6 പേര്‍ക്ക് വരെ കയറാവുന്ന വണ്ടിക്ക് 28KM മൈലേജ്! 5.21 ലക്ഷം മാത്രം വിലയുള്ള വാന്‍ വാങ്ങിക്കൂട്ടി ഇന്ത്യക്കാര്‍

ഇന്ത്യന്‍ പാസഞ്ചര്‍ വാഹന വിപണിയില്‍ തങ്ങളുടെ അനിഷേധ്യമായ ആധിപത്യം കൂടുതല്‍ ശക്തമാക്കിക്കൊണ്ട് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് 2026 മെയ് മാസത്തില്‍ തങ്ങളുടെ എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ വില്‍പ്പന രേഖപ്പെടുത്തിയിരിക്കുകയാണ്. കമ്പനി പുറത്തുവിട്ട ഔദ്യോഗിക വാര്‍ത്താകുറിപ്പ് പ്രകാരം ആഭ്യന്തര വിപണിയിലും കയറ്റുമതിയിലുമായി റെക്കോര്‍ഡ് വില്‍പ്പനനയാണ് ഇത്തവണ കൈവരിച്ചത്. 2026 മെയ് മാസത്തില്‍ ആകെ 2,42,688 യൂണിറ്റ് വാഹനങ്ങളാണ് മാരുതി സുസുക്കി ആഗോളതലത്തില്‍ വിറ്റഴിച്ചത്. 2025 മെയ് മാസത്തില്‍ വിറ്റ 1,80,077 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കമ്പനിയുടെ മൊത്തം വില്‍പ്പനയില്‍ സുസ്ഥിരമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

മാരുതിയുടെ ഈ വമ്പന്‍ വില്‍പ്പനയില്‍ മികച്ച സംഭാവന നല്‍കിയ മോഡല്‍ ആണ് മാരുതി ഈക്കോ. ഇന്ത്യന്‍ വിപണിയിലെ സാധാരണക്കാരുടെയും ബിസിനസുകാരുടെയും പ്രിയപ്പെട്ട വാന്‍ മോഡലായ ഈക്കോ (Eeco) മെയ് മാസത്തില്‍ വിപണി സാന്നിധ്യം ശക്തമായി നിലനിര്‍ത്തി. ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം 2026 മെയ് മാസത്തില്‍ മാത്രം 13,240 യൂണിറ്റ് ഈക്കോ വാനുകളാണ് ആഭ്യന്തര വിപണിയില്‍ മാരുതി വിറ്റഴിച്ചത്.

maruti suzuki eeco sales may 2026

2025 മെയ് മാസത്തില്‍ ഈക്കോ വാനിന്റെ വില്‍പ്പന 12,327 യൂണിറ്റുകള്‍ മാത്രമായിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വാനിന്റെ ഡിമാന്‍ഡ് കൂടിയത് മികച്ച വാര്‍ഷിക വളര്‍ച്ച നേടാന്‍ കമ്പനിയെ സഹായിച്ചു. ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ രണ്ട് മാസങ്ങളിലെ (ഏപ്രില്‍-മെയ്) ഈക്കോയുടെ ആകെ വില്‍പ്പന 26,327 യൂണിറ്റുകളില്‍ എത്തിനില്‍ക്കുന്നു.

കൂടുതല്‍ ആളുകള്‍ക്ക് ഒന്നിച്ച് യാത്ര ചെയ്യാവുന്ന മാരുതി ഈക്കോ അതിന്റെ മികച്ച പ്രായോഗികത കൊണ്ടാണ് വിപണിയില്‍ തരംഗം സൃഷ്ടിക്കുന്നത്. വിപുലമായ കാര്‍ഗോ ആവശ്യങ്ങള്‍ക്കും വാണിജ്യ ആവശ്യങ്ങള്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന തരത്തിലുള്ള വിശാലമായ ഇന്റീരിയര്‍ സ്‌പേസും മികച്ച മെക്കാനിക്കല്‍ സവിശേഷതകളുമാണ് ഈ ബജറ്റ് വാനിന്റെ പ്രധാന സവിശേഷതകള്‍. 5 സീറ്റര്‍, 6 സീറ്റര്‍ എന്നിങ്ങനെ രണ്ട് സീറ്റിംഗ് ഓപ്ഷനുകളില്‍ ഈക്കോ ലഭ്യമാണ്.

കൂടാതെ വാണിജ്യ ഉപയോഗത്തിനായി കാര്‍ഗോ വാന്‍ വേരിയന്റും വിപണിയിലുണ്ട്. നിലവില്‍ 5.21 ലക്ഷം രൂപ മുതലാണ് ഈക്കോയുടെ വില തുടങ്ങുന്നത്.6.36 ലക്ഷം രൂപയാണ് ടോപ് എന്‍ഡ് വേരിയന്റിന്റെ വില. എക്സ്ഷോറൂം വിലയാണ് ഇത്. ബജറ്റ് മോഡല്‍ ആണെങ്കിലും ഈക്കോയെ കാലികമായി നിലനിര്‍ത്താന്‍ ആവശ്യമായ മാറ്റങ്ങള്‍ അകത്തളത്തില്‍ മാരുതി വരുത്തിയിട്ടുണ്ട്.

മാരുതിയുടെ സെലേറിയോ, എസ്-പ്രെസ്സോ മോഡലുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട പുതിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും സ്റ്റിയറിംഗ് വീലുമാണ് ഇതിലുള്ളത്. പഴയ സ്ലൈഡിംഗ് എസി കണ്‍ട്രോളുകള്‍ക്ക് പകരം പുതിയ റോട്ടറി യൂണിറ്റുകള്‍ നല്‍കി. ഈ മാറ്റങ്ങള്‍ ഈക്കോ വാനിന്റെ അകത്തളത്തിന്റെ മൊത്തത്തിലുള്ള ലുക്കിലും സൗകര്യത്തിലും വലിയ മാറ്റം കൊണ്ടുവന്നിട്ടുണ്ട്.

maruti suzuki eeco sales may 2026

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി 11 സുരക്ഷാ ഫീച്ചറുകള്‍ പുതിയ ഈക്കോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 6 എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ ഇതില്‍ പ്രധാനമാണ്. കൂടാതെ എഞ്ചിന്‍ ഇമ്മൊബിലൈസര്‍, കുട്ടികള്‍ക്കായി ഡോര്‍ ലോക്ക്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിവയും ഇതിലുണ്ട്.

1.2 ലിറ്റര്‍ K-സീരീസ് ഡ്യുവല്‍ ജെറ്റ് പെട്രോള്‍ എഞ്ചിനാണ് ഈക്കോയ്ക്ക് കരുത്തേകുന്നത്. ഇത് 80 bhp പവറും 104.4 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. പെട്രോള്‍ പതിപ്പിന് പുറമെ ഈക്കോയുടെ സിഎന്‍ജി (CNG) പതിപ്പും വിപണിയില്‍ ലഭ്യമാണ്. സിഎന്‍ജി മോഡില്‍ 70.67 bhp പവറും 95 Nm ടോര്‍ക്കുമാണ് നല്‍കുക.

maruti suzuki eeco sales may 2026

നിലവില്‍ 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ മാത്രമാണ് ഈക്കോ ഓഫര്‍ ചെയ്യുന്നത്. സിഎന്‍ജി പതിപ്പിന് പവര്‍ ഔട്ട്പുട്ട് കുറയുമെങ്കിലും മൈലേജ് കൂടും. വാഹനത്തിന്റെ ഇന്ധനക്ഷമതയാണ് ഇടത്തരക്കാരെ ഈക്കോയിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകം. പെട്രോള്‍ പതിപ്പില്‍ ലിറ്ററിന് 19.71 കിലോമീറ്ററും സിഎന്‍ജി പതിപ്പില്‍ കിലോയ്ക്ക് 26.78 കിലോമീറ്ററുമാണ് മൈലേജ് വാഗ്ദാനം ചെയ്യുന്നത്.

മാരുതി സുസുക്കി വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന മൈലേജ് കണക്കുകളാണ് ഇത്. കുടുംബങ്ങള്‍ക്കും ചെറുകിട സംരംഭകര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട ഈക്കോ വരുംമാസങ്ങളിലും ഈ മികച്ച പ്രകടനം തുടരുമെന്ന് പ്രതീക്ഷിക്കാം. മാരുതി ഒംനിയുടെ പകരക്കാരനായി എത്തി വാന്‍ വിപണിയുടെ 90 ശതമാനവും ഈക്കോ കൈയ്യടക്കി വെച്ചിരിക്കുകയാണ്.

Article Published On: Wednesday, June 3, 2026, 13:34 [IST]
English summary
Maruti suzuki eeco van sales 13240 units may 2026 report malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X