മാരുതി ഇ-വിറ്റാര Vs എംജി വിൻഡ്‌സർ ഇവി; ഇലക്ട്രിക് വിപണിയിലെ 'ബാസ്' പോരാട്ടം, ലാഭകരമായ പ്ലാൻ ഏതെന്ന് അറിയാം
ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയില്‍ പുതിയ വഴിത്തിരിവായിക്കൊണ്ട് കഴിഞ്ഞ ദിവസം മാരുതി സുസുക്കി തങ്ങളുടെ കന്നി ഇലക്ട്രിക് എസ്‌യുവിയുടെ വില പ്രഖ്യാപിച്ചു. ബാറ്ററി-ആസ്-എ-സര്‍വീസ്' അഥവാ 'ബാസ്' (BaaS) സ്‌കീമിലുള്ള മോഡലിന്റെ വിലയാണ് ഇപ്പോള്‍ പുറത്തുവിട്ടത്. കുറഞ്ഞ പ്രാരംഭ ചെലവില്‍ ഇവി ഉടമസ്ഥാവകാശം സാധ്യമാക്കുന്ന ബാറ്ററി സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ ജനകീയമാക്കിയത് എംജി മോട്ടോര്‍ ഇന്ത്യയായിരുന്നു. ഈ സാഹചര്യത്തില്‍ ഇ-വിറ്റാരയും സമാനമായ പ്ലാന്‍ മുന്നോട്ട് വെക്കുന്ന എംജി വിന്‍ഡ്സര്‍ ഇവിയും തമ്മില്‍ ശക്തമായ മത്സരമാണ് നടക്കാന്‍ പോകുന്നത്. ഇ-വിറ്റാരയുടെയും ഇന്ത്യയിലെ നമ്പര്‍ ഇലക്ട്രിക് കാറായ വിന്‍ഡ്‌സറിന്റെയും ബാസ് പ്ലാനുകള്‍ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങള്‍ നോക്കിയാലോ?
വില വ്യത്യാസം
ബാറ്ററി ഉടമസ്ഥാവകാശമില്ലാത്തതിനാല്‍ ബാസ് മോഡലിന് സാധാരണ മോഡലിനേക്കാള്‍ വില കുറയും. ഇന്ത്യയിലെ ആദ്യ ഇന്റലിജന്റ് ക്രോസ്ഓവര്‍ യൂടിലിറ്റി വാഹനമെന്ന് എംജി വിശേഷിപ്പിക്കുന്ന
വിന്‍ഡ്സര്‍ ഇവിയുടെ പ്രാരംഭ വില 9.99 ലക്ഷം രൂപ മാത്രമാണ്. അതേസമയം മാരുതി സുസുക്കി ഇ-വിറ്റാരയുടെ പ്രാരംഭ വില 10.99 ലക്ഷം രൂപ വരും. രണ്ട് ഇവികളുടെയും പ്രാരംഭ വിലയില്‍ 1 ലക്ഷം രൂപയുടെ അന്തരം കാണാമെങ്കിലും വലിയ ബാറ്ററി പായ്ക്ക് മാരുതി മോഡലിന്റെ വിലയെ ന്യായീകരിക്കുന്നുണ്ട്.

കിലോമീറ്റര്‍ നിരക്കും പ്രവര്‍ത്തന ചെലവും
ബാസ് മോഡലുകള്‍ കുറഞ്ഞ വിലയില്‍ കിട്ടുമെങ്കിലും നമ്മള്‍ ഓടുന്ന ദൂരത്തിന് കമ്പനിക്ക് 'ബാറ്ററി വാടക' നല്‍കേണ്ടതുണ്ട്. ഇ-വിറ്റാരയില്‍ ഓടുന്ന ഓരോ കിലോമീറ്ററിനും മാരുതി 3.99 രൂപയാണ് ഈടാക്കുക. അതേസമയം എംജി വിന്‍ഡ്സറിന്റെ അടിസ്ഥാന മോഡലുകളില്‍ കിലോമീറ്ററിന് 3.90 രൂപ വരെയാണ് നിരക്ക് ഈടാക്കുന്നത്. വലിയ 52.9 kWh ബാറ്ററി പായ്ക്ക് ലഭിക്കുന്ന പ്രോ വേരിയന്റുകള്‍ക്ക് കിലോമീറ്ററിന് 4.50 രൂപയാണ് നിരക്ക്.
