പെട്രോളിലും കറണ്ടിലും ഓടുന്ന കാർ ജൂലൈയിൽ ഇന്ത്യയിലെത്തും! EV മോഡിൽ 100km റേഞ്ച് ഉണ്ട്
ഇന്ത്യന്‍ വാഹന വിപണിയില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ (JSW MG Motor India) ഒരു പുത്തന്‍ 'ന്യൂ എനര്‍ജി വെഹിക്കിള്‍' പുറത്തിറക്കാന്‍ ഒരുങ്ങുന്നു. ആഗോള വിപണിയില്‍ ശ്രദ്ധേയമായ ഈ അത്യാധുനിക എസ്‌യുവി മോഡല്‍ 2026 ജൂലൈ 16-ന് രാജ്യത്ത് ഔദ്യോഗികമായി അരങ്ങേറ്റം കുറിക്കുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. നിലവില്‍ ചൈനീസ് വിപണിയില്‍ വന്‍ വിജയമായി മാറിയ വൂലിംഗ് സ്റ്റാര്‍ലൈറ്റ് 560 (Wuling Starlight 560) മോഡലിനെ അടിസ്ഥാനമാക്കിയാണ് എംജി ഈ പുത്തന്‍ പ്ലഗ്-ഇന്‍ ഹൈബ്രിഡ് എസ്‌യുവി ഇന്ത്യക്കായി ഒരുക്കുന്നത്.
ഈ വാഹനത്തിന്റെ ഡിസൈന്‍ പേറ്റന്റ് 2026 മാര്‍ച്ചില്‍ തന്നെ കമ്പനി ഇന്ത്യയില്‍ ഫയല്‍ ചെയ്തിരുന്നു. ജൂലൈ മാസം പുത്തന്‍ നാമത്തിലായിരിക്കും ഈ പ്ലഗ്-ഇന്‍ ഹൈബ്രിഡ് എസ്‌യുവിയെ കമ്പനി ഇന്ത്യന്‍ വിപണിക്ക് പരിചയപ്പെടുത്തുക. ഇതിന്റെ ലോഞ്ചും വില പ്രഖ്യാപനവും വരാനിരിക്കുന്ന ദീപാവലി ഉത്സവ സീസണോട് അനുബന്ധിച്ച് നടക്കുമെന്നാണ് വാഹന ലോകത്ത് നിന്നുള്ള വിശ്വസനീയമായ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

രാജ്യാന്തര വിപണിയില്‍ പെട്രോള്‍, പ്ലഗ്-ഇന്‍ ഹൈബ്രിഡ് (PHEV), പ്യുവര്‍ ഇലക്ട്രിക് (EV) എന്നീ മൂന്ന്പവര്‍ട്രെയിന്‍ ഓപ്ഷനുകളിലാണ് വൂലിംഗ് സ്റ്റാര്‍ലൈറ്റ് ലഭ്യമാകുന്നത്. ഇന്ത്യന്‍ വിപണിയിലേക്ക് വരുമ്പോള്‍ പ്ലഗ്-ഇന്‍ ഹൈബ്രിഡ്, പ്യുവര്‍ ഇലക്ട്രിക് എന്നീ രണ്ട് ഓപ്ഷനുകളും എംജി നല്‍കിയേക്കും. ഇതിന്റെ പ്ലഗ്-ഇന്‍ ഹൈബ്രിഡ് വേരിയന്റില്‍ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ലഭിക്കുക.
ഈ എഞ്ചിന്‍ 20.5 kWh കപ്പാസിറ്റിയുള്ള ബാറ്ററി പായ്ക്കുമായി ബന്ധിപ്പിച്ച് ആകെ 197 bhp പവറും 230 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഈ ഹൈബ്രിഡ് സിസ്റ്റത്തിന്റെ ഏറ്റവും വലിയ സവിശേഷത എഞ്ചിന്‍ സഹായമില്ലാതെ കേവലം ഇലക്ട്രിക് കരുത്തില്‍ മാത്രം 100 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാനാകും എന്നതാണ്. ദൈനംദിന സിറ്റി ഡ്രൈവുകള്‍ പൂര്‍ണമായും ഇന്ധനച്ചെലവില്ലാതെ പൂര്‍ത്തിയാക്കാന്‍ ഇത് ഉപഭോക്താക്കളെ സഹായിക്കും.

