₹4.99 ലക്ഷത്തിന്റെ ഇത്തിരിക്കുഞ്ഞൻ വില്‍പ്പനയിൽ പുലി! 294% വളർച്ചയുമായി എംജി കോമെറ്റ് ഇവി, എതിരാളികൾ ഞെട്ടലിൽ
ലുക്കിലല്ല, വര്‍ക്കിലാണ് കാര്യമെന്ന സിനിമാ ഡയലോഗ് അന്വര്‍ത്ഥമാക്കും വിധം ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യയുടെ ഇത്തിരിക്കുഞ്ഞന്‍ ഇലക്ട്രിക് കാറായ കോമെറ്റ് ഇവി വിപണിയില്‍ വിസ്മയം തീര്‍ക്കുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇന്ത്യന്‍ നിരത്തുകളില്‍ സ്ഥിരസാന്നിധ്യമായ ഈ കുഞ്ഞന്‍ ഇലക്ട്രിക് കാര്‍ 2026 മാര്‍ച്ച് മാസത്തില്‍ അമ്പരപ്പിക്കുന്ന വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2025 മാര്‍ച്ച് മാസത്തെ അപേക്ഷിച്ച് 294 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തിയാണ് കോമെറ്റ് വില്‍പ്പനയില്‍ വമ്പന്‍ കുതിച്ചുചാട്ടം നടത്തിയത്. മികച്ച സിറ്റി കാര്‍ എന്ന നിലയില്‍ കോമെറ്റിന് ഉപഭോക്താക്കള്‍ക്കിടയില്‍ ലഭിക്കുന്ന സ്വീകാര്യതയാണ് ഈ വമ്പന്‍ വളര്‍ച്ചയ്ക്ക് പിന്നിലെ പ്രധാന ഘടകം.
2026 മാര്‍ച്ചില്‍ മാത്രം 682 യൂണിറ്റ് കോമെറ്റ് ഇവികളാണ് എംജി വിറ്റഴിച്ചത്. 2025 മാര്‍ച്ചില്‍ ഇത് വെറും 173 യൂണിറ്റുകള്‍ മാത്രമായിരുന്നു. കഴിഞ്ഞ മാസം ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട എംജി കാറുകളുടെ പട്ടികയില്‍ വിന്‍ഡ്‌സര്‍ ഇവിക്കും (4530 യൂണിറ്റ്) ഹെക്ടര്‍ എസ്‌യുവിക്കും (850 യൂണിറ്റ്) പിന്നില്‍ മൂന്നാമതെത്താന്‍ കോമെറ്റിനായി.

എംജിയുടെ മൊത്തം വില്‍പ്പനയുടെ 10.45 ശതമാനമാണ് കോമെറ്റിന്റെ സംഭാവന. വരും മാസങ്ങളിലും ഇതേ കുതിപ്പ് തുടരാന്‍ കോമെറ്റിന് സാധിക്കുമെന്നാണ് എംജി പ്രതീക്ഷിക്കുന്നത്. തിരക്കേറിയ നഗരങ്ങളില്‍ സാധാരണമായ ഗതാഗതക്കുരുക്കിലൂടെ അനായാസം ഓടിക്കാനും ഇടുങ്ങിയ സ്ഥലങ്ങളില്‍ പോലും പാര്‍ക്ക് ചെയ്യാനും സാധിക്കുന്നു എന്നതാണ് കോമെറ്റിന്റെ ഏറ്റവും വലിയ സവിശേഷത. ടു-ഡോര്‍ ഡിസൈനില്‍ എത്തുന്ന ഈ കോംപാക്ട് ഇവി യൂത്തിനെയും ചെറു കുടുംബങ്ങളെയും ഒരുപോലെ ആകര്‍ഷിക്കുന്നു.
ഫാമിലി കാര്‍ എന്നതിലുപരി, സിറ്റി ഉപയോഗത്തിനുള്ള സെക്കന്‍ഡ് കാര്‍ എന്ന നിലയിലാണ് പലരും കോമെറ്റ് തിരഞ്ഞെടുക്കുന്നത്. ചെറുകാര്‍ ആണെങ്കിലും കോമെറ്റ് ഇവിയുടെ അകത്തളത്തില്‍ ധാരാളം സവിശേഷതകള്‍ എംജി ഒരുക്കിവെച്ചിരിക്കുന്നു. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം അടങ്ങുന്ന ഫേ്‌ലാട്ടിംഗ് ട്വിന്‍ ഡിസ്‌പ്ലേയാണ് ഡാഷ്ബോര്‍ഡില്‍ പ്രധാന ആകര്‍ഷണം. വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ പിന്തുണയും 55+ കണക്ടഡ് കാര്‍ ഫീച്ചറുകളും ഇതിലുണ്ട്.

