2, 3 കുടുംബങ്ങള്‍ക്ക് ഒരുമിച്ച് പോകാം! മാരുതി ഇലക്ട്രിക് MPV ഇത്ര കുറഞ്ഞ വിലയില്‍ വന്നാല്‍ കിയ കരയും
വില്‍പ്പനയില്‍ രാജ്യത്ത് നമ്പര്‍ വണ്‍ ആയ മാരുതി സുസുക്കിയുടെ കന്നി ഇലക്ട്രിക് കാറായ ഇ-വിറ്റാരക്കായി ഇന്ത്യക്കാര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ കുറച്ചായി. ധൃതി കൂട്ടാതെ വ്യക്തമായ പദ്ധതിയോട് കൂടിയാണ് മാരുതി സുസുക്കി തങ്ങളുടെ കന്നി ഇവി വിപണിയിലെത്തിക്കാന്‍ പോകുന്നതെന്ന് ഒന്നിലേറെ തവണ ലോഞ്ച് മാറ്റിവെച്ചപ്പോള്‍ തന്നെ നമുക്ക് മനസിലായതാണ്. ഇ-വിറ്റാരയിലൂടെ തിരിതെളിയാന്‍ പോകുന്ന തങ്ങളുടെ ഇലക്ട്രിക് വാഹന വിപ്ലവത്തിന് വേഗത കൂട്ടാന്‍ പോകുകയാണ് മാരുതി സുസുക്കി. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇ-വിറ്റാര എസ്‌യുവിക്ക് പിന്നാലെ ഈ വര്‍ഷം അവസാനത്തോടെ തങ്ങളുടെ രണ്ടാമത്തെ ഇലക്ട്രിക് വാഹനം പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് കമ്പനി.
കുടുംബങ്ങള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഒരു 7-സീറ്റര്‍ ഇലക്ട്രിക് എംപിവി ആയിരിക്കും ഇത്. നിലവില്‍ 'YMC' എന്ന കോഡ് നാമത്തില്‍ അറിയപ്പെടുന്ന ഈ പുതിയ മോഡല്‍ മാരുതി സുസുക്കി മോഡല്‍ നിരയില്‍ എര്‍ട്ടിഗ (Maruti Suzuki Ertiga), XL6 എന്നീ എംപിവികള്‍ക്ക് മുകളിലായാണ് സ്ഥാനം പിടിക്കുക. വിശാലമായ അകത്തളവും അത്യാധുനിക സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്ന ഈ ഇലക്ട്രിക് എംപിവി ഇന്ത്യയിലെ ഇടത്തരം കുടുംബങ്ങളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.

