എന്താണ് മാരുതി ഇ-വിറ്റാരയുടെ ബാറ്ററി EMI? സബ്‌സ്‌ക്രിപ്ഷന്‍ നിരക്ക്, റണ്ണിംഗ് കോസ്റ്റ്, മറ്റ് ആനുകൂല്യങ്ങള്‍
ഇന്ത്യക്കാരുടെ മാസങ്ങളായുള്ള കാത്തിരിപ്പിന് അന്ത്യം കുറിച്ച് കൊണ്ട് മാരുതി സുസുക്കി വലിയ ഒച്ചപ്പാടും ബഹളങ്ങളുമില്ലാതെ തങ്ങളുടെ കന്നി ഇലക്ട്രിക് കാര്‍ പുറത്തിറക്കിയിരിക്കുകയാണ്. മാരുതി സുസുക്കി ഇ-വിറ്റാര (eVitara) ബാറ്ററി സബ്സ്‌ക്രിപ്ഷന്‍ പ്രോഗ്രാമിന് കീഴില്‍ 10.99 ലക്ഷം രൂപ പ്രാരംഭ എക്സ്ഷോറൂം വിലയിലാണ് പുറത്തിറക്കിയത്. കുറഞ്ഞ ചിലവില്‍ ഇലക്ട്രിക് വാഹന ഉടമസ്ഥാവകാശം ഉറപ്പാക്കുകയാണ് മാരുതിയുടെ ലക്ഷ്യം. ഇ-വിറ്റാരയുടെ സബ്‌സ്‌ക്രിപ്ഷന്‍ നിരക്ക്, റണ്ണിംഗ് കോസ്റ്റ്, റേഞ്ച്, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയെ കുറിച്ച് അറിയാന്‍ ഏവര്‍ക്കും താല്‍പര്യമുണ്ടാകും. അത് ചുവടെ വിശദമായി വായിക്കാം.
എന്താണ് 'ബാസ്'?
ബാറ്ററി-ആസ്-എ-സര്‍വീസ് (BaaS) എന്ന സബ്സ്‌ക്രിപ്ഷന്‍ മാതൃകയാണ് ഇ-വിറ്റാരയുടെ പ്രധാന ആകര്‍ഷണം. ഈ പ്ലാന്‍ പ്രകാരം ഉപഭോക്താക്കള്‍ വാഹനത്തിന് കുറഞ്ഞ വില നല്‍കിയാല്‍ മതി. എന്നാല്‍ ഓടുന്ന ഓരോ കിലോമീറ്ററിനും 3.99 രൂപ വാടക പോലെ കമ്പനിക്ക് നല്‍കേണ്ടി വരും. ഒരു ഇവിയുടെ ഏറ്റവും ചെലവേറിയ ഘടകങ്ങളില്‍ ഒന്ന് ബാറ്ററിയാണ്. ബാറ്ററിയുടെ വില ഒഴിവാക്കുന്നതോടെ ഇവി വാങ്ങാനുള്ള പ്രാരംഭ ചിലവ് ഗണ്യമായി കുറയുന്നു.

നെക്സ എഡ്ജ് പ്ലാന്‍
നെക്സ എഡ്ജ് പ്ലാന്‍ എന്ന സബ്സ്‌ക്രിപ്ഷന്‍ മോഡലില്‍ നിരവധി ആനുകൂല്യങ്ങള്‍ മാരുതി വാഗ്ദാനം ചെയ്യുന്നു. മൂന്ന് വര്‍ഷത്തിന് ശേഷം വാഹനത്തിന് 60 ശതമാനം ബൈബാക്ക് മൂല്യം (Assured Buyback), എട്ട് വര്‍ഷം അല്ലെങ്കില്‍ 1.60 ലക്ഷം കിലോമീറ്റര്‍ വാറണ്ടി എന്നിവ ഈ പ്ലാനിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഇത് മാരുതി സുസുക്കി ഇ-വിറ്റാര വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് പുനര്‍വില്‍പ്പന മൂല്യത്തെ കുറിച്ച് ആശങ്കയുണ്ടെങ്കില്‍ അത് ദൂരീകരിക്കും.
ചാര്‍ജിംഗും പ്രാരംഭ ഓഫറുകളും
സബ്സ്‌ക്രിപ്ഷന്‍ എടുക്കുന്നവര്‍ക്ക് സൗജന്യമായി 7.4 kW എസി ചാര്‍ജര്‍ ലഭിക്കും. മാത്രമല്ല അതിന്റെ ഇന്‍സ്റ്റാളേഷനും കമ്പനി ചെയ്ത് നല്‍കും. ഇത് ഏകദേശം 50000 രൂപയോളം ചെലവ് വരുന്നതാണ്. കൂടാതെ മാരുതിയുടെ തിരഞ്ഞെടുക്കപ്പെട്ട ഡീലര്‍ഷിപ്പുകളിലെ പബ്ലിക് ചാര്‍ജിംഗ് സൗകര്യം 1 വര്‍ഷത്തേക്ക് സൗജന്യമായി ഉപയോഗിക്കാം. 2026 മാര്‍ച്ച് 31 വരെ ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും 10.99 ലക്ഷം രൂപയുടെ ഈ പ്രത്യേക ഓഫര്‍ ലഭ്യമാകുകയെന്ന് മാരുതി വ്യക്തമാക്കിയിട്ടുണ്ട്.

