SUV തരംഗത്തിനിടയിലും പണംവാരി മാരുതിയുടെ 'ഒറ്റയാന്‍'! 33KM മൈലേജ്, വില ₹6.26 ലക്ഷം മുതല്‍
ഇന്ത്യയില്‍ മാത്രമല്ല ലോകത്ത് തന്നെ ഇപ്പോള്‍ സ്‌പോര്‍ട് യൂടിലിറ്റി വാഹനങ്ങള്‍ക്കാണ് ഡിമാന്‍ഡ് കൂടുതല്‍. ഇന്ത്യയില്‍ വിറ്റഴിക്കപ്പെടുന്ന കാറുകളില്‍ പകുതിയിലധികവും എസ്‌യുവി ബോഡിസ്‌റ്റൈലില്‍ വരുന്നവയാണ്. എന്നാല്‍, ഇന്ത്യന്‍ വാഹന വിപണിയില്‍ സെഡാന്‍ വിഭാഗത്തിന് ഇന്നും പ്രസക്തിയുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് മാരുതി സുസുക്കി ഡിസയര്‍. 2025 കലണ്ടര്‍ വര്‍ഷത്തില്‍ മൊത്തം 2.14 ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ച് ഇന്ത്യയിലെ നമ്പര്‍ വണ്‍ കാറായി ഡിസയര്‍ മാറിയിരുന്നു. എസ്‌യുവികള്‍ വിപണി കീഴടക്കുന്ന കാലഘട്ടത്തിലും ഒരു കോംപാക്ട് സെഡാന്‍ ഈ നേട്ടം കൈവരിച്ചു എന്നത് ശ്രദ്ധേയമാണ്.
2025 ഡിസംബര്‍ മാസത്തിലെ വില്‍പ്പന കണക്കുകള്‍ പുറത്ത് വരുമ്പോഴും ഡിസയര്‍ മികച്ച വില്‍പ്പന നേടി. പോയ മാസം സബ് കോംപാക്ട് സെഡാനിന് 19,100 പുതിയ ഉപഭോക്താക്കളെയാണ് ലഭിച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വില്‍പനയില്‍ വലിയ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2024 ഡിസംബറില്‍ ഡിസയറിന്റെ വില്‍പ്പന 16573 യൂണിറ്റായിരുന്നു. കഴിഞ്ഞ മാസം 2527 യൂണിറ്റുകളാണ് അധികം വിറ്റത്.

അതേസമയം കഴിഞ്ഞ മൂന്ന് മാസങ്ങളായി ഡിസയറിന്റെ വില്‍പ്പന 20000 യൂണിറ്റിന് മുകളിലായിരുന്നു. സെപ്റ്റംബറില്‍ 20038 യൂണിറ്റും ഒക്‌ടോബറില്‍ 20791 യൂണിറ്റും നവംബറില്‍ 21082 യൂണിറ്റുമായിരുന്നു വില്‍പ്പന. ഇതുമായി തട്ടിച്ച് നോക്കുമ്പോള്‍ കഴിഞ്ഞ മാസം വില്‍പ്പന കുറവാണ്. എന്നിരുന്നാലും ഇന്ത്യയിലെ ടോപ് 10 കാറുകളുടെ പട്ടികയില്‍ നാലാം സ്ഥാനം നേടാന്‍ ഡിസയറിനായി. മാരുതി ബലേനോ (22,100 യൂണിറ്റ്), മാരുതി ഫ്രോങ്ക്‌സ് (20700), ടാറ്റ നെക്‌സോണ്‍ (19400) എന്നിവയാണ് ഡിസയറിന് മുന്നിലുള്ളത്.
പുതിയ തലമുറ ഡിസയറിന്റെ വരവോടെ വാഹനത്തിന്റെ ലുക്കിലും ഫീച്ചറുകളിലും വന്ന മാറ്റങ്ങള്‍ ഉപഭോക്താക്കളെ വലിയ രീതിയില്‍ ആകര്‍ഷിച്ചിരുന്നു. ഒപ്പം കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ചെറുകാറുകളുടെ ചരക്കുസേവന നികുതി (ജിഎസ്ടി) നിരക്ക് 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറച്ചതും ഡിസയറിന്റെ വില്‍പനയില്‍ നിര്‍ണായക സ്വാധീനം ചെലുത്തി.
സ്വിഫ്റ്റിലൂടെ അരങ്ങേറിയ പുതിയ 1.2 ലിറ്റര്‍, 3 സിലിണ്ടര്‍ Z-സീരീസ് പെട്രോള്‍ എഞ്ചിനാണ് ന്യൂ ജെന്‍ ഡിസയറിന് കരുത്തേകുന്നത്. 82 bhp പവറും 112 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഈ എഞ്ചിന്‍ മാനുവല്‍, എഎംടി ഗിയര്‍ബോക്‌സുകളുമായി ഇണചേര്‍ക്കുന്നു. മൈലേജിന്റെ കാര്യത്തിലും ഡിസയര്‍ മുന്‍പന്തിയിലാണ്.
പെട്രോള്‍ പതിപ്പുകള്‍ ലിറ്ററിന് 24.79 കിലോമീറ്റര്‍ മുതല്‍ 25.71 കിലോമീറ്റര്‍ വരെ മൈലേജ് വാഗ്ദാനം ചെയ്യുന്നു. സിഎന്‍ജി വേരിയന്റുകളുടെ ക്ലെയിംഡ് മൈലേജ് കിലോയ്ക്ക് 33.73 കിലോമീറ്ററാണ്. അതുകൊണ്ട് തന്നെ ഡിസയര്‍ സ്വകാര്യ ഉപഭോക്താക്കള്‍ക്കൊപ്പം ടാക്‌സിക്കാരും വാങ്ങിക്കൂട്ടുന്നു. നിരവധി ആകര്‍ഷകമായ ഫീച്ചറുകളും ഡിസയറില്‍ മാരുതി സജ്ജീകരിച്ചിട്ടുണ്ട്.

