മാരുതിയുടെ കരുതല്‍ നോക്കണേ..! ഉത്പാദനം നിർത്തിയ കാറിന് പണികൊടുത്ത് പാർക്കിംഗ് സെൻസർ, ഫ്രീയായി മാറ്റും
രാജ്യത്തെ ഒന്നാം നമ്പര്‍ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്ക് മോഡലായ ഇഗ്‌നിസ് (Maruti Ignis) തിരിച്ചുവിളിക്കുന്നതായി പ്രഖ്യാപിച്ചു. വാഹനത്തിന്റെ റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകളില്‍ കണ്ടെത്തിയ സാങ്കേതിക തകരാറുകള്‍ പരിഹരിക്കുന്നതിനാണ് കമ്പനിയുടെ ഈ നടപടി. നിലവില്‍ ഈ മോഡലിന്റെ ഉത്പാദനം കമ്പനി ഔദ്യോഗികമായി നിര്‍ത്തലാക്കിയിട്ടുണ്ടെങ്കിലും വിപണിയിലുള്ള വാഹനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് കമ്പനി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നതെന്ന് പ്രമുഖ ഓട്ടോമോട്ടീവ് പോര്‍ട്ടലായ ഓട്ടോകാര്‍ (Autocar) റിപ്പോര്‍ട്ട് ചെയ്തു.
തകരാര്‍ ബാധിച്ച കൃത്യം വാഹനങ്ങളുടെ എണ്ണമോ അവ നിര്‍മ്മിച്ച കാലയളവോ കമ്പനി വ്യക്തമാക്കിയിട്ടില്ലെങ്കിലും ഡീലര്‍മാര്‍ക്ക് നിര്‍ദേശം ലഭിച്ചതായാണ് സൂചന. അംഗീകൃത ഡീലര്‍മാര്‍ക്ക് കൈമാറിയ ഔദ്യോഗിക രേഖകള്‍ പ്രകാരം വാഹനത്തിലെ 'കണ്‍ട്രോളര്‍ അസംബ്ലി പാര്‍ക്ക് സെന്‍സര്‍' എന്ന ഭാഗത്തിനാണ് നിലവില്‍ തകരാര്‍ കണ്ടെത്തിയിട്ടുള്ളത്. ഈ തകരാര്‍ കാരണം റിവേഴ്‌സ് എടുക്കുന്ന സമയങ്ങളില്‍ പാര്‍ക്കിംഗ് അലാറം കൃത്യമായി പ്രവര്‍ത്തിക്കാതിരിക്കാന്‍ സാധ്യതയുണ്ട്.

വാഹനം റിവേഴ്‌സ് എടുക്കുമ്പോള്‍ പിന്നിലെ തടസങ്ങള്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന ഈ സുപ്രധാന സുരക്ഷാ അലാം തകരാറിലാകുന്നത് അപകടങ്ങള്‍ക്ക് കാരണമായേക്കാം. ഇത് മുന്‍കൂട്ടി കണ്ടാണ് തകരാറുള്ള ഭാഗം പൂര്‍ണമായും സൗജന്യമായി മാറ്റിസ്ഥാപിക്കാന്‍ മാരുതി സുസുക്കി ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. തകരാര്‍ ബാധിക്കാന്‍ സാധ്യതയുള്ള നിര്‍ദിഷ്ട ഇഗ്‌നിസ് കാര്‍ ഉടമകളെ മാരുതി സുസുക്കി നേരിട്ട് ബന്ധപ്പെടാന്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
ഈ വാഹനങ്ങള്‍ അടുത്തുള്ള അംഗീകൃത സര്‍വീസ് സെന്ററുകളില്‍ എത്തിച്ച് പരിശോധനയ്ക്ക് വിധേയമാക്കാനാണ് കമ്പനി ആവശ്യപ്പെടുന്നത്. വാഹന ഉടമകളില്‍ നിന്നും യാതൊരുവിധ അധിക തുകയും ഈടാക്കാതെ തികച്ചും സൗജന്യമായാണ് കമ്പനി ഈ കണ്‍ട്രോളര്‍ പാര്‍ട്ട് മാറ്റി നല്‍കുന്നത്. ഇഗ്‌നിസ് ഉടമകള്‍ക്ക് തങ്ങളുടെ അടുത്തുള്ള മാരുതി സര്‍വീസ് സെന്ററുമായി ബന്ധപ്പെട്ട് അപ്പോയിന്റ്‌മെന്റുകള്‍ മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്യാവുന്നതാണ്.

മാരുതി സുസുക്കിയുടെ നെക്‌സ (Nexa) പ്രീമിയം ഡീലര്‍ഷിപ്പുകള്‍ വഴി വിപണിയില്‍ എത്തിച്ചിരുന്ന വളരെ സവിശേഷമായ ഒരു പ്രീമിയം ഹാച്ച്ബാക്ക് മോഡലായിരുന്നു ഇഗ്‌നിസ്. സിറ്റി ഡ്രൈവുകള്‍ക്ക് അനുയോജ്യമായ ഇതിന്റെ കോംപാക്ട് ഡിസൈനും പെര്‍ഫോമന്‍സും വലിയൊരു വിഭാഗം യുവാക്കളെ ആകര്‍ഷിച്ചിരുന്നു. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ കരുത്തില്‍ തിളങ്ങിയ ഈ ഹാച്ച്ബാക്ക് മോഡല്‍ നിലവില്‍ വിപണിയില്‍ നിന്നും പിന്‍വലിക്കപ്പെട്ടിരിക്കുകയാണ്.
എങ്കിലും വിപണിയിലുള്ള പഴയ മോഡലുകള്‍ക്ക് കമ്പനി കൃത്യമായ പിന്തുണ ഉറപ്പാക്കുന്നുണ്ട്. നിങ്ങളുടെ പക്കല്‍ ഇഗ്‌നിസ് ഉണ്ടെങ്കില്‍ സുരക്ഷിതമായ യാത്രയ്ക്കായി റിവേഴ്‌സ് പാര്‍ക്കിംഗ് അലാം കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് സ്വയം പരിശോധിക്കുക. എന്തെങ്കിലും വ്യത്യാസം തോന്നുകയാണെങ്കില്‍ ഉടന്‍ തന്നെ അംഗീകൃത സര്‍വീസ് സെന്റ ബന്ധപ്പെടേണ്ടതാണ്. കമ്പനിയില്‍ നിന്നും ഔദ്യോഗികമായി അറിയിപ്പുകള്‍ ലഭിക്കാത്തവര്‍ക്കും ഡീലര്‍ഷിപ്പുകളിലേക്ക് വിളിച്ച് തങ്ങളുടെ വാഹനത്തിന്റെ ഷാസി നമ്പര്‍ നല്‍കി ഈ റീകോള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാം.

ഇത്തരം സുരക്ഷാ പരിശോധനകള്‍ കൃത്യസമയത്ത് നടത്തുന്നത് വലിയ അപകടങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. ഉത്പാദനം നിര്‍ത്തിയ ഒരു മോഡലായിരുന്നിട്ടും ഉപഭോക്താക്കളുടെ സുരക്ഷ മുന്‍നിര്‍ത്തി ഇത്തരമൊരു തിരിച്ചുവിളിക്കല്‍ പ്രഖ്യാപിച്ച മാരുതി സുസുക്കിയുടെ നടപടിയെ വാഹന ലോകം സ്വാഗതം ചെയ്യുന്നു. ഇത് ബ്രാന്‍ഡിന്റെ വിശ്വാസ്യതയും ഉപഭോക്തൃ സേവന പ്രതിബദ്ധതയുമാണ് ഉയര്‍ത്തിക്കാണിക്കുന്നത്. വിപണിയില്‍ ടാറ്റ ടിയാഗോ, ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ് തുടങ്ങിയ ശക്തരായ എതിരാളികളുമായിട്ടായിരുന്നു ഇഗ്‌നിസ് പ്രധാനമായും മത്സരിച്ചിരുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications