ഈ വിലയ്ക്ക് ഇത്ര മൈലേജ് എവിടെ കിട്ടും? പുറത്തിറങ്ങി മാസങ്ങൾക്കുള്ളിൽ 10000+ ആളുകൾ സ്വന്തമാക്കിയ മാരുതി SUV
ഇന്ത്യന്‍ വാഹന വിപണിയിലെ ഒന്നാം സ്ഥാനക്കാരായ മാരുതി സുസുക്കി, തങ്ങളുടെ പുത്തന്‍ മിഡ്-സൈസ് എസ്‌യുവി മോഡലായ വിക്ടോറിസിലൂടെ (Maruti Suzuki Victoris) രാജ്യത്തെ എസ്‌യുവി വിപണിയില്‍ ശക്തമായ സാന്നിധ്യമായി മാറുകയാണ്. 2026 മെയ് മാസത്തിലെ മൊത്തം വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ വിക്ടോറിസ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. പ്രമുഖ ഓട്ടോമൊബൈല്‍ അനലിറ്റിക്‌സ് പോര്‍ട്ടലായ ഓട്ടോപണ്ഡിറ്റ്‌സ് (Autopunditz) പുറത്തുവിട്ട 2026 മെയ് മാസത്തിലെ വില്‍പ്പന റിപ്പോര്‍ട്ടുകള്‍ പ്രകാരം, ആഭ്യന്തര വിപണിയില്‍ മാത്രം 10,853 യൂണിറ്റ് മാരുതിവിക്ടോറിസാണ് വിറ്റ്‌പോയത്. വിപണിയില്‍ ഏതാനും നാളുകള്‍ക്കുള്ളില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളില്‍ ഒന്നാകാന്‍ വിക്ടോറിസിന് സാധിച്ചു.
കടുത്ത മത്സരം മത്സരം നടക്കുന്ന രാജ്യത്തെ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റില്‍ മൂന്നാം സ്ഥാനത്താണ് ഇപ്പോള്‍ മാരുതി വിക്ടോറിസ് നിലയുറപ്പിച്ചിരിക്കുന്നത്. മെയ് മാസത്തില്‍ ഈ വിഭാഗത്തില്‍ 15,774 യൂണിറ്റുകളുമായി മഹിന്ദ്ര സ്‌കോര്‍പിയോ ഒന്നാം സ്ഥാനത്തും, 15,235 യൂണിറ്റുകളുമായി ഹ്യുണ്ടായി ക്രെറ്റ രണ്ടാം സ്ഥാനത്തുമാണുള്ളത്. 9.2 ശതമാനം വിപണി വിഹിതം (Market Share) സ്വന്തമാക്കിക്കൊണ്ടാണ് മാരുതി സുസുക്കി വിക്ടോറിസ് മൂന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തിയിരിക്കുന്നത്.

തൊട്ടടുത്ത സ്ഥാനങ്ങളിലുള്ള മഹിന്ദ്ര ഥാര്‍ (10,787 യൂണിറ്റുകള്‍), കിയ സെല്‍റ്റോസ് (10,597 യൂണിറ്റുകള്‍) എന്നിവയെ വിക്ടോറിസ് മറികടന്നു. 2026 ഏപ്രില്‍ മാസത്തില്‍ വിറ്റഴിച്ച 13,701 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍, മെയ് മാസത്തില്‍ വിക്ടോറിസിന്റെ വില്‍പനയില്‍ 21 ശതമാനത്തിന്റെ പ്രതിമാസ (MoM) ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. എങ്കിലും വിപണിയില്‍ സ്ഥിരതയാര്‍ന്ന ഡിമാന്‍ഡ് നിലനിര്‍ത്താന്‍ ഈ വാഹനത്തിന് സാധിക്കുന്നുണ്ടെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ഈ മോഡല്‍ വിപണിയില്‍ ഇല്ലാതിരുന്നതിനാല്‍ വാര്‍ഷിക വില്‍പ്പനയിലെ (YoY) വളര്‍ച്ചാ ശതമാനം ഇതില്‍ ലഭ്യമായിട്ടില്ല. എന്നിരുന്നാലും മാരുതി സുസുക്കിയുടെ വിപണി വിഹിതം 43.2 ശതമാനമായി ഉയര്‍ത്തുന്നതില്‍ വിക്ടോറിസ് വലിയൊരു പങ്കുവഹിച്ചിട്ടുണ്ടെന്നത് വ്യക്തമാണ്. വിക്ടോറിസിനെ കുറിച്ച് പറയുമ്പോള്‍ ഉയര്‍ന്ന ഇന്ധനക്ഷമതയും മികച്ച പെര്‍ഫോമന്‍സും നല്‍കുന്ന മള്‍ട്ടിപ്പിള്‍ പവര്‍ട്രെയിന്‍ ഓപ്ഷനുകളാണ് ഇതിന്റെ ആകര്‍ഷണം.