ഇതിന്റെ പ്യുവര്‍ ഇലക്ട്രിക് (EV) പതിപ്പില്‍ 56.7 kWh ശേഷിയുള്ള വലിയൊരു ബാറ്ററി പായ്ക്കാണ് സ്ഥാനം പിടിക്കുന്നത്. ഫ്രണ്ട് മൗണ്ടഡ് ഇലക്ട്രിക് മോട്ടോറുമായി ചേരുമ്പോള്‍ ഇത് 136 bhp പവറും 200 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന. ഒറ്റത്തവണ പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 500 കിലോമീറ്റര്‍ വരെ ഡ്രൈവിംഗ് റേഞ്ച് നല്‍കാന്‍ ഈ ഇലക്ട്രിക് വേരിയന്റിന് സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ദീര്‍ഘദൂര യാത്രകള്‍ തടസമില്ലാതെ പൂര്‍ത്തിയാക്കാന്‍ ഈ അത്യാധുനിക ബാറ്ററി സാങ്കേതികവിദ്യ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് വലിയ പിന്തുണയേകും. വൂലിംഗ് സ്റ്റാര്‍ലൈറ്റ് എസ്‌യുവിക്ക് സമാനമായി ഈ പുതിയ എംജി മോഡലിനും 4,745 mm നീളവും 1,850 mm വീതിയും 1,755 mm ഉയരവുമുണ്ടാകും. 2,810 mm നീളമുള്ള വലിയ വീല്‍ബേസ് ഉള്ളതിനാല്‍ ക്യാബിനില്‍ മികച്ച സ്‌പെയ്‌സ് ഉറപ്പാക്കാന്‍ ഈ വാഹനത്തിന് സാധിക്കുന്നുണ്ട്.

ഇന്ത്യന്‍ വിപണിയില്‍ 5-സീറ്റര്‍, 7-സീറ്റര്‍ എന്നീ രണ്ട് സീറ്റിംഗ് ഓപ്ഷനുകളിലും ഈ എസ്‌യുവി ലഭ്യമാക്കാനാണ് കമ്പനി ആലോചിക്കുന്നത്. വലിയ കുടുംബങ്ങള്‍ക്കും ദീര്‍ഘദൂര യാത്രികര്‍ക്കും ഒരുപോലെ അനുയോജ്യമായ ഇതില്‍ 763 ലിറ്ററിന്റെ വമ്പന്‍ ബൂട്ട് സ്‌പേസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ആധുനിക കണക്റ്റിവിറ്റി ഫീച്ചറുകളാല്‍ സമ്പന്നമായ ഇന്റീരിയറില്‍ 12.8 ഇഞ്ചിന്റെ വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഡ്രൈവര്‍ക്കായി 8.8 ഇഞ്ചിന്റെ ഡിജിറ്റല്‍ ഡിസ്പ്ലേയും നല്‍കിയിട്ടുണ്ട്.
കൂടാതെ വയര്‍ലെസ്സ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, വോയ്സ് റെക്കഗ്‌നിഷന്‍, പ്രീമിയം ലെതറെറ്റ് അപ്‌ഹോള്‍സ്റ്ററി എന്നിവ ഇതിലുണ്ട്. ഇവയ്ക്ക് പുറമെ ഒടിഎ (OTA) അപ്ഡേറ്റുകള്‍, 6-സ്പീക്കര്‍ ഓഡിയോ സിസ്റ്റം, എസി ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണ എന്നീ പ്രധാന സവിശേഷതകളുമുണ്ടാകും. കൂടാതെ ബ്രേക്കിംഗില്‍ നിന്നും ഊര്‍ജ്ജം സംഭരിക്കുന്ന റീജനറേറ്റീവ് ബ്രേക്കിംഗ് (Regenerative Braking) സാങ്കേതികവിദ്യയും ഇതിലുണ്ട്. യാത്രക്കാരുടെ സുരക്ഷയ്ക്കായി ഒട്ടനവധി സുരക്ഷാ സംവിധാനങ്ങളും ഈ പുതിയ എസ്‌യുവിയില്‍ എംജി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഒന്നിലധികം എയര്‍ബാഗുകള്‍, ഇബിഡി (EBD) സഹിതമുള്ള എബിഎസ് ബ്രേക്കിംഗ് സിസ്റ്റം, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം എന്നിവ ഇതില്‍ സ്റ്റാന്‍ഡേര്‍ഡായി വരുന്നു. കൂടാതെ ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, കുട്ടികളുടെ സുരക്ഷയ്ക്കായുള്ള ഐസോഫിക്‌സ് മൗണ്ടുകള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട് എന്നിവയും ഇതിലുണ്ട്. ജൂലൈയില്‍ പുറത്തിറങ്ങുന്ന ഈ പുത്തന്‍ ഹൈബ്രിഡ് എസ്‌യുവിയെ കുറിച്ചുള്ള നിങ്ങളുടെ പ്രതീക്ഷകള്‍ കമന്റ് ബോക്‌സില്‍ പങ്കുവെക്കുമല്ലോ.


Click it and Unblock the Notifications