മജസ്റ്റര്‍ അധികാരത്തിലേറുമോ, അതോ ഫോര്‍ച്യൂണറിന്റെ തുടര്‍ഭരണമോ? വില പ്രഖ്യാപനം ഏപ്രില്‍ 27-ന്
തങ്ങളുടെ പുതിയ ഫ്‌ലാഗ്ഷിപ്പ് എസ്‌യുവിയായ മജസ്റ്ററിന്റെ വില പ്രഖ്യാപനം ഏപ്രില്‍ 27-ന് നടത്തുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച്എംജി മോട്ടോര്‍ ഇന്ത്യ. ഗ്ലോസ്റ്ററിന് പകരമായി എത്തുന്ന ഈ ഡി-സെഗ്മെന്റ് എസ്‌യുവി ആഡംബരവും കരുത്തും ഒത്തിണങ്ങിയ രൂപകല്‍പ്പനയുമായാണ് വരുന്നത്. ഷാര്‍പ്പ് (Sharp), സാവി (Savvy) എന്നീ രണ്ട് വേരിയന്റുകളിലായാണ് എസ്‌യുവി വിപണിയിലെത്തുന്നത്. 40 ലക്ഷം മുതല്‍ 45 ലക്ഷം രൂപ വരെയാണ് എംജി മജസ്റ്ററിന്റെ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്. ടൊയോട്ട ഫോര്‍ച്യൂണര്‍, സ്‌കോഡ കൊഡിയാക് തുടങ്ങിയ വാഹനങ്ങളോടാണ് മജസ്റ്റര്‍ നേരിട്ട് ഏറ്റുമുട്ടുക. എംജി മജസ്റ്ററിനെ കുറിച്ച് ഇതുവരെ അറിയാവുന്ന കാര്യങ്ങള്‍ ഈ ലേഖനത്തില്‍ വായിക്കാം.
ഗ്ലോസ്റ്ററിലെ അതേ കരുത്തുറ്റ 2.0-ലിറ്റര്‍ ട്വിന്‍-ടര്‍ബോ ഡീസല്‍ എഞ്ചിനാണ് മജസ്റ്ററിലും ഉപയോഗിച്ചിരിക്കുന്നത്. ഇത് 215 hp പവറും 478.5 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. മികച്ച കരുത്തും ഡ്രൈവിംഗ് സുഖവും ഉറപ്പാക്കുന്ന ഈ എഞ്ചിന്‍ 8 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഇണചേര്‍ത്തിരിക്കുന്നു. ഓഫ്-റോഡ് പ്രേമികള്‍ക്കായി മജസ്റ്ററില്‍ അത്യാധുനിക 4WD സംവിധാനവും നല്‍കിയിട്ടുണ്ട്.

സ്‌നോ, റോക്ക്, സാന്‍ഡ്, മഡ് തുടങ്ങിയ വിവിധ ടെറൈന്‍ മോഡുകള്‍ ഇതില്‍ ലഭ്യമാണ്. ലോ-റേഞ്ച് മോഡും ട്രിപ്പിള്‍ ഡിഫറന്‍ഷ്യല്‍ ലോക്കുകളും കൂടെ ലഭിക്കുന്നു. ഏത് ദുഷ്‌കരമായ പാതകളിലും ആത്മവിശ്വാസത്തോടെ ഓടിക്കാന്‍ പറ്റുന്ന മജസ്റ്ററിന്റെ ഓഫ്-റോഡ് കഴിവുകള്‍ ഈ സെഗ്മെന്റിലെ തന്നെ മികച്ച ഒന്നായി മാറിയിരിക്കുന്നു.
വളരെ ഗാംഭീര്യമുള്ള എക്‌സ്റ്റീരിയര്‍ ലുക്കാണ് മജസ്റ്ററിന് ലഭിക്കുന്നത്. വലിയ ഗ്ലോസ്-ബ്ലാക്ക് ഗ്രില്ലും, വെര്‍ട്ടിക്കലി സ്റ്റാക്ക്ഡ് എല്‍ഇഡി ഹെഡ്ലൈറ്റുകളും 19-ഇഞ്ച് ഡ്യുവല്‍-ടോണ്‍ അലോയ് വീലുകളും കണക്റ്റഡ് എല്‍ഇഡി ടെയില്‍-ലൈറ്റുകളും ഇതിന്റെ പ്രീമിയം ലുക്ക് വര്‍ദ്ധിപ്പിക്കുന്നു. കരുത്തുറ്റ ബോഡി ക്ലാഡിംഗും സില്‍വര്‍ സ്‌കിഡ് പ്ലേറ്റും മജസ്റ്ററിനെ കൂടുതല്‍ സ്‌പോര്‍ട്ടിയാക്കുന്നുണ്ട്.
