33+ KM മൈലേജ്, ₹5 ലക്ഷത്തിൽ താഴെ വില; എന്നിട്ടും ഈ മാരുതിയുടെ വിൽപ്പനയിൽ ഇടിവ്, കാരണമിതാണ്
ഇന്ത്യന്‍ വാഹന വിപണിയിലെ എക്കാലത്തെയും മികച്ച ഹാച്ച്ബാക്ക് കാറുകളില്‍ ഒന്നായാണ് മാരുതി സുസുക്കി വാഗണ്‍ ആര്‍ (Maruti Suzuki Wagon R) അറിയപ്പെടുന്നത്. 1993-ല്‍ ജപ്പാനില്‍ അവതരിപ്പിക്കപ്പെട്ട ഈ മോഡല്‍ 1999-ലാണ് ഇന്ത്യയിലെത്തുന്നത്. കാല്‍ നൂറ്റാണ്ട് പിന്നിടുമ്പോഴും ഇന്ത്യയിലെ ഇടത്തരം കുടുംബങ്ങളുടെ പ്രിയപ്പെട്ട ഫാമിലി കാര്‍ ആയി വാഗണ്‍ ആര്‍ തുടരുന്നു എന്നത് ഈ മോഡലിന്റെ ജനപ്രീതിക്ക് തെളിവാണ്.ഇന്ത്യന്‍ നിരത്തുകളില്‍ 25 വര്‍ഷം പിന്നിട്ട വാഗണ്‍ ആര്‍ 2025 ജൂണ്‍ ആയപ്പോഴേക്കും ആഗോളതലത്തില്‍ 1 കോടിയിലധികം യൂണിറ്റുകള്‍ വിറ്റഴിക്കപ്പെട്ട മോഡലായി മാറി.
ടോള്‍ ബോയ് ഡിസൈന്‍ എന്നറിയപ്പെടുന്ന ഇതിന്റെ സവിശേഷമായ രൂപകല്‍പ്പന യാത്രക്കാര്‍ക്ക് കൂടുതല്‍ ഹെഡ്റൂമും കംഫര്‍ട്ടും ഉറപ്പാക്കുന്നു. സിമ്പിള്‍ ഡിസൈനും കുറഞ്ഞ പ്രവര്‍ത്തന ചിലവും കാലികമായി നടപ്പാക്കിയ അപ്‌ഡേറ്റുകളുമാണ് ഈ കാറിനെ ഇന്നും വിപണിയില്‍ സജീവമായി നിലനിര്‍ത്തുന്നത്. 3,655 mm നീളവും 1,620 mm വീതിയും 1,675 mm ഉയരവുമാണ് വാഗണ്‍ ആറിനുള്ളത്.

2,435 mm നീളമുള്ള വീല്‍ബേസ് കാറിന്റെ അകത്തളത്തില്‍ നല്ല സ്‌പെയ്‌സ് പ്രദാനം ചെയ്യുന്നു. വെറും 4.7 മീറ്റര്‍ ടേണിംഗ് റേഡിയസ് ആണ് ഈ ഹാച്ച്ബാക്കിന്റെ മറ്റൊരു പ്രധാന പ്രത്യേകത. നഗരങ്ങളിലെ തിരക്കേറിയ ട്രാഫിക്കില്‍ വാഹനം ഓടിക്കാനും പാര്‍ക്ക് ചെയ്യാനും ഇത് ഏറെ സഹായകമാണ്. ഇന്ധനക്ഷമതയുടെ കാര്യത്തിലും വാഗണ്‍ ആര്‍ ഏറെ മുന്നിലാണ്.
പെട്രോള്‍, കംപ്രസ്ഡ് നാചുറല്‍ ഗ്യാസ് (സിഎന്‍ജി) പതിപ്പുകള്‍ വില്‍പ്പനക്കുണ്ടെങ്കിലും വാഗണ്‍ ആറിലും സിഎന്‍ജിയാണ് മൈലേജ് രാജാവ്. മാരുതി വാഗണ്‍ ആറിന്റെ സിഎന്‍ജി (CNG) വേരിയന്റുകള്‍ കിലോയ്ക്ക് 33.47 കിലോമീറ്റര്‍ മൈലേജ് നല്‍കുമ്പോള്‍, പെട്രോള്‍ പതിപ്പുകള്‍ ലിറ്ററിന് 23.56 കിലോമീറ്റര്‍ മുതല്‍ 25.19 കിലോമീറ്റര്‍ വരെ മൈലേജ് വാഗ്ദാനം ചെയ്യുന്നു. ARAI ക്ലെയിംഡ് ഇന്ധനക്ഷമത കണക്കുകള്‍ ആണ് ഇത്.

