നിരത്തുകള്‍ കീഴടക്കി MG സൈബര്‍സ്റ്റര്‍; റെക്കോഡ് വിൽപ്പനയുമായി രാജ്യത്തെ നമ്പര്‍ 1 സ്‌പോര്‍ട്‌സ് കാര്‍
ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യയുടെ (JSW MG Motor India) ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാറായ സൈബര്‍സ്റ്റര്‍ ഇവി വിപണിയില്‍ വന്‍ ചലനങ്ങള്‍ സൃഷ്ടിച്ച് മുന്നേറുന്നു. 2025 ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയില്‍ MG 9 പ്രസിഡന്‍ഷ്യല്‍ ലിമോസിനിന്റെ കൂടെയാണ് എംജി ഈ വാഹനം ആദ്യമായി ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചത്. 6 മാസത്തിന് ശേഷം പുറത്തിറക്കിയ സൈബര്‍സ്റ്റര്‍ ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ രാജ്യത്തെ സ്‌പോര്‍ട്‌സ് കാര്‍ പ്രേമികളുടെ പ്രിയപ്പെട്ട മോഡലായി മാറി. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്‌പോര്‍ട്‌സ് കാറാണ് എംജി സൈബര്‍സ്റ്റര്‍ ഇവി.
2025 നവംബര്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം എംജി ഇതിനോടകം 350 സൈബര്‍സ്റ്റര്‍ ഇവികള്‍ വിറ്റഴിച്ചു കഴിഞ്ഞു. 74.99 ലക്ഷം രൂപയ്ക്കാണ് സൈബര്‍സ്റ്റര്‍ ഇവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് 72.99 ലക്ഷം രൂപ എന്ന ആകര്‍ഷകമായ വിലയില്‍ വാഹനം ലഭ്യമായിരുന്നു. നിലവില്‍ ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാറിന് ചില നഗരങ്ങളില്‍ 4 മുതല്‍ 5 മാസം വരെ കാത്തിരിപ്പുണ്ട്.

പ്രീമിയം വിഭാഗത്തില്‍ ഒരു ഇലക്ട്രിക് കാറിന് ഇത്രയധികം ആവശ്യക്കാരുണ്ടാകുന്നത് ഇന്ത്യന്‍ വിപണിയില്‍ സൈലന്റായി സംഭവിച്ച് കൊണ്ടിരിക്കുന്ന മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. ഡിസൈന്‍ വശം ഫോറിന്‍ സ്‌പോര്‍ട്‌സ് കാറുകളെ വെല്ലുന്ന ലുക്കാണ് എംജി സൈബര്‍സ്റ്ററിനുള്ളത്. നീളമേറിയ ബോണറ്റ്, ലോ സ്റ്റാന്‍സ്, വീതിയുള്ള റിയര്‍ ട്രാക്ക് എന്നി ഇതിന് ക്ലാസിക് റോഡ്സ്റ്റര്‍ ലുക്ക് നല്‍കുന്നു. സ്ലിം എല്‍ഇഡി ഹെഡ്ലാമ്പുകളും വലിയ അലോയ് വീലുകളും വാഹനത്തിന്റെ സ്‌പോര്‍ട്ടി ഭാവം വര്‍ദ്ധിപ്പിക്കുന്നു.
മുകളിലേക്ക് തുറക്കുന്ന സിസര്‍ ഡോറുകളാണ് ഇതിന്റെ മറ്റൊരു പ്രധാന ആകര്‍ഷണം. ഇത് ഇലക്ട്രിക്കലി ഓപറേറ്റ് ചെയ്യാം. ഈ ഡോര്‍ കാറിന്റെ ലുക്ക് കൂട്ടുന്നതിനൊപ്പം തന്നെ വിപണിയിലെ മറ്റ് സ്‌പോര്‍ട്‌സ് കാറുകളില്‍ നിന്ന് സൈബര്‍സ്റ്ററിനെ വ്യത്യസ്തമാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. പുറകിലെ ഫുള്‍-വിഡ്ത്ത് എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ വാഹനത്തിന് മികച്ച വിഷ്വല്‍ സിഗ്‌നേച്ചര്‍ നല്‍കുന്നു.

