എര്‍ട്ടിഗയെ പോലെ മറ്റൊരു 7-സീറ്റര്‍ മാരുതി വരുന്നു! പെട്രോള്‍ അടിക്കണ്ട, 'തീറ്റിപ്പോറ്റാന്‍' സുഖം
ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ഫാമിലി കാറുകളില്‍ ഒന്നായ മാരുതി സുസുക്കി എര്‍ട്ടിഗ (Maruti Suzuki Ertiga) എല്ലാ മാസവും സെയില്‍സ് ചാര്‍ട്ടുകളില്‍9 മുന്‍നിരയിലാണ് ഉണ്ടാകാറ്. ഇന്ത്യന്‍ കുടുംബങ്ങളുടെ വിശ്വസ്ത വാഹനമായ മാരുതി സുസുക്കി എര്‍ട്ടിഗ ഇപ്പോള്‍ പുതിയൊരു വിപ്ലവത്തിന് തിരികൊളുത്താന്‍ പോകുകയാണ്. വില്‍പ്പന കണക്കുകളില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി കുതിക്കുന്ന എര്‍ട്ടിഗയുടെ വിജയഗാഥയ്‌ക്കൊപ്പം, വാഹനപ്രേമികളെ ആവേശത്തിലാഴ്ത്തുന്ന മറ്റൊരു രഹസ്യായുധം കൂടി മാരുതിയുടെ പണിപ്പുരയില്‍ ഒരുങ്ങുകയാണ്-ഒരു പുത്തന്‍ 7-സീറ്റര്‍ ഇലക്ട്രിക് എംപിവി.
2026 ഏപ്രില്‍ മാസത്തിലെ വില്‍പ്പന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോള്‍ എര്‍ട്ടിഗ ജനപ്രീതി വീണ്ടും തെളിയിച്ചിരിക്കുകയാണ്. കഴിഞ്ഞ മാസം മാത്രം 19,063 എര്‍ട്ടിഗ എംപികളാണ് മാരുതി സുസുക്കി വിറ്റഴിച്ചത്. 2025 ഏപ്രിലിലെ 15,780 യൂണിറ്റുകളെ അപേക്ഷിച്ച് നോക്കുമ്പോള്‍, ഇത് വലിയ കുതിച്ചുചാട്ടമായിട്ടാണ്. കണക്കുകള്‍ പരിശോധിച്ചാല്‍, ഒറ്റ വര്‍ഷത്തിനുള്ളില്‍ 3,283 യൂണിറ്റുകളുടെ വര്‍ദ്ധനവാണ് ഈ മോഡല്‍ നേടിയിരിക്കുന്നത്.

ഏകദേശം 20.80 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് എര്‍ട്ടിഗ സ്വന്തമാക്കിയിട്ടുള്ളത്. ഇതോടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന ടോപ് 10 കാറുകളുടെ പട്ടികയില്‍ മൂന്നാം സ്ഥാനം ഉറപ്പിക്കാനും ഈ 7-സീറ്റര്‍ വാഹനത്തിന് സാധിച്ചു. നിലവില്‍ മാരുതി ഡിസയറും (23,580 യൂണിറ്റ്) ടാറ്റ പഞ്ചുമാണ് (19,107 യൂണിറ്റ്) ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പാസഞ്ചര്‍ കാറുകളുടെ പട്ടികയില്‍ എര്‍ട്ടിഗയ്ക്ക് മുന്നില്‍ ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ നേടിയത്.
രാജ്യത്തെ നമ്പര്‍ 1 എംപിവിയും ബെസ്റ്റ് സെല്ലിംഗ് 7 സീറ്റര്‍ കാര്‍ എന്നീ പദവികളും എര്‍ട്ടിഗ നിലനിര്‍ത്തും. ആകര്‍ഷകമായ വിലയും മികച്ച സ്ഥലസൗകര്യവുമാണ് എര്‍ട്ടിഗയെ ഇപ്പോഴും സാധാരണക്കാരുടെ പ്രിയപ്പെട്ട എംപിവിയായി നിലനിര്‍ത്തുന്നത്. വെറും 8.80 ലക്ഷം രൂപ മുതലാണ് എര്‍ട്ടിഗയുടെ വില തുടങ്ങുന്നത്. ഇതിനിടയിലാണ് മാരുതിയുടെ പുതിയ ഇലക്ട്രിക് അവതാരത്തെ കുറിച്ചുള്ള സൂചനകള്‍ പുറത്തുവരുന്നത്.

