ലോഞ്ചിന് മുമ്പേ ഇവിറ്റാരയുടെ വില പുറത്ത്; മാരുതിയുടെ കന്നി ഇവി പ്രീമിയം നിരയിലേക്കോ? കൂടുതൽ വിവരങ്ങൾ അറിയാം
രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ കന്നി ഇലക്ട്രിക് കാറായ ഇവിറ്റാര (eVitara) ഈ മാസം വിപണിയില്‍ എത്തിക്കാനുള്ള തയാറെടുപ്പിലാണ്. ഔദ്യോഗിക ലോഞ്ചിന് മുമ്പ് ഇലക്ട്രിക് എസ്‌യുവിയുടെ വിലയും വേരിയന്റുകളും ഉള്‍പ്പെടെയുള്ള നിര്‍ണായക വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ ചോര്‍ന്നു. തമിഴ്നാട്ടിലെ തിരുപ്പൂരിലുള്ള ഒരു നെക്‌സ ഡീലര്‍ഷിപ്പിന്റെ വെബ്സൈറ്റിലൂടെയാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്. ചോര്‍ന്ന വിവരങ്ങള്‍ പ്രകാരം മാരുതി ഇവിറ്റാരയുടെ എക്‌സ്-ഷോറൂം വില 24,78,958 രൂപയായിരിക്കും. നെക്‌സയുടെ ഔദ്യോഗിക വെബ്സൈറ്റിലെ കോണ്‍ഫിഗറേറ്ററിലും ഈ വില നേരത്തെ ദൃശ്യമായിരുന്നുവെങ്കിലും പിന്നീട് അത് നീക്കം ചെയ്തു.
ഏറ്റവും ഉയര്‍ന്ന 'ആല്‍ഫ' (Alpha) ട്രിമ്മില്‍ മാത്രമായിരിക്കും വാഹനം ലഭ്യമാകുക എന്നാണ് വെബ്‌സൈറ്റില്‍ നല്‍കിയ സൂചനകള്‍. സ്മാര്‍ട്ട് ഫിനാന്‍സ് വിഭാഗത്തിലെ വിവരങ്ങള്‍ പ്രകാരം ഇവിറ്റാര ആല്‍ഫ പതിപ്പിന് ഓണ്‍-റോഡ് വില ഏകദേശം 24.98 ലക്ഷം രൂപ വരെ വരാം. എല്ലാ അത്യാധുനിക ഫീച്ചറുകളും ഉള്‍പ്പെടുത്തിയ ഒരു സമ്പൂര്‍ണ പാക്കേജ് ആയി മാത്രമാകും ഇവിറ്റാര ഇലക്ട്രിക് എസ്‌യുവി ഉഭോക്താക്കളിലേക്ക് എത്തുകയെന്നാണ് ചോര്‍ന്ന വിവരങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.

49 kWh, 61.1 kWh എന്നിങ്ങനെ രണ്ട് ശേഷിയുള്ള ബാറ്ററി പായ്ക്കുകള്‍ ഇലക്ട്രിക് എസ്‌യുവിയില്‍ വരുമെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ പുറത്തുവന്ന 24.79 ലക്ഷം രൂപ എന്നത് 49 kWh ബാറ്ററി പതിപ്പിന്റെയ്ാണോ അതോ 61.1 kWh ബാറ്ററി പായ്ക്കിന്റെ ആണോ എന്ന് വ്യക്തമല്ല. ഓള്‍ വീല്‍ ഡ്രൈവ് (AWD) സംവിധാനവുമുള്ള മോഡലിന് ഇതിലും ഉയര്‍ന്ന വില സ്വാഭാവികമായും പ്രതീക്ഷിക്കാം.
സാങ്കേതികമായി നോക്കിയാല്‍ ബിവൈഡി (BYD) നിര്‍മ്മിതമായ ബ്ലേഡ് സെല്‍ ബാറ്ററികളാണ് ഇവിറ്റാരയില്‍ ഉപയോഗിക്കുന്നത്. പ്രാദേശികമായി നിര്‍മ്മിക്കുന്ന വാഹനമായതിനാല്‍ വിലയില്‍ വലിയ കുറവ് ഉപഭോക്താക്കള്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ചോര്‍ന്ന വിവരങ്ങള്‍ പ്രകാരം വാഹനത്തിന് ഉയര്‍ന്ന വിലയാണ് നിശ്ചയിച്ചിരിക്കുന്നത്. ഒരുപക്ഷേ ചോര്‍ന്ന വില ഇവിറ്റാരയുടെ ടോപ് സ്‌പെക് വേരിയന്റുകളുടേത് ആകാനും സാധ്യതയുണ്ട്.

