34 കി.മീ മൈലേജ്, വില 4.98 ലക്ഷം മുതല്‍! 2025-ല്‍ മൈലേജ് കിംഗ് എത്തിയത് 1.94 ലക്ഷം വീടുകളിൽ
പുതുവര്‍ഷം പിറന്നതോടെ വാഹന നിര്‍മ്മാതാക്കളും 2025 കലണ്ടര്‍ വര്‍ഷത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ട് കൊണ്ടിരിക്കുകയാണ്. പതിവ് പോലെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാറുകള്‍ വിറ്റഴിച്ച കമ്പനി മാരുതി സുസുക്കിയാണ്. 12 മാസം കൊണ്ട് മൊത്തം 23 ലക്ഷത്തിലധികം യൂണിറ്റ് വില്‍പ്പനയുമായി മാരുതി റെക്കോഡ് തിരുത്തി. പോയ വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ഹാച്ച്ബാക്ക് കാര്‍ എന്ന നേട്ടം മാരുതി സുസുക്കി വാഗണ്‍ ആര്‍ (Maruti Suzuki Wagon R) സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷം ഏകദേശം രണ്ട് ലക്ഷത്തോളം ഉപഭോക്താക്കളാണ് ഈ ടോള്‍ ബോയ് ഹാച്ച്ബാക്ക് തിരഞ്ഞെടുത്തത്.
ഇന്ത്യയിലെ സാധാരണക്കാരുടെ പ്രിയപ്പെട്ട ഫാമിലി കാറായി വാഗണ്‍ ആര്‍ ഇന്നും തുടരുന്നുവെന്ന് പുതിയ കണക്കുകള്‍ തെളിയിക്കുന്നത്.റിപ്പോര്‍ട്ടുകള്‍ പ്രകാരം 1.94 ലക്ഷം വാഗണ്‍ ആറുകളാണ് 2025-ല്‍ മാത്രം മാരുതി സുസുക്കി വിറ്റഴിച്ചത്. വാഹനം വിപണിയിലെത്തി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇതിന്റെ ജനപ്രീതിക്ക് തെല്ലും ഇടിവ് സംഭവിച്ചിട്ടില്ല. ഹാച്ച്ബാക്ക് വിഭാഗത്തില്‍ മറ്റ് ജനപ്രിയ മോഡലുകളെ ബഹുദൂരം പിന്നിലാക്കിയാണ് വാഗണ്‍ ആര്‍ ഒന്നാമതെത്തിയത്.

ഇതിന്റെ ടോള്‍ ബോയ് ഡിസൈനും വിശാലമായ അകത്തളവുമാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങള്‍.ഇന്ധനക്ഷമതയുടെ കാര്യത്തിലും വാഗണ്‍ ആര്‍ പുലിയാണ്. പ്രത്യേകിച്ച് ഇതിന്റെ സിഎന്‍ജി (CNG) വേരിയന്റിന് വിപണിയില്‍ വലിയ ഡിമാന്‍ഡുണ്ട്. കിലോഗ്രാമിന് ഏകദേശം 34 കിലോമീറ്ററാണ് വാഗണ്‍ ആര്‍ സിഎന്‍ജിയുടെ ക്ലെയിംഡ് മൈലേജ്. പെട്രോള്‍ വില ഇന്നും 100 രൂപയില്‍ നിന്ന് താഴാത്ത സാഹചര്യത്തില്‍ മികച്ച മൈലേജ് ആഗ്രഹിക്കുന്ന വലിയൊരു വിഭാഗം ഉപഭോക്താക്കള്‍ വാഗണ്‍ ആറാണ് വാങ്ങുന്നത്.
ഇന്ത്യന്‍ വാഹന വിപണിയില്‍ സ്‌പോര്‍ട് യൂടിലിറ്റി വാഹനങ്ങളുടെ (എസ്‌യുവി) ആധിപത്യം വര്‍ദ്ധിച്ചുവരുന്ന കാലഘട്ടമാണിതെന്ന് കൂടി ചേര്‍ത്ത് വായിക്കണം. നിലവില്‍ ഇന്ത്യന്‍ കാര്‍ വിപണിയുടെ 55.77 ശതമാനവും എസ്‌യുവികളാണ് കൈയ്യടക്കി വെച്ചിരിക്കുന്നത്. എന്നാല്‍ മധ്യവര്‍ഗ കുടുംബങ്ങളും ആദ്യമായി കാര്‍ വാങ്ങുന്നവരും ഇപ്പോഴും പ്രഥമ പരിഗണന നല്‍കുന്നത് ഹാച്ച്ബാക്കുകള്‍ക്കാണ്. സാധാരണക്കാരുടെ പ്രതീക്ഷകള്‍ എല്ലാം നിറവേറ്റുന്ന ഒരു കാര്‍ എന്ന നിലയിലാണ് വാഗണ്‍ ആര്‍ സ്ഥിരമായി വില്‍പ്പന ചാര്‍ട്ടുകളില്‍ മുകളിലെത്തുന്നത്.

