ബാറ്ററി തീർന്നാൽ പെട്രോളിൽ ഓടും, ഇന്ത്യയിലെ ആദ്യ മാസ്-മാർക്കറ്റ് പ്ലഗ്-ഇൻ ഹൈബ്രിഡ് എസ്‌യുവി ഒക്ടോബറിൽ

രാജ്യത്തെ സ്‌പോര്‍ട് യൂടിലിറ്റി വാഹന (എസ്‌യുവി)വിപണിയില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവരാനൊരുങ്ങി ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ (JSW MG Motor India). നിലവില്‍ ആഡംബര കാറുകളില്‍ മാത്രം കണ്ടുവരുന്ന പ്ലഗ്-ഇന്‍ ഹൈബ്രിഡ് (PHEV) സാങ്കേതികവിദ്യ സജ്ജീകരിച്ചെത്തുന്ന ആദ്യ മാസ് മാര്‍ക്കറ്റ് കാര്‍ പുറത്തിറക്കാന്‍ പോകുകയാണ് എംജി. മഹീന്ദ്ര XUV 7XO (Mahindra XUV 7XO) മിഡ്‌സൈസ് 3-വരി എസ്‌യുവിയുമായി നേരിട്ട് ഏറ്റുമുട്ടാന്‍ പോകുന്ന ഈ പ്ലഗ്-ഇന്‍ ഹൈബ്രിഡ് എസ്‌യുവി ഈ വര്‍ഷം ഒക്ടോബറില്‍ പുറത്തിറക്കാനാണ് എംജി പദ്ധതിയിടുന്നത്.

മജസ്റ്റര്‍ എസ്‌യുവിയുടെ അവതരണ വേളയില്‍ കമ്പനി അധികൃതര്‍ തന്നെയാണ് ഇക്കാര്യം പ്രമുഖ ഓട്ടോമൊബൈല്‍ പ്രസിദ്ധീകരണമായ ഓട്ടോകാര്‍ ഇന്ത്യയോട് വെളിപ്പെടുത്തിയത്. അന്താരാഷ്ട്ര വിപണിയില്‍ ശ്രദ്ധേയമായ വുളിംഗ് സ്റ്റാര്‍ലൈറ്റ് 560 (Wuling Starlight 560) എന്ന മോഡലിനെ അടിസ്ഥാനമാക്കിയാണ് എംജിയുടെ ഈ പുതിയ എസ്‌യുവി നിര്‍മ്മിക്കുന്നത്. '520' എന്ന് ആന്തരികമായി കോഡ് നാമം നല്‍കിയിരിക്കുന്ന പുത്തന്‍ എസ്‌യുവി പ്ലഗ്-ഇന്‍ ഹൈബ്രിഡ്, ഫുള്‍ ഇലക്ട്രിക് (EV) എന്നീ രണ്ട് പതിപ്പുകളില്‍ ലഭ്യമാകും.

mg plug-in hybrid suv wuling starlight 560

ഇതോടെ ഇന്ത്യയില്‍ പ്ലഗ് ഇന്‍ ഹൈബ്രിഡ് പവര്‍ട്രെയിന്‍ വാഗ്ദാനം ചെയ്യുന്ന ആദ്യ മാസ് മാര്‍ക്കറ്റ് എസ്‌യുവിയായി ഇത് മാറും.സാങ്കേതികമായി ഏറെ മികച്ചുനില്‍ക്കുന്ന മള്‍ട്ടി എനര്‍ജി പ്ലാറ്റ്ഫോമിലാണ് പുതിയ വാഹനം ഒരുങ്ങുന്നത്. 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും 20.5 kWh ബാറ്ററി പായ്ക്കും ഉള്‍പ്പെടുന്ന പ്ലഗ്-ഇന്‍ ഹൈബ്രിഡ് സിസ്റ്റം മൊത്തത്തില്‍ ഏകദേശം 197 hp പവറും 230 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കും.

വെറും 9.7 സെക്കന്‍ഡുകള്‍ കൊണ്ട് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ എസ്‌യുവിക്ക് സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ . മണിക്കൂറില്‍ 170 കിലോമീറ്ററാകും ടോപ് സ്പീഡ്. ഫ്രണ്ട് ആക്‌സില്‍ മൗണ്ടഡ് ഇലക്ട്രിക് മോട്ടോര്‍ ആയിരിക്കും ഹൈബ്രിഡ് എസ്‌യുവിക്ക് ലഭിക്കുക. റെക്കോര്‍ഡ് റേഞ്ച് ആണ് ഇതിന്റെ മറ്റൊരു പ്രത്യേകത.

ഇലക്ട്രിക് ഓണ്‍ലി മോഡില്‍ അതായത് ബാറ്ററി കരുത്തില്‍ മാത്രം ഏകദേശം 100 കിലോമീറ്റര്‍ (CLTC സൈക്കിള്‍) ദൂരം സഞ്ചരിക്കാന്‍ ഈ പ്ലഗ്-ഇന്‍ ഹൈബ്രിഡ് എസ്‌യുവിക്ക് കഴിയും. പെട്രോള്‍ എഞ്ചിന്‍ കൂടി പ്രവര്‍ത്തനക്ഷമമാകുന്നതോടെ ആകെ റേഞ്ച് 1,100 കിലോമീറ്റര്‍ വരെ ആയി ഉയരും. 52 ലിറ്റര്‍ ഫ്യുവല്‍ ടാങ്കാണ് ഈ കാറിന് ലഭിക്കുക. ദീര്‍ഘദൂര യാത്രയില്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യം ലഭ്യമല്ലെങ്കിലും വലിയ ഫ്യൂവല്‍ ടാങ്ക് ഉള്ളത് കൊണ്ട് പേടിക്കേണ്ടതില്ല.

4,745 മില്ലിമീറ്റര്‍ നീളവും 2,810 മില്ലിമീറ്റര്‍ വീല്‍ബേസുമുള്ള ഈ വാഹനം വലിപ്പത്തിന്റെ കാര്യത്തില്‍ മഹീന്ദ്ര XUV 7XO എസ്‌യുവിയെ പിന്നിലാക്കും. നീളം കൂടുതലായതിനാല്‍ എസ്‌യുവിയുടെ അകത്തളത്തില്‍ കൂടുതല്‍ സൗകര്യം പ്രതീക്ഷിക്കാം. 5-സീറ്റര്‍, 7-സീറ്റര്‍ കോണ്‍ഫിഗറേഷനുകളില്‍ ഈ ഫാമിലി എ്‌സ്‌യുവി ഓഫര്‍ ചെയ്യാന്‍ സാധ്യതയുണ്ട്.

mg plug-in hybrid suv wuling starlight 560

പുതിയ എംജി മോഡലിന്റെ ഇലക്ട്രിക് പതിപ്പ് മഹീന്ദ്ര XEV 9S ഇലക്ട്രിക് എസ്‌യുവിയുമായി ഏറ്റുമുട്ടും. ഇന്ത്യന്‍ സ്‌പെക്കിന് ഗ്ലോബല്‍ സ്‌പെക്കിലെ 56.7 kWh ബാറ്ററി പായ്ക്ക് തന്നെ ലഭിച്ചാല്‍ ഫുള്‍ ചാര്‍ജില്‍ ഏകദേശം 500 കിലോമീറ്റര്‍ വരെ ഓടാം. ഫാസ്റ്റ് ചാര്‍ജിംഗ് സൗകര്യം ഉപയോഗിച്ച് വെറും 20 മിനിറ്റിനുള്ളില്‍ ബാറ്ററി 30 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാനാകും.

2026-27 കാലയളവില്‍ ആറ് പുതിയ മോഡലുകള്‍ വിപണിയിലെത്തിച്ച് ഇന്ത്യയില്‍ വലിയ മുന്നേറ്റത്തിനാണ് എംജി പദ്ധതിയിടുന്നത്. ഹൈബ്രിഡ്, ഇലക്ട്രിക്, ഐസി എഞ്ചിന്‍ മോഡലുകള്‍ ഈ പട്ടികയിലുണ്ട്. വിന്‍ഡ്സര്‍ ഇവി (MG Windsor EV) പോലുള്ള മോഡലുകളിലൂടെ ടാറ്റ മോട്ടോര്‍സ് അടക്കി ഭരിച്ചിരുന്ന ഇന്ത്യയിലെ പാസഞ്ചര്‍ ഇലക്ട്രിക് കാര്‍ വിഭാഗത്തില്‍ ശക്തമായ സാന്നിധ്യമാകാന്‍ എംജിക്ക് സാധിച്ചിരുന്നു. ഇലക്ട്രിക് വിപ്ലവം ഒരു വശത്തിലൂടെ നടക്കുമ്പോള്‍ ഇവികളിലേക്ക് മാറാന്‍ മടിക്കുന്ന ഒരു വിഭാഗം ഉപഭോക്താക്കളുണ്ട്.

mg plug-in hybrid suv wuling starlight 560

അവരെയാണ് പ്ലഗ് ഹൈബ്രിഡ് മോഡലുകളിലൂടെ എംജി പ്രധാനമായും ലക്ഷ്യം വെക്കുന്നത്. നിലവില്‍ ബിഎംഡബ്ല്യു, ലംബോര്‍ഗിനി തുടങ്ങിയ ആഡംബര ബ്രാന്‍ഡുകള്‍ തങ്ങളുടെ ഹൈഎന്‍ഡ് ലക്ഷ്വറി മോഡലുകളില്‍ മാത്രം നല്‍കുന്ന ഈ ടെക്‌നോളജി സാധാരണക്കാര്‍ക്ക് താങ്ങാനാകുന്ന വിലയില്‍ ലഭ്യമാകുന്നതോടെ വിപണിക്ക് 'തീപിടിക്കാന്‍' സാധ്യതയുണ്ട്. ഏതായാലും എംജിയില്‍ നിന്നുള്ള ഈ വാര്‍ത്ത വാഹനപ്രേമികളില്‍ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്. ഏതായാലും ആ മോഡലിന്റെ വരവിനായി നമുക്ക് അക്ഷമരായി കാത്തിരിക്കാം.

More from DriveSpark

Article Published On: Wednesday, February 18, 2026, 9:50 [IST]
English summary
Mg motor plug in hybrid suv india launch october 2026 based on wuling starlight 560 details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X