മാരുതിയെ വക 'ഇലക്ട്രിക്' ഷോക്ക്! ഇ-വിറ്റാരക്ക് ആദ്യ വില വര്‍ദ്ധനവ്; ഇനി ₹30000 അധികം മുടക്കണം
മാരുതി സുസുക്കി തങ്ങളുടെ കന്നി ഇലക്ട്രിക് എസ്‌യുവിയായ 'ഇ-വിറ്റാര'യുടെ (Maruti Suzuki eVitara) വില ആദ്യമായി വര്‍ദ്ധിപ്പിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ദീര്‍ഘനാളത്തെ കാത്തിരിപ്പിന് ശേഷം ഈ മോഡല്‍ വിപണിയിലെത്തിയത്. വാഹന നിര്‍മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും പണപ്പെരുപ്പവുമാണ് ഈ വില പരിഷ്‌കരണത്തിന് പിന്നിലെ പ്രധാന കാരണമെന്ന് കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. സ്റ്റാന്‍ഡേര്‍ഡ് വേരിയന്റുകള്‍ക്ക് പുറമെ പ്രാരംഭ ചിലവ് കുറയ്ക്കാന്‍ സഹായിക്കുന്ന ബാറ്ററി-ആസ്-എ-സര്‍വീസ് (BaaS) പതിപ്പുകളും പുതിയ വിലവര്‍ദ്ധനവിന് കീഴില്‍ വരുന്നുണ്ട്.
ഇന്ത്യന്‍ വിപണിയില്‍ ഡെല്‍റ്റ, സീറ്റ, ആല്‍ഫ (Delta, Zeta, Alpha) എന്നീ മൂന്ന് പ്രധാന വേരിയന്റുകളിലാണ് മാരുതി ഇ-വിറ്റാര നിലവില്‍ വിപണനം ചെയ്യുന്നത്. ഇതില്‍ എസ്‌യുവിയുടെ മിഡ്-സ്‌പെക് സീറ്റ വേരിയന്റുകള്‍ക്കാണ് ഇപ്പോള്‍ ഏറ്റവും ഉയര്‍ന്ന വില വര്‍ധനവ് ലഭിച്ചത്. ഈ വേരിയന്റ് സ്വന്തമാക്കാന്‍ ഇനി 30000 രൂപ അധികം മുടക്കണം.

അതേസമയം എല്ലാ സവിശേഷതകളും അടങ്ങിയ ടോപ്പ്-എന്‍ഡ് 'ആല്‍ഫ' വേരിയന്റുകള്‍ക്ക് മുമ്പ് ഉണ്ടായിരുന്ന നിരക്കിനേക്കാള്‍ 20,000 രൂപ വരെയാണ് കമ്പനി വര്‍ദ്ധിപ്പിച്ചിട്ടുള്ളത്. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളുടെ ഈ അപ്രതീക്ഷിത നീക്കം പുത്തന്‍ ഇവി ഉപഭോക്താക്കളുടെ ബജറ്റിനെ നേരിയ രീതിയില്‍ ബാധിച്ചേക്കാം. മാരുതി സുസുക്കി ഈ അത്യാധുനിക കോംപാക്ട് ഇലക്ട്രിക് എസ്‌യുവിയില്‍ രണ്ട് വ്യത്യസ്ത ബാറ്ററി പായ്ക്ക് ഓപ്ഷനുകളാണ് നല്‍കുന്നത്.
ഇതിലെ ചെറിയ 49 kWh ബാറ്ററി വേരിയന്റ് ഒറ്റ ചാര്‍ജില്‍ പരമാവധി 440 കിലോമീറ്റര്‍ വരെ ഡ്രൈവിംഗ് റേഞ്ച് (Claimed Range) വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ കൂടുതല്‍ കരുത്തുള്ള വലിയ 61 kWh ബാറ്ററി പായ്ക്ക് ഉപയോഗിക്കുന്ന ലോംഗ്-റേഞ്ച് പതിപ്പുകള്‍ക്ക് ഒറ്റ ചാര്‍ജിംഗില്‍ 543 കിലോമീറ്റര്‍ വരെ സുഗമമായി സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി സാക്ഷ്യപ്പെടുത്തുന്നത്.

