12 മാസം കൊണ്ട് വിറ്റത് 23.51 ലക്ഷം കാര്‍! ടോയ്‌സിന്റെ കണക്കല്ല കോട്ടോ, മാരുതിയുടെ 2025-ലെ വില്‍പ്പനയാ...
ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (MSIL) 2025 കലണ്ടര്‍ വര്‍ഷത്തില്‍ റെക്കോര്‍ഡ് വില്‍പ്പന നേട്ടം കൈവരിച്ചു. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വാര്‍ഷിക വില്‍പ്പനയാണ് പോയ വര്‍ഷം രേഖപ്പെടുത്തിയത്. 12 മാസം കൊണ്ട് 23.51 ലക്ഷം യൂണിറ്റുകളാണ് മാരുതി സുസുക്കി കഴിഞ്ഞ വര്‍ഷം വിറ്റഴിച്ചത്. ഇതില്‍ 3.95 ലക്ഷം യൂണിറ്റുകള്‍ വിദേശ രാജ്യങ്ങളിലേക്ക് കപ്പല്‍ കയറ്റി അയച്ചതാണെന്നത് നേട്ടത്തിന്റെ മാറ്റുകൂട്ടുന്നു. 2025 കലണ്ടര്‍ വര്‍ഷത്തിലെയും അവസാന മാസമായ ഡിസംബറിലെയും മാരുതിയുടെ വില്‍പ്പന കണക്കുകള്‍ ഈ ലേഖനത്തില്‍ വിശദമായി വായിക്കാം.
2025 ഡിസംബറില്‍ മാത്രം 2,17,854 യൂണിറ്റുകള്‍ വില്‍ക്കാന്‍ മാരുതിക്ക് സാധിച്ചു. 2024 ഡിസംബറിലെ 1,78,248 യൂണിറ്റുകളെ അപേക്ഷിച്ച് വലിയ മുന്നേറ്റമാണിത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 39606 യൂണിറ്റുകള്‍ അധികം വിറ്റ് 22 ശതമാനം വാര്‍ഷിക വളര്‍ച്ച നേടാന്‍ മാരുതിക്കായി. ആഭ്യന്തര വിപണിയിലെ ശക്തമായ ഡിമാന്‍ഡാണ് ഈ വളര്‍ച്ചയ്ക്ക് പിന്നിലെ പ്രധാന കാരണം. ചരിത്രത്തിലാദ്യമായാണ് ഡിസംബര്‍ മാസത്തില്‍ മാത്രം മാരുതി 1.92 ലക്ഷത്തിലധികം യൂണിറ്റുകള്‍ ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിക്കുന്നത്.

ഡിസംബറിലെ ആഭ്യന്തര വിപണിയിലെ പാസഞ്ചര്‍ വാഹന വില്‍പ്പന മാത്രം 1,78,646 യൂണിറ്റുകളാണ്. 2024 ഡിസംബറില്‍ ഇത് 1,30,117 യൂണിറ്റുകള്‍ മാത്രമായിരുന്നു. 48529 യൂണിറ്റിന്റെ വോളിയം വര്‍ധനവാണുള്ളത്. വാര്‍ഷിക വളര്‍ച്ച 37.30 ശതമാനം. എന്‍ട്രി ലെവല്‍ കാറുകള്‍ മുതല്‍ പ്രീമിയം മോഡലുകള്‍ വരെ എല്ലാ വിഭാഗങ്ങളിലും മാരുതി മികച്ച വില്‍പ്പന നേടിയിട്ടുണ്ട്.
ഡിസംബറില്‍ ആള്‍ട്ടോ, എസ്-പ്രെസോ എന്നിവ ഉള്‍പ്പെടുന്ന മിനി സെഗ്മെന്റില്‍ 14,225 യൂണിറ്റുകള്‍ വിറ്റുപോയി. 2024 ഡിസംബറിലെ 7,418 യൂണിറ്റുകളില്‍ നിന്ന് വലിയ കുതിപ്പാണ് ചെറുകാറുകള്‍ നടത്തിയത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ അതായത് ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ മിനി വിഭാഗത്തിന്റെ വില്‍പ്പന നെഗറ്റീവ് മാര്‍ക്കില്‍ തന്നെയാണ്. സ്വിഫ്റ്റ്, ബലേനോ, വാഗണ്‍ ആര്‍, ഡിസയര്‍ തുടങ്ങിയ മോഡലുകള്‍ ഉള്‍പ്പെടുന്ന കോംപാക്ട് സെഗ്മെന്റാണ് മാരുതിയുടെ നട്ടെല്ല്.

