വലിപ്പത്തിലും ഫീച്ചറുകളിലും മുന്നിൽ! എംജി മജസ്റ്റർ ഫോർച്യൂണറിനെ ഒതുക്കുമോ? താരതമ്യം വായിക്കാം
ഇന്ത്യന്‍ പ്രീമിയം എസ്‌യുവി വിപണിയിലെ ഒന്നാം സ്ഥാനക്കാരനായ ടൊയോട്ട ഫോര്‍ച്യൂണറിനോട് മത്സരിക്കാന്‍ അത്യാധുനിക സവിശേഷതകളോടെ എത്തുന്ന എംജി മജസ്റ്ററിന്റെ വില ഇന്ന് 27 മെയ് 2026) പ്രഖ്യാപിക്കുകയുണ്ടായി. ഫെബ്രുവരി 12-ന് രാജ്യത്ത് ആദ്യമായി അവതരിപ്പിക്കപ്പെട്ട എസ്‌യുവിയുടെ വില പ്രഖ്യാപനം വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്. D+ സെഗ്‌മെന്റിലേക്ക് കാലെടുത്ത് വെച്ച മജസ്റ്ററിന് മുന്‍ഗാമിയായ ഗ്ലോസ്റ്ററിന് പറ്റാതെ പോയത് സാധിച്ചെടുക്കാന്‍ പറ്റുമോ എന്നാണ് വാഹന പ്രേമികള്‍ ഉറ്റുനോക്കുന്നത്. ഈ സാഹചര്യത്തില്‍ എംജി മജസ്റ്ററും ടൊയോട്ട ഫോര്‍ച്യൂണറും തമ്മില്‍ നമുക്ക് മാറ്റുരച്ച് നോക്കാം.
വില
രണ്ട് വേരിയന്റുകളിലാണ് എംജി മജസ്റ്റര്‍ വിപണിയില്‍ ലഭ്യമാക്കിയിട്ടുള്ളത്. ഇതില്‍ ബേസ് മോഡലായ മജസ്റ്റര്‍ സാവി 4x2 (Savvy 4x2) പതിപ്പിന് 40.99 ലക്ഷ രൂപയും ഉയര്‍ന്ന മോഡലായ മജസ്റ്റര്‍ സാവി 4x4 (Savvy 4x4) പതിപ്പിന് 44.99 ലക്ഷവുമാണ് ഇന്ത്യയിലെ വില വരുന്നത്. മറുഭാഗത്ത്, ജാപ്പനീസ് ബ്രാന്‍ഡിന്റെ ഫോര്‍ച്യൂണര്‍ നിലവില്‍ ആകെ എട്ട് വ്യത്യസ്ത വേരിയന്റുകളില്‍ വിപണിയില്‍ ലഭ്യമാണ്. നിലവില്‍ 34.76 ലക്ഷം മുതലാണ് ഫോര്‍ച്യൂണറിന്റെ വില ആരംഭിക്കുന്നത്.

ഉയര്‍ന്ന വേരിയന്റുകള്‍ക്ക് 50.46 ലക്ഷം വരെയാണ് മുടക്കേണ്ടത്. ഫുള്‍സൈസ് എസ്‌യുവിയുടെ 4x2 പതിപ്പുകള്‍ക്ക് 34.76 ലക്ഷം രൂപ മുതല്‍ 42.92 ലക്ഷം വരെയാണ് വില. അതേസമയം, കഠിനമായ ഓഫ്‌റോഡ് പാതകള്‍ കീഴടക്കാന്‍ ശേഷിയുള്ള ടൊയോട്ട ഫോര്‍ച്യൂണറിന്റെ 4x4 വേരിയന്റുകളുടെ വില ആരംഭിക്കുന്നത് 39.35 ലക്ഷം മുതലാണ്. ഏറ്റവും ഉയര്‍ന്ന ട്രിമ്മുകള്‍ സ്വന്തമാക്കാന്‍ ഉപഭോക്താക്കള്‍ ഏകദേശം 50.46 ലക്ഷം വരെ എക വിലയായി നല്‍കേണ്ടതുണ്ട്. എക്‌സ്‌ഷോറൂം വിലകളാണിത്.
