറ്റവും കുറഞ്ഞ വില്‍പ്പയുള്ള സെഡാനായി സിറ്റി മാറിയത് വാഹന ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിട്ടുണ്ട്.
ഫോക്സ്വാഗണ്‍ വെര്‍ട്ടിസ് (1162 യൂണിറ്റ്), ഹ്യുണ്ടായി വെര്‍ണ (865 യൂണിറ്റ്), സ്‌കോഡ സ്ലാവിയ (830 യൂണിറ്റ്) എന്നീ മിഡ്‌സൈസ് സെഡാനുകളും വില്‍പ്പനയുടെ കാര്യത്തില്‍ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ഡിസയറിന്റെ ഈ അപ്രമാദിത്വത്തിന് പിന്നിലെ പ്രധാന രഹസ്യം അതിന്റെ വിസ്മയിപ്പിക്കുന്ന ഇന്ധനക്ഷമത തന്നെയാണ്. ഡിസയര്‍ സിഎന്‍ജി (CNG) വേരിയന്റിന്റെ ക്ലെയിംഡ് മൈലേജ് കിലോഗ്രാമിന് 33.73 കിലോമീറ്റര്‍ ആണ്.
വര്‍ദ്ധിച്ചുവരുന്ന ഇന്ധനവിലയും കുറഞ്ഞ മെയിന്റനന്‍സ് ചിലവുകളും കണക്കിലെടുക്കുന്ന സാധാരണക്കാര്‍ക്ക് ഡിസയറിനേക്കാള്‍ മികച്ചൊരു ഓപ്ഷന്‍ വിപണിയിലില്ല. ഇതാണ് എസ്‌യുവി തരംഗത്തിനിടയിലും ഡിസയറിനെ തുണയ്ക്കുന്ന പ്രധാന ഘടകം. സാങ്കേതികമായി നോക്കിയാല്‍, മാരുതിയുടെ വിശ്വസ്തമായ 1.2 ലിറ്റര്‍ K-സീരീസ് എഞ്ചിനാണ് ഡിസയറിന് കരുത്ത് പകരുന്നത്. സുഗമമായ ഗിയര്‍ ഷിഫ്റ്റിംഗും നഗരയാത്രകള്‍ക്ക് അനുയോജ്യമായ ഡ്രൈവിംഗ് സൗകര്യവും ഒരുക്കുന്ന ഈ കാറിന്റെ എഎംടി (AMT) വേരിയന്റുകള്‍ക്കും വിപണിയില്‍ വലിയ ആവശ്യക്കാര്‍ ഏറെയാണ്.

കൂടാതെ, മാരുതിയുടെ വിപുലമായ സര്‍വീസ് ശൃംഖലയും ഗ്രാമീണ മേഖലയില്‍ പോലും സ്‌പെയര്‍ പാര്‍ട്‌സുകള്‍ ലഭ്യമാണ് എന്നതും ഉപഭോക്താക്കളെ ഡിസയറിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. എസ്‌യുവികള്‍ക്ക് ലഭിക്കുന്ന 'റോഡ് പ്രസന്‍സ്' ഇല്ലെങ്കിലും, സെഡാനുകളുടെ യാത്രാസുഖവും വിപുലമായ ലഗേജ് സ്‌പെയ്‌സും ഇന്നും പല കുടുംബങ്ങളും ഏറെ ഇഷ്ടപ്പെടുന്നു.
മാരുതി ഡിസയര്‍ ഈ ആവശ്യങ്ങളെല്ലാം കൃത്യമായി നിറവേറ്റുന്നു. സെഡാനുകളുടെ സുവര്‍ണ്ണകാലമായിരുന്ന 2010-2020 കാലഘട്ടത്തിന് ശേഷം വിപണിയിലുണ്ടായ മാറ്റങ്ങളെ അതിജീവിക്കാന്‍ ഡിസയറിന് മാത്രമാണ് സാധിച്ചത്. 5 സ്റ്റാര്‍ സേഫ്റ്റിയും ഉയര്‍ന്ന ഇന്ധനക്ഷമതയുമുള്ള പുതിയ തലമുറ മോഡലുകളുടെ വരവാണ് ഡിസയറിനെ എസ്‌യുവികളോട് ഒറ്റയ്ക്ക് നേരിടാന്‍ കരുത്തേകിയത്.
ഡിസയര്‍ എന്ന ഒറ്റ മോഡല്‍ ഇല്ലായിരുന്നുവെങ്കില്‍ ഇന്ത്യയിലെ സെഡാന്‍ വിപണി തന്നെ വലിയ പ്രതിസന്ധിയിലാകുമായിരുന്നു. വില്‍പ്പന കുറഞ്ഞതിനെ തുടര്‍ന്ന് പല കമ്പനികളും സെഡാന്‍ നിര്‍മ്മാണം നിര്‍ത്താന്‍ ആലോചിക്കുന്ന സാഹചര്യത്തില്‍, ഡിസയറിന്റെ ഈ വിജയം മറ്റ് നിര്‍മാതാക്കള്‍ക്കും പ്രതീക്ഷ നല്‍കുന്നു. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞുള്ള സൗകര്യങ്ങളും ഫീച്ചറുകളും ഒരുക്കിയാല്‍ മാറുന്ന ട്രെന്‍ഡിന് ഇടയിലും 'ഒറ്റയാന്‍' ആയി വിപണി ഭരിക്കാമെന്ന് ഡിസയര്‍ ഓര്‍മിപ്പിക്കുന്നു.


Click it and Unblock the Notifications