ടാറ്റയ്ക്കും മഹീന്ദ്രയ്ക്കും മുട്ടൻ പണി വരുന്നു! കുറഞ്ഞ വിലയിൽ 500KM റേഞ്ചുമായി MG ഇവി റെഡി
ബ്രിട്ടീഷ് പാരമ്പര്യമുള്ള പ്രമുഖ വാഹന നിര്‍മാതാക്കളായ എംജി മോട്ടോര്‍ (MG Motor), ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നതിനായി പുത്തന്‍ ബജറ്റ് ഇലക്ട്രിക് കാര്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്. ടാറ്റയ്ക്കും മഹീന്ദ്രയ്ക്കും കടുത്ത വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് ഉടന്‍ തന്നെ ഈ വാഹനം ഇന്ത്യന്‍ നിരത്തില്‍ എത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ചൈനീസ് പങ്കാളിത്തമുള്ള എംജി മോട്ടോര്‍സ് നിലവില്‍ ഇന്ത്യയില്‍ കോമെറ്റ് ഇവി (Comet EV), വിന്‍ഡ്സര്‍ ഇവി (Windsor EV) എന്നീ രണ്ട് ജനപ്രിയ ഇലക്ട്രിക് മോഡലുകള്‍ വില്‍ക്കുന്നുണ്ട്.
ഈ രണ്ട് മോഡലുകള്‍ക്കും ഇടയിലേക്കാണ് പുതിയ വൂലിംഗ് ബിംഗോ (Wuling Binguo) എന്ന ക്യൂട്ട് ഇലക്ട്രിക് കാര്‍ കമ്പനി കൊണ്ടുവരുന്നത്. ആഗോള വിപണിയില്‍ വൂലിംഗ് ബ്രാന്‍ഡിന് കീഴില്‍ വില്‍ക്കപ്പെടുന്ന ഈ ഇലക്ട്രിക് ഹാച്ച്ബാക്ക് ഇന്ത്യന്‍ നിരത്തുകളില്‍ അതീവ രഹസ്യമായി പരീക്ഷണ ഓട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ അടുത്തിടെ ഇന്റര്‍നെറ്റില്‍ വൈറലായിരുന്നു. ഇവി കാര്‍ ഉടന്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമെന്ന വാര്‍ത്തകള്‍ക്ക് കൂടുതല്‍ ബലം നല്‍കുന്നതായിരുന്നു ഈ സ്‌പൈ ചിത്രങ്ങള്‍.