കഴിഞ്ഞ മാസവും കോംപാക്ട് കാറുകള്‍ മാരുതിക്കായി തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. ഡിസംബറില്‍ മാത്രം ഈ വിഭാഗത്തില്‍ 78,704 യൂണിറ്റുകള്‍ വിറ്റഴിച്ചു. കഴിഞ്ഞ വര്‍ഷം ഇത് 54,906 യൂണിറ്റുകള്‍ ആയിരുന്നു. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 5.97 ലക്ഷത്തിലധികം കോംപാക്ട് കാറുകളാണ് മാരുതി വിറ്റഴിച്ചിട്ടുള്ളത്. 2024-സാമ്പത്തിക വര്‍ഷത്തില്‍ ഇത് 548648 യൂണിറ്റായിരുന്നു. കോംപാക്ട് മോഡലുകള്‍ക്കൊപ്പം യൂട്ടിലിറ്റി വാഹനങ്ങള്‍ പ്രതീക്ഷ തെറ്റിക്കാതെ മികച്ച വില്‍പ്പന കൊണ്ടുവന്നു.
ബ്രെസ, എര്‍ട്ടിഗ, ഫ്രോങ്ക്‌സ്, ഗ്രാന്‍ഡ് വിറ്റാര, വിക്‌ടോറിസ്, XL6 എന്നിവ മാരുതിയുടെ കുതിപ്പിന് വേഗത കൂട്ടി. ഡിസംബറില്‍ മാരുതിയുടെ 73,818 യൂടിലിറ്റി വാഹനങ്ങളാണ് വിറ്റുപോയത്. 12 മാസം മുമ്പുണ്ടായിരുന്ന 55,651 യൂണിറ്റുകളേക്കാള്‍ വലിയ വര്‍ധനവാണ് യുവി വിഭാഗത്തില്‍ കാണാനായത്. ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍-ഡിസംബര്‍ വരെയുള്ള കാലയളവില്‍ 5,41,266 യൂടിലിറ്റി വാഹനങ്ങളാണ് ഷോറൂമില്‍ നിന്നിറങ്ങിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിലെ 5,28,963 യൂണിറ്റുമായി തട്ടിച്ച് നോക്കുമ്പോള്‍ തരക്കേടില്ലാത്ത വളര്‍ച്ചയാണ്.
ലൈറ്റ് കൊമേഴ്ഷ്യല്‍ വാഹന (എല്‍സിവി) വിഭാഗത്തില്‍ സൂപ്പര്‍ കാരി 3,519 യൂണിറ്റുകള്‍ വിറ്റഴിച്ചു. ഈക്കോ വാന്‍ 11,899 യൂണിറ്റ് വില്‍പന നടത്തി മികച്ച മുന്നേറ്റം തുടര്‍ന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഈക്കോയുടെ വില്‍പ്പന 11678 യൂണിറ്റായിരുന്നു. മറ്റു കമ്പനികള്‍ക്ക് (OEM) നല്‍കുന്ന വാഹനങ്ങളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായി. കഴിഞ്ഞ വര്‍ഷത്തെ 8306 യൂണിറ്റില്‍ നിന്ന് 9950 യൂണിറ്റായി ഉയര്‍ന്നു.
2025 ഡിസംബറില്‍ 25739 യൂണിറ്റായിരുന്നു കയറ്റുമതി. 2024 ഡിസംബറില്‍ പക്ഷേ, 37419 യൂണിറ്റുകള്‍ കപ്പല്‍ കയറ്റി അയച്ചിരുന്നു. ഡിസംബറിലെ കയറ്റുമതിയില്‍ നേരിയ കുറവുണ്ടായെങ്കിലും വാര്‍ഷിക കയറ്റുമതി റെക്കോര്‍ഡ് ഉയരത്തിലാണെന്ന് കമ്പനി പറയുന്നു. ജിംനി, ഇ-വിറ്റാര, ബലേനോ എന്നീ മോഡലുകളാണ് കയറ്റുമതിയില്‍ പ്രധാന പങ്കുവഹിച്ചത്. 2025-ലെ ഈ ചരിത്ര വിജയത്തിന് പിന്നാലെ 2026-ല്‍ പുതിയ ഇലക്ട്രിക് മോഡലുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ വിപണിയിലെത്തിക്കാന്‍ മാരുതിക്ക് പദ്ധതിയുണ്ട്.

എപ്പോഴും ചെയ്യുന്ന പോലെ തന്നെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞാണ് മാരുതി ഓരോ ഉല്‍പ്പന്നങ്ങളും പുറത്തിറക്കുന്നത്. നിലവില്‍ ഇവിയിലേക്ക് പെട്ടെന്ന് മാറാന്‍ ജനം മടിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഹൈബ്രിഡ് മോഡലുകള്‍ പുറത്തിറക്കാനുള്ള പദ്ധതിയിലാണ് മാരുതി സുസുക്കി. കമ്പനി സ്വന്തമായി വികസിപ്പിച്ച സീരീസ് ഹൈബ്രിഡ് ടെക്കുമായി വരുന്ന ഫ്രോങ്ക്‌സ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആധുനിക സാങ്കേതികവിദ്യകളും വൈവിധ്യമാര്‍ന്ന ഇന്ധന ഓപ്ഷനുകളുമായി വരുന്ന പുത്തന്‍ കാറുകളുമായി വിപണിയിലെ മേധാവിത്തം അരക്കിട്ടുറപ്പിക്കാനാണ് കമ്പനിയുടെ ശ്രമം.


Click it and Unblock the Notifications








