ഇന്ത്യൻ വാഹന ലോകത്ത് വൻ അഴിച്ചുപണി! മാരുതിയുടെ ഒന്നാം സ്ഥാനം അപകടത്തിലോ? ഏറ്റവും പുതിയ റിപ്പോർട്ട്

ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി വിപണിയില്‍ കടുത്ത മത്സരം നേരിടുന്നതായി റിപ്പോര്‍ട്ട്. പതിറ്റാണ്ടുകളായി വിപണിയുടെ 40 ശതമാനത്തിലധികം കൈയ്യടക്കി വെച്ച് ഏകാധിപതിയെ പോലെ വാണിരുന്ന കമ്പനിയുടെ ആധിപത്യത്തിന് ടാറ്റ മോട്ടോര്‍സ്, മഹീന്ദ്ര തുടങ്ങിയ സ്വദേശി കമ്പനികള്‍ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. 2025-ലെ കണക്കുകള്‍ പ്രകാരം മാരുതിയുടെ വിപണി വിഹിതം 39.91 ശതമാനമായി കുറഞ്ഞു. 2021-ല്‍ വിപണിയുടെ 44.91 ശതമാനം കൈവശം വച്ചിരുന്ന സ്ഥാനത്ത് നിന്നാണ് 5 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയത്. വിപണി വിഹിതത്തില്‍ ഇടിവ് രേഖപ്പെടുത്തിയെങ്കിലും മാരുതിയുടെ മൊത്തം വല്‍പ്പനയില്‍ വര്‍ദ്ധനവ് ഉണ്ടായി എന്നതാണ് ശ്രദ്ധേയമായ വസ്തുത.

2025-ല്‍ 2021-നെ അപേക്ഷിച്ച് 5 ലക്ഷത്തിലധികം യൂണിറ്റുകള്‍ (37% വര്‍ധന) അധികമായി വില്‍ക്കാന്‍ കമ്പനിക്ക് സാധിച്ചു. 18 ലക്ഷത്തിലധികം കാറുകളാണ് കഴിഞ്ഞ വര്‍ഷം മാരുതി വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം മൊത്തം 22.55 ലക്ഷം കാറുകളാണ് മാരുതി സുസുക്കി ഉത്പാദിപ്പിച്ചത്. ഇതും റെക്കോഡ് ആണ്. കണക്കുകള്‍ ഇങ്ങനെ ആയിട്ടും മാരുതി സുസുക്കിക്ക് എങ്ങിനെ വിപണി വിഹിതം നഷ്ടമാകുന്നുവെന്നായിരിക്കും പലരുടെയും ചിന്ത.

maruti suzuki market share down

സ്വദേശി ബ്രാന്‍ഡുകളുടെ കുതിപ്പ്

മാരുതി സുസുക്കി വളരുകയാണെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. എന്നാല്‍, മാരുതിയുടെ വളര്‍ച്ചയേക്കാള്‍ വേഗത്തില്‍ മറ്റ് കമ്പനികള്‍ വിപണി പിടിക്കുന്നതാണ് വിപണി വിഹിതം കുറയാന്‍ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര 193 ശതമാനവും ടാറ്റ മോട്ടോര്‍സ് 71 ശതമാനവുമാണ് കഴിഞ്ഞ നാല് വര്‍ഷത്തിനിടെ വളര്‍ച്ച രേഖപ്പെടുത്തിയത്. മഹീന്ദ്ര ഏകദേശം 4 ലക്ഷം യൂണിറ്റുകള്‍ അധികം വിറ്റപ്പോള്‍ ടാറ്റ 2.3 ലക്ഷം യൂണിറ്റുകളുടെ അധിക നേട്ടമുണ്ടാക്കി.

മറ്റ് ഫോറിന്‍ ബ്രാന്‍ഡുകളായ ടൊയോട്ട, സ്‌കോഡ, ഫോക്സ്വാഗണ്‍, എംജി തുടങ്ങിയവയും 2021-ല്‍ നിന്ന് 2025-ല്‍ എത്തിയപ്പോള്‍ വില്‍പ്പനയും അതിനൊപ്പം വിപണി വിഹിതവും ഗണ്യമായി വര്‍ദ്ധിപ്പിച്ചു. പ്രമുഖ കൊറിയന്‍ കമ്പനികളായ ഹ്യുണ്ടായിയും കിയയും വില്‍പ്പനയില്‍ തരക്കേടില്ലാത്ത വളര്‍ച്ച നേടിയെങ്കിലും വിപണി വിഹിതം നഷ്ടപ്പെടുത്തി. അതേസമയം നിസാന്‍, റെനോ, ജീപ്പ് എന്നീ കമ്പനികള്‍ക്ക് വില്‍പ്പനയിലും വിപണി വിഹിതത്തിലും നഷ്ടമാണ് ഉണ്ടായത്.

mahindra suvs

എസ്‌യുവി ജ്വരം കാരണമായോ?

