3 മാസം വില്‍പ്പന വട്ടപ്പൂജ്യം! ഒടുവില്‍ 'ഡിസ്‌കൗണ്ട് ബോംബ്' പൊട്ടിച്ച് എംജി; ഗ്ലോസ്റ്ററിന് 3.70 ലക്ഷം ലാഭം
ഇന്ത്യയില്‍ ഫുള്‍സൈസ് എസ്‌യുവി (Full Size SUV) സെഗ്‌മെന്റില്‍ ടൊയോട്ട ഫോര്‍ച്യൂണറിന്റെ (Toyota Fortuner) ഏകാധിപത്യം അവസാനിപ്പിക്കാന്‍ ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ മജസ്റ്റര്‍ (MG Majestor) എന്ന പുത്തന്‍ മോഡല്‍ കൊണ്ടുവന്നിരുന്നു. മജസ്റ്ററിന് മുമ്പ് ഫോര്‍ച്യൂണറിനെ 'തീര്‍ക്കാന്‍' കൊണ്ടുവന്ന ഗ്ലോസ്റ്ററിന് (MG Gloster) പക്ഷേ പരാജിതനായി മടങ്ങുകയാണ്. മജസ്റ്ററിന്റെ വരവിനൊപ്പം വാങ്ങാന്‍ ഉപഭോക്താക്കള്‍ കൂടി എത്താതായതോടെ വിപണിയില്‍ ഗ്ലോസ്റ്ററിനെ എംജി വിപണിയില്‍ നിന്ന് പിന്‍വലിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 2026 ഏപ്രിലിലാണ് മജസ്റ്ററിന്റെ വില പ്രഖ്യാപനം. മെയ് മാസം ഡെലിവറി ആരംഭിക്കും.
ഡീലര്‍മാര്‍ പുത്തന്‍ മജസ്റ്ററിനെ സ്വീകരിക്കാനൊരുങ്ങുന്നതിനാല്‍ നിര്‍ത്തലാക്കുന്ന ഗ്ലോസ്റ്ററിന്റെ ശേഷിക്കുന്ന സ്‌റ്റോക്കുകള്‍ വിറ്റഴിക്കാന്‍ എംജി 'ഡിസ്‌കൗണ്ട് ബോംബ്' പൊട്ടിച്ചിട്ടുണ്ട്. ഗ്ലോസ്റ്റര്‍ എസ്‌യുവിക്ക് 3.70 ലക്ഷം രൂപയോളം വരുന്ന വമ്പന്‍ വിലക്കിഴിവാണ് ഈ മാര്‍ച്ചില്‍ കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഓട്ടോ പണ്ഡിറ്റ്‌സ് പങ്കുവെച്ച എംജിയുടെ മാര്‍ച്ച് മാസത്തിലെ ഡിസ്‌കൗണ്ട് ഓഫറുകളെ കുറിച്ചുള്ള റിപ്പോര്‍ട്ടിലാണ് ഇത് പറയുന്നത്. എംജി ഗ്ലോസ്റ്ററിന്റെ ഈ മാസത്തെ ഓഫറുകളെ കുറിച്ച് വിശദമായി ചുവടെ വായിക്കാം.

വില്‍പ്പന തകര്‍ച്ച
കഴിഞ്ഞ കുറച്ചു മാസങ്ങളായി എംജി ഗ്ലോസ്റ്ററിന്റെ വില്‍പ്പന ഗ്രാഫ് താഴേക്കായിരുന്നു. 2025 ഡിസംബര്‍ മുതല്‍ 2026 ഫെബ്രുവരി വരെയുള്ള മൂന്ന് മാസങ്ങളില്‍ എസ്‌യുവിയുടെ 1 യൂണിറ്റ് പോലും വിറ്റഴിക്കപ്പെട്ടില്ല എന്നത് വാഹനപ്രേമികളെ ഞെട്ടിക്കുന്നു. ഇതിന് മുമ്പ് 2025 ഒക്ടോബറില്‍ 9 യൂണിറ്റും നവംബറില്‍ വെറും 5 യൂണിറ്റും മാത്രമായിരുന്നു വില്‍പ്പന. ഈ സാഹചര്യത്തിലാണ് മാര്‍ച്ചില്‍ 4 ലക്ഷത്തിനോട് അടുത്ത് വരുന്ന ഓഫര്‍ കമ്പനി പ്രഖ്യാപിച്ചത്.
ഓഫറുകള്‍ ഇങ്ങനെ
ഈ മാസം ഗ്ലോസ്റ്റര്‍ വാങ്ങുന്നവര്‍ക്ക് 3,50,000 രൂപ നേരിട്ടുള്ള ക്യാഷ് ഡിസ്‌കൗണ്ടായാണ് കമ്പനി നല്‍കുന്നത്. കൂടാതെ 20,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. കോര്‍പറേറ്റ്, ലോയല്‍റ്റി ബോണസുകളെ കുറിച്ച് ഡീലര്‍ഷിപ്പില്‍ അന്വേഷിക്കണം. മാര്‍ച്ച് 31 വരെ മാത്രം ലഭ്യമാകുന്ന ഓഫറിന് കീഴില്‍ മൊത്തം 3.70 ലക്ഷത്തോളം രൂപയാണ് ഉപഭോക്താക്കള്‍ക്ക് ലാഭിക്കാനാകുക. സ്ഥലത്തിനും സ്‌റ്റോക്കിനും അനുസരിച്ച് മാറ്റങ്ങളുണ്ടാകുമെന്നതിനാല്‍ താല്‍പര്യമുള്ളവര്‍ അടുത്തുള്ള എംജി ഡീലര്‍ഷിപ്പ് സന്ദര്‍ശിക്കാന്‍ താല്‍പര്യപ്പെടുന്നു.

