25.71KM മൈലേജും 5-സ്റ്റാര്‍ സേഫ്റ്റിയുമുണ്ടെങ്കില്‍ പിന്നെ..! ₹6.25 ലക്ഷത്തിന്റെ മാരുതി വാങ്ങാന്‍ പൂരത്തിരക്ക്
സ്‌പോർട് യൂട്ടിലിറ്റി വാഹനങ്ങൾ (എസ്‌യുവി) ട്രെന്‍ഡിംഗായ കാലത്ത് ഇന്ത്യന്‍ വാഹന വിപണിയില്‍ ഒരു സെഡാന്‍ മോഡലിന്റെ അഴിഞ്ഞാട്ടമാണ് നടക്കുന്നത്. 2026 സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാറായി മാറിയ മാരുതി സുസുക്കി ഡിസയര്‍ (Maruti Suzuki Dzire) തന്നെയാണ് 2026 മാര്‍ച്ചിലും നമ്പര്‍ 1. 2025 മാര്‍ച്ച് മാസത്തെ അപേക്ഷിച്ച് വില്‍പ്പനയില്‍ വലിയ വളര്‍ച്ചയാണ് ഇത്തവണ ഡിസയര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഓട്ടോപണ്ഡിറ്റ്‌സ് പുറത്തുവിട്ട 2026 മാര്‍ച്ചിലെ വില്‍പ്പന റിപ്പോര്‍ട്ട് പ്രകാരം 21,224 ഡിസയര്‍ കാറുകളാണ് കമ്പനി വിറ്റഴിച്ചത്.
2025 മാര്‍ച്ചില്‍ 15,460 യൂണിറ്റുകളായിരുന്നു ഡിസയറിന്റെ വില്‍പ്പന. ഇത്തവണ 5764 യൂണിറ്റുകള്‍ അധികം വിറ്റതോടെ 37.26 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്താനായി. സ്വന്തം സെഗ്‌മെന്റില്‍ നിന്ന് ജനപ്രിയ എസ്‌യുവി മോഡലുകളില്‍ നിന്നുമുള്ള വെല്ലുവിളികള്‍ അതിജീവിച്ചാണ് ഡിസയര്‍ ഇന്ത്യക്കാര്‍ക്കിടയില്‍ ജനപ്രിയമായി തുടരുന്നത്. ഡിസയറിനോടുള്ള ഉപഭോക്താക്കളുടെ താല്‍പ്പര്യം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരികയാണെന്ന് വില്‍പ്പന കണക്കുകള്‍ വ്യക്തമാക്കുന്നു.

വാഹനത്തിന്റെ സാങ്കേതിക വശങ്ങള്‍ നോക്കിയാല്‍, പുതിയ 1.2 ലിറ്റര്‍ Z-സീരീസ് പെട്രോള്‍ എഞ്ചിനാണ് ഡിസയറിന് കരുത്തേകുന്നത്. 80 bhp പവറും 112 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ മാനുവല്‍, എജിഎസ് (ഓട്ടോ ഗിയര്‍ ഷിഫ്റ്റ്) ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ക്കൊപ്പം വാങ്ങാനാവും. മികച്ച ഇന്ധനക്ഷമത ഉറപ്പാക്കുന്ന ഈ എഞ്ചിന്‍ സിറ്റി ഡ്രൈവുകള്‍ക്കും ഹൈവേ യാത്രകള്‍ക്കും ഒരുപോലെ അനുയോജ്യമാണ്.
ഡിസയറിന്റെ പെട്രോള്‍ മാനുവല്‍ ലിറ്ററിന് 24.79 കിലോമീറ്ററും പെട്രോള്‍ എഎംടി 25.71 കിലോമീറ്ററുമാണ് മൈലേജ് പറയുന്നത്. ഇന്ധനച്ചെലവ് കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഡിസയറിന്റെ സിഎന്‍ജി പതിപ്പും വിപണിയില്‍ ലഭ്യമാണ്. സിഎന്‍ജി മോഡല്‍ കിലോഗ്രാമിന് 33.73 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ആകര്‍ഷകമായ മൈലേജ് സ്വകാര്യ ഉപഭോക്താക്കള്‍ക്കിടയില്‍ മാത്രമല്ല ടാക്‌സി ഓപറേറ്റര്‍മാര്‍ക്കിടയിലും ഡിസയറിനെ പ്രിയങ്കരമാക്കുന്നു.

2024-ല്‍ തലമുറ മാറ്റം സംഭവിച്ചപ്പോള്‍ ഡിസയറിന്റെ സുരക്ഷയില്‍ വമ്പന്‍ പുരോഗതിയുണ്ടായിരുന്നു.ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കിയ ആദ്യ മാരുതി കാറായി ഡിസയര്‍ മാറി? 6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹില്‍ ഹോള്‍ഡ് അസിസ്റ്റ് തുടങ്ങിയ സുരക്ഷാ ക്രമീകരണങ്ങള്‍ വാഹനത്തില്‍ സ്റ്റാന്‍ഡേര്‍ഡായി നല്‍കിയിട്ടുണ്ട്.
യാത്രക്കാര്‍ക്ക് മികച്ച സൗകര്യവും പ്രീമിയം ലുക്കും നല്‍കുന്ന രീതിയിലാണ് ഉള്‍വശം ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഡിസയറിന്റെ അകത്തളത്തില്‍ 9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, സണ്‍റൂഫ് തുടങ്ങിയവ സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ പാര്‍ക്കിംഗ് എളുപ്പമാക്കാനായി 360-ഡിഗ്രി ക്യാമറയും നല്‍കിയിരിക്കുന്നു. നിലവില്‍ 6.25 ലക്ഷം രൂപ മുതല്‍ 9.31 ലക്ഷം രൂപ വരെയാണ് ഡിസയറിന്റെ എക്‌സ്-ഷോറൂം വില.

ഉയര്‍ന്ന മൈലേജിനൊപ്പം കുറഞ്ഞ പരിപാലനച്ചെലവും മാരുതിയുടെ വിപുലമായ സര്‍വീസ് ശൃംഖലയുമാണ് ഡിസറിന്റെ വില്‍പ്പന ഉയര്‍ത്താന്‍ സഹായിക്കുന്ന ഘടകങ്ങള്‍. ഇന്ത്യന്‍ വിപണിയില്‍ ഹോണ്ട അമേസ്, ഹ്യുണ്ടായി ഓറ, ടാറ്റ ടിഗോര്‍ തുടങ്ങിയ മോഡലുകളാണ് ഡിസയറിന്റെ പ്രധാന എതിരാളികള്‍. എന്നാല്‍ വില്‍പ്പന കണക്കുകളില്‍ ഡിസയര്‍ എതിരാളികള്‍ക്ക് തൊടാന്‍ പോലും എത്താത്ത അത്ര ഉയരത്തിലാണ്. വരും മാസങ്ങളിലും ഇതേ വളര്‍ച്ചാ നിരക്ക് ഡിസയറിന് നിലനിര്‍ത്താന്‍ കഴിയുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








