കറണ്ടിലും പെട്രോളിലും ഓടുന്ന MG രാജ്യത്ത് ടെസ്റ്റിംഗിൽ; ലക്ഷ്വറി കാറിൽ മാത്രം കാണുന്ന ടെക്നോളജി സാധാരണക്കാരനും
നിലവില്‍ ഇന്ത്യയിലെ ചില ലക്ഷ്വറി കാറുകളില്‍ മാത്രം കണ്ടുവരുന്ന പ്ലഗ്ഇന്‍ ഹൈബ്രിഡ് സാങ്കേതികവിദ്യ സജ്ജീകരിച്ചെത്തുന്ന ആദ്യ മാസ്മാര്‍ക്കറ്റ് കാര്‍ ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ ഈ കലണ്ടര്‍ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ പുറത്തിറക്കാന്‍ പോകുകയാണ്. വാര്‍ത്തകള്‍ സ്ഥിരീകരിക്കും വിധം പുതിയ എംജി പ്ലഗ്-ഇന്‍ ഹൈബ്രിഡ് (MG PHEV SUV) എസ്‌യുവി ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ആഗോള വിപണിയിലുള്ള വുളിംഗ് സ്റ്റാര്‍ലൈറ്റ് 560 (Wuling Starlight 560) എന്ന മോഡലിനെ അടിസ്ഥാനമാക്കിയാണ് ഈ വാഹനം നിര്‍മ്മിച്ചിരിക്കുന്നത്.
ഗുജറാത്തിലെ ഹാലോളിലുള്ള കമ്പനിയുടെ നിര്‍മ്മാണശാലയ്ക്ക് സമീപമാണ് വാഹനം പരീക്ഷണയോട്ടം നടത്തുന്നതിനിടെയാണ് പുത്തന്‍ എസ്‌യുവി ക്യാമറക്കണ്ണില്‍ പതിഞ്ഞത്. വഡോദരയില്‍ താല്‍ക്കാലിക ഗുജറാത്ത് നമ്പര്‍ പ്ലേറ്റുകളുമായി പരീക്ഷണയോട്ടം നടത്തുന്നതിനിടെയാണ് പുതിയ എംജി വാഹനം വണ്ടിപ്രാന്തന്‍മാരുടെ കണ്ണിലുടക്കിയത്. ലോഞ്ചിന് മുന്നോടിയായി ഇന്ത്യന്‍ സാഹചര്യങ്ങളില്‍ പ്രകടനം വിലയിരുത്തുന്ന ഘട്ടത്തിലാണ്.

നിലവില്‍ വാഹനമുള്ളത്. ആഗോള വിപണിയില്‍ 5 സീറ്റര്‍, 7 സീറ്റര്‍ കോണ്‍ഫിഗറേഷനുകളില്‍ ഈ എസ്‌യുവി ലഭ്യമാണ്. ഇന്ത്യയില്‍ ഏത് പതിപ്പാണ് ആദ്യം വരിക എന്നത് കമ്പനി ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും പ്രാദേശികമായി നിര്‍മ്മിക്കുന്ന ഈ മോഡല്‍ എംജിയുടെ ന്യൂ എനര്‍ജി വാഹന (NEV) തന്ത്രത്തിന്റെ ഭാഗമായാണ് പുറത്തിറങ്ങാന്‍ പോകുന്നത്.
ആഗോള വിപണികളില്‍ പെട്രോള്‍, പ്ലഗ്-ഇന്‍ ഹൈബ്രിഡ്, ഇലക്ട്രിക് എന്നിങ്ങനെ വിവിധ പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ഈ വാഹനം ലഭ്യമാണ്.ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്ലഗ്-ഇന്‍ ഹൈബ്രിഡ് സംവിധാനത്തിനാണ് എംജി മുന്‍ഗണന നല്‍കുന്നത്. ഇലക്ട്രിക് പതിപ്പ് പിന്നീട് വിപണിയിലെത്താനാണ് സാധ്യതയെന്ന് ഓട്ടോമൊബൈല്‍ രംഗത്തെ വിദഗ്ധര്‍ ഇപ്പോള്‍ വിലയിരുത്തുന്നത്.