മാരുതിയില്‍ മിനിമം കിലോമീറ്റര്‍ നിബന്ധനകളെ കുറിച്ച് നിലവില്‍ വ്യക്തതയില്ലെങ്കിലും എംജിയില്‍ മാസം 1,500 കി.മീ മിനിമം ചാര്‍ജ് ഈടാക്കാറുണ്ട്. ഏറ്റവും കുറഞ്ഞ നിരക്ക് വെച്ച് കൂട്ടിയാലും മാസം (3.9X1500 Km) 5850 രൂപ ബാറ്റി വാടക ഇനത്തില്‍ മാത്രം ചെലവാകും. ബാറ്ററി ചാര്‍ജ് ചെയ്യാനുള്ള ചെലവ് ഇതിന് പുറമെ വരുമെന്ന കാര്യം പ്രത്യേകം ഓര്‍മിക്കുക.

ബാറ്ററി പായ്ക്കും റേഞ്ചും
രണ്ട് മോഡലുകളും താരതമ്യം ചെയ്യുമ്പോള്‍ സാങ്കേതികമായി മുന്നിട്ട് നില്‍ക്കുന്നത് മാരുതി ഇ-വിറ്റാരയാണ്. ഇ-വിറ്റാരയുടെ ബേസ് മോഡലിന് 49 kWh ബാറ്ററിയും 440 കിലോമീറ്റര്‍ റേഞ്ചുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. മറുവശത്ത്, എംജി വിന്‍ഡ്സറിന്റെ എന്‍ട്രി ലെവല്‍ എക്‌സൈറ്റ് വേരിയന്റില്‍ 332 കിലോമീറ്റര്‍ സര്‍ട്ടിഫൈഡ് റേഞ്ച് പറയുന്ന 38 kWh ബാറ്ററിയാണുള്ളത്. ഇ-വിറ്റാരക്ക് ഏകദേശം 25 ശതമാനം ബാറ്ററി ശേഷി കൂടുതലാണ്. ഇത് മാരുതി എസ്‌യുവിയെ ദീര്‍ഘദൂര യാത്രകള്‍ക്ക് കൂടുതല്‍ അനുയോജ്യമാകുന്നു.
രണ്ട് ഇവികളുടെയും ഉയര്‍ന്ന വേരിയന്റുകളിലേക്ക് വരുമ്പോള്‍ മത്സരം കടുക്കുന്നു. മാരുതിയുടെ 61 kWh ബാറ്ററി 543 കി.മീ റേഞ്ച് നല്‍കുമ്പോള്‍, എംജി വിന്‍ഡ്സറിന്റെ ടോപ് സ്‌പെക് പ്രോ പതിപ്പിലെ 52.9 kWh ബാറ്ററിയുടെ ARAI ക്ലെയിംഡ് റേഞ്ച് 449 കിലോമീറ്ററാണ്. ഇവിടെയും റേഞ്ചിന്റെ കാര്യത്തില്‍ മാരുതിയാണ് മുന്നിലെങ്കിലും എംജിയുടെ എയറോഡൈനാമിക് ഡിസൈന്‍ മികച്ച ഡ്രൈവിംഗ് അനുഭവം സമ്മാനിക്കുന്നു.

സേഫ്റ്റി
യാത്രക്കാരുടെ സുരക്ഷയുടെ കാര്യത്തില്‍ രണ്ട് ഇവികളും വിട്ടുവീഴ്ച ചെയ്യുന്നില്ല. എംജി വിന്‍ഡ്സര്‍ ഇവി ആറ് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി നല്‍കുമ്പോള്‍ ഡ്രൈവറുടെ കാല്‍മുട്ട് സംരക്ഷിക്കാനുള്ളതടക്കം 7 എയര്‍ബാഗുകള്‍ മാരുതി ഇ-വിറ്റാരയില്‍ സ്റ്റാന്‍ഡേര്‍ഡാണ്. രണ്ട് ഇ-എസ്‌യുവികളിലും ലെവല്‍-2 ADAS സാങ്കേതികവിദ്യ ലഭ്യമാണ്. പക്ഷേ, വിന്‍ഡസ്‌റിന്റെ ഉയര്‍ന്ന വേരിയന്റിലാണ് സേഫ്റ്റി സ്യൂട്ട് ലഭിക്കുന്നത്. ഭാരത് BNCAP ക്രാഷ് ടെസ്റ്റില്‍ നേടിയ 5 സ്റ്റാര്‍ റേറ്റിംഗ് ഇ-വിറ്റാരയുടെ സേഫ്റ്റിക്ക് അടിവരയിടുന്നു.
