'നിരത്തിലെ പ്രൈവറ്റ് ജെറ്റുകൾ'! മെർസിഡീസ് V-ക്ലാസും ടൊയോട്ട വെൽഫെയറും നേർക്കുനേർ; ആഡംബരത്തിൽ ഏതാണ് മുന്നിൽ?
റോഡിലൂടെ ഒഴുകിനീങ്ങുന്ന ഒരു 'പ്രൈവറ്റ് ജെറ്റില്‍' യാത്ര ചെയ്യണമെന്ന് നിങ്ങള്‍ക്ക് ആഗ്രഹമുണ്ടോ?. അതെ എന്ന് ഉത്തരമുള്ളവര്‍ക്കായാണ് ഇന്ത്യന്‍ വിപണിയിലെ രണ്ട് ആഡംബര എംപിവികള്‍ വില്‍പ്പനക്കെത്തുന്നത്. ഇക്കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മെര്‍സിഡീസ് ബെന്‍സ് V-ക്ലാസ് (Mercedes-Benz V-Class LWB), ടൊയോട്ട വെല്‍ഫെയര്‍ (Toyota Vellfire ) എന്നീ മോഡലുകളെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. ആഡംബരത്തിന്റെ പര്യായമായ ഈ രണ്ട് എംപിവികളും (MPV) സെലിബ്രിറ്റികള്‍ക്കും ബിസിനസ് ടൈക്കൂണുകള്‍ക്കുമിടയില്‍ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. ടൊയോട്ട മോഡല്‍ ഇതിനോടകം തന്നെ രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ലക്ഷ്വറി എംപിവികളില്‍ ഒന്നാണ്.
മോളിവുഡിലടക്കം പല സെലിബ്രിറ്റികളും തങ്ങളുടെ യാത്രകള്‍ക്കായി കൂടെക്കൂട്ടിയ വാഹനമാണ് വെല്‍ഫെയര്‍. മെര്‍സിഡീസിന്റെ പുത്തന്‍ മോഡല്‍ പ്രീമിയം എംപിവി വിഭാഗത്തില്‍ ടൊയോട്ട വെല്‍ഫെയറിന്റെ കുത്തക തകര്‍ക്കുമോ എന്നറിയാനാണ് ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ഈ സാഹചര്യത്തില്‍ രണ്ട് പ്രീമിയം എംപിവികളും തമ്മില്‍ ഒന്ന് താരതമ്യം ചെയ്ത് നോക്കിയാലോ?.

വലിപ്പവും ഡിസൈനും
മെര്‍സിഡീസ് ബെന്‍സ് V-ക്ലാസ് അതിന്റെ ജര്‍മന്‍ പാരമ്പര്യവും ഗാംഭീര്യമുള്ള ഡിസൈനും കൊണ്ടാണ് വിപണിയില്‍ വേറിട്ടു നില്‍ക്കുന്നത്. പ്രത്യേകിച്ച് ലോംഗ് വീല്‍ബേസ് പതിപ്പിന്റെ റോഡ് പ്രസന്‍സ് എടുത്തുപറയേണ്ട ഒന്നാണ്. ഏകദേശം 5.37 മീറ്റര്‍ നീളമുള്ള മെര്‍സിഡീസ് ബെന്‍സ് V-ക്ലാസ് ആണ് നിലവില്‍ ഇന്ത്യയിലെ ഏറ്റവും നീളമേറിയ ലക്ഷ്വറി വാഹനം.
AVANTGARDE എക്‌സ്റ്റീരിയര്‍ ഡിസൈനില്‍ വരുന്ന V-ക്ലാസിന് സിഗ്‌നേച്ചര്‍ ട്രൈ-സ്റ്റാര്‍ ഗ്രില്‍, മള്‍ട്ടിബീം ഹെഡ്‌ലൈറ്റുകള്‍, ഡാര്‍ക്കന്‍ഡ് എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ക്രോം ആക്‌സന്റുകള്‍, 18 ഇഞ്ച് അലോയ് വീലുകള്‍ എന്നിവ രാജകീയ പരിവേഷം നല്‍കുന്നു. പുതിയ മോഡലിന് മെത്തത്തില്‍ പ്രീമിയം, മസ്‌കുലാര്‍ ലുക്ക് നല്‍കുന്നതോടൊപ്പം മതിയായ ഇടവും സൗകര്യവുമുള്ള അകത്തളവും ഒരുക്കാന്‍ മെര്‍സിഡീസ് പ്രത്യേക ശ്രദ്ധ നല്‍കിയിട്ടുണ്ട്.