പെട്രോള്‍, ഹൈബ്രിഡ്, സിഎന്‍ജി എന്നിങ്ങനെ ഒന്നിലേറെ പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ വിക്ടോറിസ് വാങ്ങാം. 5 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക്, ഇ-സിവിടി എന്നീ ഗിയര്‍ബോക്സ് ഓപ്ഷനുകളും ഈ എസ്‌യുവിയിലുണ്ട്. നഗര യാത്രകള്‍ക്കും ദീര്‍ഘദൂര ഹൈവേ യാത്രകള്‍ക്കും ഒരുപോലെ സുഖകരമായ ഡ്രൈവിംഗ് അനുഭവം നല്‍കാന്‍ ഇതിലെ മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ സഹായിക്കുന്നു.
ഇതില്‍ സ്ട്രോംഗ് ഹൈബ്രിഡ് മോഡല്‍ ലിറ്ററിന് 28.65 കിലോമീറ്റര്‍ എന്ന വിസ്മയിപ്പിക്കുന്ന മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്. സിറ്റിയിലൂടെ സഞ്ചരിക്കാന്‍ മികച്ച ഇന്ധനക്ഷമതയുള്ള കാര്‍ തിരയുന്നവര്‍ക്ക് വിക്ടോറിസ് മികച്ച ഓപ്ഷനായി മാറുന്നു. മികച്ച ടോര്‍ക്ക് ഉല്‍പ്പാദിപ്പിക്കുന്ന ഈ വാഹനം കഠിനമായ ഇന്ത്യന്‍ റോഡുകള്‍ക്ക് അനുയോജ്യമായ രീതിയില്‍ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെ റീ-ട്യൂണ്‍ ചെയ്താണ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് ശക്തമായ മോണോകോക്ക് ഷാസി, ഒന്നിലധികം എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഇബിഡിയുള്ള തുടങ്ങിയ സുപ്രധാന സുരക്ഷാ സവിശേഷതകള്‍ ഈ മോഡലില്‍ സ്റ്റാന്‍ഡേര്‍ഡായി മാരുതി നല്‍കിയിട്ടുണ്ട്. ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കിയ വിക്ടോറിസ് ലെവല്‍-2 അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS) ഫീച്ചറുകളുമായാണ് എത്തുന്നത്.
അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലെയ്ന്‍ കീപ്പ് അസിസ്റ്റ്, ബ്ലൈന്‍ഡ് സ്പോട്ട് ഡിറ്റക്ഷന്‍ എന്നിവ ഡ്രൈവര്‍ക്ക് അധിക സുരക്ഷ നല്‍കുന്നു. 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ്, പനോരമിക് സണ്‍റൂഫ് എന്നിവ യാത്ര കൂടുതല്‍ സുഖകരമാക്കുന്നു.
സ്മാര്‍ട്ട്‌പ്ലേ പ്രോ പ്ലസ് സംവിധാനം വഴി സ്മാര്‍ട്ട്‌ഫോണ്‍ ബന്ധിപ്പിക്കാനും വോയ്‌സ് കമാന്‍ഡുകള്‍ നല്‍കാനും സാധിക്കും. ഇത് വാഹനത്തിന് പ്രീമിയം ലുക്കും ഫീലും നല്‍കുന്നു. ഇന്ത്യന്‍ ഉപഭോക്താക്കളുടെ ബജറ്റിന് അനുയോജ്യമായ പ്രാരംഭ വിലയില്‍ അരീന ഷോറൂമുകള്‍ വഴിയാണ് മാരുതി ഈ എസ്‌യുവി വിപണനം ചെയ്യുന്നത്. നിലവില്‍ 10.50 ലക്ഷം രൂപ മുതല്‍ 19.99 ലക്ഷം രൂപ വരെയാണ് വിക്ടോറിസിന്റെ എക്സ്-ഷോറൂം വില പോകുന്നത്.


Click it and Unblock the Notifications