ചാര്‍ജിംഗ് ശൃംഖലയും വാറണ്ടിയും
ചാര്‍ജിംഗ് സൗകര്യങ്ങളുടെ കുറവാണ് ഇന്നും ഇവി ഉടമകളുടെ പ്രധാന ആശങ്കകളിലൊന്ന്. ഇ-വിറ്റാരയുടെ ലോഞ്ചിന്റെ കൂടെ തന്നെ മാരുതി സുസുക്കി രാജ്യത്തുടനീളം 2,000 ചാര്‍ജിംഗ് പോയിന്റുകളും സ്ഥാപിച്ച് നന്നായി ഒരുങ്ങി തന്നെയാണ് ഇറങ്ങുന്നത്. എംജി തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് 1 വര്‍ഷത്തെ സൗജന്യ പബ്ലിക് ചാര്‍ജിംഗും ആജീവനാന്ത ബാറ്ററി വാറണ്ടിയും (ആദ്യ ഉടമയ്ക്ക്) വാഗ്ദാനം ചെയ്യുന്നു. 8 വര്‍ഷം അല്ലെങ്കില്‍ 1.60 ലക്ഷം കിലോമീറ്ററാണ് ഇ-വിറ്റാരയുടെ വാറണ്ടി.
| സവിശേഷതകൾ | മാരുതി ഇ-വിറ്റാര | എംജി വിൻഡ്‌സർ ഇവി |
|---|---|---|
| പ്രാരംഭ വില (BaaS) | ₹10.99 ലക്ഷം മുതൽ | ₹9.99 ലക്ഷം മുതൽ |
| ബാറ്ററി വാടക (Rent) | ₹3.99 / കി.മീ | ₹3.90 / കി.മീ മുതൽ |
| ബാറ്ററി | 49 kWh / 61 kWh | 38 kWh / 52.9 kWh |
| പരമാവധി റേഞ്ച് | 543 കി.മീ | 449 കി.മീ |
| ബാറ്ററി വാറണ്ടി | 8 വർഷം / 1.6 ലക്ഷം കി.മീ | ആജീവനാന്തം (Life-time)* |
| എയർബാഗുകൾ | 7 എയർബാഗുകൾ | 6 എയർബാഗുകൾ |
ഏത് തിരഞ്ഞെടുക്കണം?
നിങ്ങള്‍ കുറഞ്ഞ വിലയില്‍ ഒരു പ്രീമിയം എംപിവി ലുക്കുള്ള വാഹനമാണ് വാങ്ങാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ എംജി വിന്‍ഡ്സര്‍ ഇവി മികച്ച ചോയ്‌സ് ആയിരിക്കും. എന്നാല്‍ റേഞ്ച്, വിപുലമായ സര്‍വീസ് ശൃംഖല, സുരക്ഷ എന്നിവയ്ക്ക് മുന്‍ഗണന നല്‍കുന്നവര്‍ക്ക് മാരുതി ഇ-വിറ്റാരയാകും കൂടുതല്‍ അനുയോജ്യം. രണ്ട് പ്ലാനുകളും ഇലക്ട്രിക് വാഹനങ്ങളുടെ പ്രാരംഭ ചിലവ് കുറയ്ക്കാന്‍ സഹായിക്കുന്നു എന്നത് വലിയ കാര്യമാണ്. ഒപ്പം നിങ്ങളുടെ ആവശ്യവും ബജറ്റും കൂടി വിശകലനം ചെയ്ത് ഒരു തീരുമാനത്തില്‍ എത്താം.


Click it and Unblock the Notifications