പെട്രോള്‍ വില ഇപ്പോഴും ഉയര്‍ന്ന നിലയില്‍ തന്നെ തുടരുന്ന സാഹചര്യത്തില്‍ സാധാരണക്കാര്‍ക്ക് ഏറ്റവും വലിയ ആശ്വാസമാണ് ഈ മൈലേജ് കണക്കുകള്‍. 7 ഇഞ്ച് സ്മാര്‍ട്ട്‌പ്ലേ സ്റ്റുഡിയോ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, നാല് സ്പീക്കറുകള്‍, ക്ലൗഡ് കണക്റ്റഡ് ഫീച്ചറുകള്‍ എന്നിവ വാഹനത്തിലെ സവിശേഷതകളാണ്. കഴിഞ്ഞ വര്‍ഷം 6 എയര്‍ബാഗുകള്‍ സ്്റ്റാന്‍ഡേര്‍ഡ് ആക്കിക്കൊണ്ട് കമ്പനി മോഡലിന്റെ സുരക്ഷ കൂട്ടിയിരുന്നു. ഇബിഡിയോട് കൂടിയ എബിഎസ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
4.99 ലക്ഷം രൂപ മുതല്‍ 6.95 ലക്ഷം രൂപ വരെയാണ് വാഗണ്‍ആറിന്റെ നിലവിലെ എക്‌സ്-ഷോറൂം വില.
കുറഞ്ഞ വിലയില്‍ ഇത്രയധികം ഫീച്ചറുകള്‍ നല്‍കുന്നതാണ് ഇതിനെ മികച്ച വാല്യൂ ഫോര്‍ മണി (VFM) വാഹനമാക്കി മാറ്റുന്നത്. എന്നാല്‍, 2026 കലണ്ടര്‍ വര്‍ഷത്തിന്റെ തുടക്കം വാഗണ്‍ ആറിനെ സംബന്ധിച്ച് അത്ര ശുഭകരമല്ല. ജനുവരിയില്‍ വാഗണ്‍ ആറിന്റെ വില്‍പ്പനയില്‍ വന്‍ ഇടിവ് നേരിട്ടിട്ടുണ്ട്. 2026 ജനുവരിയിലെ കണക്കുകള്‍ പ്രകാരം 37.21% ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്.
2025 ജനുവരിയില്‍ വാഗണ്‍ ആറിന്റെ 24,078 യൂണിറ്റുകള്‍ വിറ്റഴിച്ച സ്ഥാനത്ത് 2026 ജനുവരിയില്‍ മാരുതിക്ക് 15,118 യൂണിറ്റുകള്‍ മാത്രമാണ് വില്‍ക്കാനായത്. അതായത് വില്‍പ്പനയില്‍ ഏകദേശം 8,960 യൂണിറ്റുകളുടെ കുറവ് സംഭവിച്ചു. ഉപഭോക്തൃ വികാരം ഹാച്ച്ബാക്ക് കാറുകളില്‍ നിന്ന് മൈക്രോ എസ്യുവി (SUV) വിഭാഗത്തിലേക്ക് മാറുന്നതാണ് വാഗണ്‍ ആര്‍ അടക്കമുള്ള ചെറിയ കാറുകളുടെ വില്‍പ്പന കുറയാനുള്ള പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.
എങ്കിലും സിറ്റി ഡ്രൈവിംഗിന് അനുയോജ്യമായ, പരിപാലന ചിലവ് കുറഞ്ഞ ഒരു കാര്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുന്നിലേക്ക് എത്തുന്ന ആദ്യ ഓപ്ഷന്‍ മാരുതി വാഗണ്‍ ആര്‍ തന്നെയാണ്. ഇന്ത്യയുടെ മുക്കിലും മൂലയിലുമായി പടര്‍ന്ന് പന്തലിച്ച് കിടക്കുന്ന സര്‍വീസ് ശൃംഖലയും റീസെയില്‍ വാല്യുവും മാരുതിക്ക് തുണയാകുന്നു.

ചുരുക്കത്തില്‍, വില്‍പ്പനയില്‍ നേരിയ ഇടിവ് നേരിട്ടെങ്കിലും ഇന്ത്യയിലെ സാധാരണക്കാരായ ഉപഭോക്താക്കളുടെ അടുത്ത് ഇപ്പോഴും വാഗണ്‍ ആറിനുള്ള തന്‍േറതായ ഒരു സ്ഥാനം ഇപ്പോഴുമുണ്ട്. ബജറ്റ് വിലയില്‍ ഇത്രയും ഉയര്‍ന്ന മൈലേജും ലഭിക്കുന്ന ഒരു കാര്‍ തിരയുന്നവര്‍ക്ക് വാഗണ്‍ ആറിനെ കവച്ച് വെക്കുന്ന ഒരു മോഡല്‍ കാണാനാകില്ലെന്ന് തന്നെ പറയാം. വരാനിരിക്കുന്ന മാസങ്ങളില്‍ കൂടുതല്‍ ഓഫറുകളിലൂടെ മാരുതി വില്‍പന തിരിച്ചുപിടിക്കുമെന്നാണ് വിപണി നിരീക്ഷകരുടെ കണക്കുകൂട്ടല്‍.


Click it and Unblock the Notifications