ഇന്ത്യന്‍ വിപണിക്ക് അനുകൂലമായ മാറ്റങ്ങള്‍ വരുത്തി എത്തുന്ന കാറിന് തദ്ദേശീയമായ പുതിയ പേര് നല്‍കാനും എംജി മോട്ടോര്‍സിന് പദ്ധതിയുണ്ട്. നിലവിലുള്ള വിപണിയിലുള്ള കോമെറ്റ് ഇവിയെ പോലെ സിറ്റി ഡ്രൈവുകള്‍ക്ക് അനുയോജ്യമായ ഒതുക്കമുള്ള ഡിസൈനിലാണ് ഈ വാഹനവും ഒരുക്കിയിട്ടുള്ളത്. സാങ്കേതിക വശങ്ങളിലേക്ക് കടന്നാല്‍, ആഗോള വിപണിയില്‍ രണ്ട് വ്യത്യസ്ത ലിഥിയം-അയണ്‍ ബാറ്ററി പായ്ക്കുകളിലാണ് ഈ കാര്‍ ലഭ്യമാകുന്നത്.
ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് 31.9 kWh ശേഷിയുള്ള ബാറ്ററിയോ അല്ലെങ്കില്‍ ഉയര്‍ന്ന ശേഷിയുള്ള 50.6 kWh ബാറ്ററിയോ തിരഞ്ഞെടുക്കാന്‍ സാധിക്കും. ഇതില്‍ ചെറിയ 31.9 kWh ബാറ്ററി പായ്ക്ക് ഉപയോഗിക്കുന്ന മോഡലുകള്‍ ഫുള്‍ ചാര്‍ജിംഗില്‍ പരമാവധി 333 കിലോമീറ്റര്‍ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നു. അതേസമയം വലിയ 50.6 kWh ബാറ്ററി പതിപ്പുകള്‍ക്ക് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 500 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുമെന്ന് കമ്പനി സാക്ഷ്യപ്പെടുത്തുന്നു.
എക്‌സ്റ്റീരിയര്‍ ഡിസൈനിലേക്ക് നോക്കുമ്പോള്‍, വൃത്താകൃതിയിലുള്ള കര്‍വുകളോട് കൂടിയ എല്‍ഇഡി ഹെഡ്ലാമ്പുകളും ലൈനുകളും ഈ ഇവിക്ക് മനോഹരമായ റെട്രോ-മോഡേണ്‍ (Retro-Modern) ലുക്ക് സമ്മാനിക്കുന്നുണ്ട്. യുവാക്കളെയും സ്ത്രീകളെയും ആകര്‍ഷിക്കുന്നതിനായി വ്യത്യസ്തമായ ഡ്യുവല്‍-ടോണ്‍ നിറങ്ങളിലാണ് ഈ കാര്‍ നിര്‍മ്മിച്ചിട്ടുള്ളത്. ഇന്തോനേഷ്യ, പാകിസ്ഥാന്‍ തുടങ്ങിയ ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഇതിനകം വലിയ വിജയം നേടിയ കാറാണിത്.
പരമ്പരാഗത ഹാച്ച്ബാക്ക് കാറുകളില്‍ നിന്നും വ്യത്യസ്തമായി മികച്ച ഗ്രൗണ്ട് ക്ലിയറന്‍സും യാത്രക്കാര്‍ക്ക് ആവശ്യമായ വിശാലമായ ലെഗ്റൂമും ക്രമീകരിച്ചിട്ടുള്ളതിനാല്‍ ദീര്‍ഘദൂര യാത്രകള്‍ കൂടുതല്‍ സുഖകരമാകും. നിലവില്‍ ഇന്ത്യയില്‍ 15 ലക്ഷം രൂപയ്ക്ക് മുകളിലുള്ള പ്രീമിയം ഇലക്ട്രിക് എസ്യുവി വിഭാഗത്തിലാണ് പ്രമുഖ കമ്പനികളെല്ലാം ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. എന്നാല്‍ 10 ലക്ഷം രൂപയ്ക്ക് താഴെ ബജറ്റ് ഇവി സെഗ്മെന്റില്‍ നിലവില്‍ കടുത്ത മത്സരം കുറവാണെന്നത് എംജിക്ക് വലിയ വിപണി സാധ്യതയാണ് തുറന്ന് നല്‍കുന്നത്.

നിലവില്‍ ഈ ബജറ്റ് നിരയില്‍ ടാറ്റ ടിയാഗോ ഇവ, പഞ്ച് ഇവിഎന്നിവ മാത്രമാണ് വിപണി ഭരിക്കുന്നത്. അതുകൊണ്ടുതന്നെ മിതമായ വിലയില്‍ 500 കിലോമീറ്റര്‍ വരെ ഉയര്‍ന്ന റേഞ്ച് നല്‍കുന്ന ഒരു പുതിയ ഫാമിലി കാര്‍ അവതരിപ്പിക്കുന്നത് വഴി ഈ സെഗ്മെന്റിലെ വലിയൊരു വിഭാഗം ഉപഭോക്താക്കളെ സ്വന്തമാക്കാന്‍ എംജിക്ക് സാധിക്കും. പുതിയ കാറിന്റെ വില ഏകദേശം 10 ലക്ഷം രൂപയ്ക്ക് ഉള്ളില്‍ തന്നെ ആരംഭിക്കാനാണ് സാധ്യത.
മികച്ച ഫീച്ചറുകളും ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയും ഉള്ളതിനാല്‍ ദൈനംദിന സിറ്റി ഡ്രൈവുകള്‍ക്കും പറ്റിയ കാര്‍ തേടുന്നവര്‍ക്ക് ഇത് പെട്രോള്‍ കാറുകളേക്കാള്‍ സാമ്പത്തിക ലാഭം നേടിത്തരും. ഔദ്യോഗിക ലോഞ്ച് തീയതി കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും, ഈ വര്‍ഷം തന്നെ ഈ ഇവി ഇന്ത്യയില്‍ വില്‍പനയ്ക്ക് എത്തുമെന്നാണ് സൂചന. കൂടുതല്‍ റേഞ്ചും കുറഞ്ഞ പരിപാലന ചെലവുമുള്ള ഒരു കുട്ടി ഇലക്ട്രിക് കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് വേറിട്ട ചോയ്‌സ് ആയിരിക്കും


Click it and Unblock the Notifications