മാരുതിയിൽ ആർക്കും വേണ്ടാത്ത കാർ ജിംനിയല്ല! 23KM മൈലേജും 5-സ്റ്റാർ സേഫ്റ്റിയുമുണ്ടായിട്ടും വാങ്ങിയത് 143 പേർ
ഇന്ത്യന്‍ വാഹന വിപണിയിലെ ഒന്നാം സ്ഥാനക്കാരായ മാരുതി സുസുക്കി 2026 ഫെബ്രുവരിയിലും മികച്ച മുന്നേറ്റം കാഴ്ചവെച്ചെങ്കിലും കമ്പനിക്ക് ആശങ്കപ്പെടാന്‍ വകയുള്ള ചിലത് സെയില്‍സ് റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. എല്ലാകാലത്തും കമ്പനിയുടെ വില്‍പ്പനയുടെ നട്ടെല്ലായിരുന്ന ചെറുകാറുകളുടെ വില്‍പ്പന കുറഞ്ഞത് യൂടിലിറ്റി വാഹനങ്ങളുടെ വളര്‍ച്ച കൊണ്ടാണ് കമ്പനി മറികടന്നത്. എന്നാല്‍, യൂടിലിറ്റി വാഹന വിഭാഗത്തിലും ഒരു മോഡല്‍ വലിയ തിരിച്ചടി നേരിടുന്നുണ്ട്. കമ്പനിയുടെ ഏറ്റവും വിലകൂടിയ പ്രീമിയം എംപിവി മോഡലായ ഇന്‍വിക്‌റ്റോയെ (Maruti Suzuki Invicto) തേടി കഴിഞ്ഞ മാസം വളരെ കുറച്ച് ഉപഭോക്താക്കള്‍ മാത്രമാണ് ഷോറൂമുകളില്‍ എത്തിയത്.
ഗാഡിവാഡി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കപ്പെട്ട റിപ്പോര്‍ട്ട് പ്രകാരം 2026 ഫെബ്രുവരി മാസം ഇന്‍വിക്‌റ്റോയുടെ കേവലം 143 യൂണിറ്റുകള്‍ മാത്രമാണ് വിറ്റഴിക്കപ്പെട്ടത്. 2025 ഫെബ്രുവരിയിലെ 380 യൂണിറ്റ് വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ 62 ശതമാനമാണ് വില്‍പ്പന ഇടിഞ്ഞത്. മാരുതി സുസുക്കിയുടെ മറ്റ് ജനപ്രിയ മോഡലുകളായ ഡിസയര്‍, ബ്രെസ, എര്‍ട്ടിഗ എന്നിവ വിപണിയില്‍ വന്‍ കുതിപ്പ് നടത്തുമ്പോഴാണ് ഇന്‍വിക്‌റ്റോയുടെ ഈ പിന്നോട്ട് പോക്ക്.

ഫെബ്രുവരിയിലെ കണക്കുകള്‍ പ്രകാരം മാരുതിയുടെ ഉല്‍പ്പന്ന നിരയില്‍ ഏറ്റവും കുറഞ്ഞ വില്‍പ്പന രേഖപ്പെടുത്തിയ മോഡലായി ഇന്‍വിക്‌റ്റോ മാറി. മിഡ്‌സൈസ് സെഡാനായ സിയാസിന്റെ വില്‍പ്പന പൂജ്യമാണെങ്കിലും മാസങ്ങള്‍ക്ക് മുമ്പേ തന്നെ ഈ മോഡലിന്റെ ഉത്പാദനം കമ്പനി അവസാനിപ്പിച്ചതായതിനാല്‍ അത് പരിഗണിച്ചിട്ടില്ല. പ്രീമിയം എംപിവി വിഭാഗത്തിലെ രാജാവായ ടൊയോട്ട ഇന്നോവ ഹൈക്രോസുമായുള്ള കടുത്ത മത്സരമാണ് ഇതിന് കാരണമായി കരുതുന്നത്.
ടൊയോട്ടയുമായുള്ള സഹകരണത്തിന്റെ ഭാഗമായി പിറന്ന റീബാഡ്ജ് മോഡലായ ഇന്‍വിക്‌റ്റോ സാങ്കേതികമായി ഏറെ മികവ് പുലര്‍ത്തുന്ന വാഹനമാണ്. 2.0 ലിറ്റര്‍ സ്‌ട്രോംഗ്് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിനാണ് ഇതിന്റെ ഹൃദയം. ഇത് 184 bhp പവറും 206 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ഇസിവിടി ട്രാന്‍സ്മിഷനുമായാണ് ഈ എഞ്ചിന്‍ ഇണചേര്‍ത്തിരിക്കുന്നത്. ലിറ്ററിന് 23.24 കിലോമീറ്ററാണ് ഇന്‍വിക്‌റ്റോയുടെ ARAI സര്‍ട്ടിഫൈഡ് മൈലേജ്.