7 പേര്‍ക്ക് സുഖകരമായി യാത്ര ചെയ്യാവുന്ന രീതിയിലായിരിക്കും ഇതിന്റെ സീറ്റിംഗ് ക്രമീകരണം. മാരുതിയുടെ ആദ്യ ഇലക്ട്രിക് എസ്യുവിയായ ഇ വിറ്റാര നിര്‍മ്മിച്ചിരിക്കുന്ന അതേ 'ഹാര്‍ടെക്-ഇ' (Heartect-e) പ്ലാറ്റ്ഫോമില്‍ തന്നെയാണ് ഈ എംപിവിയും ഒരുങ്ങുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ക്കായി മാത്രം പ്രത്യേകം രൂപപ്പെടുത്തിയ ഈ പ്ലാറ്റ്ഫോം സുസുക്കി, ടൊയോട്ട, ഡൈഹാത്സു എന്നീ കമ്പനികള്‍ സംയുക്തമായി വികസിപ്പിച്ചെടുത്തതാണ്.
ഇത് വരാന്‍ പോകുന്ന ഇവിക്ക് മികച്ച സേഫ്റ്റിയും മതിയായ സ്ഥലസൗകര്യങ്ങളും ഒപ്പം മികച്ച ഡ്രൈവിംഗ് അനുഭവവും സമ്മാനിക്കും. ഇ വിറ്റാരയെ പോലെ തന്നെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലായിരിക്കും വരാന്‍ പോകുന്ന ഇലക്ട്രിക് എംപിവിയും ഓഫര്‍ ചെയ്യുക. 49 kWh, 61.1 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്കുകളില്‍ വാഹനം ലഭ്യമായേക്കും.
ഇതില്‍ വലിയ ബാറ്ററി പായ്ക്ക് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഏകദേശം 543 കിലോമീറ്റര്‍ വരെ ARAI സര്‍ട്ടിഫൈഡ് റേഞ്ച് നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ദീര്‍ഘദൂര യാത്രകള്‍ക്ക് ഇത് ഏറെ അനുയോജ്യമായിരിക്കും. എംപിവിയിക്ക് ഏകദേശം 142 bhp മുതല്‍ 172 bhp വരെ പവര്‍ നല്‍കാന്‍ ശേഷിയുള്ള ഇലക്ട്രിക് മോട്ടോര്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തുടക്കത്തില്‍ ഫ്രണ്ട് വീല്‍ ഡ്രൈവ് ഓപ്ഷനിലായിരിക്കും വാഹനം വരിക.
മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സ (NEXA) വഴിയായിരിക്കും ഈ ഇലക്ട്രിക് എംപിവി വിപണിയിലെത്തുക. ഏകദേശം 17 ലക്ഷം രൂപ മുതല്‍ 18 ലക്ഷം രൂപ വരെയാണ് ഇതിന്റെ പ്രാരംഭ വില പ്രതീക്ഷിക്കുന്നത്. വിപണിയില്‍ കിയ കാരെന്‍സ് ക്ലാവിസ് ഇവിയടക്കമുള്ള (Kia Carens EV) ഇലക്ട്രിക് എംപിവികളുമായായിരിക്കും മാരുതിയുടെ പുതിയ ഫാമിലി ഇവി പ്രധാനമായും ഏറ്റുമുട്ടുക.

നിലവില്‍ ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണി ഭരിക്കുന്ന ടാറ്റ മോട്ടോര്‍സില്‍ നിന്ന് അതിന്റെ നേതൃസ്ഥാനം ഏറ്റെടുക്കാനായി ഒരുങ്ങുന്ന മാരുതി അതിനായി നടത്തുന്ന ഏറ്റവും വലിയ നീക്കങ്ങളില്‍ ഒന്നായിരിക്കും ഈ മോഡല്‍. ഇലക്ട്രിക് കരുത്തിനൊപ്പം മാരുതിയുടെ വിശ്വാസ്യതയും കുറഞ്ഞ പരിപാലന ചിലവും ചേരുമ്പോള്‍ വിപണിയില്‍ വലിയ ചലനം സൃഷ്ടിക്കാന്‍ YMC എംപിവിക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ എര്‍ട്ടിഗയിലൂടെ എംപിവി വിഭാഗം ഭരിക്കുന്ന മാരുതി YMC-യിലൂടെ ഇവി സെഗ്‌മെന്റിലും ആധിപത്യം ഉറപ്പിക്കാനാകും ശ്രമിക്കുക.
2026 സെപ്റ്റംബറോടെ വാഹനത്തിന്റെ ഉത്പാദനം ആരംഭിക്കുമെന്നാണ് കരുതുന്നത്. ഇന്ത്യയില്‍ ഇവി അടിസ്ഥാന സൗകര്യങ്ങളും ചാര്‍ജിംഗ് ശൃംഖലകളും വളര്‍ന്ന് വരുന്ന സാഹചര്യത്തില്‍ മാരുതിയുടെ ഇലക്ട്രിക് എംപിവിയെ പോലുള്ള ലോംഗ് റേഞ്ച് മോഡലുകള്‍ തേടി കുടുംബങ്ങള്‍ ഷോറൂമിലേക്ക് ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാരുതി YMC എംപിവിയെ കുറിച്ചുള്ള മറ്റ് വിശദാംശങ്ങള്‍ വരും മാസങ്ങളില്‍ ലോഞ്ച് അടുക്കുന്ന മുറയ്ക്ക് മാരുതി പുറത്തുവിടും. മാരുതിയുടെ ഇവി തന്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആയുധങ്ങളില്‍ ഒന്നായിരിക്കും ഈ 7-സീറ്റര്‍ ഇവി.


Click it and Unblock the Notifications