കരുത്തുറ്റ ഹൃദയം
സാങ്കേതിക മികവിന്റെ കാര്യത്തില്‍ മുന്‍പന്തിയിലുള്ള ഗ്ലോസ്റ്ററിന് 2.0 ലിറ്റര്‍ ടര്‍ബോ, ട്വിന്‍-ടര്‍ബോ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളാണ് തുടിപ്പേകുന്നത്. 2WD, 4WD ഓപ്ഷനുകളിലും ഇത് തിരഞ്ഞെടുക്കാം. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ബന്ധിപ്പിച്ചിരിക്കുന്നു. ഏത് ദുര്‍ഘടമായ പാതകളും കീഴടക്കാന്‍ സാന്‍ഡ്, റോക്ക്, സ്‌നോ, മഡ് തുടങ്ങി ഏഴ് ഓഫ്-റോഡ് മോഡുകള്‍ ഈ ഭീമന്‍ എസ്‌യുവിയില്‍ സജ്ജീകരിച്ചിട്ടുണ്ട്.
കൊട്ടാര സദൃശമായ അകത്തളം
ഗ്ലോസ്റ്ററിന്റെ ഇന്റീരിയറില്‍ നിരവധി പ്രീമിയം സവിശേഷതകള്‍ സജ്ജീകരിച്ചിരിക്കുന്നു. 12-വേ പവര്‍ അഡ്ജസ്റ്റബിള്‍ ഡ്രൈവര്‍ സീറ്റും അതിനോടൊപ്പം മസാജ്, വെന്റിലേഷന്‍ സൗകര്യങ്ങളും ലഭ്യമാണ്. ഡ്യുവല്‍ പനോരമിക് ഇലക്ട്രിക് സണ്‍റൂഫ് യാത്രക്കാര്‍ക്ക് മികച്ച അനുഭവം സമ്മാനിക്കും. മെറ്റല്‍ ബ്ലാക്ക്, മെറ്റല്‍ ആഷ് എന്നീ നിറങ്ങളില്‍ എത്തുന്ന ഇതിന്റെ ക്യാബിന്‍ റെഡ് സ്റ്റിച്ചിംഗോട് കൂടിയ പ്രീമിയം ലെതര്‍ അപ്ഹോള്‍സ്റ്ററിയാലാണ് തീര്‍ത്തിരിക്കുന്നത്.

ലെവല്‍ 2 ADAS ഫീച്ചറുകള്‍ ഗ്ലോസ്റ്ററില്‍ല്‍ യാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കാനുണ്ട്. അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ്, ഫോര്‍വേഡ് കൊളിഷന്‍ വാണിംഗ് എന്നിവയടങ്ങുന്നതാണ് ഈ ADAS സ്യൂട്ട്. കൂടാതെ ബ്ലൈന്‍ഡ് സ്‌പോട്ട് ഡിറ്റക്ഷന്‍, ലെയ്ന്‍ ചേഞ്ച് അസിസ്റ്റ്, ഡ്രൈവര്‍ ഫെറ്റിഗ് റിമൈന്‍ഡര്‍ തുടങ്ങിയ സംവിധാനങ്ങള്‍ ദീര്‍ഘദൂര യാത്രകളില്‍ ഡ്രൈവര്‍ക്ക് വലിയ സുരക്ഷയാണ് ഉറപ്പാക്കുന്നത്.
വില
നിലവില്‍ 38.33 ലക്ഷം രൂപ മുതല്‍ 43.17 ലക്ഷം രൂപ വരെയാണ് എംജി ഗ്ലോസ്റ്ററിന്റെ എക്‌സ്-ഷോറൂം വില. വമ്പന്‍ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചതോടെ ഓണ്‍-റോഡ് വിലയില്‍ വലിയ കുറവുണ്ടാകും. ഇന്ത്യന്‍ വിപണിയില്‍ ടൊയോട്ട ഫോര്‍ച്യൂണറിന് പുറമെ സ്‌കോഡ കൊഡിയാക്, ജീപ്പ് മെറിഡിയന്‍, ഫോക്‌സ്വാഗണ്‍ ടെയ്‌റോണ്‍ എന്നീ ഡി-സെഗ്‌മെന്റ് എസ്‌യുവികളുമായാണ് ഗ്ലോസ്റ്റര്‍ പ്രധാനമായും മത്സരിക്കുന്നത്.
ഈ പ്രീമിയം എസ്‌യുവി വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു സുവര്‍ണാവസരമാണ് എംജി വെച്ച് നീട്ടുന്നത്. വില്‍പ്പന വട്ടപ്പൂജ്യമായ സാഹചര്യത്തില്‍ മജസ്റ്ററിന്റെ വരവിന് മുമ്പ് ഗ്ലോസ്റ്ററിന്റെ സ്‌റ്റോക്ക് കാലിയാക്കാന്‍ ഈ വമ്പന്‍ ഓഫര്‍ സഹായിക്കുമോ എന്ന് വരും മാസങ്ങളില്‍ അറിയാം. ആഡംബരവും ഓഫ്-റോഡ് കരുത്തും ഒത്തിണങ്ങിയ ഒരു വാഹനം കുറഞ്ഞ വിലയില്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ഓഫര്‍ വലിയൊരു അനുഗ്രഹമാണ്.


Click it and Unblock the Notifications