വലിപ്പവും വീല്‍ബേസും
രണ്ട് വാഹനങ്ങളുടെയും വലിപ്പം പരിശോധിച്ചാല്‍ ടൊയോട്ട ഫോര്‍ച്യൂണറിനേക്കാള്‍ വലിയ ബോഡി ഘടനയാണ് പുതിയ എംജി മജസ്റ്ററിന് നല്‍കിയിട്ടുള്ളത്. 5,046 mm നീളവും 2,016 mm വീതിയും 1,876 mm ഉയരവുമുള്ള ഒരു ഭീമന്‍ കാറാണിത്. എന്നാല്‍ ഫോര്‍ച്യൂണറിന് 4,795 mm നീളവും 1,855 mm വീതിയും 1,835 mm ഉയരവുമാണുള്ളത്.
ഇത് പ്രകാരം എംജി മജസ്റ്ററിന് ഫോര്‍ച്യൂണറിനേക്കാള്‍ 251 mm നീളവും 161 mm വീതിയും 41 mm അധിക ഉയരവുമുണ്ട്. അകത്തളത്തിലെ സ്‌പെയ്‌സ് നിശ്ചയിക്കുന്ന വീല്‍ബേസിന്റെ കാര്യത്തിലും മജസ്റ്റര്‍ (2,950 mm) ഫോര്‍ച്യൂണറിനേക്കാള്‍ (2,745 mm) 205 mm മുന്നിലാണ്. എങ്കിലും ഓഫ്-റോഡിംഗിന് ആവശ്യമായ ഗ്രൗണ്ട് ക്ലിയറന്‍സില്‍ ടൊയോട്ട ഫോര്‍ച്യൂണറിന് 6 mm അധിക ഉയരമുണ്ട്.
ഫീച്ചറുകളും സൗകര്യങ്ങളും
മോഡേണ്‍ ക്യാബിന്‍ ഫീച്ചറുകളുടെ കാര്യത്തില്‍ പുതിയ എംജി മജസ്റ്റര്‍ വലിയ മുന്നേറ്റമാണ് നടത്തുന്നത്. ഇന്‍ഫോടെയ്ന്‍മെന്റിനായും ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേയ്ക്കായും രണ്ട് വലിയ 12.3 ഇഞ്ച് ടാബ്ലെറ്റ് സ്‌ക്രീനുകളാണ് ഇതില്‍ ഒരുക്കിയിട്ടുള്ളത്. എന്നാല്‍ ടൊയോട്ട ഫോര്‍ച്യൂണറില്‍ ഇപ്പോഴും പരമ്പരാഗതമായ ചെറിയ 8 ഇഞ്ചിന്റെ ഒരൊറ്റ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം മാത്രമാണ് നല്‍കിയിട്ടുള്ളത്.

യാത്രകള്‍ കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ മജസ്റ്ററില്‍ 12 സ്പീക്കറുകളുള്ള പ്രീമിയം ജെബിഎല്‍ (JBL) സ്റ്റുഡിയോ ഓഡിയോ സിസ്റ്റം നല്‍കുമ്പോള്‍ ഫോര്‍ച്യൂണറില്‍ 11 സ്പീക്കര്‍ ജെബിഎല്‍ ഓഡിയോ ആണുള്ളത്. കൂടാതെ മജസ്റ്റര്‍ എസ്‌യുവിയില്‍ മസാജ് ഓപ്ഷനുകളുള്ള വെന്റിലേറ്റഡ്/ഹീറ്റഡ് സീറ്റുകള്‍ ലഭിക്കുമ്പോള്‍ ഫോര്‍ച്യൂണറില്‍ ഫ്രണ്ട് സീറ്റുകളില്‍ മാത്രമാണ് വെന്റിലേഷന്‍ സൗകര്യമുള്ളത്. സുരക്ഷയ്ക്കായി മജസ്റ്ററില്‍ ലെവല്‍ 2 അഡാസ് (ADAS) സാങ്കേതികവിദ്യയുമുണ്ട്.
പവര്‍ട്രെയിന്‍
സാങ്കേതിക വശങ്ങളിലേക്ക് കടന്നാല്‍, രണ്ട് എസ്യുവികളും മികച്ച എഞ്ചിനണ് വാഗ്ദാനം ചെയ്യുന്നത്. ശക്തമായ 2.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ് പുതിയ എംജി മജസ്റ്ററിന് കരുത്ത് പകരുന്നത്. ഈ എഞ്ചിന്‍ പരമാവധി 212 bhp പവറും 478 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്.