മറുഭാഗത്ത്, വെല്‍ഫെയര്‍ അതിന്റെ ബോള്‍ഡ് ഫ്യൂച്ചറിസ്റ്റിക് ഡിസൈനിലൂടെയാണ് വിപണി കീഴടക്കുന്നത്. 6 സ്ലാറ്റഡ് ഹൊറിസോണ്ടല്‍ ഗ്രില്‍, സ്പ്ലിറ്റ്-ലെയര്‍ എല്‍ഇഡി ഹെഡ്ലാമ്പുകള്‍, അഗ്രസീവ് ഫ്രണ്ട് ബമ്പറുകള്‍ എന്നിവയാണ് എക്‌സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍. Z-ആകൃതിയിലുള്ള പില്ലര്‍, ഷാര്‍പ്പ് ഡൈനാമിക് ക്യാരക്ടര്‍ ലൈനുകള്‍, റോഡ് പ്രസന്‍സ് കൂട്ടുന്ന ബോക്സി സിലൗറ്റ് എന്നിവയും വെല്‍ഫെയറിന്റെ സവിശേഷതകളാണ്. V-ക്ലാസിനേക്കാള്‍ വലിപ്പം അല്‍പ്പം കുറവാണെങ്കിലും (ഏകദേശം 5.01 മീറ്റര്‍) ഉയരം കൂടുതലുള്ളതിനാല്‍ വെല്‍ഫെയറിന്റെ അകത്തളത്തില്‍ കൂടുതല്‍ 'ഹെഡ് റൂമും' ലഭിക്കുന്നു.
എഞ്ചിനും പെര്‍ഫോമന്‍സും
മെര്‍സിഡീസ് V-ക്ലാസ് പെട്രോള്‍, ഡീസല്‍ ഓപ്ഷനുകളില്‍ വാഗ്ദാനം ചെയ്യുന്നു. ഹൈബ്രിഡ് സിസ്റ്റവുമായി ഇണചേര്‍ത്തിരിക്കുന്ന പെട്രോള്‍ വേരിയന്റില്‍ 9 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ആണ് ലഭിക്കുന്നത്. ദീര്‍ഘദൂര യാത്രകളില്‍ മികച്ച പെര്‍ഫോമന്‍സ് നല്‍കാന്‍ ഈ എഞ്ചിന്‍ പ്രാപ്തമാണ്. ഇതിന് ഏകദേശം 16.67 കിലോമീറ്റര്‍ മൈലേജാണ് (ARAI) കമ്പനി അവകാശപ്പെടുന്നത്.
| സവിശേഷത | Mercedes-Benz V-Class | Toyota Vellfire |
|---|---|---|
| എഞ്ചിൻ | 1950 cc (Diesel) | 2487 cc (Hybrid) |
| മൈലേജ് | 16.6 kmpl | 19.2 kmpl |
| ടോർക്ക് | 500 Nm | 240 Nm |
| വീൽബേസ് | 3,430 mm | 3,000 mm |
വെല്‍ഫെയറിലാകട്ടെ ഇസിവിടി ട്രാന്‍സ്മിഷനുമായി ബന്ധിപ്പിച്ച 2.5 ലിറ്റര്‍ പെട്രോള്‍ ഹൈബ്രിഡ് എഞ്ചിനാണുള്ളത്. ഇത് 193 hp പവറും 240 Nm ടോര്‍ക്കും നല്‍കുന്നു. വെല്‍ഫെയറിന്റെ ഏറ്റവും വലിയ പ്രത്യേകത ഇതിന്റെ മൈലേജാണ്. ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ ബലത്തില്‍ വെല്‍ഫെയറിന് ലിറ്ററിന് 19.28 കിലോമീറ്റര്‍ (ARAI) വരെ മൈലേജ് ലഭിക്കുമെന്ന് ടൊയോട്ട അവകാശപ്പെടുന്നു.
ടെക്‌നോളജിയും സുഖസൗകര്യങ്ങളും
യാത്രാ സൗകര്യത്തിന്റെ കാര്യത്തില്‍ രണ്ട് വാഹനങ്ങളും വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. V-ക്ലാസിലെ ക്രമീകരിക്കാവുന്ന ലെതര്‍ സീറ്റുകളും 64-കളര്‍ ആംബിയന്റ് ലൈറ്റിംഗും യാത്രക്കാര്‍ക്ക് പ്രീമിയം അനുഭവം നല്‍കുന്നു. മൂന്ന് നിരകളിലെയും സീറ്റുകള്‍ക്ക് വെന്റിലേഷന്‍ ഫംഗ്ഷന്‍ ലഭ്യമാണ് എന്നതാണ് V-ക്ലാസിന്റെ പ്രത്യേകതകളിലൊന്ന്. കൂടാതെ മികച്ചശ്രവ്യാനുഭവത്തിനായി 15-സ്പീക്കര്‍ ബര്‍മെസ്റ്റര്‍ (Burmester) സൗണ്ട് സിസ്റ്റവുമുണ്ട്.