സാങ്കേതിക വശങ്ങളിലേക്ക് നോക്കിയാല്‍, 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും ഇലക്ട്രിക് മോട്ടോറും ചേരുന്നതാണ് ഇതിലെ പ്ലഗ്-ഇന്‍ ഹൈബ്രിഡ് സംവിധാനം. ഇവ രണ്ടും ചേര്‍ന്ന് ഏകദേശം 194 bhp പവറും 230 Nm ടോര്‍ക്കും ഉത്പ്പാദിപ്പിക്കുന്നു. 20.5 kWh ലിഥിയം അയണ്‍ ഫോസ്‌ഫേറ്റ് ബാറ്ററി പായ്ക്കണ് വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇലക്ട്രിക് ഓണ്‍ലി മോഡില്‍ ഏകദേശം 100 കിലോമീറ്റര്‍ (CLTC സൈക്കിള്‍) ദൂരം സഞ്ചരിക്കാന്‍ ഈ പ്ലഗ്-ഇന്‍ ഹൈബ്രിഡ് എസ്‌യുവിക്ക് കഴിയും.
പെട്രോള്‍ എഞ്ചിന്‍ കൂടി പ്രവര്‍ത്തനക്ഷമമാകുന്നതോടെ ആകെ റേഞ്ച് 1,100 കിലോമീറ്റര്‍ വരെ ആയി ഉയരും. 52 ലിറ്റര്‍ ഫ്യുവല്‍ ടാങ്കാണ് ഈ കാറിന് ലഭിക്കുക. വെറും 9.7 സെക്കന്‍ഡുകള്‍ കൊണ്ട് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ എസ്‌യുവിക്ക് സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ . മണിക്കൂറില്‍ 170 കിലോമീറ്ററാകും ടോപ് സ്പീഡ്. ഇന്ത്യയിലെ എംജി വിന്‍ഡ്സര്‍ ഇവിക്ക് സമാനമായ ഡ്രൈവ് ട്രെയിനുള്ള ഇലക്ട്രിക് പതിപ്പും സ്റ്റാര്‍ലൈറ്റ് 560 മോഡലിനുണ്ട്.
പരീക്ഷണയോട്ടം നടത്തിയ വാഹനത്തിന്റെ രൂപഘടന നോക്കിയാല്‍ ബോക്‌സി സ്‌റ്റൈലിലുള്ള ഡിസൈനാണ് കാണാന്‍ സാധിക്കുന്നത്. സ്ലാറ്റഡ് ഫ്രണ്ട് ഗ്രില്‍, റൂഫ് റെയിലുകള്‍, 18 ഇഞ്ച് അലോയ് വീലുകള്‍ എന്നിവ ഈ മോഡലിന്റെ പ്രത്യേകതകളാണ്. ഏകദേശം 4.7 മീറ്റര്‍ നീളമുള്ള പുതിയ എംജി മിഡ്സൈസ് എസ്‌യുവി വിഭാഗത്തിലാകും ഇത് മത്സരിക്കുക. ഹൈബ്രിഡ് കരുത്തിലെത്തുന്ന എംജിയുടെ ഈ പുതിയ പോരാളി മഹീന്ദ്ര 7XO, ടാറ്റ സഫാരി തുടങ്ങിയ പ്രമുഖ മോഡലുകള്‍ക്ക് വലിയൊരു ഭീഷണിയാകുമെന്നു് ഉറപ്പാണ്.
ഒക്ടോബര്‍ മാസത്തോടെ ഈ വാഹനത്തിന്റെ എംജി പതിപ്പ് വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡീസല്‍ വാഹനങ്ങള്‍ ആധിപത്യം പുലര്‍ത്തുന്ന മിഡ്‌സൈസ് എസ്‌യുവി വിഭാഗത്തില്‍ ഹൈബ്രിഡ് ഓപ്ഷന്‍ നല്‍കുന്നത് വലിയ നേട്ടമാകും. വിപണിയില്‍ എത്തുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഇതൊരു മികച്ച ബദലായി മാറുമെന്ന് ഉറപ്പാണ്. ഇന്ത്യന്‍ വിപണിയില്‍ ഇവികളിലേക്ക് മാറാന്‍ മടിക്കുന്ന ഉപഭോക്താക്കള്‍ ഹൈബ്രിഡുകള്‍ക്കാണ് പ്രഥമ പരിഗണന നല്‍കുന്നത്.


Click it and Unblock the Notifications