മറുഭാഗത്ത്, ടൊയോട്ട ഫോര്‍ച്യൂണര്‍ എസ്‌യുവിക്ക് കരുത്ത് നല്‍കുന്നത് 2.8 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനാണ്. ഈ എഞ്ചിന്‍ പരമാവധി 201 hp പവറും 500 Nm ടോര്‍ക്കും പുറത്തെടുക്കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. പവര്‍ ഔട്ട്പുട്ടില്‍ എംജി മജസ്റ്ററാണ് മുന്നിലെങ്കിലും ഉയര്‍ന്ന ടോര്‍ക്ക് ഉത്പാദിപ്പിക്കുന്ന കാര്യത്തില്‍ ടൊയോട്ട ഫോര്‍ച്യൂണര്‍ തന്നെയാണ് വിപണിയില്‍ ഇപ്പോഴും മുന്നില്‍ നില്‍ക്കുന്നത്.
ഗിയര്‍ബോക്സ് ഓപ്ഷനുകളിലേക്ക് വന്നാല്‍ എംജി മജസ്റ്ററില്‍ അത്യാധുനികമായ 8-സ്പീഡ് ZF ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ മാത്രമാണ് കമ്പനി നല്‍കിയിട്ടുള്ളത്. എന്നാല്‍ ടൊയോട്ട ഫോര്‍ച്യൂണര്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ താല്‍പര്യപ്രകാരം 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സോ അല്ലെങ്കില്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സോ തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ കമ്പനി നല്‍കുന്നുണ്ട്.

ഓഫ്‌റോഡിംഗ്
രണ്ട് വാഹനങ്ങളും തമ്മില്‍ ഓഫ്-റോഡ് ഫീച്ചറുകളില്‍ വലിയ വ്യത്യാസങ്ങളുണ്ട്. പുതിയ മജസ്റ്ററില്‍ ഈ സെഗ്‌മെന്റ് ഫസ്റ്റ് ട്രിപ്പിള്‍-ഡിഫറന്‍ഷ്യല്‍ ലോക്കും (Triple-Differential Lock) വ്യത്യസ്തമായ 10 ഡ്രൈവ് മോഡുകളും സജ്ജീകരിച്ചിട്ടുണ്ട്. എന്നാല്‍ ഫോര്‍ച്യൂണറില്‍ 3 മോഡുകളുള്ള ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍ ലോക്ക് മാത്രമാണ് ഓഫ്-റോഡിംഗിനായി നല്‍കിയിട്ടുള്ളത്.
ഇന്ത്യയിലെ ഫുള്‍-സൈസ് ലക്ഷ്വറി എസ്‌യുവി സെഗ്‌മെന്റില്‍ വലിയൊരു മത്സരത്തിനാണ് എംജി മജസ്റ്ററിന്റെ വരവോടെ തുടക്കമായിരിക്കുന്നത്. പാരമ്പര്യവും ഉയര്‍ന്ന റീസെയില്‍ മൂല്യവും ആഗ്രഹിക്കുന്നവര്‍ ഇപ്പോഴും ഫോര്‍ച്യൂണറിനെ പിന്തുണയ്ക്കുമ്പോള്‍, ആധുനിക സാങ്കേതികവിദ്യകളും മികച്ച കാബിന്‍ സൗകര്യവും ആഗ്രഹിക്കുന്ന പുതിയ തലമുറ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ എംജി മജസ്റ്ററിന് സാധിക്കും എന്നാണ് വിപണി വിദഗ്ദ്ധരുടെ വിലയിരുത്തല്‍.
ദീര്‍ഘദൂര യാത്രകള്‍ക്കും കഠിനമായ ഓഫ്-റോഡ് ഉപയോഗങ്ങള്‍ക്കും ഒരുപോലെ അനുയോജ്യമായ ഈ രണ്ട് പുതിയ പതിപ്പുകളില്‍ നിങ്ങളുടെ ബജറ്റിനും താല്‍പര്യത്തിനും അനുസരിച്ചുള്ള ഒരു മോഡല്‍ തിരഞ്ഞെടുക്കാം. ഈ രണ്ട് മോഡലുകളും ടെസ്റ്റ് റൈഡ് ചെയ്യുന്നതിനും കൂടുതല്‍ ബുക്കിംഗ് വിവരങ്ങള്‍ അറിയുന്നതിനുമായി ഉപഭോക്താക്കള്‍ക്ക് അതത് ബ്രാന്‍ഡുകളുടെ ഔദ്യോഗിക ഡീലര്‍ഷിപ്പുകള്‍ സന്ദര്‍ശിക്കാവുന്നതാണ്. 40.99 ലക്ഷം വിലയില്‍ എത്തിയ പുതിയ എംജി മജസ്റ്ററിന് ടൊയോട്ട ഫോര്‍ച്യൂണറിനെ താഴെയിറക്കാന്‍ സാധിക്കുമോ? നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റ് ചെയ്യൂ.


Click it and Unblock the Notifications