ദീര്‍ഘദൂര യാത്രകള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ഇവി പ്രേമികള്‍ക്കിടയില്‍ ഈ വലിയ ബാറ്ററി പതിപ്പിനാണ് കൂടുതല്‍ ഡിമാന്‍ഡ് ഉള്ളത്. ഫീച്ചറുകള്‍ക്ക് പുറമെ ഇവിയുടെ സുരക്ഷ വശത്തിലും വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് കമ്പനി സ്വീകരിച്ചിരിക്കുന്നത്. അടുത്തിടെ ഭാരത് NCAP (Bharat NCAP) ക്രാഷ് ടെസ്റ്റിംഗില്‍ ഫുള്‍ 5-സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കാന്‍ ഈ ഇലക്ട്രിക് വാഹനത്തിന് സാധിച്ചിരുന്നു.
യാത്രക്കാരുടെ പരിരക്ഷയ്ക്കായി ഈ വാഹനത്തില്‍ ഏഴ് എയര്‍ബാഗുകള്‍, ലെവല്‍ 2 ADAS സാങ്കേതികവിദ്യ, 360-ഡിഗ്രി ക്യാമറ സിസ്റ്റം എന്നിവ സ്റ്റാന്‍ഡേര്‍ഡായി നല്‍കിയിട്ടുണ്ട്. കൂടാതെ ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), ഓള്‍ വീല്‍ ഡിസ്‌ക് ബ്രേക്കുകള്‍ എന്നിവ ഇതിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നു. ഉപഭോക്താക്കള്‍ക്ക് മികച്ച യാത്രാനുഭവം നല്‍കുന്നതിനായി അറുപതിലധികം കണക്റ്റഡ് കാര്‍ ഫീച്ചറുകളുമായാണ് ഇ-വിറ്റാരയുടെ വരവ്.

വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേ, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഡ്യുവല്‍-ടോണ്‍ ഫിനിഷിംഗിലുള്ള പ്രീമിയം ക്യാബിന്‍ എന്നിവ ഇതിന്റെ ഫീല്‍ ഉയര്‍ത്തുന്നു. ഇവ കൂടാതെ വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, പിന്നിലെ യാത്രക്കാര്‍ക്കായി റീക്ലൈനിംഗ് സീറ്റ് സൗകര്യം, പനോരമിക് സണ്‍റൂഫ് എന്നിവ ലക്ഷ്വറി ഫീല്‍ ഉയര്‍ത്തുന്നു.
യാത്രകള്‍ ആനന്ദകരമാക്കാന്‍ പ്രീമിയം ബ്രാന്‍ഡായ ഹര്‍മന്‍ കാര്‍ഡന്റെ (Harman Kardon) അത്യാധുനിക സൗണ്ട് സിസ്റ്റവും ഈ കാറില്‍ ലഭ്യമാക്കിയിട്ടുണ്ട്. വില പരിഷ്‌കരണത്തിന് ശേഷം മാരുതി ഇ-വിറ്റാരയുടെ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റുകളുടെ പ്രാരംഭ എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത് 15.99 ലക്ഷം രൂപ മുതലാണ്. എന്നാല്‍ ഇതിന്റെ ബാസ് പതിപ്പുകള്‍ വെറും 10.99 ലക്ഷം രൂപയുടെ പ്രാരംഭ എക്‌സ്-ഷോറൂം വിലയില്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കും.
നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ മഹീന്ദ്ര BE 6, ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, ടാറ്റ കര്‍വ് ഇവി, വിന്‍ഫാസ്റ്റ് VF 6 എന്നിവയോടാണ് ഇ-വിറ്റാര പ്രധാനമായും മത്സരിക്കുന്നത്. ഈ മാരുതി മോഡലിന് കടുത്ത വെല്ലുവിളിയുമായി ഈ മാസം അവസാനം ടാറ്റ സിയറ ഇവി ലോഞ്ച് ചെയ്യുന്നുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications