പുതിയ യൂസ്ഡ് കാര്‍ കിംഗ് ലോഡിംഗ്? 20KM മൈലേജുള്ള മാരുതി കാര്‍ നിര്‍ത്തലാക്കിയെന്ന്
ഇന്ത്യയിലെ സാധാരണക്കാരുടെ അഭിരുചിക്കും അവരുടെ ബജറ്റിനും ഇണങ്ങിയ കാറുകള്‍ പുറത്തിറക്കുന്നതില്‍ മിടുക്കന്‍മാരായ മാരുതി സുസുക്കി റിറ്റ്‌സിന്റെ പിന്‍ഗാമിയായി കൊണ്ടുവന്ന മോഡല്‍ ആയിരുന്നു ഇഗ്‌നിസ്. മികച്ച മൈലേജും കുറഞ്ഞ വിലയും വാഗ്ദാനം ചെയ്തിട്ടും വിപണിയില്‍ ആവശ്യക്കാര്‍ കുറയുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതോടെ ഇഗ്‌നിസിന്റെ ഉത്പാദനം ഘട്ടംഘട്ടമായി അവസാനിപ്പിക്കാന്‍ മാരുതി നീക്കം തുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇഗ്‌നിസിന്റെ വില്‍പ്പനയില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തുന്നത്. 2026 മാര്‍ച്ച് മാസത്തിലെ കണക്കുകള്‍ പ്രകാരം 1,250 യൂണിറ്റുകള്‍ മാത്രമാണ് മാരുതിക്ക് വിറ്റഴിക്കാന്‍ സാധിച്ചത്.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1,990 യൂണിറ്റുകള്‍ വിറ്റഴിച്ച സ്ഥാനത്താണിത്. ഏകദേശം 740 യൂണിറ്റുകളുടെ വാര്‍ഷിക ഇടിവാണ് മാര്‍ച്ച് മാസം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വില്‍പ്പന കണക്കുകള്‍ പരിശോധിച്ചാല്‍ 2026-ന്റെ തുടക്കം മുതല്‍ ഇഗ്‌നിസ് കിതയ്ക്കുന്നതായി കാണാം. ജനുവരിയില്‍ 1,902 യൂണിറ്റുകളും ഫെബ്രുവരിയില്‍ 1,848 യൂണിറ്റുകളുമാണ് വിറ്റഴിച്ചത്.

2025 അവസാന പാദത്തില്‍ വില്‍പ്പന 2,000 കടന്നിരുന്നെങ്കിലും ഇപ്പോള്‍ അത് ആയിരത്തിലേക്ക് താഴ്ന്നു. ഇതാണ് മോഡലിന്റെ ഭാവി അനിശ്ചിതത്വത്തിലാക്കാന്‍ പ്രധാന കാരണമായത്. വാഹനത്തിന്റെ മെക്കാനിക്കല്‍ വശങ്ങളിലേക്ക് നോക്കിയാല്‍ 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇത് മികച്ച ഡ്രൈവിംഗ് അനുഭവവും ഇന്ധനക്ഷമതയും നല്‍കുന്ന ഒന്നാണ്. 5 സ്പീഡ് മാനുവല്‍, 5 സ്പീഡ് എഎംടി (AMT) ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഇഗ്‌നിസില്‍ ലഭ്യമാണ്.
സിറ്റി യാത്രകള്‍ക്ക് ഏറെ അനുയോജ്യമായ വാഹനമാണിത്. നിലവില്‍ 5.35 ലക്ഷം രൂപ മുതല്‍ 7.55 ലക്ഷം രൂപ വരെയാണ് ഇഗ്‌നിസിന്റെ എക്‌സ്-ഷോറൂം വില. മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സ (NEXA) വഴിയാണ് ഈ വാഹനം വില്‍പ്പനയ്‌ക്കെത്തുന്നത്. എന്നിട്ടും മാരുതിയുടെ മറ്റ് മോഡലുകള്‍ നേടുന്ന വമ്പന്‍ വില്‍പ്പനയുടെ പത്ത് ശതമാനം പോലും കൈവരിക്കാന്‍ ഇഗ്‌നിസിന് സാധിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്.

ഇഗ്‌നിസിന്റെ ഉള്‍വശത്ത് 7 ഇഞ്ച് സ്മാര്‍ട്ട്‌പ്ലേ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം നല്‍കിയിട്ടുണ്ട്. കൂടാതെ 6 സ്പീക്കര്‍ ഓഡിയോ സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയ ആധുനിക സൗകര്യങ്ങളും ലഭ്യമാണ്. ഇത്രയധികം ഫീച്ചറുകള്‍ കുറഞ്ഞ വിലയില്‍ നല്‍കിയിട്ടും വിപണിയിലെ പുതിയ ട്രെന്‍ഡുകള്‍ക്കൊപ്പമെത്താന്‍ ഈ ടോള്‍-ബോയ് ഡിസൈന്‍ വാഹനത്തിന് കഴിയുന്നില്ല.
ഇഗ്‌നിസ് വിപണിയില്‍ നിന്ന് പിന്‍വലിക്കുന്നതോടെ പകരം ഒരു പുതിയ മൈക്രോ എസ്യുവി (Micro-SUV) അവതരിപ്പിക്കാനാണ് മാരുതിയുടെ പദ്ധതിയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ടാറ്റ പഞ്ച്, ഹ്യുണ്ടായി എക്സ്റ്റര്‍ തുടങ്ങിയവരുമായി മത്സരിക്കാനാണ് മാരുതി പുതിയ മോഡല്‍ ഒരുക്കുന്നത്. എസ്യുവികള്‍ക്ക് വിപണിയില്‍ പ്രിയം വര്‍ദ്ധിച്ചുവരുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് കമ്പനിയുടെ ഈ സുപ്രധാന നീക്കം.

2017-ലാണ് ഇഗ്‌നിസ് ആദ്യമായി ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. ഇഗ്‌നിസ് അക്കാലത്ത് വലിയ പ്രതീക്ഷകളാണ് നല്‍കിയിരുന്നത്. എന്നാല്‍ സ്വിഫ്റ്റ്, ബലേനോ തുടങ്ങിയ മോഡലുകളുടെ വമ്പന്‍ ജനപ്രീതിക്ക് മുന്നില്‍ ഇഗ്‌നിസിന് പിടിച്ചുനില്‍ക്കാനായില്ല. വരും മാസങ്ങളില്‍ സ്റ്റോക്കുകള്‍ തീരുന്ന മുറയ്ക്ക് വാഹനം വിപണിയില്‍ നിന്ന് പൂര്‍ണമായും അപ്രത്യക്ഷമായേക്കാം. പകരക്കാരനായെത്തുന്ന പുതിയ മൈക്രോ എസ്‌യുവിക്കായി കാത്തിരിക്കുകയാണ് വാഹന പ്രേമികള്‍.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