മാരുതിയുടെ പണിപ്പുരയില്‍ ഒരുങ്ങുന്ന പുതിയ ഇലക്ട്രിക് എംപിവി നിലവില്‍ വിപണിയിലുള്ള എര്‍ട്ടിഗയ്ക്കോ കുറച്ച് കൂടി പ്രീമിയം മോഡലായ XL6 എംപിവിക്കോ പകരക്കാരനാവില്ല. മറിച്ച്, പരിസ്ഥിതി സൗഹൃദ യാത്രകള്‍ക്കായി രൂപകല്‍പ്പന ചെയ്ത പുതിയ ഒരു മോഡലായിരിക്കും ഇത്. ഇതിന്റെ പരീക്ഷണയോട്ടങ്ങള്‍ ഇന്ത്യന്‍ നിരത്തുകളില്‍ അതീവ രഹസ്യമായി പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മാരുതി സുസുക്കി വിപണിയിലിറക്കുന്ന രണ്ടാമത്തെ ഇലക്ട്രിക് കാറായിരിക്കും ഈ 7-സീറ്റര്‍ എംപിവി. കമ്പനിയുടെ ആദ്യ ഇലക്ട്രിക് എസ്‌യുവിയായ ഇ വിറ്റാര (e Vitara) അടുത്തിടെയാണ് വിപണിയില്‍ പ്രവേശിച്ചത്. കുടുംബങ്ങളെ ലക്ഷ്യമിട്ട് പുറത്തിറക്കുന്ന ഈ ഒരു മോഡലിലൂടെ ഇവി വിപണിയില്‍ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനാണ് മാരുതി ലക്ഷ്യമിടുന്നത്.

പുതിയ ഇലക്ട്രിക് എംപിവിയുടെ കൃത്യമായ സാങ്കേതിക വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും, ഉയര്‍ന്ന റേഞ്ചും അത്യാധുനിക ഫീച്ചറുകളും ഇതില്‍ പ്രതീക്ഷിക്കാം. ഇതിനോടകം തന്നെ വിപണിയിലുള്ള കിയ കാരെന്‍സ് ക്ലാവിസ് ഇവി പോലുള്ള മോഡലുകള്‍ക്ക് മാരുതിയുടെ ഈ പുതിയ പതിപ്പ് വലിയ വെല്ലുവിളിയാകും. കുറഞ്ഞ ചിലവില്‍ കുടുംബത്തോടൊപ്പം ദൂരയാത്രകള്‍ ചെയ്യാന്‍ ഇത് ഉപഭോക്താക്കളെ സഹായിക്കും.
എര്‍ട്ടിഗയുടെ വില്‍പ്പനയിലെ ഈ വന്‍ കുതിപ്പും പുതിയ ഇലക്ട്രിക് മോഡലിന്റെ വരവും എംപിവി വിപണിയില്‍ മാരുതിക്ക് കൂടുതല്‍ മുന്‍തൂക്കം നല്‍കും. ഈ വര്‍ഷം അവസാനത്തോടെയോ 2027 തുടക്കത്തിലോ ഈ പുതിയ ഇലക്ട്രിക് എംപിവി വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുരക്ഷിതവും ലാഭകരവുമായ യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് മാരുതിയുടെ പുതിയ ഇലക്ട്രിക് എംപിവിക്കായി കാത്തിരുന്നാല്‍ നഷ്ടമാകില്ല.


Click it and Unblock the Notifications