നല്ല വൃത്തിയിലാണ് റിയര്‍ ബമ്പര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇലക്ട്രിക്കലി ഓപ്പറേറ്റ് ചെയ്യാവുന്ന സോഫ്റ്റ്-ടോപ്പ് റൂഫാണ് മറ്റൊരു പ്രധാന ഹൈലൈറ്റ്. കണ്‍വെര്‍ട്ടബിളുകള്‍ വരെ അപൂര്‍വമായ സെഗ്‌മെന്റില്‍ ഈ സോഫ്റ്റ് ടോപ്പ് റൂഫ് സൈബര്‍സ്റ്ററിന്റെ ആകര്‍ഷണം വര്‍ധിപ്പിക്കുന്നു. സീറ്റിംഗ് പൊസിഷന്‍ ചെറുതായി താഴ്ന്ന് ഡ്രൈവര്‍ ഫോക്കസ്ഡ് ആയ ക്യാബിനാണ് സൈബര്‍സ്റ്ററിന് ലഭിക്കുന്നത്.
മള്‍ട്ടി-സ്‌ക്രീന്‍ ലേഔട്ട് ഇന്റീരിയറില്‍ ആധിപത്യം പുലര്‍ത്തുന്നുവെങ്കിലും ഡ്രൈവ് മോഡുകള്‍, റീജനറേറ്റീവ് ബ്രേക്കിംഗ് തുടങ്ങിയ പ്രധാന പ്രവര്‍ത്തനങ്ങള്‍ക്കായി ഫിസിക്കല്‍ കണ്‍ട്രോളുകള്‍ നിലനിര്‍ത്തിയിട്ടുണ്ട്. നല്ല കംഫര്‍ട്ടബിളായ സീറ്റുകള്‍ ഏത് ദുര്‍ഘടമായ പാതയിലും വാഹനത്തിലുള്ളവരെ മടുപ്പിക്കില്ല. സ്‌പോര്‍ടിയര്‍ ഡിസൈന്‍ പോലെ തന്നെ അതിനൊത്ത പ്രകടനവും ഇവി പുറത്തെടുക്കും.

സൈബര്‍സ്റ്റര്‍ ഇവിയിലെ ഡ്യുവല്‍ മോട്ടോര്‍, ഓള്‍ വീല്‍ ഡ്രൈവ് സംവിധാനം 510 PS പവറും 725 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും 3.2 സെക്കന്‍ഡ് സമയം മതിയാകും. ആക്‌സിലേറ്ററില്‍ കാല്‍ അമര്‍ത്തിയാല്‍ വണ്ടി പറപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ കാര്‍ മികച്ച അനുഭവം നല്‍കും.
ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 580 കിലോമീറ്റര്‍ റേഞ്ച് (MIDC) നല്‍കുന്ന വലിയ ബാറ്ററിയാണ് ഇതിലുള്ളത്. വാരാന്ത്യ യാത്രകള്‍ക്ക് മാത്രമല്ല, ദൈനംദിന ഉപയോഗത്തിനും ഈ വാഹനം അനുയോജ്യമാണ്. എംജി സെലക്ട് എന്ന കമ്പനിയുടെ പ്രീമിയം ഔട്ട്ലെറ്റുകള്‍ വഴിയാണ് സൈബര്‍സ്റ്റര്‍ വിപണനം ചെയ്യുന്നത്. കൊച്ചിയടക്കം രാജ്യത്ത് 13 നഗരങ്ങളിലായി 14 എംജി സെലക്ട് ഡീലര്‍ഷിപ്പുകളാണ് എംജി ആരംഭിച്ചത്.
രൂപഭംഗി, വേഗത, ദൈനംദിന ഉപയോഗക്ഷമത എന്നിവ കൃത്യമായി സമന്വയിപ്പിച്ചതാണ് സൈബര്‍സ്റ്ററിന്റെ വിജയരഹസ്യം. ഹൈ-പെര്‍ഫോമന്‍സ് വാഹനങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യക്കാര്‍ വലിയ താല്‍പര്യം കാണിച്ച് തുടങ്ങിയെന്ന് തെളിയിക്കുന്നതാണ് എംജി സൈബര്‍സ്റ്റര്‍ ഇവിയുടെ വിജയം. ഇന്ത്യയിലെ സ്‌പോര്‍ട്‌സ് കാര്‍ വിപണിയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള സ്വീകാര്യത സൈബര്‍സ്റ്റര്‍ വര്‍ധിപ്പിച്ചുവെന്ന് നിസംശയം പറയാം.


Click it and Unblock the Notifications