9 ഇഞ്ച് സ്മാര്‍ട്ട്പ്ലേ പ്രോ പ്ലസ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവ ഇതിലുണ്ട്. കൂടാതെ, സെഗ്മെന്റില്‍ ആദ്യമായി ഇലക്ട്രിക് സണ്‍റൂഫ് അവതരിപ്പിച്ച് ഡിസയറിന്റെ ക്യാബിന്‍ കുറച്ച് കൂടി പ്രീമിയമാക്കി. ഇന്നത്തെ കാലത്ത് ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന സേഫ്റ്റി ഫീച്ചറുകളില്‍ ഒന്നായ 360 ഡിഗ്രി ക്യാമറയും ഡിസയറില്‍ വരുന്നു.
സുരക്ഷയുടെ കാര്യത്തില്‍ എല്ലാവരെയും ഞെട്ടിച്ച മോഡലാണ് ഡിസയര്‍. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടിയ ആദ്യ മാരുതി കാര്‍ ആണ് ഡിസയര്‍. ഇന്ത്യയുടെ സ്വന്തം ഭാരത് NCAP ക്രാഷ് ടെസ്റ്റിലും ഇതേ ഫലം ആവര്‍ത്തിച്ചു. 6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹില്‍ ഹോള്‍ഡ് അസിസ്റ്റ് തുടങ്ങിയ സുരക്ഷാ ക്രമീകരണങ്ങള്‍ എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേര്‍ഡായി നല്‍കിയിട്ടുണ്ട്.

നിലവില്‍ 6,25,600 രൂപ മുതല്‍ 9,31,300 രൂപ വരെയാണ് ഡിസയറിന്റെ വില. മാരുതി സുസുക്കി വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന എക്‌സ്‌ഷോറൂം വിലയാണ് ഇത്. 2025 ഡിസംബര്‍ മാസത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ എസ്യുവികളുടെ കുതിപ്പിനിടയിലും ഒറ്റയാന്‍ കണക്കെ ഡിസയര്‍ വിപണിയില്‍ ആധിപത്യം ഉറപ്പിക്കുന്ന കാഴ്ചയാണ് കാണാനാവുന്നത്. കുറഞ്ഞ വിലയില്‍ മികച്ച ഇന്ധനക്ഷമതയും സേഫ്റ്റിയും കൈനിറയെ ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്ന ഡിസയര്‍ വരും മാസങ്ങളിലും മാരുതി ഷോറൂമില്‍ ആളെക്കൂട്ടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