കുറഞ്ഞ വിലയും മികച്ച പ്രവര്‍ത്തനക്ഷമതയുമാണ് മറ്റ് വാഹനങ്ങളില്‍ നിന്ന് വാഗണ്‍ ആറിനെ വേറിട്ടുനിര്‍ത്തുന്നത്. ഏകദേശം 4.98 ലക്ഷം രൂപ പ്രാരംഭ വിലയില്‍ (എക്‌സ്‌ഷോറൂം) ലഭ്യമാകുന്ന ഈ കാര്‍ സാധാരണക്കാര്‍ക്ക് ഏറെ താങ്ങാനാവുന്നതാണ്. ഒരു ഇടത്തരം കുടുംബത്തിന് ആവശ്യമായ സൗകര്യങ്ങളും യാത്രാസുഖവും ഈ ഹാച്ച്ബാക്ക് നല്‍കുന്നുണ്ട്. അതോടൊപ്പം മാരുതി എന്ന ബ്രാന്‍ഡിനോടുള്ള വിശ്വസ്തതയും ഇതിന്റെ വിജയത്തിന് കാരണമാകുന്നു.
പരിപാലന ചിലവ് വളരെ കുറവാണെന്നതാണ്് വാഗണ്‍ ആറിന്റെ മറ്റൊരു പ്രത്യേകത. ചെറിയ നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും വാഗണ്‍ ആറിന് മികച്ച ഡിമാന്‍ഡ് ഉള്ളതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മാരുതിയുടെ വിപുലമായ സര്‍വീസ് ശൃംഖല ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. ദീര്‍ഘകാലാടിസ്ഥാനത്തില്‍ പോക്കറ്റിന് ഭാരമാകാതെ ഉപയോഗിക്കാന്‍ സാധിക്കുന്ന ഒരു വാഹനമായാണ് വാഗണ്‍ ആറിനെ വിപണി വിലയിരുത്തുന്നത്.

ഹാച്ച്ബാക്ക് വിഭാഗത്തില്‍ ഒന്നാമതാണെങ്കിലും ഇന്ത്യന്‍ വിപണിയില്‍ മൊത്തത്തില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട പാസഞ്ചര്‍ കാര്‍ മാരുതി സുസുക്കി ഡിസയര്‍ ആണ്. എസ്‌യുവി ജ്വരത്തിനിടയില്‍ സെഡാന്‍ വിഭാഗത്തില്‍ വില്‍പ്പന മന്ദഗതിയിലാണെങ്കിലും 2025-ല്‍ ഡിസയര്‍ അത്ഭുതകരമായ മുന്നേറ്റമാണ്‌നടത്തിയത്. മോഡേണ്‍ ലുക്കും 5 സ്റ്റാര്‍ സേഫ്റ്റിയും മികച്ച മൈലേജുമായി ന്യൂജെന്‍ മോഡല്‍ എത്തിയതാണ് ഡിസയറിന്റെ വില്‍പ്പന കുതിപ്പിന് ഇന്ധനമേകിയത്. എന്നിരുന്നാലും നിലവില്‍ ചെറുകാറുകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കിടയില്‍ വാഗണ്‍ ആറിന് പറ്റിയ എതിരാളി ഇല്ലെന്ന് തന്നെ പറയാം.
വാഗണ്‍ ആര്‍ ഈ വര്‍ഷവും സമാനമായ പ്രകടനം പുറത്തെടുക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. വിപണിയില്‍ ധാരാളം പുതിയ മോഡലുകള്‍ എത്തുന്നുണ്ടെങ്കിലും വാഗണ്‍ ആറിന്റെ പ്രായോഗികതയും ജനപ്രീതിയും ഇതിനെ മുന്‍നിരയില്‍ തന്നെ നിര്‍ത്തും. വാഗണ്‍ ആര്‍ ഒരിക്കല്‍ വാങ്ങിയ 25 ശതമാനം ഉപഭോക്താക്കളും ഇതേ വാഹനം തന്നെയാണ് അപ്‌ഗ്രേഡ് ചെയ്ത് വാങ്ങുന്നത്. കാലികമായി നിലനിര്‍ത്താനായി കാറിന് സമയാസമയം അപ്‌ഡേറ്റുകള്‍ നല്‍കുന്നത് കൂടിയാണ് വാഗണ്‍ ആറിന്റെ വിജയത്തിന് അടിസ്ഥാനം.


Click it and Unblock the Notifications