ഏതയാലും ഉയര്‍ന്ന വില ഇലക്ട്രിക് വാഹന വിപണിയിലെ മറ്റ് എതിരാളികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവിറ്റാരയ്ക്ക് വലിയ വെല്ലുവിളിയായി മാറാന്‍ സാധ്യതയുണ്ട്. ഇന്ത്യന്‍ വിപണിയില്‍ മഹീന്ദ്ര BE 6, ടാറ്റ കര്‍വ് ഇവി, ഹ്യൂണ്ടായി ക്രെറ്റ ഇലക്ട്രിക്, എംജി ZS ഇവി എന്നിവയാണ് പ്രധാന എതിരാളികള്‍. മഹീന്ദ്രയുടെ ഇവികള്‍ 18.90 ലക്ഷം രൂപ മുതല്‍ ലഭ്യമാകുമ്പോള്‍ മാരുതിയുടെ ഉയര്‍ന്ന വില ഉപഭോക്താക്കളെ എങ്ങനെ സ്വാധീനിക്കുമെന്ന് കണ്ടറിയണം.
വാഹനത്തിന്റെ മെക്കാനിക്കല്‍ വശങ്ങളിലേക്ക് വന്നാല്‍, ഇവിറ്റാര ഒരു പ്രായോഗികമായ എസ്യുവിയായാണ് മാരുതി അവതരിപ്പിക്കുന്നത്. അതിശയിപ്പിക്കുന്ന പെര്‍ഫോമന്‍സിനേക്കാള്‍ ഉപരിയായി ഈടുറ്റ നിര്‍മ്മാണത്തിനും വിശ്വാസ്യതയ്ക്കുമാണ് കമ്പനി മുന്‍ഗണന നല്‍കിയിരിക്കുന്നത്. ഗുജറാത്തിലെ മാരുതി സുസുക്കി പ്ലാന്റിലാണ് ഈ വാഹനം നിര്‍മ്മിക്കുന്നത്. ഇവിടെ നിന്നും വിദേശ വിപണികളിലേക്കും ഇവിറ്റാര കയറ്റുമതി ചെയ്യുന്നുണ്ട്.

ചോര്‍ന്നത് ഡീലര്‍ വെബ്സൈറ്റില്‍ നിന്നുള്ള വിവരങ്ങള്‍ ആയതിനാല്‍ ഔദ്യോഗിക ലോഞ്ച് സമയത്ത് വിലയില്‍ മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അത് കൊണ്ട് ഇവിറ്റാര സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ അത് ആലോചിച്ച് ഇപ്പോഴേ ബേജാറാകേണ്ട കാര്യമില്ല. വരും ദിവസങ്ങളില്‍ തന്നെ ഔദ്യോഗിക വില പ്രഖ്യാപനം ഉണ്ടാകുമെന്നാണ് അറിയുന്നത്. ഇലക്ട്രിക് വാഹന വിപണിയിലേക്ക് ചുവടുവെക്കുന്ന മാരുതിക്ക് ഇവിറ്റാരയുടെ വിലയും വിപണിയിലെ സ്വീകാര്യതയും ഏറെ നിര്‍ണായകമാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








