28 KM മൈലേജ്, ഞെട്ടിക്കുന്ന വില! വിക്ടോറിസ് വിപണി പിടിക്കുന്നത് ഇങ്ങനെ; ഏപ്രിലിൽ വിറ്റത് 13,700 യൂണിറ്റ്
മിഡ്-സൈസ് എസ്‌യുവി വിപണിയില്‍ ചുവടുറപ്പിക്കാന്‍ മാരുതി സുസുക്കി അവതരിപ്പിച്ച 'വിക്ടോറിസ്' (Maruti Suzuki Victoris) ഇന്ത്യന്‍ നിരത്തുകളില്‍ പുതിയൊരു വിജയഗാഥ രചിക്കുകയാണ്. 2026 ഏപ്രില്‍ മാസത്തിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍, എതിരാളികളെ വിറപ്പിക്കുന്ന പ്രകടനമാണ് ഈ പുതുമുഖം കാഴ്ചവെച്ചിരിക്കുന്നത്. കഴിഞ്ഞ മാസം മാത്രം 13,701 യൂണിറ്റ് വില്‍പ്പനയാണ് വിക്ടോറിസ് നേടിയത്. മാരുതിയുടെ അരീന (Arena) ഡീലര്‍ഷിപ്പുകള്‍ വഴി വില്‍ക്കുന്ന വിക്ടോറിസ് വിപണിയിലെത്തി ചെയ്ത് മാസങ്ങള്‍ക്കുള്ളില്‍ തന്നെ 50,000 യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് പിന്നിട്ടിരുന്നു.
2026 ഏപ്രിലില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട മിഡ്-സൈസ് എസ്‌യുവികളുടെ പട്ടികയില്‍ മൂന്നാം സ്ഥാനം ഉറപ്പിക്കാന്‍ വിക്ടോറിസിന് സാധിച്ചു. ഹ്യുണ്ടായി ക്രെറ്റ, മഹീന്ദ്ര സ്‌കോര്‍പ്പിയോ എന്നിവയ്ക്ക് പിന്നിലായെങ്കിലും കിയ സെല്‍റ്റോസിനെ പോലുള്ള പ്രബലരെ പിന്നിലാക്കാന്‍ വിക്ടോറിസിന് സാധിച്ചു. സാങ്കേതികത്തികവാണ് വിക്ടോറിസിനെ എസ്‌യുവി പ്രേമികള്‍ക്കിടയില്‍ ജനപ്രിയമാക്കുന്നത്. പെട്രോള്‍, ഹൈബ്രിഡ്, സിഎന്‍ജി എന്നിങ്ങനെ മള്‍ട്ടിപ്പിള്‍ പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ വിക്‌ടോറിസ് ഓഫര്‍ ചെയ്യുന്നു.

ഇതില്‍ സ്‌ട്രോംഗ് ഹൈബ്രിഡ് മോഡല്‍ ലിറ്ററിന് 28.65 കിലോമീറ്റര്‍ എന്ന വിസ്മയിപ്പിക്കുന്ന മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്. സിറ്റിയിലൂടെ സഞ്ചരിക്കാന്‍ മികച്ച ഇന്ധനക്ഷമതയുള്ള കാര്‍ തിരയുന്നവര്‍ക്ക് വിക്ടോറിസ് മികച്ച ഓപ്ഷനായി മാറുന്നു. മെക്കാനിക്കല്‍ വശങ്ങളിലേക്ക് നോക്കിയാല്‍, 103 PS പവറും 139 Nm ടോര്‍ക്കും നല്‍കുന്ന 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എഞ്ചിന്‍ മിതവും സുഗമവുമായ ഡ്രൈവിംഗ് അനുഭവം നല്‍കുന്നു.
സ്‌ട്രോംഗ് ഹൈബ്രിഡ് മോഡലില്‍ എഞ്ചിനും ഇലക്ട്രിക് മോട്ടോറും ചേര്‍ന്ന് 116 PS പവര്‍ ആണ് ഉല്‍പ്പാദിപ്പിക്കുന്നത്. 5 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക്, ഇ-സിവിടി (e-CVT) എന്നീ ഗിയര്‍ബോക്‌സ് ഓപ്ഷനുകളും ഈ എസ്‌യുവിയിലുണ്ട്. മോഡേണ്‍ മാരുതി കാറുകളെ പോലെ സുരക്ഷയുടെ കാര്യത്തില്‍ വിക്ടോറിസും വിട്ടുവീഴ്ച ചെയ്യുന്നില്ല.

ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കിയ വിക്ടോറിസ് ലെവല്‍-2 അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS) ഫീച്ചറുകളുമായാണ് എത്തുന്നത്. അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലെയ്ന്‍ കീപ്പ് അസിസ്റ്റ്, ബ്ലൈന്‍ഡ് സ്‌പോട്ട് ഡിറ്റക്ഷന്‍ എന്നിവ ഡ്രൈവര്‍ക്ക് അധിക സുരക്ഷ നല്‍കുന്നു. 6 എയര്‍ബാഗുകള്‍ എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേര്‍ഡ് ആയി നല്‍കിയിട്ടുണ്ട്.
ആകര്‍ഷകമായ അകത്തളമാണ് വിക്ടോറിസിന്റെ മറ്റൊരു പ്രത്യേകത. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ്, പനോരമിക് സണ്‍റൂഫ് എന്നിവ യാത്ര കൂടുതല്‍ സുഖകരമാക്കുന്നു. സ്മാര്‍ട്ട്പ്ലേ പ്രോ പ്ലസ് സംവിധാനം വഴി സ്മാര്‍ട്ട്ഫോണ്‍ ബന്ധിപ്പിക്കാനും വോയ്സ് കമാന്‍ഡുകള്‍ നല്‍കാനും സാധിക്കും. ഇത് വാഹനത്തിന് പ്രീമിയം ലുക്കും ഫീലും നല്‍കുന്നു.

നിലവില്‍ 10.50 ലക്ഷം രൂപ മുതല്‍ 19.99 ലക്ഷം രൂപ വരെയാണ് വിക്ടോറിസിന്റെ എക്‌സ്-ഷോറൂം വില പോകുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ലോഞ്ച് ചെയ്ത ഈ വാഹനം ഇപ്പോള്‍ വിപണിയിലെ തരംഗമായി മാറിയിരിക്കുകയാണ്. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് സിഎന്‍ജി മോഡലും മാരുതി ലഭ്യമാക്കിയിട്ടുണ്ട്. ഗ്രാന്‍ഡ് വിറ്റാരയില്‍ നിന്ന് വ്യത്യസ്തമായി രാജ്യത്തിന്റെ മുക്കിലും മൂലയിലും സാന്നിധ്യമുള്ള അരീന ചാനല്‍ വഴി വിപണനം ചെയ്യുന്നത് വിക്‌ടോറിസിന്റെ വിജയത്തില്‍ നിര്‍ണായകമായിട്ടുണ്ട്.
മാരുതിയുടെ വിപുലമായ സര്‍വീസ് ശൃംഖലയും കുറഞ്ഞ പരിപാലന ചിലവും ഉപഭോക്താക്കളെ പുതിയ എസ്‌യുവിയിലേക്ക് അടുപ്പിച്ചൂ. 2026 ഏപ്രിലില്‍ ആകെ 2.39 ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ച് മാരുതി സുസുക്കി തങ്ങളുടെ സര്‍വകാല റെക്കോര്‍ഡ് തിരുത്തിക്കുറിച്ചപ്പോള്‍ വിക്ടോറിസ് അതില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. വരും മാസങ്ങളില്‍ വിക്ടോറിസിനെ കൂടുതല്‍ പരിഷ്‌കരിച്ച് മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലെ ആധിപത്യം പിടിച്ചെടുക്കാനുള്ള നീക്കത്തിലാണ് മാരുതി സുസുക്കി.


Click it and Unblock the Notifications