ബാറ്ററി പായ്ക്കും റേഞ്ചും
രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് ഇ-വിറ്റാര എത്തുന്നത്. 49 kWh, 61 kWh എന്നീ രണ്ട് പതിപ്പുകളും സബ്സ്‌ക്രിപ്ഷന്‍ മോഡലില്‍ ഇപ്പോള്‍ ലഭ്യമാണ്. ഇതില്‍ ഉയര്‍ന്ന വേരിയന്റിന് 543 കിലോമീറ്റര്‍ വരെ റേഞ്ച് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഏകദേശം 440 കിലോമീറ്ററാണ് ചെറിയ ബാറ്ററി പായ്ക്കിന്റെ ARAI ക്ലെയിംഡ് റേഞ്ച്. വിവിധ ഡ്രൈവിംഗ് സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഉപയോഗിക്കാനായി നോര്‍മല്‍, ഇക്കോ, സ്‌പോര്‍ട്‌സ് മോഡുകളും ഇതില്‍ ലഭ്യമാണ്.
പ്രവര്‍ത്തന ചിലവ്?
വാഹനത്തിന്റെ റണ്ണിംഗ് കോസ്റ്റ് കണക്ക് കൂട്ടുമ്പോള്‍ ഒരു മാസം 1,000 കിലോമീറ്റര്‍ സഞ്ചരിക്കുന്ന ഒരാള്‍ക്ക് സബ്സ്‌ക്രിപ്ഷന്‍ ചാര്‍ജായി 3,990 രൂപ നല്‍കണം. വീട്ടിലോ പബ്ലിക് ചാര്‍ജറുകളിലോ വാഹനം ചാര്‍ജ് ചെയ്യുന്നതിനുള്ള വൈദ്യുതി ചിലവ് ഇതിന് പുറമെയാണ്. എന്നിരുന്നാലും സാധാരണ ഐസിഇ വാഹനത്തിനേക്കാള്‍ കുറഞ്ഞ ചിലവില്‍ പ്രീമിയം എസ്‌യുവിയില്‍ യാത്ര ചെയ്യാനാകുമെന്നതാണ് ഇതുകൊണ്ടുള്ള മെച്ചം.

2026 മാരുതി സുസുക്കി ഇ വിറ്റാര ഡെല്‍റ്റ, സീറ്റ, ആല്‍ഫ എന്നീ മൂന്ന് വേരിയന്റുകളില്‍ ലഭ്യമാണ്. ഒപ്പുലന്റ് റെഡ്, ബ്ലൂയിഷ് ബ്ലാക്ക്, ആര്‍ട്ടിക് വൈറ്റ്, ഗ്രാന്‍ഡിയര്‍ ഗ്രേ, സ്‌പ്ലെന്‍ഡിഡ് സില്‍വര്‍, നെക്‌സ ബ്ലൂ, ലാന്‍ഡ് ബ്രീസ് ഗ്രീന്‍, സ്‌പ്ലെന്‍ഡിഡ് സില്‍വര്‍, ഒപ്പുലന്റ് റെഡ്, ആര്‍ട്ടിക് വൈറ്റ് എന്നിവ ഉള്‍പ്പെടുന്ന ഡ്യുവല്‍-ടോണ്‍ ഷേഡുകള്‍ എന്നിവയുള്‍പ്പെടെ 10 നിറങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കാം. എല്ലാം ബ്ലൂയിഷ് ബ്ലാക്ക് റൂഫോടുകൂടിയാണ് വരുന്നത്.
താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ഓണ്‍ലൈനായും നെക്‌സ ഡീലര്‍ഷിപ്പുകള്‍ വഴിയും ഇവിറ്റാര ബുക്ക് ചെയ്യാവുന്നതാണ്. 21000 രൂപയാണ് ടോക്കണ്‍ തുകയായി നിശ്ചയിച്ചിരിക്കുന്നത്. ടാറ്റ കര്‍വ് ഇവി, എംജി ZS ഇവി, ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, മഹീന്ദ്ര BE 6, വിന്‍ഫാസ്റ്റ് VF6, വിന്‍ഫാസ്റ്റ് VF7 തുടങ്ങിയ പ്രമുഖ മോഡലുകള്‍ക്കെതിരെയാണ് മാരുതിയുടെ ഇലക്ട്രിക് എസ്‌യുവി മത്സരിക്കുക. മാരുതി കൂടി എത്തിയതോടെ ഇന്ത്യന്‍ ഇവി വിപണിയില്‍ ഇനി പതിവിനേക്കാള്‍ ചൂടേറിയ അങ്കങ്ങളാണ് കാത്തിരിക്കുന്നത്.


Click it and Unblock the Notifications