ഇത്രയും കരുത്തുറ്റ മെക്കാനിക്കല്‍ സവിശേഷതകളും ഇന്ധനക്ഷമതയും ഉണ്ടായിട്ടും വിപണിയില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാന്‍ ഇന്‍വിക്‌റ്റോയ്ക്ക് സാധിക്കുന്നില്ല.നെക്‌സ ഡീലര്‍ഷിപ്പ് വഴി വിപണനം ചെയ്യുന്ന പ്രീമിയം മോഡലിന്റെ അകത്തളത്തില്‍ പനോരമിക് സണ്‍റൂഫ്, മെമ്മറി ഫംഗ്ഷനുള്ള 8-വേ പവര്‍ അഡ്ജസ്റ്റബിള്‍ ഡ്രൈവര്‍ സീറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. 10.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റവും ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോളും യാത്രക്കാര്‍ക്ക് ആഡംബര പൂര്‍ണമായ അനുഭവം നല്‍കുന്നു.
സുരക്ഷാ ഫീച്ചറുകളുടെ കാര്യത്തിലും ഇന്‍വിക്‌റ്റോ മുന്‍പന്തിയില്‍ തന്നെയാണ് നില്‍ക്കുന്നത്. 6 എയര്‍ബാഗുകള്‍, 360 ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറേജുകള്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ ഇതിലുണ്ട്. ഇന്‍വിക്‌റ്റോയുടെ 7-സീറ്റര്‍, 8-സീറ്റര്‍ വേരിയന്റുകള്‍ ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കിയിട്ടുണ്ട്.

ഉയര്‍ന്ന സുരക്ഷാ നിലവാരം പുലര്‍ത്തുന്ന പ്രീമിയം എംപിവി എന്ന നിലയിലും ഇന്‍വിക്‌റ്റോ ഉപഭോക്താക്കളെ ഷോറൂമുകളിലേക്ക് ആകര്‍ഷിക്കാന്‍ പാടുപെടുകയാണ്. മാരുതിയുടെ തന്നെ എര്‍ട്ടിഗ, XL6 എന്നീ എംപിവികള്‍ വിപണിയില്‍ ആധിപത്യം തുടരുമ്പോഴാണ് ഉയര്‍ന്ന വിലയുള്ള ഇന്‍വിക്‌റ്റോ പതറുന്നത്. പ്രീമിയം സെഗ്മെന്റിലെ ഉപഭോക്താക്കള്‍ ടൊയോട്ട എന്ന ബ്രാന്‍ഡ് നെയിമിന് നല്‍കുന്ന മുന്‍ഗണനയാണ് ഇതിന് പിന്നിലെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
മാത്രമല്ല വില താങ്ങിനിര്‍ത്താനായി ഹൈക്രോസിലെ ചില പ്രധാന ഫീച്ചറുകള്‍ ഒഴിവാക്കിയതും നോണ്‍ ഹൈബ്രിഡ് ഫീച്ചറുകളുടെ അഭാവവുമെല്ലാം ഇന്‍വിക്‌റ്റോക്ക് തിരിച്ചടിയായിട്ടുണ്ട്. നിലവില്‍ 24.97 ലക്ഷം രൂപയാണ് ഇന്‍വിക്‌റ്റോയുടെ എക്‌സ്-ഷോറൂം വില. വലിയ കുടുംബങ്ങള്‍ക്കും ആഡംബര യാത്രകള്‍ക്കും അനുയോജ്യമായ രീതിയിലാണ് ഇതിന്റെ രൂപകല്‍പ്പന. എന്നിരുന്നാലും വിപണിയിലെ മറ്റ് എസ്‌യുവികളുടെ കടന്നുകയറ്റവും ഇന്‍വിക്‌റ്റോയുടെ വില്‍പ്പനയെ ബാധിച്ചിട്ടുണ്ട്.
ഇന്‍വിക്‌റ്റോയുടെ വില്‍പ്പനയിലെ വമ്പന്‍ ഇടിവ് വരും ദിവസങ്ങളില്‍ കമ്പനി ഗൗരവമായി പരിശോധിക്കും. വിപണിയിലെ ആവശ്യകത മനസിലാക്കി ഉല്‍പ്പാദനത്തിലും വിപണന തന്ത്രങ്ങളിലും മാറ്റങ്ങള്‍ വരുത്തി ഇന്‍ വിക്‌റ്റോയെയുടെ ശക്തമായ തിരിച്ചുവരവിന് അവസരമൊരുക്കാനാണ് മാരുതിയുടെ നീക്കം. വരും മാസങ്ങളില്‍ കൂടുതല്‍ ഓഫറുകള്‍ നല്‍കി വില്‍പ്പന തിരിച്ചുപിടിക്കാനായിരിക്കും മാരുതി സുസുക്കി ലക്ഷ്യമിടുന്നത്. ഹൈക്രോസിനേക്കാള്‍ കുറഞ്ഞ കാത്തിരിപ്പ് കാലയളവുള്ളതിനാല്‍ ബ്രാന്‍ഡ് വാല്യു നോക്കാത്ത ഉപഭോക്താക്കള്‍ ഒരുപക്ഷേ ഇന്‍വിക്‌റ്റോയില്‍ തൃപ്തിപ്പെട്ടേക്കും.


Click it and Unblock the Notifications








