മൈലേജ് ചാമ്പ്യന്‍മാരായ ഈ കാറുകളുടെ വില്‍പ്പന ഒറ്റയടിക്ക് ഇരിട്ടിയായി! എന്ത് അത്ഭുതമാണ് സംഭവിച്ചതെന്ന് അറിയണ്ടേ
കേന്ദ്ര സര്‍ക്കാര്‍ 2025-ല്‍ ചരക്കുസേവന നികുതിയില്‍ (ജിഎസ്ടി) വരുത്തിയ പരിഷ്‌കാരങ്ങള്‍ ഇന്ത്യന്‍ വാഹന വിപണിയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നു. ചെറുകാറുകളുടെ നികുതി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമാക്കി കുറച്ചതോടെ പല മോഡലുകളുടെയും വില ഗണ്യമായി കുറഞ്ഞു. ഇന്ത്യയില്‍ ഏറ്റവും വിപുലമായ കോംപാക്ട് കാര്‍ പോര്‍ട്‌ഫോളിയോയുള്ള മാരുതി സുസുക്കി ഇതില്‍ നിന്ന് മികച്ച നേട്ടം കൊയ്യാനായി. ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍ വരെ ഉള്‍ക്കൊള്ളുന്ന 2025 കലണ്ടര്‍ വര്‍ഷത്തിന്റെ അവസാന പാദത്തില്‍ വന്‍ വളര്‍ച്ചയാണ് മാരുതി രേഖപ്പെടുത്തിയിരിക്കുന്നത്. ചെറു കാര്‍ വിപണിയില്‍ കമ്പനി അപ്രതീക്ഷിത മുന്നേറ്റമാണ് ഇപ്പോള്‍ കാഴ്ചവെക്കുന്നത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 22 മുതലാണ് പുതുക്കിയ ജിഎസ്ടി നിരക്കുകള്‍ രാജ്യത്ത് പ്രാബല്യത്തില്‍ വന്നത്. ഇതിന് പിന്നാലെ മാരുതിയുടെ വാഹന വില്‍പനയില്‍ 22 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ നേരിട്ട മാന്ദ്യം മറികടക്കാന്‍ നികുതിയിളവ് സഹായിച്ചുവെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇത് വാഹന വിപണിക്ക് പുത്തന്‍ ഉണര്‍വേകിയിട്ടുണ്ട്.

എസ്-പ്രെസോ, ആള്‍ട്ടോ K10 എന്നീ മോഡലുകള്‍ ഉള്‍ക്കൊള്ളുന്ന മിനി സെഗ്മെന്റിലാണ് ഏറ്റവും വലിയ കുതിച്ചുചാട്ടം ഉണ്ടായിരിക്കുന്നത്. 2024 ഡിസംബറില്‍ വിറ്റ 7418 യൂണിറ്റില്‍ നിന്ന് 2025 ഡിസംബറില്‍ 14225 യൂണിറ്റിലേക്കാണ് വില്‍പ്പന ഉയര്‍ന്നത്. 92 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച. 2025 നവംബറില്‍ വിറ്റ 12347 യൂണിറ്റ് വില്‍പ്പനയുമായി തട്ടിച്ച് നോക്കുമ്പോള്‍ 15 ശതമാനം വളര്‍ച്ചയും രേഖപ്പെടുത്തി.
സാധാരണക്കാരുടെ പ്രിയപ്പെട്ട ഈ കുഞ്ഞന്‍ കാറുകളുടെ വില കുത്തനെ കുറഞ്ഞതിനാല്‍ ജനങ്ങള്‍ ഷോറൂമിലേക്ക് ഒഴുകിയതാണ് ഇത്ര വലിയ മുന്നേറ്റത്തിന് കാരണമായത്. എസ്‌യുവി ജ്വരത്തിനിടയില്‍ സൈഡായിപ്പോയ ഈ വിഭാഗം ഇപ്പോള്‍ വീണ്ടും സടകുടഞ്ഞ് എഴുന്നേറ്റിരിക്കുകയാണ്. മിനി സെഗ്‌മെന്റില്‍ മാത്രമല്ല കോംപാക്ട് വിഭാഗത്തിലും മാരുതി സുസുക്കി മികച്ച പ്രകടനം കാഴ്ചവെച്ചു. സെലേറിയോ, ഡിസയര്‍, ഇഗ്‌നിസ്, സ്വിഫ്റ്റ്, വാഗണ്‍ആര്‍ തുടങ്ങിയ ജനപ്രിയ മോഡലുകളാണ് ഈ വിഭാഗത്തിലുള്ളത്.

ഹാച്ച്ബാക്ക്, സെഡാന്‍ മോഡലുകള്‍ ഒരേപോലെ കച്ചോടം വാരി. 2024 ഡിസംബറില്‍ 54,906 വാഹനങ്ങളാണ് കോംപാക്ട് വിഭാഗത്തില്‍ മാരുതി വിറ്റത്. എന്നാല്‍ 2025 ഡിസംബറില്‍ ഇത് 78,074 യൂണിറ്റുകളായി വര്‍ധിച്ചു. അതായത് ഒറ്റ വര്‍ഷത്തിനിടെ 43 ശതമാനം വളര്‍ച്ചയാണ് ഈ വിഭാഗത്തില്‍ ഉണ്ടായത്. ഇതില്‍ ഡിസയര്‍ 2025-ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാര്‍ ആയി മാറി. അതേസമയം ബലേനോ 2025 ഡിസംബര്‍ മാസത്തെ ബെസ്റ്റ് സെല്ലര്‍ പട്ടം നേടി.
ജിഎസ്ടി സ്ലാബുകളില്‍ വരുത്തിയ മാറ്റങ്ങള്‍ ഓണ്‍-റോഡ് വില ഗണ്യമായി കുറച്ചതിനാല്‍ ആളുകള്‍ യൂസ്ഡ് കാറുകള്‍ വാങ്ങാനുള്ള പ്ലാനുകള്‍ മാറ്റി പുതിയത് തന്നെ തെരഞ്ഞെടുക്കാന്‍ തുടങ്ങിയെന്നാണ് തോന്നുന്നത്. 2025 കലണ്ടര്‍ വര്‍ഷത്തിന്റെ വിവിധ പാദങ്ങളിലെ മാരുതിയുടെ വില്‍പ്പനയില്‍ ഉയര്‍ച്ച താഴ്ച പ്രകടമായിരുന്നു. ഒന്നാം പാദത്തില്‍ 4.85 ലക്ഷം കാറുകള്‍ വിറ്റ് 1 ശതമാനം വാര്‍ഷിക വളര്‍ച്ച നേടിയപ്പോള്‍ രണ്ടാം പാദത്തില്‍ 6 ശതമാനം ഇടിവോടെ വില്‍പ്പന 3.93 ലക്ഷമായി കുറഞ്ഞു.

മൂന്നാം പാദത്തില്‍ വില്‍പ്പന 4.01 ലക്ഷം യൂണിറ്റായിരുന്നുവെങ്കിലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 6 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. എന്നാല്‍ നാലാം പാദമായപ്പോഴേക്കും വില്‍പന 22 ശതമാനം വളര്‍ച്ചയോടെ 5.25 ലക്ഷം യൂണിറ്റായി ഉയര്‍ന്നു. മൊത്തത്തില്‍ 18.06 ലക്ഷം പുതിയ ഉപഭോക്താക്കളെ ലഭിച്ചതോടെ കമ്പനിയുടെ ചരിത്രത്തില്‍ ഏറ്റവും മികച്ച വില്‍പ്പന നേടിയ വര്‍ഷമായി 2025 മാറി. 3 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ റെക്കോഡിടാന്‍ മാരുതിയെ സഹായിച്ചത് ചെറു കാര്‍ വിപണിയിലുണ്ടായ പുത്തന്‍ ഉണര്‍വാണ്.
ചെറു കാര്‍ നിര്‍മാണം വലിയ വെല്ലുവിളിയാണെന്നാണ് കമ്പനി നേരത്തെ തുറന്നു പറഞ്ഞതാണ്. കേന്ദ്ര സര്‍ക്കാറിന്റെ പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുമ്പോള്‍ ചെറു വാഹന നിര്‍മാണത്തിന് ചെലവേറുകയും ഇത് വില വര്‍ധനവിന് കാരണമാകുകയും ചെയ്യുന്നു. എന്നാല്‍ ജിഎസ്ടി 2.0 ഇളവ് ഈ പ്രതിസന്ധിക്ക് ഒരു പരിധിവരെ പരിഹാരമായി. വരും മാസങ്ങളിലും വിപണിയില്‍ ഇതേ മുന്നേറ്റം തുടരുമെന്നാണ് വിപണി വിദഗ്ധര്‍ പ്രവചിക്കുന്നത്.


Click it and Unblock the Notifications