സ്‌പോര്‍ട് യൂടിലിറ്റി വാഹന (SUV) വിഭാഗത്തില്‍ ഉണ്ടായ കുതിപ്പ് മാരുതിക്ക് തിരിച്ചടിയായെന്ന് വേണമെങ്കില്‍ പറയാം. 4 മീറ്ററില്‍ താഴെ നീളമുള്ള ഹാച്ച്ബാക്കുകളിലും സിഎന്‍ജി കാറുകളിലുമാണ് മാരുതി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. എന്നാല്‍ അടുത്ത കാലത്തായി കൂടുതല്‍ സൗകര്യങ്ങളുള്ള വലിയ വാഹനങ്ങളിലേക്ക് ഉപഭോക്തൃ താല്‍പര്യം മാറിയിട്ടുണ്ട്. ഇതാണ് മാരുതി സുസുക്കിക്ക് വെല്ലുവിളിയാകുന്നത്. ടാറ്റ നെക്സോണ്‍, പഞ്ച്, മഹീന്ദ്ര സ്‌കോര്‍പ്പിയോ, XUV700 തുടങ്ങിയ മോഡലുകള്‍ എസ്‌യുവി പ്രേമികളെ ആകര്‍ഷിച്ചു.

ട്രെന്‍ഡ് മാറുന്നത് മനസ്സിലാക്കി മാരുതിയും ഗ്രാന്‍ഡ് വിറ്റാര, ജിംനി, ഫ്രോങ്ക്‌സ്, വിക്‌ടോറിസ് എന്നീ എസ്‌യുവികള്‍ സമീപകാലത്തായി വിപണിയില്‍ എത്തിച്ചിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ജിംനി ഒഴികെയുള്ള മോഡലുകള്‍ എല്ലാം മികച്ച വില്‍പ്പനയാണ് നേടുന്നത്. ജിംനി 5 ഡോര്‍ പതിപ്പിന് ഇന്ത്യയില്‍ ഡിമാന്‍ഡ് ഇല്ലെങ്കിലും വിദേശത്ത് ചൂടപ്പം പോലെ വിറ്റുപോകുന്നു.

tata cars

ഇന്ത്യയില്‍ സിഎന്‍ജി കാര്‍ വിഭാഗത്തില്‍ മാരുതിയാണ് ആധിപത്യം പുലര്‍ത്തുന്നത്. ഡീസല്‍ എഞ്ചിന്‍ നിര്‍ത്തലാക്കിയതിന്റെ ക്ഷീണം കമ്പനിയെ ബാധിക്കാതിരുന്നത് സിഎന്‍ജി മോഡലുകള്‍ നേടിത്തരുന്ന മികച്ച വില്‍പ്പനയായിരുന്നു. അതേസമയം ഡീസല്‍, ഇലക്ട്രിക് വാഹന വിഭാഗത്തില്‍ നിന്ന് നിലവില്‍ മാരുതിക്ക് സാന്നിധ്യമില്ലാത്തതും വിപണി വിഹിതത്തെ ബാധിച്ചു. ഇന്ത്യന്‍ കാര്‍ വിപണിയുടെ 20.7 ശതമാനം കൈയാളുന്നത് ഡീസല്‍, ഇവി വിഭാഗങ്ങളാണ്.

ഡീസല്‍ മോഡലുകള്‍ മാരുതി നിര്‍ത്തലാക്കിയെങ്കിലും ഇവി വിപണിയില്‍ ഇനിയും സാന്നിധ്യമറിയിച്ചിട്ടില്ല. മഹീന്ദ്രയും ഹ്യുണ്ടായിയും ഡീസല്‍ കാര്‍ വിഭാഗത്തില്‍ മേധാവിത്തം പുലര്‍ത്തുമ്പോള്‍ പാസഞ്ചര്‍ ഇലക്ട്രിക് കാര്‍ വിഭാഗം ടാറ്റയും എംജിയുമാണ് ഭരിക്കുന്നത്. ഇ-വിറ്റാരയടക്കമുള്ള മോഡലുകളുമായി വരും വര്‍ഷങ്ങളില്‍ മാരുതി ഇവി വിപണിയില്‍ സാന്നിധ്യം ശക്തമാക്കുന്നതോടെ ഈ സ്ഥിതിയില്‍ മാറ്റമുണ്ടാകും.