പ്രീമിയം ലുക്ക് നല്‍കുന്ന ഇന്റീരിയര്‍ ഡിസൈനും സ്‌പേസ് വിനിയോഗവും കോമെറ്റിനെ മറ്റ് എന്‍ട്രി ലെവല്‍ ഇലക്ട്രിക് കാറുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു. ഗുണനിലവാരമുള്ള മെറ്റീരിയലുകള്‍ ഉപയോഗിച്ചാണ് കാര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇരട്ട എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ഇലക്‌ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഇലക്‌ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ഫ്രണ്ട് ആന്‍ഡ് റിയര്‍ ഡിസ്‌ക് ബ്രേക്കുകള്‍ എന്നിവയടക്കം വിപുലമായി സേഫ്റ്റി ഫീച്ചര്‍ ലിസ്റ്റ് കോമെറ്റ് ഇവിക്ക് ലഭ്യമാണ്.
സാങ്കേതിക വശങ്ങളിലേക്ക് നോക്കിയാല്‍, 17.3 kWh ശേഷിയുള്ള ബാറ്ററി പായ്ക്കില്‍ നിന്നാണ് കോമെറ്റ് ഇവി പവര്‍ എടുക്കുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഏകദേശം 230 കിലോമീറ്റര്‍ റേഞ്ചാണ് (ARAI certified) കോമെറ്റ് ഇവിയില്‍ എംജി വാഗ്ദാനം ചെയ്യുന്നത്. 42 PS പവറും 110 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോര്‍ ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്.

IP 67 റേറ്റിംഗുള്ള ബാറ്ററി ഏത് കാലാവസ്ഥയിലും സുരക്ഷിത യാത്ര ഉറപ്പാക്കുന്നു. നമ്മുടെ നാട്ടില്‍ ചാര്‍ജിംഗ് അടിസ്ഥാന സൗകര്യങ്ങള്‍ വികസിച്ച് കൊണ്ടിരിക്കുന്നത് കൊണ്ടും ഗൃഹോപകരണങ്ങള്‍ ചാര്‍ജ് ചെയ്യുന്നതുപോലെ എളുപ്പത്തില്‍ ചാര്‍ജ് ചെയ്യാമെന്നതിനാലുമാണ് കോമെറ്റിലേക്ക് കൂടുതല്‍ ഉപഭോക്താക്കള്‍ അടുക്കുന്നത്. നിലവില്‍ ടാറ്റ ടിയാഗോ ഇവി, സിട്രണ്‍ eC3 എന്നീ എന്‍ട്രി ലെവല്‍ ഇവികളുമായാണ് കോമെറ്റ് മത്സരിക്കുന്നത്.
നിലവില്‍ 7,62,800 രൂപ മുതല്‍ 9,99,800 രൂപ വരെയാണ് കോമെറ്റിന്റെ എക്‌സ്‌ഷോറൂം വില. ബാറ്ററി ആസ് എ സര്‍വീസ് (BaaS) സ്‌കീമിന് കീഴില്‍ വെറും 4.99 ലക്ഷം രൂപ പ്രാരംഭ വിലയില്‍ കോമെറ്റ് ഇവി സ്വന്തമാക്കാം. എന്നാല്‍ കമ്പനിക്ക് കിലോമീറ്ററിന് 3.20 രൂപ ബാറ്ററി വാടകയായി നല്‍കണം. ഇതിന്റെ ആകര്‍ഷകമായ വിലയും കുറഞ്ഞ റണ്ണിംഗ് കോസ്റ്റും ഉപഭോക്താക്കള്‍ക്ക് വലിയ സാമ്പത്തിക ലാഭം ഉറപ്പു നല്‍കുന്നു.
പരിസ്ഥിതി സൗഹൃദ യാത്രകള്‍ക്ക് പ്രാധാന്യം നല്‍കുന്നവര്‍ പ്രഥമ പരിഗണന നല്‍കുന്ന മോഡലുകളില്‍ ഒന്നായി കോമെറ്റ് മാറിയിട്ടുണ്ട്. സ്‌റ്റൈലും ടെക്‌നോളജിയും പ്രായോഗികതയും ഒത്തുചേരുന്ന കോമെറ്റ് ഇവി ഇലക്ട്രിക് വിപ്ലവത്തിന്റെ മുന്‍നിരയില്‍ തന്നെയുണ്ട്. വരാനിരിക്കുന്ന ഉത്സവ സീസണിലും വില്‍പ്പന നേട്ടുണ്ടാക്കാന്‍ എംജി പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്. ഇതോടെ ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയില്‍ എംജിയുടെ സ്ഥാനം കൂടുതല്‍ ഭദ്രമാകും.


Click it and Unblock the Notifications