പ്രീമിയം ലോഞ്ച് അനുഭവം നല്‍കുന്ന സീറ്റുകളും ശാന്തമായ യാത്രയുമാണ് വെല്‍ഫെയറിന്റെ പ്രധാന ആകര്‍ഷണം. വെല്‍ഫെയറിലെ 'എക്‌സിക്യൂട്ടീവ് ലോഞ്ച്' സീറ്റുകള്‍ക്ക് മസാജ്, വെന്റിലേഷന്‍ സൗകര്യങ്ങള്‍ ലഭ്യമാണ്. 14 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും പിന്‍സീറ്റിലെ യാത്രക്കാര്‍ക്കായി പ്രത്യേകം സജ്ജീകരിച്ച എന്റര്‍ടൈന്‍മെന്റ് സ്‌ക്രീനുകളും യാത്രാകള്‍ ആനന്ദകരമാക്കുന്നു. JBL പ്രീമിയം ഓഡിയോ സിസ്റ്റമാണ് ടൊയോട്ട എംപിവിയില്‍ ഉപയോഗിച്ചിരിക്കുന്നത്.
സുരക്ഷാ സംവിധാനങ്ങള്‍
സുരക്ഷയുടെ കാര്യത്തില്‍ മെര്‍സിഡീസ് V-ക്ലാസ് 7 എയര്‍ബാഗുകളും ലെവല്‍ 2 ADAS ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നു. ഡ്രൈവര്‍ ഉറക്കം തൂങ്ങിയാല്‍ മുന്നറിയിപ്പ് നല്‍കുന്ന സംവിധാനമടക്കം ഇതിലുണ്ട്. 6െ എയര്‍ബാഗുകള്‍, 360-ഡിഗ്രി ക്യാമറ, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലെയിന്‍ കീപ്പ് അസിസ്റ്റ് തുടങ്ങിയ അത്യാധുനിക സുരക്ഷാ സംവിധാനങ്ങള്‍ (Toyota Safety Sense) ടൊയോട്ട വെല്‍ഫെയറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വില
വിലയുടെ കാര്യത്തിലേക്ക് വരുമ്പോള്‍ ഏകദേശം 1.40 കോടി രൂപ മുതലാണ് മെര്‍സിഡീസ് ബെന്‍സ് V-ക്ലാസ് ലഭ്യമാകുന്നത്. ടൊയോട്ട വെല്‍ഫെയറിന്റെ വില ഏകദേശം 1.22 കോടി മുതല്‍ 1.32 കോടി രൂപ വരെ പോകുന്നു. എക്‌സ്-ഷോറൂം വിലകളാണ് ഇത്. ബ്രാന്‍ഡ് വാല്യുവും ഹൈബ്രിഡ് സാങ്കേതികവിദ്യയും അധിക ആഡംബര സൗകര്യങ്ങളും മൂലമാണ് ഈ വില വ്യത്യാസം.
ചുരുക്കത്തില്‍
കൂടുതല്‍ കരുത്തുറ്റ ഡീസല്‍ എഞ്ചിനും മെര്‍സിഡീസിന്റെ പ്രീമിയം ബ്രാന്‍ഡ് വാല്യുവും ആഗ്രഹിക്കുന്നവര്‍ക്ക് V-ക്ലാസ് തിരഞ്ഞെടുക്കാം. ഉയര്‍ന്ന ഇന്ധനക്ഷമതയുള്ള പരിസ്ഥിതി സൗഹൃദമായ ഹൈബ്രിഡ് പവര്‍ട്രെയിനും പിന്‍സീറ്റിലെ ആഡംബരവുമാണ് ലക്ഷ്യമെങ്കില്‍ ടൊയോട്ട വെല്‍ഫെയര്‍ ആയിരിക്കും മികച്ച ഓപ്ഷന്‍. ഇന്ത്യയിലെ ലക്ഷ്വറി എംപിവി സെഗ്മെന്റില്‍ രണ്ട് വാഹനങ്ങളും സ്വന്തം നിലയില്‍ മികച്ച വില്‍പ്പന നേടുമെന്നാണ് കരുതുന്നത്.


Click it and Unblock the Notifications