കമ്പനി വിപണി വിഹിതം 2021 (%) വിപണി വിഹിതം 2025 (%) മാറ്റം (Trend)
മാരുതി സുസുക്കി 44.91% 39.91% ▼ 5.00%
മഹീന്ദ്ര 5.80% 13.25% ▲ 7.45%
ടാറ്റ മോട്ടോഴ്‌സ് 8.30% 12.68% ▲ 4.38%
ടൊയോട്ട 4.30% 7.17% ▲ 2.87%
ഹ്യുണ്ടായ് 16.40% 12.50% ▼ 3.90%

*ഡാറ്റ കടപ്പാട്: ഇൻഡസ്ട്രി സെയിൽസ് റിപ്പോർട്ട് (2021-2025)

മാരുതിയല്ലേ, തിരിച്ചുവരും

ടാറ്റയുടെയും മഹീന്ദ്രയുടെയും കുതിപ്പിന് പുറമെ ഹ്യുണ്ടായി, കിയ തുടങ്ങിയ കമ്പനികളും മികച്ച വല്‍പ്പനയാണ് കാഴ്ചവെക്കുന്നത്. എന്നിരുന്നാലും, മൊത്തം യൂണിറ്റുകളുടെ എണ്ണത്തില്‍ ഇവരെല്ലാവരും മാരുതിയേക്കാള്‍ ഏറെ പിന്നിലാണ്. ജനപ്രിയ മോഡലുകളുടെ പുതിയ പതിപ്പുകള്‍ പുറത്തിറക്കി നഷ്ടപ്പെട്ട വിപണി തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് മാരുതി സുസുക്കി ഇപ്പോള്‍. വിപണിയിലെ ഈ മാറ്റം ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഗുണകരമാകും.

കമ്പനികള്‍ തമ്മിലുള്ള മത്സരം വര്‍ദ്ധിക്കുന്നതോടെ കൂടുതല്‍ സാങ്കേതിക സൗകര്യങ്ങളും സുരക്ഷയുമുള്ള വാഹനങ്ങള്‍ കുറഞ്ഞ വിലയില്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. 4 മീറ്ററില്‍ താഴെയുള്ള വാഹനങ്ങള്‍ക്ക് ഈടാക്കുന്ന കുറഞ്ഞ നികുതി നിരക്ക് ഹാച്ച്ബാക്കുകളുടെ വിപണി നിലനിര്‍ത്താന്‍ മാരുതിയെ സഹായിക്കുന്നുണ്ടെങ്കിലും ഭാവി മുന്നില്‍ കണ്ട് തന്ത്രങ്ങള്‍ മാറ്റേണ്ട സാഹചര്യം ആസന്നമാണ്.

ചുരുക്കത്തില്‍, ഇന്ത്യന്‍ വാഹന വിപണി മുമ്പത്തേക്കാള്‍ വിശാലമായിക്കൊണ്ടിരിക്കുകയാണ്. ആളുകള്‍ പുതിയ ഓപ്ഷനുകള്‍ തേടിപ്പോകുന്ന പ്രവണത വര്‍ദ്ധിച്ചതോടെ വിപണി വിഹിതം കൂടുതല്‍ കമ്പനികള്‍ക്കായി വിഭജിക്കപ്പെടുന്നു. മാരുതി ഇപ്പോഴും ഒന്നാം സ്ഥാനത്ത് തുടരുന്നുണ്ടെങ്കിലും വരും വര്‍ഷങ്ങളില്‍ മത്സരം കൂടുതല്‍ കടുക്കുമെന്ന് ഉറപ്പാണ്. പ്രത്യേകിച്ച് ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങള്‍ ജനകീയമാകുന്ന സാഹചര്യത്തില്‍.

Article Published On: Saturday, January 31, 2026, 18:04 [IST]
English summary
Maruti suzuki market share dip 2025 compared to 2021 tata mahindra growth analysis report
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X