ആഡംബരം തുളുമ്പി നില്‍ക്കുന്ന അകത്തളമാണ് മജസ്റ്ററിന്‍േറത്. ഇതിറെ ബ്ലാക്ക് ക്യാബിനില്‍ സില്‍വര്‍ ആക്‌സന്റുകള്‍ നല്‍കിയിട്ടുണ്ട്. ഇന്‍ഫോടെയ്ന്‍മെന്റിനും ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനുമായി നല്‍കിയ 12.4-ഇഞ്ച് വലിപ്പമുള്ള രണ്ട് വലിയ സ്‌ക്രീനുകള്‍് ഡാഷ്‌ബോര്‍ഡില്‍ ആധിപത്യം സ്ഥാപിക്കുന്നുണ്ട്. ലെതറെറ്റ് അപ്‌ഹോള്‍സ്റ്ററിയും ആംബിയന്റ് ലൈറ്റിംഗും ക്യാബിനിന്റെ പ്രീമിയം ഫീല്‍ ഉയര്‍ത്തുന്നു.
6-സീറ്റര്‍, 7-സീറ്റര്‍ ലേഔട്ടില്‍ മജസ്റ്റര്‍ വാങ്ങാനാകുന്ന മജസ്റ്ററില്‍ ആധുനിക സുഖസൗകര്യങ്ങളുടെ നീണ്ടനിര തന്നെയുണ്ട്. പനോരമിക് സണ്‍റൂഫ്, ജെബിഎല്‍ (JBL) സൗണ്ട് സിസ്റ്റം, വെന്റിലേറ്റഡ് സീറ്റുകള്‍, മസാജ് ഫംഗ്ഷന്‍ എന്നിവ ഇതിലുണ്ട്. ഡ്രൈവര്‍ സീറ്റിന് 12-വേ പവര്‍ അഡ്ജസ്റ്റ്മെന്റും മെമ്മറി ഫംഗ്ഷനും നല്‍കിയിരിക്കുന്നു. വയര്‍ലെസ് ചാര്‍ജിംഗും 3-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോളും യാത്രക്കാര്‍ക്ക് മികച്ച അനുഭവം നല്‍കുന്നു.

ഈ എംജി എസ്‌യുവിയില്‍ സുരക്ഷയ്ക്കും എംജി വലിയ പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്ന 6 എയര്‍ബാഗുകക്കൊപ്പം ലെവല്‍ 2 ADAS, 360-ഡിഗ്രി ക്യാമറ, ഹില്‍-ഹോള്‍ഡ്, ഹില്‍-ഡെസന്റ് കണ്‍ട്രോള്‍ എന്നിവ യാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കുന്നു. കൂടാതെ ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്കും ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റവും ഉള്‍പ്പെടുത്തി യാത്രക്കാരുടെ സുരക്ഷയില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് എംജി സ്വീകരിച്ചിരിക്കുന്നത്.
എംജി ഇതിനോടകം തന്നെ ഈ ഭീമന്‍ എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 41,000 രൂപ ടോക്കണ്‍ തുക നല്‍കി എസ്‌യുവി റിസര്‍വ് ചെയ്യാവുന്നതാണ്. മെയ് മാസം മുതല്‍ മജസ്റ്ററിന്റെ കസ്റ്റമര്‍ ഡെലിവറി ആരംഭിക്കുമെന്നാണ് വിവരം. ഫോര്‍ച്യൂണറിനെ മജസ്റ്ററിന് 'ഭരണത്തില്‍' നിന്ന് താഴെ ഇറക്കാന്‍ സാധിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഏതായാലും ഫുള്‍സൈസ് എസ്‌യുവി വിഭാഗത്തില്‍ തുടര്‍ഭരണമാണോ അതോ ഭരണമാറ്റമാണോ എന്ന് അറിയാന്‍ കുറച്ച് ദിവസങ്ങള്‍ നമ്മള്‍ കാത്തിരിക്കണം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications