₹4 ലക്ഷം ബജറ്റിൽ 32 കി.മീ വരെ സിഎൻജി മൈലേജ്! 254% വളർച്ചയുമായി മാരുതിയുടെ വില കുറഞ്ഞ കാറിന്റെ തിരിച്ചുവരവ്
ഇന്ത്യന്‍ ചെറുകാര്‍ വിപണിയില്‍ തങ്ങളുടെ പ്രതാപം വീണ്ടെടുത്തുകൊണ്ട് രാജ്യത്തെ ഏറ്റവും വലിയ പ്രമുഖ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ ഏറ്റവും കുറഞ്ഞ വിലയുള്ള കാര്‍ മോഡലായ 'എസ്-പ്രെസ്സോ' (S-Presso) വിപണിയില്‍ വന്‍ മുന്നേറ്റം നടത്തി. കഴിഞ്ഞ കുറച്ചു മാസങ്ങളായി വില്‍പ്പന മന്ദഗതിയിലായിരുന്ന കാറിന്റെ വമ്പന്‍ തിരിച്ചുവരവാണ് ഇത്. പ്രമുഖ ഓട്ടോമൊബൈല്‍ അനലിറ്റിക്‌സ് സൈറ്റായ 'ഓട്ടോപണ്ഡിറ്റ്സ്' (Autopunditz) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2026 മെയ് മാസത്തില്‍ മാത്രം മൊത്തം 6,388 യൂണിറ്റ് എസ്-പ്രെസ്സോ കാറുകളാണ് മാരുതി സുസുക്കി ഇന്ത്യന്‍ വിപണിയിലുടനീളം വിറ്റഴിച്ചത്.
2025 മെയ് മാസത്തിലെ വില്‍പന കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം എഎസ്-പ്രെസ്സോയുടെ വളര്‍ച്ചയില്‍ 254 ശതമാനത്തിന്റെ അമ്പരപ്പിക്കുന്ന വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വെറും 1,806 യൂണിറ്റുകള്‍ മാത്രമാണ് കമ്പനിക്ക് ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കാന്‍ സാധിച്ചിരുന്നത്. വെറും 12 മാസത്തിന്റെ ചുരുങ്ങിയ കാലയളവിനുള്ളില്‍ വില്‍പ്പന ഇത്രത്തോളം ഉയര്‍ത്താന്‍ സാധിച്ചത് മാരുതിയുടെ വിപണന തന്ത്രങ്ങളുടെ വലിയ വിജയമായിട്ടാണ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്.

സാധാരണക്കാരായ ഉപഭോക്താക്കള്‍ക്കിടയില്‍ ബജറ്റ് കാറുകള്‍ക്കുള്ള ഡിമാന്‍ഡ് ഇനിയും കുറഞ്ഞിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ഈ പുതിയ കണക്കുകള്‍. വാര്‍ഷിക വളര്‍ച്ചയ്ക്ക് പുറമെ, മുന്‍ മാസവമോയി തട്ടിച്ച് നോക്കുമ്പോഴും വില്‍പ്പനയില്‍ മികച്ച പുരോഗതി കൈവരിക്കാന്‍ ഈ ജനപ്രിയ മോഡലിന് സാധിച്ചിട്ടുണ്ട്. 2026 ഏപ്രില്‍ മാസത്തെ വില്‍പ്പനയേക്കാള്‍ 23 ശതമാനം കൂടുതല്‍ ബിസിനസ് നേട്ടമാണ് മെയ് മാസത്തില്‍ ഈ കാര്‍ സ്വന്തമാക്കിയത്.
നഗരങ്ങളിലെ തിരക്കേറിയ റോഡുകളിലൂടെ യാത്ര ചെയ്യാന്‍ ഏറ്റവും അനുയോജ്യമായ രീതിയിലുള്ള കോംപാക്ട് ഡിസൈനും ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സുമാണ് പുതിയ കാര്‍ വാങ്ങുന്ന ഇടത്തരം ഇന്ത്യന്‍ കുടുംബങ്ങളെ എസ്-പ്രെസ്സോയിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന കാര്യങ്ങള്‍. മെക്കാനിക്കല്‍ സവിശേഷതകളിലേക്ക് നോക്കിയാല്‍, വിശ്വസനീയമായ 1.0 ലീറ്റര്‍, K10C ഡ്യുവല്‍ജെറ്റ് പെട്രോള്‍ എഞ്ചിനാണ് ഈ കാറിന് കരുത്ത് പകരുന്നത്.

പരമാവധി 66 bhp പവറും 89 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എജിഎസ് (Auto Gear Shift) ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളോടൊപ്പം ഇണചേര്‍ക്കുന്നു. കുറഞ്ഞ മെയിന്റനന്‍സ് ചിലവ് മാത്രം മതി ഈ മാരുതി കൊണ്ടുനടക്കാന്‍. രാജ്യത്ത് പെട്രോള്‍ വില ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ഉയര്‍ന്ന ഇന്ധനക്ഷതയുള്ള എസ്-പ്രെസ്സോയുടെ വില്‍പ്പന കൂടിയതെന്ന് കൂടി ചേര്‍ത്ത് വായിക്കണം.
ഒരു ലിറ്റര്‍ പെട്രോളിന് ഏകദേശം 25.30 കിലോമീറ്റര്‍ വരെയാണ് എസ്-പ്രെസ്സോയുടെ ഇന്ധനക്ഷമത. യാത്രാച്ചിലവ് ഇനിയും കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി കമ്പനി കാറിന്റെ ഫാക്ടറി ഫിറ്റഡ് സിഎന്‍ജി (CNG) പതിപ്പും വിപണിയിലെത്തിക്കുന്നുണ്ട്. സിഎന്‍ജി മോഡലുകള്‍ കിലോഗ്രാമിന് ഏകദേശം 32.73 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമത നല്‍കുമെന്നാണ് കമ്പനിയുടെ അവകാശവാദം. മാരുതിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന ഇന്ധനക്ഷമത കണക്കുകളാണ് ഇത്.

എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, പാര്‍ക്കിംഗ് സെന്‍സറുകള്‍ തുടങ്ങിയ അടിസ്ഥാന സുരക്ഷ സംവിധാനങ്ങളെല്ലാം ഈ ബജറ്റ് കാറിലും കമ്പനി നല്‍കിയിട്ടുണ്ട്. ഈ ജനപ്രിയ ഹാച്ച്ബാക്കിന്റെ എക്‌സ്-ഷോറൂം വില വെറും 3,49,900 രൂപ മുതലാണ് ആരംഭിക്കുന്നത്. 5,24,900 രൂപയാണ് ടോപ്‌സ്‌പെക് വേരിയന്റിന്റെ വില. മിതമായ വിലയില്‍ ഉയര്‍ന്ന മൈലേജ് നല്‍കുന്ന പുതിയ കാര്‍ തേടുന്നവര്‍ക്ക് ഇതിലും മികച്ചൊരു ഓപ്ഷനില്ല. വരും മാസങ്ങളിലും വിപണിയില്‍ ഇതേ മുന്നേറ്റം നിലനിര്‍ത്താന്‍ എസ്-പ്രെസ്സോയ്ക്ക് സാധിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications