4 മാസം കൊണ്ട് 50000 എണ്ണം വിറ്റത് പോരാ..! 28.65 kmpl മൈലേജുള്ള എസ്‌യുവിക്ക് ₹1 ലക്ഷം ഓഫറിട്ട് മാരുതി
മാരുതി സുസുക്കി അരീന ചാനല്‍ വഴി വിറ്റഴിക്കുന്ന ഫ്ലാഗ്ഷിപ്പ് എസ്യുവിയായ വിക്ടോറിസ് (Maruti Suzuki Victoris) സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഏപ്രില്‍ മാസം വമ്പിച്ച ഡിസ്‌കൗണ്ടുകള്‍ പ്രഖ്യാപിച്ചു. തിരഞ്ഞെടുത്ത വേരിയന്റുകള്‍ക്ക് 1 ലക്ഷം രൂപ വരെ മൂല്യമുള്ള ആനുകൂല്യങ്ങളാണ് ലഭിക്കുക. 'വാഹന്‍ വാര്‍ത്ത'യാണ് (VahanWarta) വിക്‌ടോറിസില്‍ വാഗ്ദാനം ചെയ്യുന്ന ബ്ലോക്ക്ബസ്റ്റര്‍ ഓഫറുകളുടെ ഡീലര്‍ പരസ്യം പങ്കുവെച്ചിരിക്കുന്നത്. ഉത്സവ സീസണിന് മുന്നോടിയായി വിപണിയില്‍ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മാരുതിയുടെ ഈ നീക്കം. മാരുതി സുസുക്കി വിക്ടോറിസിന്റെ വിവിധ വേരിയന്റുകള്‍ക്കും ട്രിമ്മുകള്‍ക്കും അനുസരിച്ചാണ് ഡിസ്‌കൗണ്ടുകള്‍ ക്രമീകരിച്ചിരിക്കുന്നത്.
ബേസ് LXI, മിഡ്സ്പെക് VXI എന്നിവയ്ക്ക് 85,000 രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കും. ഇതില്‍ 65,000 രൂപയുടെ കണ്‍സ്യൂമര്‍ ഓഫറും 20,000 രൂപയുടെ ലോയല്‍റ്റി ബോണസും ഉള്‍പ്പെടുന്നു. പെട്രോള്‍, സിഎന്‍ജി പതിപ്പുകള്‍ക്ക് ഈ ഓഫര്‍ ബാധകമാണ്. ഉയര്‍ന്ന വേരിയന്റുകളായ ZXI, ZXI+ എന്നിവ തിരഞ്ഞെടുക്കുന്നവര്‍ക്ക് 90,000 രൂപ വരെയാണ് ആകെ ലാഭിക്കാന്‍ സാധിക്കുക. ഇതില്‍ 70,000 രൂപയുടെ കണ്‍സ്യൂമര്‍ ബെനഫിറ്റും 20,000 രൂപയുടെ ലോയല്‍റ്റി ബോണസും അടങ്ങിയിരിക്കുന്നു.

മൈല്‍ഡ്-ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന്‍, സിഎന്‍ജി വേരിയന്റുകളിലടക്കം ഈ ആനുകൂല്യം ലഭ്യമാണ്. പ്രീമിയം ഫീച്ചറുകള്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ ചോയ്സ് ആണ് ഈ രണ്ട് വേരിയന്റുകള്‍. വിക്ടോറിസിന്റെ സ്ട്രോംഗ് ഹൈബ്രിഡ് വേരിയന്റിനാണ് കമ്പനി ഏറ്റവും ഉയര്‍ന്ന ഡിസ്‌കൗണ്ട് നല്‍കുന്നത്. ഇ-സിവിടി (e-CVT) ഗിയര്‍ബോക്‌സുമായി എത്തുന്ന ഈ പതിപ്പിന് 70,000 രൂപയുടെ കണ്‍സ്യൂമര്‍ ബെനഫിറ്റും 30,000 രൂപയുടെ ലോയല്‍റ്റി ബോണസും ചേര്‍ത്ത് ആകെ 1 ലക്ഷം രൂപ ലാഭിക്കാം.
ഇന്ധനക്ഷമതയ്ക്കും പെര്‍ഫോമന്‍സിനും മുന്‍ഗണന നല്‍കുന്ന ഹൈബ്രിഡ് പ്രേമികള്‍ക്ക് ഇത് വലിയ ആശ്വാസമാണ്. ഇതിന് പുറമെ 'ഏപ്രില്‍ ധമാക്ക' എന്ന പേരില്‍ പ്രത്യേക എക്സ്ചേഞ്ച് ഓഫറുകളും ലഭ്യമാണ്. ഈ സ്‌കീം വഴി പഴയ കാറുകള്‍ എക്സ്ചേഞ്ച് ചെയ്ത് പുതിയ വിക്ടോറിസ് വാങ്ങുന്നവര്‍ക്ക് 1.3 ലക്ഷം രൂപ വരെ ലാഭിക്കാന്‍ പറ്റും.

എക്സ്ചേഞ്ച് സ്‌കീമിന് കീഴില്‍ വിക്ടോറിസ് വാങ്ങുന്ന ഭാഗ്യശാലികള്‍ക്ക് ഏഥര്‍ ഇലക്ട്രിക് സ്‌കൂട്ടറോ സിംഗപ്പൂര്‍ ട്രിപ്പോ നേടാന്‍ അവസരവുമുണ്ട്. എന്നാല്‍ ഇത് ബ്രാന്‍ഡ് ലെവല്‍ ഓഫറാണോ അതോ ഡീലര്‍ഷിപ്പ് തലത്തില്‍ ലഭ്യമാകുന്ന ഓഫര്‍ ആണോ എന്ന കാര്യം തീര്‍ച്ചയില്ല. വിക്ടോറിസിനെ കുറിച്ച് പറയുമ്പോള്‍ ഗ്രാന്‍ഡ് വിറ്റാരയുടെ പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിച്ച ഈ കോംപാക്ട് എസ്‌യുവി യൂറോപ്യന്‍ ഡിസൈന്‍ ശൈലിയിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്.
അരീന ചാനല്‍ വഴി വില്‍പ്പന നടത്തുന്നതിനാല്‍ ഗ്രാന്‍ഡ് വിറ്റാരയേക്കാള്‍ കുറഞ്ഞ വിലയിലാണ് ഇത് ലഭ്യമാകുന്നത്. അതേസമയം, ലെവല്‍ 2 ADAS, വെന്റിലേറ്റഡ് സീറ്റുകള്‍, പനോരമിക് സണ്‍റൂഫ് തുടങ്ങിയ അത്യാധുനിക സൗകര്യങ്ങള്‍ ഈ വാഹനത്തില്‍ മാരുതി സജ്ജീകരിച്ചിട്ടുണ്ട്. ഗ്രാന്‍ഡ് വിറ്റാരയ്ക്ക് സമാനമായ പവര്‍ട്രെയിന്‍ ഓപ്ഷനുകളാണ് വിക്ടോറിസിനും ലഭിക്കുന്നത്. 1.5 ലിറ്റര്‍ മൈല്‍ഡ്-ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന്‍ മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളില്‍ലഭ്യമാണ്.
കൂടാതെ സെഗ്മെന്റില്‍ ആദ്യമായി അണ്ടര്‍ബോഡി സിഎന്‍ജി ടാങ്ക് സംവിധാനം ലഭിച്ച മോഡലും വിക്ടോറിസ് ആണ്. സിഎന്‍ജി പതിപ്പുകള്‍ മാനുവല്‍ ഗിയര്‍ബോക്‌സിനൊപ്പം മാത്രമാണ് ലഭ്യമാകുന്നത്. ഓട്ടോമാറ്റിക് വേരിയന്റുകളില്‍ ഓള്‍-വീല്‍ ഡ്രൈവ് (AWD) ഓപ്ഷനുമുണ്ട്.സ്ട്രോംഗ് ഹൈബ്രിഡ് പതിപ്പ് ലിറ്ററിന് 28.65 കിലോമീറ്റര്‍ മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് വിക്ടോറിസിനെ സെഗ്മെന്റിലെ തന്നെ ഏറ്റവും ഉയര്‍ന്ന ഇന്ധനക്ഷമതയുള്ള എസ്യുവികളില്‍ ഒന്നാക്കി
വിക്ടോറിസിന്റെ അകത്തളത്തില്‍ ധാരാളം പ്രീമിയം ഫീച്ചറുകള്‍ മാരുതി സജ്ജീകരിച്ചിട്ടുണ്ട്. 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പനോരമിക് സണ്‍റൂഫ്, ഹെഡ്സ്-അപ്പ് ഡിസ്‌പ്ലേ, ആംബിയന്റ് ലൈറ്റിംഗ്, വെന്റിലേഷന്‍ സൗകര്യമുള്ള ഫ്രണ്ട് സീറ്റുകള്‍, ഡോള്‍ബി അറ്റ്മോസ് മ്യൂസിക് സിസ്റ്റം, യുഎസ്ബി ടൈപ്പ്-സി ചാര്‍ജിംഗ് പോര്‍ട്ടുകള്‍ തുടങ്ങിവയാണ് വിക്ടോറിസിലെ ഫീച്ചര്‍ ഹൈലൈറ്റുകള്‍.

മാരുതിയുടെ മറ്റ് മോഡേണ്‍ കാറുകളെ പോലെ സേഫ്റ്റിയുടെ കാര്യത്തില്‍ വിക്ടോറിസും മികച്ച നിലവാരം പുലര്‍ത്തുന്നു. ഗ്ലോബല്‍ NCAP, ഭാരത് NCAP ക്രാഷ് ടെസ്റ്റുകളില്‍ വിക്ടോറിസ് 5-സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടിയിട്ടുണ്ട്. ലെവല്‍ 2 അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസിനൊപ്പം (ADAS) സ്റ്റാന്‍ഡേര്‍ഡ് ആയി 6 എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ബ്രേക്ക് അസിസ്റ്റ്, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറേജ് എന്നീ സവിശേഷതകളും കാറില്‍ നല്‍കിയിരിക്കുന്നു.
നിലവില്‍ 10.50 ലക്ഷം രൂപ മുതല്‍ 19.99 ലക്ഷം രൂപ വരെയാണ് മാരുതി വിക്ടോറിസിന്റെ എക്സ്-ഷോറൂം വില. ഉയര്‍ന്ന ഇന്ധനക്ഷമയും നൂതന സവിശേഷതകളും മികച്ച സേഫ്റ്റിയുമുള്ള എസ്‌യുവി 1 ലക്ഷം രൂപ വരെ ഓഫറില്‍ വില്‍പ്പനക്ക് വെച്ചതിനാല്‍ ഏപ്രില്‍ മാസം വിക്ടോറിസിന്റെ വില്‍പ്പന കുതിച്ചുയരുമെന്നാണ് കരുതുന്നത്. സ്റ്റോക്കിന്റെ ലഭ്യതയ്ക്കും സ്ഥലത്തിനും അനുസരിച്ച് ഒരുപക്ഷേ ഓഫറുകളില്‍ മാറ്റം വന്നേക്കാം.
അതുകൊണ്ട് എസ്‌യുവിയുടെ ഓഫറുകളെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഏറ്റവും അടുത്തുള്ള അരീന ഡീലര്‍ഷിപ്പ് സന്ദര്‍ശിക്കുക. സ്റ്റോക്കുകള്‍ തീരുന്നതിന് മുമ്പ് ഡീലര്‍ഷിപ്പുകള്‍ സന്ദര്‍ശിച്ച് ടെസ്റ്റ് ഡ്രൈവ് ചെയ്യണമെന്ന് കമ്പനി അധികൃതര്‍ ഓര്‍മിപ്പിക്കുന്നു. വെറും 4 മാസം കൊണ്ട് 50000 യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് താണ്ടിയ വിക്‌ടോറിസിന്റെ വില്‍പ്പന വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഈ നീക്കം വരും മാസങ്ങളിലും തുടര്‍ന്നേക്കാം.


Click it and Unblock the Notifications








